കുറവുകൾ ഇല്ലാത്തതായി ആരുണ്ട്? അതിൽ വേവലാതിപ്പെടാതെ മുന്നോട്ടു നീങ്ങാം

Mail This Article
എപ്പോഴും വിഷമിച്ചിരിക്കുന്ന ചിലരുണ്ട്. ആ വിഷമങ്ങളുടെ കാരണങ്ങളിൽ ചിലത് സ്വന്തം കുറവുകളെക്കുറിച്ചുള്ള വിഷമമായിരിക്കും. തന്റെ നിറം, ഉയരം, ശരീരഘടന, സംസാരരീതി, മുടി തുടങ്ങി എല്ലാം പോരായെന്ന് ചിന്തിക്കുന്നവരുണ്ട്. ഇത്തരം കാര്യങ്ങളിൽ ചിലർ പരിഹസിച്ചത് കാരണം അങ്ങനെയൊരവസ്ഥയിലെത്തിയവരുമുണ്ട്. ഒരു പെൺകുട്ടിയെ അറിയാം. തന്റെ മുഖ സൗന്ദര്യത്തിൽ അതീവ ശ്രദ്ധാലുവാണ് ആ കുട്ടി. ഒരിക്കൽ ആ കുട്ടിക്ക് ആദ്യമായി ഒരു മുഖക്കുരു വന്നു. അതിന്റെ വിഷമത്തിൽ ഏറെ നാൾ ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും കരഞ്ഞുവിഷമിച്ചുകൊണ്ടിരുന്നു. കാര്യങ്ങളത്ര നിസ്സാരമല്ല. മുഖക്കുരുക്കാരിയുടെ വിഷമം പോലെയല്ല മറ്റു ചിലരുടേത്. നിരന്തരമായി ബോഡി ഷെയ്മിങ് ഉൾപ്പെടെയുള്ള കളിയാക്കലുകൾ നേരിടുന്നവർക്ക് കടുത്ത വിഷാദരോഗം പോലുമുണ്ടാകാം. ഇന്നത്തെ സമൂഹത്തിൽ ബോഡി ഷെയ്മിങ്ങിനും മറ്റുമെതിരായി വലിയ ക്യാംപെയ്നുകൾ നടക്കുന്നുണ്ട്. അവബോധം സൃഷ്ടിക്കപ്പെടുന്നുമുണ്ട്. എങ്കിലും ഇവയുണ്ടാകാറുണ്ടെന്നതാണു സത്യം. ഇവയുണ്ടാകുമ്പോഴും ആ കളിയാക്കലുകൾ കേട്ടു പതറാതിരിക്കാനുള്ള കരുത്ത് നേടുകയാണ് പ്രധാനം. ഒരു കുറവുമില്ലാത്തതായി ആരുമില്ലെന്ന് അറിയണം. എന്തെല്ലാം കുറവുകളുണ്ടെങ്കിലും ജീവിതവിജയം അതിലൊന്നുമല്ല ഇരിക്കുന്നതെന്നും മനസ്സിലാക്കണം.
കുത്തുവാക്കുകളെ, പരിഹാസച്ചിരികളെ മറികടന്ന് ജീവിതവിജയം നേടിയവരാകട്ടെ നമ്മുടെ മാതൃക. കുറവുകളുടെ പേരിൽ മാറ്റിനിർത്തേണ്ടവരല്ല ആരും. ഏതെങ്കിലുമൊക്കെ മേഖലയിൽ മികവുള്ളവരാണ് ഓരോരുത്തരും. കുറവുകളുടെ പേരിൽ കളിയാക്കിയവർക്കു ജീവിതം കൊണ്ടു മറുപടി നൽകിയ എത്രയോ പേരുണ്ട്. ‘ഗെയിം ഓഫ് ത്രോൺസ്’ പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രം ടൈറിയോൺ ലാനിസ്റ്ററെ അവതരിപ്പിച്ച പീറ്റർ ഡിംഗ്ലേജ് നാലടി ഉയരക്കാരനാണ്. കുള്ളൻ എന്നു പലരും കളിയാക്കി വിളിച്ച ഡിംഗ്ലേജാണ് എമ്മി, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ നേടിയ താരമായത്. വളർച്ചക്കുറവു കാരണം ലയണൽ മെസ്സിക്ക് ഹോർമോൺ കുത്തിവയ്പുവരെ എടുക്കേണ്ടി വന്നിട്ടുണ്ട് ചെറുപ്പത്തിൽ. ആ കുട്ടിയാണു ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായി പിന്നീട് മാറിയത്. കഴിഞ്ഞ ലോകകപ്പിൽ തന്റെ രാജ്യമായ അർജന്റീനയെ കിരീടമണിയിച്ച് അദ്ദേഹം ഫുട്ബോളിന്റെ ഏറ്റവും ഉന്നതശൃംഗം താണ്ടി.
വലതു കൈയിൽ 2 തള്ളവിരലുള്ളതിനാൽ (ഡബിൾ തംബ്) സ്കൂളിലെ പരിഹാസ കഥാപാത്രമായി മാറിയ ആളാണ് നടൻ ഋത്വിക് റോഷൻ. വിക്ക് കൂടിയായതോടെ തന്റെ ആത്മവിശ്വാസം നഷ്ടമായെന്ന് ഋത്വിക് പറഞ്ഞിട്ടുണ്ട്. കാലം മാറി, ഇന്നു ബോളിവുഡിന്റെ താരസിംഹാസനങ്ങളിലൊന്ന് ഋത്വിക്കിനു സ്വന്തം. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസിനു ജന്മനാ വിക്കുണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയക്കാരനായും സൈദ്ധാന്തികനായുമുള്ള അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് ഇതു തടസ്സമായില്ല. ‘വിക്ക് എപ്പോഴുമുണ്ടോ?’ എന്ന് ആരോ ചോദിച്ചു. ‘എപ്പോഴുമില്ല, സംസാരിക്കുമ്പോൾ മാത്രം’ എന്നായിരുന്നു സരസമായ ശൈലിയിൽ അദ്ദേഹത്തിന്റെ മറുപടി.
ഡോക്ടർമാരുടെ ശ്രദ്ധക്കുറവു മൂലം മുഖത്തെ ഞരമ്പുകൾക്കുണ്ടായ ക്ഷതം സംസാരത്തെയും മുഖഭാവത്തെയും ബാധിച്ച ആളായിരുന്നു സിൽവസ്റ്റർ സ്റ്റാലൻ. പഠനവൈകല്യം കൂടിയായതോടെ സ്കൂളിലെ പരിഹാസപാത്രമായി അദ്ദേഹം മാറി. എന്നാൽ, വർക്‌ഷോപ്പിൽ നിന്നൊപ്പിച്ച ഇരുമ്പുസാമഗ്രികൾ ഡംബെല്ലും ബാർബെല്ലുമാക്കി സ്റ്റാലൻ ബോഡി ബിൽഡിങ് തുടങ്ങി. പിന്നീട് ഹോളിവുഡ് ആക്ഷൻ ഹീറോയായി വളർന്നു. ഭാരതീയ തത്വചിന്തയുടെ ആദ്യ ആചാര്യൻമാരിലൊരാളായിരുന്നു അരുണി മഹർഷി. ഉപനിഷത്തുകളിൽ പല തവണ പരാമർശിക്കപ്പെടുന്ന അരുണി ലോകത്തെ ആദ്യ ദാർശനികൻമാരിലൊരാളുമാണ്. അരുണിയുടെ ദത്തുപുത്രിയായ സുജാതയുടെ മകനായിരുന്നു അഷ്ടാവക്രൻ. പിറന്നപ്പോൾത്തന്നെ ശരീരത്തിൽ എട്ടു വളവുകൾ അഷ്ടാവക്രനുണ്ടായിരുന്നു. എന്നാൽ ഇതൊന്നും തന്റെ ആത്മീയയാത്രയെ തടസ്സപ്പെടുത്താൻ അഷ്ടാവക്രൻ സമ്മതിച്ചില്ല. കൗമാരത്തിന്റെ തുടക്കത്തിൽതന്നെ അഷ്ടാവക്രൻ വലിയൊരു ദാർശനികനായി മാറി.
ഒരിക്കൽ ജനകമഹാരാജാവിന്റെ സഭയിൽ ദാർശനിക കാര്യങ്ങളെക്കുറിച്ചുള്ള വാദത്തിൽ പങ്കെടുക്കാനെത്തിയ അഷ്ടാവക്രനെ സദസ്യർ കളിയാക്കി. എന്നാൽ അദ്ദേഹം ഒന്നും മിണ്ടിയില്ല. ആശ്വസിപ്പിക്കാനെത്തിയ ജനകനോട്, അദ്ദേഹത്തിന്റെ സദസ്യർ മുഖവില മാത്രം പരിഗണിക്കുന്നവരാണെന്നും ഒരാളുടെ അന്തർലീനമായ മികവുകളെ അവർ അംഗീകരിക്കുന്നില്ലെന്നും അഷ്ടാവക്രൻ പറഞ്ഞു. തുടർന്ന് ജനകന്റെ സദസ്സിലെ ഏറ്റവും വലിയ പണ്ഡിതശ്രേഷ്ഠനായ വരുണനെ തോൽപിച്ചപ്പോഴാണ് അഷ്ടാവക്രൻ ശരിക്കുമാരാണെന്ന് സദസ്സിനു മനസ്സിലായത്. അഷ്ടാവക്രൻ പിൽക്കാലത്ത് ഭാരതത്തിലെ ഏറ്റവും ഉജ്വലനായ ദാർശനികനായി മാറി. അദ്ദേഹം രചിച്ച അഷ്ടാവക്ര ഗീത കാലങ്ങളായി മഹാപണ്ഡിതരെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.