ADVERTISEMENT

തത്വശാസ്ത്രം എന്നു പറഞ്ഞാൽ എല്ലാവർക്കും ഇഷ്ടപ്പെടില്ല,. അക്കാദമികമായ രിീതിയിൽ നോക്കിയാൽ തത്വശാസ്ത്രമെന്നത് അൽപം കടുകട്ടിയായ സംഭവം തന്നെ. എന്നാൽ എല്ലാവരുടെയും ജീവിതത്തിന് ഒരു തത്വശാസ്ത്രം അഥവാ പഴ്‌സനൽ ഫിലോസഫി തീർച്ചയായും ഉണ്ടാകും. ബോധപൂർവമല്ലാതെ രൂപീകരിക്കപ്പെട്ടതാകും ഈ തത്വശാസ്ത്രം. ചെറുപ്പകാലം തൊട്ടുള്ള അനുഭവങ്ങൾ, പകർത്തപ്പെട്ട മൂല്യങ്ങൾ, മറ്റുള്ളവർ ചെലുത്തിയ സ്വാധീനങ്ങൾ എന്നിവയെല്ലാം ചേർന്നാണ് ഈ തത്വശാസ്ത്രം രൂപീകരിക്കപ്പെടുന്നത്. ഒരു മനുഷ്യന്റെ ജീവിതയാത്രയുടെ പ്രധാന സോഫ്റ്റ്‌വെയർ എന്നത് തന്നെ ഈ തത്വശസ്ത്രമാണ്.

ചാൾസ് ഡിക്കൻസിന്റെ അതിപ്രശസ്തമായ കഥയാണ് ക്രിസ്മസ് കാരൾ. സ്‌ക്രൂജ് എന്ന അറുപിശുക്കനും ധനികനുമായ വ്യക്തിയുടെ ജീവിതമാണ് ക്രിസ്മസ് കാരളിന്റെ പ്രമേയം. പിശുക്കും പണത്തിനോടുള്ള ആർത്തിയും കാരണം തന്റെ ഏകബന്ധുവായ അനന്തരവനെപ്പോലും സ്‌ക്രൂജ് സഹായിക്കുന്നില്ല. ദാരിദ്ര്യത്തിലാണ് സ്‌ക്രൂജിന്റെ അനന്തരവനും കുടുംബവും ജീവിക്കുന്നത്. എന്നിട്ടും തന്റെ പിടിവാശികളിൽനിന്ന് വ്യതിചലിക്കാൻ സ്‌ക്രൂജ് തയാറാകുന്നില്ല. കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളിക്കും ജോലിക്കനുസരിച്ചുള്ള വേതനം നൽകാൻ പോലും അദ്ദേഹം തയാറായിരുന്നില്ല.

എന്നാൽ ക്രിസ്മസ് തലേന്നുള്ള രാവിൽ സ്‌ക്രൂജ് തന്റെ ഭൂതവും ഭാവിയുമൊക്കെ കാണുന്നു. മാറിനിന്നുള്ള കാഴ്ചയിൽ, എത്രത്തോളം മോശമായിരുന്നു തന്റെ ചിന്തകളും നിലപാടുകളും പ്രവൃത്തികളുമെന്ന് സ്‌ക്രൂജ് മനസ്സിലാക്കുന്നു. ഒടുവിൽ തന്റെ അതുവരെയുള്ള ജീവിത തത്വശാസ്ത്രം മാറ്റി സ്‌ക്രൂജ് ഉദാരമതിയും പ്രത്യുപകാരിയുമായ ഒരു മനുഷ്യനായി മാറുന്നിടത്ത് ക്രിസ്മസ് കാരൾ അവസാനിക്കുന്നു. എല്ലാവരും ഒരിക്കലെങ്കിലും വായിക്കേണ്ട ഒരു ക്ലാസിക് കൃതിയാണ് ക്രിസ്മസ് കാരൾ.

ജീവിതത്തിന്റെ തത്വശാസ്ത്രം സോഫ്റ്റ്‌വെയർ പോലെയാണെന്ന് പറഞ്ഞു. സോഫ്റ്റ്‌വെയറുകൾക്ക് കാലാനുസൃതമായി പരിഷ്‌കരണങ്ങൾ വരും. എന്നാൽ ചിലർ തങ്ങളുടെ ചിന്താഗതികൾ മാറ്റാൻ താൽപര്യപ്പെടാറേയില്ല. ഉറച്ച നിലപാടുകൾ നല്ലതാണ്. പക്ഷേ ആ നിലപാടുകളിൽ പ്രശ്നമുണ്ടെന്നു തോന്നുന്ന പക്ഷം മാറ്റിയിരിക്കണം. മാറ്റമില്ലാത്തതായി മാറ്റമെന്ന വാക്കു മാത്രമാണുള്ളതെന്ന് പറഞ്ഞ മഹദ് വചനം ഓർക്കാം..എന്നാൽ ചിലർക്ക് തങ്ങൾ വിചാരിച്ച് വന്നത് അഥവാ ശീലിച്ചു വന്നതാണ് പഥ്യം. ധനസമ്പാദനമായിരിക്കും ചിലർക്ക് വലുത്, അങ്ങനെയുള്ളവർ എല്ലാം മറന്ന് ധനം അട്ടിയാക്കി വയ്ക്കുന്നതുകാണാം, ആ ധനം കൊണ്ട് മറ്റുള്ളവർക്കോ സ്വയമോ ഒരു പ്രയോജനവും ഉണ്ടാകില്ല. ആ ധനം ഉപയോഗശൂന്യമായി നിലകൊള്ളും. സ്വന്തം മക്കളുടെ ആവശ്യങ്ങൾക്കു പോലും പണം മുടക്കാതെ മാറ്റിവയ്ക്കുന്നവർ ഉണ്ടെന്ന് സമൂഹത്തിൽ ഒന്നു പരിശോധിച്ചാൽ കാണാം. 

മറ്റു ചിലർക്ക് തങ്ങളുടെ ഈഗോയാകും വലുത്. തങ്ങളുടെ പിടിവാശികൾക്കും ധാരണകൾക്കുമായി അവർ ജീവിതം ജീവിച്ചുതീർക്കും. അതുകാരണം മറ്റുള്ളവർ എത്ര കഷ്ടപ്പെടുന്നെന്നുള്ളതൊന്നും അവരെ സംബന്ധിച്ച് പ്രശ്‌നമല്ല. രാമായണത്തിലെ വില്ലനായ രാവണൻ അറിവുള്ളയാളും പല കലകളിൽ നിപുണനുമാണ്. എന്നൽ തന്റെ ചിന്താഗതിയിൽ മാറ്റം വരുത്താൻ രാവണൻ തയാറാകാത്തതാണ് അദ്ദേഹത്തിന്റെ പരാജയത്തിനു കാരണമാകുന്നതെന്ന് രാമായണം വായിച്ചാൽ അറിയാം. വിഭീഷണനെയും മണ്ഡോദരിയെയും പോലെയുള്ളവർ രാവണൻ ചെയ്ത തെറ്റ് പലകുറി ചൂണ്ടിക്കാട്ടിയിട്ടും അതിനു പരിഹാരം കാണാനോ തന്റെ വീക്ഷണം മാറ്റാനോ രാവണൻ തയാറാകുന്നില്ല. ഈശ്വരനെതിരായിപ്പോലും യുദ്ധം ചെയ്യാൻ രാവണനെ മടിയില്ലാതാക്കുന്നത് ഈ മനോഭാവമാണ്. യുദ്ധത്തീയിലെരിഞ്ഞ് തന്റെ ഉറ്റവരെല്ലാം വിടപറയുമ്പോഴും രാവണന് വലുത് തന്റെ ഈഗോയായിരുന്നു.

മഹാഭാരതത്തിലും ഇത്തരം സന്ദർഭങ്ങൾ കാണാം. പ്രസിദ്ധമായ കുരുവംശത്തിലെ രാജാവായ ശന്തനു സത്യവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. എന്നാൽ സത്യവതിയുടെ പിതാവായ ദാശരാജൻ ഉപാധികൾ മുന്നോട്ടുവയ്ക്കുന്നു. കുരുവംശ കിരീടാവകാശിയും ഭരണനിപുണനും മഹായോദ്ധാവുമായ ദേവവ്രതനെന്ന ഭീഷ്മരെ കിരീടത്തിൽ നിന്നകറ്റി നിർത്തണമെന്നായിരുന്നു അത്. ദാശരാജന്റെ ശാഠ്യം വിജയിക്കുന്നു. സത്യവതിയെ വിവാഹം കഴിക്കാനുള്ള താൽപര്യത്തിൽ ശന്തനു ഒരു രാജാവിന്റെയും പിതാവിന്റെയും ധർമം മറക്കുന്നു. 

ലോഭചിന്തയിൽ ദാശരാജനും ശന്തനുവും തങ്ങളുടെ ജീവിതത്തിന്റെ തത്വശാസ്ത്രത്തെ കളങ്കപ്പെടുത്തുന്നു. ഫലമോ, ഭരണാധികാരിയാകാൻ ഏറ്റവും യോഗ്യനായിരുന്ന ഒരു വ്യക്തി അതിൽ നിന്നു മാറിനിൽക്കേണ്ട അവസ്ഥ വന്നു. പിൽക്കാലത്ത് ഹസ്തിനപുരം അപചയങ്ങളുടെ കൂത്തരങ്ങായി മാറുന്നു. നമ്മുടെ ജീവിതത്തിന്റെ തത്വശാസ്ത്രം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മനസ്സിലായില്ലേ. സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട സംഭവമാണിത്. ധാരാളം മൂല്യങ്ങൾ പകർന്ന് ആ തത്വശാസ്ത്രത്തെ കുറ്റമറ്റതാക്കാം. നിങ്ങൾക്കും ചുറ്റുമുള്ളവർക്കും സമാധാനവും സന്തോഷവും കൈവരാൻ ആകെ ചെയ്യേണ്ട കാര്യം ചിലപ്പോൾ അതുമാത്രമായിരിക്കും.

English Summary:

Discover the Power of Changing Your Life Philosophy: Is it Time for a Shift?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT