ADVERTISEMENT

എന്താണല്ലേ ഈ ലോകം? എത്ര യുദ്ധങ്ങളിലൂടെയാണ് നമ്മുടെ ലോകം കടന്നുവന്നത്. യുദ്ധങ്ങൾ പലപ്പോഴും രണ്ടു കൂട്ടരുടെ ശക്തിപ്രകടനത്തേക്കാളുപരി പകയുടെയും പ്രതികാരത്തിന്റെയും കത്തലായി മാറുന്നു. ആ മഹാഗ്നിയിൽ സംസ്‌കാരങ്ങളും മനുഷ്യരും സ്വപ്‌നങ്ങളും എരിഞ്ഞടങ്ങുന്നു. ലോകത്തിൽ മനുഷ്യർ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്ന വാക്ക് ശാന്തി എന്നതാകും. മരുഭൂമിയിൽ പെയ്യുന്ന മഞ്ഞുതുള്ളി പോലെയാണ് ശാന്തി. ചുട്ടുപൊള്ളുന്ന മനസ്സിൽ തലോടലായി ഉണരുന്ന തൂവൽസ്പർശമാണത്. ശാന്തിയും സമാധാനവും പോലെ സ്വസ്ഥത നൽകുന്ന മറ്റൊരവസ്ഥയില്ല. പക്ഷേ ഈയവസ്ഥ സ്വപ്‌നം മാത്രമാണ് പലർക്കും.

യുദ്ധങ്ങൾ എപ്പോഴും നാശനഷ്ടങ്ങളോടെയേ എത്തുകയുള്ളൂ. വിഖ്യാത ശാസ്ത്രജ്ഞനായ ആൽബർട് ഐൻസ്റ്റീൻ പറഞ്ഞ ഒരു വാചകമുണ്ട്. മൂന്നാം ലോകയുദ്ധം ഏതെല്ലാം ആയുധങ്ങൾ കൊണ്ടാണ് പോരാടുകയെന്ന് തനിക്കറിയില്ല, പക്ഷേ നാലാം യുദ്ധം കല്ലും കട്ടകളും കമ്പുകളുമുപയോഗിച്ചാണ് പോരാടുകയെന്ന് തനിക്കുറപ്പുണ്ടെന്നാണ് ഐൻസ്റ്റീൻ പറഞ്ഞത്. സർവം ചുട്ടുചാമ്പലാക്കുന്ന യുദ്ധത്തിന്റെ നശീകരണശക്തി മനസ്സിലാക്കിയാണ് ആ മഹാശാസ്ത്രജ്ഞൻ അപ്രകാരം അഭിപ്രായപ്പെട്ടത്.

ഇന്ത്യയുടെ പൗരാണിക ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നായിരുന്നു കുരുക്ഷേത്രയിൽ നടന്ന മഹാഭാരതയുദ്ധം. ഒരു കുടുംബത്തിലെ അംഗങ്ങൾ തമ്മിലുള്ള അന്തച്ഛിദ്രം യുദ്ധക്കളത്തിലേക്കെത്തി. ഇരു ചേരികളിലുമായി അന്നത്തെ വിവിധ രാജ്യങ്ങളിലെ സൈനികർ അണിനിരന്നു. ഭൂമിയിലെ ധർമസംസ്ഥാപനമായിരുന്നു മഹാഭാരത യുദ്ധത്തിന്റെ ലക്ഷ്യം. എങ്കിലും എത്രയോ മഹാൻമാരായ മനുഷ്യർ യുദ്ധഭൂമിയിൽ മരിച്ചുവീണു. അഭിമന്യു, കർണൻ, ഭീഷ്മർ, ദ്രോണർ തുടങ്ങി എത്രയെത്ര പേർ. കഴുകൻമാർ വട്ടമിട്ടു പറക്കുന്ന പടനിലവും സ്ത്രീജനങ്ങളുടെ കണ്ണീരുയർന്ന പരിസമാപ്തിയുമാണ് ഒടുവിൽ കാത്തിരുന്നത്.

യുദ്ധങ്ങൾ വമ്പിച്ച നശീകരണത്തിനു കാരണമാകുമെന്ന് ഭഗവാൻ ശ്രീകൃഷ്ണന് അന്നേരമേ അറിയാമായിരുന്നു. അതിനാൽത്തന്നെ ആ മഹായുദ്ധം ഒഴിവാക്കാൻ എല്ലാ ശ്രമങ്ങളും ശ്രീകൃഷ്ണൻ നടത്തുന്നതും കാണാം. പാണ്ഡവർക്കായി കൗരവസഭയിലേക്കു ദൂതുപോകുന്നതുൾപ്പെടെ ഈ ശ്രമങ്ങളുടെ ഭാഗമാണ്. എന്നാൽ കൗരവർ പിടിവാശി കൈവിടാതെയിരിക്കുന്നതോടെ യുദ്ധം സംഭവിക്കുന്നു. പിടിച്ചുനിർത്താനൊക്കാത്ത പിടിവാശി ആപത്തിലേക്കേ നയിക്കൂ. അനുദിനം കാലുഷ്യം നിറയുന്നു നമ്മുടെ മനസ്സുകളിൽ. 

ലോകസമാധാനത്തെക്കുറിച്ച് നമ്മൾ പറയുമ്പോഴും ആന്തരികമായ സമാധാനം അനുഭവിക്കുന്നവർ എത്രപേർ. യുദ്ധങ്ങൾ പടനിലങ്ങളിൽ മാത്രമല്ല, ജീവിതത്തിലുമുണ്ട്. ഓരോ ദിവസവും ഈ യുദ്ധത്തിൽ ഏർപ്പെടുന്നവർ എത്ര. ഒരു പക്ഷേ ലോകത്തുള്ള ചിന്തകരും ദാർശനികരും ഏറ്റവും സമയം ചെലവിട്ടത് സമാധാനത്തിന്റെ പൊരുൾ തേടിയാകണം. അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടുന്ന മനസ്സെന്ന കടിഞ്ഞാണില്ലാക്കുതിരയെ പിടിച്ചുകെട്ടാനുള്ള ധ്യാനങ്ങളും തപസ്സും മുതൽ ജ്ഞാനാന്വേഷണങ്ങൾ വരെ.

നമ്മുടെ സമൂഹത്തിൽതന്നെയൊന്നു നോക്കാം. കാമ, ക്രോധ, ദ്വേഷ വികാരങ്ങൾ സമൂഹത്തിൽ എത്രയോ വർധിച്ചിരിക്കുന്നു. നിസ്സാര പ്രശ്‌നങ്ങളുടെ പേരിൽപോലും കലഹിക്കുന്ന മനുഷ്യരുടെ പ്രവൃത്തികൾ വെട്ടിലും കുത്തിലും ചെന്നവസാനിക്കുന്ന എത്രയോ സംഭവങ്ങളുണ്ട്. മനുഷ്യരുടെ ഇടയിൽ മാത്രമല്ല കലഹങ്ങളും യുദ്ധങ്ങളുമുള്ളത്. മൃഗങ്ങളുടെ സമൂഹങ്ങളിലുമുണ്ട്. ചിമ്പൻസികളിലും മറ്റും മനുഷ്യരെ വെല്ലുന്ന കലഹങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ശത്രുക്കളായ ചിമ്പൻസി ഗോത്രങ്ങൾ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും സ്പർധയും ക്രൂരമായ അക്രമസംഭവങ്ങളുമൊക്കെ പതിവാണ്. ഭക്ഷണത്തിനോ തങ്ങളുടെ അധീശത്വം ഉറപ്പിക്കാനോ ഒക്കെയാണ് മൃഗലോകത്ത് ഇത്തരം അക്രമങ്ങൾ നടക്കുന്നത്. മൃഗീയമായ ഒരു ചോദനയാണ് അക്രമങ്ങളിലേക്കു പോകുന്നതെന്ന് കാണാം. മനുഷ്യരെന്ന മഹാതലത്തിൽ നിന്ന് അധഃപതിക്കുകയാണോ നമ്മൾ.

കേവലം മൃഗമല്ല മനുഷ്യൻ. വികാരങ്ങൾ മനസ്സിലാവുന്ന, ധാർമികതയ്ക്ക് മുൻതൂക്കം കൊടുക്കുന്ന മഹനീയമായ ജീവവംശമാണ് മനുഷ്യർ. ജീവിതത്തിന്റെ അർഥവും വ്യാപ്തിയും നന്മതിന്മകളുടെ വ്യത്യാസവും തിരയാൻ മാത്രം ബുദ്ധിയും ബോധവും വളർന്നു വികസിച്ച വംശം. ആ മനുഷ്യർ അക്രമത്തിൽ നിന്നൊഴിഞ്ഞു നിൽക്കുകയാണു വേണ്ടത്.  ആശയങ്ങളുടെ മൂർച്ചയ്ക്കാണ് ആയുധങ്ങളുടെ മൂർച്ചയേക്കാൾ മഹത്വം. അക്രമചിന്തകൾ കൈവെടിഞ്ഞ് ആശയങ്ങളുടെ ചക്രങ്ങളിൽ നീങ്ങുന്ന ഒരു ലോകത്തിനായി നമുക്ക് പ്രാർഥനയോടെ കാത്തിരിക്കാം.

English Summary:

From Ancient Epics to Modern Times: The Ravages of War that Know No Boundaries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT