ജീവിതത്തിലെ ചെറുപുഞ്ചിരി..ഈഗോയെന്ന വലിയ വില്ലൻ
Mail This Article
ഈഗോ.. പലപ്പോഴും നമ്മുടെ സംഭാഷണത്തിൽ കടന്നുവരുന്ന പദം. നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള പല പ്രശ്‌നങ്ങൾക്കും പിന്നിൽ ഈഗോയാണെന്ന് നന്നായി ഒന്നു പരിശോധിച്ചാൽ കാണാം. തെറ്റാകുമെന്നോ ഹിതകരമല്ലെന്നോ ഉറപ്പുള്ള കാര്യങ്ങളിലേക്കു പോലും കൈകടത്താൻ ഈഗോ നമ്മളെ പ്രേരിപ്പിക്കും. വിവാഹബന്ധങ്ങളുൾപ്പെടെ പല ബന്ധങ്ങളും തകരാൻ വഴിയൊരുക്കുന്നതിൽ പ്രധാന വില്ലനായി നിൽക്കുന്നതും ഈഗോയാണ്. സിഗ്മണ്ട് ഫ്രോയിഡ് ഈഗോയെ മനസ്സിന്റെ 3 അടിസ്ഥാന ഭാഗങ്ങളിലൊന്നായാണ് വിശദീകരിച്ചത്. എന്നാൽ ഫ്രോയിഡിന്റെ ആശയത്തിലെ വ്യാഖ്യാനമല്ല നമ്മൾ ഈഗോയ്ക്കു കൊടുക്കുന്നത്. നമ്മുടെ മേധാവിത്വം മറ്റുള്ളവർക്ക് മേൽ അടിച്ചേൽപ്പിക്കാനുള്ള പ്രവണതയാണ് ഈഗോയായി ഇന്നു പലരും മനസ്സിലാക്കുന്നത്. ഇത്തരത്തിൽ മറ്റുള്ളവർക്ക് മേൽ മേധാവിത്വം പുലർത്താൻ ശ്രമിക്കുന്നത് താത്കാലികമായി ചിലർക്ക് മാനസിക സംതൃപ്തി നൽകുമെങ്കിലും, ഒന്നാലോചിച്ചു നോക്കൂ, എന്തു മോശമായ ഒരു പരിപാടിയാണ് ഇത്. മറ്റൊരാളുടെ മേൽ അധികാരം പ്രയോഗിക്കാൻ എന്ത് അവകാശമാണ് നമുക്കുള്ളത്.,
എല്ലാ മനുഷ്യരിലും ഏറിയും കുറഞ്ഞും ഈഗോയുണ്ട്. കുട്ടിക്കാലം മുതൽ ഇതു പ്രകടമാകുന്നതും കാണാം. ഒരാൾ മുതിർന്ന് പക്വത നേടുന്നതിനനുസരിച്ച് ഈഗോയെ ചെറുക്കാനുള്ള മാർഗങ്ങൾ സ്വയം വികസിപ്പിക്കുകയാണ് വേണ്ടത്. എന്നാൽ പലപ്പോഴും സംഭവിക്കുന്നത് തിരിച്ചാണ്.ഈഗോ നിയന്ത്രിക്കാൻ ആളുകൾ പരാജയപ്പെടുന്നു. പകരം ഈഗോ അവരെത്തന്നെ നിയന്ത്രിക്കുന്നു. അങ്ങനെ ആകെ അശുഭമായ അവസ്ഥ വരുന്നു. വേദാന്തത്തിൽ ഈഗോയെപ്പറ്റി പരാമർശമുണ്ട്. മനസ്സിന്റെ 4 അന്തക്കരണങ്ങളിൽ ഒന്നായിട്ടാണ് ഈഗോയെന്ന് വിളിക്കാവുന്ന അഹങ്കാരത്തെ വേദാന്തം വ്യാഖ്യാനിക്കുന്നത്. ഭഗവദ് ഗീതയിൽ ഭഗവാൻ ശ്രീകൃഷ്ണൻ, മനുഷ്യർ അഹങ്കാരം ശമിപ്പിക്കേണ്ടതുണ്ടെന്ന് അർജുനനോട് ഉപദേശിക്കുന്നത് കാണാം. അഹങ്കാരത്തിന്റെ പിടിയിൽ അകപ്പെടുമ്പോൾ, മറ്റുള്ളവയെ കാണാനും മനസ്സിലാക്കാനും സാമാന്യജനം പരാജയപ്പെടുന്നു.
ഈഗോയുടെ സ്വാധീനം ആത്മീയമായ ഉയർച്ചയെ തടയും. അധികാര സ്ഥാനങ്ങളിലും മറ്റുമുള്ളവർക്ക് ഈഗോ പിടിപെട്ടാൽ അത് സംവിധാനങ്ങളെ ദുഷിപ്പിക്കും. ചില ആളുകൾ റിട്ടയർ ചെയ്ത ശേഷമാണ് താൻ എത്രത്തോളം ഈഗോയിസ്റ്റിക്കായിരുന്നെന്ന് തിരിച്ചറിയുന്നതു തന്നെ. തന്നിൽ നിക്ഷിപ്തമായ അധികാരം ഈഗോ പ്രകടിപ്പിക്കാൻ അയാൾക്ക് അവസരമൊരുക്കിയിരിക്കും. പ്രത്യാഘാതങ്ങൾ ഭയന്ന് അതു ചൂണ്ടിക്കാട്ടാൻ കീഴ്ജീവനക്കാർ മടിക്കുകയും ചെയ്തിരിക്കാം. എന്നാൽ അധികാരത്തിന്റെ കവചം കയ്യിൽ നിന്നു പോകുന്നതോടെ ഈഗോ മൂലം താൻ മറ്റുള്ളവരിൽ നിന്ന് എത്രത്തോളം ഒറ്റപ്പെട്ടിരുന്നു എന്നു പലരും മനസ്സിലാക്കുന്നതു കാണാം. ഈഗോയ്ക്ക് അടിപ്പെട്ടവർ നേതൃസ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ മറ്റെല്ലാത്തിനുമുപരി തന്റെ താൽപര്യങ്ങൾക്കും സംതൃപ്തിക്കുമാകാം പ്രാധാന്യം കൊടുക്കുന്നത്. ഇതു മറ്റുള്ളവരെ വിഷമിപ്പിക്കുകയും സ്ഥാപനത്തെ മുരടിപ്പിക്കുകയും ചെയ്യും. വിവാഹബന്ധങ്ങളിൽ ഈഗോ സർവസാധാരണമായി കടന്നുവരുന്നതായി കാണാം. ഭാര്യയുടെ ഈഗോ, ഭർത്താവിന്‌റെ ഈഗോ.. ഇവ മൂലം ഉടലെടുക്കുന്ന സംഘർഷങ്ങളിൽപെട്ട് കുടുംബജീവിതം തിക്താനുഭവമാകും. കുട്ടികളുൾപ്പെടെ കുടുംബാംഗങ്ങളെല്ലാം അതിന്റെ പ്രത്യാഘാതങ്ങൾ അറിയുകയുകയും ചെയ്യും.
ഒരിക്കൽ വിമാനയാത്രയ്ക്കിടെ, അടുത്തിരുന്ന യുവാവിന്റെ കയ്യിലെ കാപ്പിക്കപ്പ് തട്ടിമറിഞ്ഞ് അപ്പുറത്തിരുന്ന ആളുടെ പാന്റ്സിലേക്കു വീണു. യുവാവ് ഭയന്നുപോയി. മറ്റെയാൾ എങ്ങനെ പ്രതികരിക്കും, ഒച്ചപ്പാടുണ്ടാകുമോ, ഇനി അടി വല്ലതും പൊട്ടുമോ എന്നൊക്കെയായിരുന്നു ആശങ്ക. എന്നാൽ അപ്പുറത്ത് ഇരുന്നയാൾ യുവാവിനെ സമാധാനിപ്പിക്കുകയാണ് ഉണ്ടായത്. സാരമില്ല, ചിലപ്പോഴൊക്കെ ഇങ്ങനെ സംഭവിക്കും എന്നു പറഞ്ഞു ചിരിയോടെ അദ്ദേഹമതു കൈകാര്യം ചെയ്തു. മനുഷ്യത്വത്തിൽ വിശ്വാസം വീണ്ടും തോന്നുന്ന നിമിഷങ്ങളാണിവ. ഈഗോയെ നിയന്ത്രിച്ചു നിർത്തിയിരിക്കുന്ന ഒരു വ്യക്തിക്കേ അങ്ങനെ പെരുമാറാൻ സാധിക്കുകയുള്ളൂ. അല്ലാത്തവർ തങ്ങളുടെ ദേഷ്യം വാക്കാലും അക്രോശങ്ങളാലും പ്രകടിപ്പിക്കും. അപ്പുറത്തുള്ളയാളും തിരിച്ചു പ്രതികരിച്ചേക്കാം, അങ്ങനെ പ്രശ്‌നം വഷളാകും. ഈഗോയെ നശിപ്പിച്ചുകൊണ്ടുള്ള ചെറുപുഞ്ചിരികൾ എല്ലാവർക്കും ചിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. എത്ര മനോഹരമായി മാറിയേനെ ലോകം.