ADVERTISEMENT

ജീവിതം തെളിനീരൊഴുകുന്ന ഒരു നദിയാണ്. സ്വച്ഛസുന്ദരവും തണുപ്പുള്ളതുമായ ജലം ഒഴുകുന്ന നദി. ജീവിതത്തെക്കുറിച്ചുള്ള കാൽപനികമായ ആശയമാണെങ്കിലും ഇതല്ല യാഥാർഥ്യം. ചുഴികളും ഉഷ്ണജലവും അനേകം അഴുക്കുകളുമൊക്കെ ചേർന്നതാണ് ജീവിതം. ഹിന്ദുദർശനങ്ങളിൽ ഗുണങ്ങളെ സാത്വിക, രാജസം, താമസം എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നു. അസഹിഷ്ണുത പലരുടെയും മനസ്സിലുള്ള ഒരു വികാരമാണ്. മറ്റുള്ളവരെയോ അവരുടെ വികാരങ്ങളെയോ ചിന്താഗതികളെയോ അംഗീകരിക്കാനോ സഹിക്കാനോ കഴിയാത്ത വിധം മനസ്സിന്റെ വാതിലുകൾ അടയ്ക്കപ്പെടുമ്പോൾ അസഹിഷ്ണുത ഉടലെടുക്കുന്നു.

മഹാഭാരതയുദ്ധം നോക്കാം. ദുര്യോധനനടങ്ങുന്ന കൗരവസംഘത്തിന്റെ, പാണ്ഡവരോടുള്ള അസഹിഷ്ണുത പരിധികളില്ലാത്തതാണ്. വനവാസം കഴിഞ്ഞെത്തുന്ന പാണ്ഡവരെ ഹസ്തിനപുരിയിൽ കാൽകുത്താൻ അനുവദിക്കില്ലെന്ന് ദുര്യോധനൻ പറയുന്നു. ഒടുവിൽ ഭഗവാൻ ശ്രീകൃഷ്ണൻ തന്നെ അനുരഞ്ജനത്തിനായി എത്തുന്നു. 

മൃദുഭാഷിയും സൗമ്യരൂപനുമായ ശ്രീകൃഷണന്റെ ഇടപെടലിൽ പോലും അസഹിഷ്ണുത ഉപേക്ഷിക്കാൻ ദുര്യോധനൻ താൽപര്യപ്പെടുന്നില്ല. തങ്ങളുടെ ബന്ധുക്കളായ പാണ്ഡവർക്ക് അഞ്ചു ഗ്രാമങ്ങൾ പോലും വിട്ടുകൊടുക്കില്ലെന്ന് പറയുന്ന ദുര്യോധനൻ ശ്രീകൃഷ്ണനും നേരെയും തിരിയാൻ തുടങ്ങുന്നതോടെ ഭഗവാൻ വിശ്വരൂപമെടുക്കുന്നു. മഹാഭാരതയുദ്ധത്തിന്റെ കാഹളം അവിടെ മുഴങ്ങി.

പിന്നീട് കുരുക്ഷേത്രത്തിൽ നടക്കുന്ന മഹായുദ്ധത്തിന്റെ തീയിലേക്ക് എത്ര യോദ്ധാക്കൾ വീണെരിഞ്ഞടങ്ങി. കൗരവരുടെ സർവനാശത്തിന് യുദ്ധം അരങ്ങൊരുക്കി. അസഹിഷ്ണുതയെന്ന ഭീകരസത്വം മനുഷ്യമനസ്സിലുണ്ടാക്കുന്ന പ്രവർത്തനങ്ങൾ എത്രയോ ഭീതിദം. ദ്വാപരയുഗം കഴിഞ്ഞു. കുരുക്ഷേത്ര ശാന്തമായി. ഇന്ന് മഹാഭാരതയുദ്ധമില്ല. എന്നാൽ എത്രയോ തീവ്രമായ ആന്തരിക യുദ്ധങ്ങൾ നമ്മുടെയെല്ലാമുള്ളിൽ ഓരോ ദിവസവും ഓരോ നിമിഷവും നടക്കുന്നു. അസഹിഷ്ണുതയുടെ യുദ്ധങ്ങൾ, ചെറുതും വലുതുമായ യുദ്ധങ്ങൾ.

അസഹിഷ്ണുത നമ്മുടെയെല്ലാം മനസ്സുകളിൽ ചെറുതായും വലുതായും കൂടുകൂട്ടിയിട്ടുണ്ട്. ഉള്ളവന് ഇല്ലാത്തവനോടും ശക്തന് ദുർബലനോടും ഭർത്താവിന് ഭാര്യയോടും തിരിച്ചും മക്കൾക്ക് മാതാപിതാക്കളോടും അയൽക്കാർക്ക് തമ്മിൽതമ്മിലും അങ്ങനെ അസഹിഷ്ണുതയുടെ എന്തെല്ലാം അവസ്ഥകൾ. ഒരു വനിതയെ അറിയാം. സ്വാതന്ത്ര്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചുമെല്ലാം നല്ല ബോധ്യമുള്ള ഒരു വനിത. എന്നാൽ കൂട്ടംകൂടി സംസാരിക്കാൻ തുടങ്ങുമ്പോൾ, മറ്റുള്ളവർ സംസാരിക്കാൻ ഈ വനിത സമ്മതിക്കാറില്ല. പെട്ടെന്ന് കയറി ഇടപെട്ട് സംഭാഷണം തിരിച്ച് തന്റെ വഴിയിലേക്ക് കൊണ്ടുവരും. 

എന്തുകൊണ്ടാണിത്? ആ വനിതയോടു തന്നെ ചോദിച്ചു. തന്റെ ആശയഗതികളെ എതിർക്കുന്നത് അവർക്കിഷ്ടമല്ലത്രേ. അത് അവർക്ക് കടുത്ത ആത്മവിശ്വാസക്കുറവ് സമ്മാനിക്കും. അതിനാൽ മറ്റുള്ളവരെ അധികം സംസാരിപ്പിക്കാതെ സംഭാഷണം തന്നിലേക്കു തന്നെ ചുരുക്കാനാണ് ആ സ്ത്രീയുടെ ഉപബോധമനസ്സ് ശ്രമിക്കുന്നത്. എത്ര ബുദ്ധിമുട്ടുള്ള കാര്യം അല്ലേ? ഒരൽപം സഹിഷ്ണുത കാണിച്ചാൽ ഇതിന്റെ ആവശ്യം വരില്ലല്ലോ.സഹിഷ്ണുത ശാന്തിമന്ത്രത്തിനു തുല്യമാണ്. അശാന്തിയുടെ തിരമാലകളെയടക്കി ശാന്തതയും സ്വസ്ഥതയും അതു മനസ്സിൽ കൊണ്ടുവരും. അർഥവത്തായതും മൂല്യമുള്ളതുമായ ബന്ധങ്ങളെ അതു നമുക്കു നൽകും. കാലങ്ങളോളം അസഹിഷണുതയെന്ന അഗ്നി മനസ്സിൽ ജലിപ്പിച്ചുകൊണ്ടിരിക്കുന്നവരുണ്ട്. ചിലർ ആ അഗ്നിയെ ഉടൻ തന്നെ ഇല്ലാതെയാക്കും. 

ബുദ്ധനെക്കുറിച്ച് ഒരു കഥയുണ്ട്. ബുദ്ധൻ ഗ്രാമങ്ങൾതോറും മൂല്യപാഠങ്ങൾ പകർന്ന് തന്റെ ആശയങ്ങളെക്കുറിച്ചു പ്രസംഗിച്ചു കൊണ്ടിരുന്നു. എന്നാൽ അതിൽ അസഹിഷ്ണുവായ ഒരു വ്യക്തി എല്ലാ ദിവസവും അവിടെവരുകയും ബുദ്ധനെ അപമാനിക്കുന്നതു തുടരുകയും ചെയ്തു. ഇത് ബുദ്ധ ശിഷ്യരിൽ ദേഷ്യമുണ്ടാക്കി. അപമാനിക്കാൻ വരുന്നയാളോട് ശക്തമായി പ്രതികരിക്കണമെന്ന് ആനന്ദനെന്ന ശിഷ്യൻ ബുദ്ധനോട് ആവശ്യപ്പെട്ടു. പുഞ്ചിരിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അയാൾ എനിക്ക് അജ്ഞാതനാണ്. എന്നെയല്ല അയാൾ അപമാനിക്കുന്നത്, മറിച്ച് എന്നെപ്പറ്റി അയാൾ മനസ്സിലുണ്ടാക്കിയ ധാരണയെയാണ്. ഒരർഥത്തിൽ അയാളുടെ മനസ്സിനെത്തന്നെയാണ്- എന്നായിരുന്നു ബുദ്ധന്റെ പ്രതികരണം.

English Summary:

Breaking the Chains: How to Overcome Intolerance and Embrace Diversity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com