കാതുകൾ തുറക്കാൻ മടിയുണ്ടോ? ആളുകൾ കയറട്ടെ നിങ്ങളുടെ ഹൃദയത്തിലേക്ക്

Mail This Article
ചിലയാളുകളുണ്ട്, എല്ലാ കാര്യത്തിലും സ്വാർഥതയാണ്, ആവശ്യമുള്ളതിനും ഇല്ലാത്തതിനും. ഒരു സംഘമായി നിന്നു സംസാരിക്കുമ്പോൾ മറ്റുള്ളവർക്ക് ഒരവസരവും ഇവർ നൽകാറില്ല. ഇങ്ങനെ സംസാരിച്ചുകൊണ്ടേയിരിക്കും. സ്വയം സർവജ്ഞപീഠം കയറിയെന്നു വിചാരിക്കുന്നവരാണ് ഇവർ. ഏറ്റവും അറിവുള്ളവനായി ഞാൻ ഇവിടെയുണ്ടല്ലോ, നിങ്ങളൊന്നും സംസാരിക്കേണ്ട, ഞാൻ പറയുന്നത് അങ്ങു കേട്ടാൽ മതിയെന്നാണ് പലരുടെയും മനോഭാവം തന്നെ. മറ്റുള്ള കാര്യങ്ങളിൽ സ്വാർഥരല്ലെങ്കിൽ പോലും മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കാതിരുന്നാൽ അതൊരു വല്ലാത്ത പാതകം തന്നെയാണ്.
മനുഷ്യരെ മൃഗങ്ങളിൽനിന്നു വ്യത്യസ്തരാക്കുന്നത് ഗംഭീരമായ ആശയവിനിമയശേഷിയാണ്. മറ്റുള്ള മൃഗങ്ങൾ തമ്മിലും ആശയവിനിമയങ്ങളുണ്ടെങ്കിലും അതെല്ലാം അടിസ്ഥാനപരമാണ്. എന്നാൽ മനുഷ്യരുടേത് അങ്ങനെയല്ല. വളരെ വികസിപ്പിക്കപ്പെട്ടതാണ് നമ്മുടെ ആശയവിനിമയം. അതിൽ കവിത്വവും ഉപമകളും അലങ്കാരങ്ങളും തുടങ്ങി പല കാര്യങ്ങളുമുണ്ട്. നമുക്ക് സംസാരിക്കാൻ ഇഷ്ടമാണ്. നമുക്ക് താൽപര്യമുള്ളപ്പോൾ നന്നായി നാം സംസാരിക്കാറുമുണ്ട്. എന്നാൽ ചില ആളുകൾ ആർത്തിപിടിച്ച് സംസാരിക്കുന്നവരാണ്. മറ്റുള്ളവരെ സംസാരിക്കാനോ സംസാരിച്ചു തുടങ്ങിയവരെ പൂർത്തീകരിക്കാനോ അനുവദിക്കാത്തവരുണ്ട്. ഇങ്ങനെയുള്ളവർ ഒരു സൗഹൃദസംഘത്തിലുണ്ടെങ്കിൽ അതിലെ ആശയവിനിമയം വളരെ മോശമായിരിക്കും.
സംസാരിക്കാനുള്ള താൽപര്യം മറ്റുള്ളവരെ കേൾക്കാൻ നമ്മൾ കാട്ടുന്നുണ്ടോ എന്നുള്ളതാണ് ഏറ്റവും ആലോചിക്കേണ്ട കാര്യം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രഭാഷകനായിരുന്നു ഭഗവാൻ ശ്രീകൃഷ്ണൻ. മധുരവും സൗമ്യവുമായ സംഭാഷണശൈലിയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഓരോ വാക്കും ശക്തി നിറഞ്ഞതായിരുന്നു. ഒരു മഹായുദ്ധത്തിന്റെ പോലും ഗതി നിർണയിക്കാൻ തന്റെ വാക്കുകൾ കൊണ്ടു ശ്രീകൃഷ്ണനു സാധിച്ചിരുന്നു. ഒഴുക്കേറിയ സംഭാഷണശൈലിയും അനന്യവും ആഴംനിറഞ്ഞതുമായ ജ്ഞാനവും കൈമുതലായുള്ള കൃഷ്ണൻ തന്റെ സംഭാഷണത്തിൽ വലിയ അച്ചടക്കം പുലർത്തിയിരുന്നു. അവതാര പുരുഷനായിട്ടു പോലും തന്റെ മുന്നിലുള്ള സാമാന്യജനത്തിന്റെ വാക്കുകൾക്ക് അദ്ദേഹം എത്രത്തോളം ചെവി കൊടുത്തിരുന്നെന്ന് നമുക്ക് പരിശോധിച്ചാലറിയാം.
മഹാഭാരത യുദ്ധത്തിൽ ശ്രീകൃഷ്ണൻ അർജുനനു ഗീതോപദേശം നൽകുന്നുണ്ട്. ആധ്യാത്മികതയും ദർശനങ്ങളും ആറ്റിക്കുറുക്കിയുള്ള ഗീതാപ്രഭാഷണത്തിനു മുൻപ് അർജുനന്റെ എത്രയോ ചോദ്യങ്ങൾ ശ്രീകൃഷ്ണൻ ശ്രദ്ധിച്ചുകേട്ടു. ഒരു നല്ല പ്രഭാഷകൻ ആകുന്നതിലും വളരെ ബുദ്ധിമുട്ടാണ് നല്ലൊരു ശ്രോതാവാകാൻ. പലപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, കേട്ടുകൊണ്ടിരിക്കുന്നയാൾക്ക് തനിക്ക് പ്രസക്തി നഷ്ടപ്പെടുന്നതായി തോന്നാറുണ്ട്. പ്രത്യേകിച്ച് രാഷ്ട്രീയമോ ലോക കാര്യങ്ങളോ ചർച്ച ചെയ്യുമ്പോൾ. ഇങ്ങനെ കേട്ടുകൊണ്ടിരുന്നാൽ താൻ മോശക്കാരനാകുമെന്നുള്ള പേടിയുമുണ്ട്.
ഇങ്ങനെയുള്ള പേടികളുടെ ആവശ്യമില്ല. മറ്റുള്ളവരെ കേൾക്കുന്നതു കൊണ്ട് നമുക്ക് പ്രത്യേകിച്ചു നഷ്ടമൊന്നുമുണ്ടാകില്ല. തന്നെയുമല്ല മറ്റൊരാളെ കേൾക്കുമ്പോൾ ലോകത്തെ അയാളുടെ കാഴ്ചപ്പാടിലൂടെ നോക്കിക്കാണാൻ നമുക്ക് കഴിയും. സഹാനുഭൂതിയെന്ന നമ്മുടെ വികാരത്തെ ഉദ്ദീപിപ്പിക്കാൻ ഈ കേൾക്കലുകൾക്ക് കഴിയും. താൻ പറയുന്ന കാര്യങ്ങൾക്ക് ചെവികൊടുക്കുന്നവരെ ആളുകൾക്ക് വലിയ ഇഷ്ടമാണ്. ഓരോ മനുഷ്യന്റെ ഉള്ളിലും പറയാൻ വെമ്പി നിൽക്കുന്ന ഒരുപാടു കാര്യങ്ങളുണ്ടാകും. പലർക്കും ഇന്ന് അതാരോടും പറയാനുള്ള സാഹചര്യം പോലുമുണ്ടാകില്ല.
കേൾക്കാനൊരാളുണ്ടാകുകയെന്നത് ചിലപ്പോൾ ആ മനുഷ്യന്റെ ജീവിതത്തെ തന്നെയാകും മാറ്റിമറിക്കുന്നത്. മറ്റു ചിലർ ഒരാൾ പറയുന്നതു പൂർത്തീകരിക്കാൻ പോലും അനുവദിക്കാറില്ല. ചിലപ്പോൾ തന്റെ ജീവിതത്തിലെ പ്രശ്നങ്ങളായിരിക്കാം ഒരാൾക്ക് പറയാനുള്ളത്. പറഞ്ഞുതുടങ്ങുമ്പോഴേ, അങ്ങനെ ചെയ്താൽ പോരേ, ഇങ്ങനെ ചെയ്താൽ പോരേ, എനിക്കൊന്നും കേൾക്കേണ്ട എന്നൊക്കെ പറഞ്ഞു നിരുത്സാഹപ്പെടുത്തുന്നവരുണ്ട്. രക്ഷിതാക്കളും ജീവിതപങ്കാളികളുമൊക്കെയുണ്ടാകാം ഇങ്ങനെ ചെയ്യുന്നവരിൽ. മനസ്സിന്റെ ജാലകങ്ങളാണു ചെവികൾ. അതു തുറന്നിടൂ. മറ്റുള്ളർ നിങ്ങളുടെ ഹൃദയത്തിലേക്കു പ്രവേശിച്ചോട്ടെ...