ADVERTISEMENT

പണ്ടുള്ള ആൾക്കാർക്ക് സമൂഹമാധ്യമങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലായിരുന്നു. അവർ പകർത്തിയ ഫോട്ടോഗ്രാഫുകൾ അവരുടെ ആൽബങ്ങളിലോ ചുവരുകളിലോ ഇരുന്നു. ബന്ധുക്കളോ സുഹൃത്തുക്കളോ വരുമ്പോൾ ആ ആൽബങ്ങൾ മറിച്ചുനോക്കും, സ്‌നേഹത്തിലും തമാശയിലുമൊക്കെ പൊതിഞ്ഞ അഭിപ്രായങ്ങൾ പാസാക്കും. എന്നാൽ ആ കാലമൊക്കെ എന്നേ പോയി. സമൂഹമാധ്യമങ്ങൾ മനുഷ്യരുടെ ജീിവിതത്തിൽ വലിയ സ്വാധീനം പുലർത്താൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടു പിന്നിട്ടു. ഇന്നെല്ലാവരും അവരുടേതായ സമൂഹമാധ്യമ ഇടത്തിലെ സെലിബ്രിറ്റിയായി സ്വയം കരുതുകയാണ്. സമൂഹമാധ്യമങ്ങൾ മറ്റെന്തിനെക്കാളും സ്വാധീനം ഇന്ന് മനുഷ്യരിൽ പുലർത്തുന്നു. അതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളുമുണ്ട്. 

മനുഷ്യജീവിതത്തിന്‌റെ ഏറ്റവും വലിയ സവിശേഷതയായ മാത്സര്യബോധം സമൂഹമാധ്യമത്തിലും കടന്നിട്ടുണ്ട്. താനിടുന്ന പോസ്റ്റുകൾക്കും ചിത്രങ്ങൾക്കുമൊക്കെ ലൈക്കോ ഷെയറോ കുറഞ്ഞുപോയാൽ വല്ലാതെ വിഷമിക്കുകയും വ്യഗ്രതപ്പെടുകയും ചെയ്യുന്ന ധാരാളം പേർ നമുക്കു ചുറ്റുമുണ്ട്. തന്‌റെ പോസ്റ്റിനൊരാൾ ലൈക്കിട്ടില്ലെങ്കിൽ അല്ലെങ്കിൽ കമന്‌റിട്ടില്ലെങ്കിൽ അയാളുമായുള്ള ബന്ധം പോലുമുപേക്ഷിക്കുന്ന വിചിത്രകാലമാണിത്. സമൂഹമാധ്യമങ്ങൾ നമ്മെ എങ്ങനെ മാറ്റി മറിച്ചിരിക്കുന്നു എന്നുള്ള വസ്തുത ഇതിൽ നിന്നു തന്നെ അറിയാം. അടുത്തിടെ പ്രമുഖ സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാം ഒരാൾക്ക് കിട്ടുന്ന ലൈക്കുകൾ പുറത്തു കാണുന്നത് നിർത്തിയിരുന്നു. സമൂഹമാധ്യമത്തിലെ വിഷാദകരമായ മത്സരം കുറയ്ക്കാനായിരുന്നു ഇൻസ്റ്റഗ്രാമിന്‌റെ ഈ നീക്കം. സമൂഹമാധ്യമത്തിൽ ഒരാൾ ഇടുന്ന പോസ്റ്റിന് പ്രതികരണങ്ങൾ കുറഞ്ഞുപോയാൽ ഒറ്റപ്പെടൽ പോലും അനുഭവിക്കുന്നവരുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

സോഷ്യൽ മീഡിയ ആൻക്‌സൈറ്റി, ഡിപ്രഷൻ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന മാനസികമായ പ്രശ്‌നങ്ങൾ ഇന്നു വളരെ സർവസാധാരണമാണ്. ഫിയർ ഓഫ് മിസിങ് ഔട്ട് എന്ന മറ്റൊരു അവസ്ഥയുമുണ്ട്. സമൂഹമാധ്യമ ഇടങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളിൽ നിന്ന് അശ്രദ്ധ മൂലം നമ്മൾ ഒഴിവാക്കപ്പെടുമോ എന്നുള്ള അനാവശ്യപേടിയാണിത്. പരിചയത്തിലുള്ള ഒരാൾക്ക് ഏറ്റവും പേടിയുള്ള കാര്യം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇടുന്നതാണ്,. അദ്ദേഹത്തിന്‌റെ ഭാര്യയാണെങ്കിൽ ഇടയ്ക്കിടെ കുടുംൂബചിത്രങ്ങളും മറ്റും ഫെയ്‌സ്ബുക്കിലിടാൻ നിർബന്ധിച്ചുകൊണ്ടേയിരിക്കുന്നു.  എന്താണ് ഫെയ്‌സ്ബുക് പോസ്റ്റ് ഇടാത്തത് എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് പേടിയാണെന്നാണ്. ചിത്രങ്ങൾ ഇട്ടിട്ട് ആരും ലൈക്കും കമന്‌റുമൊക്കെ തരാതിരുന്നാൽ നാണക്കേടാണ്. 

ഇതൊരാളുടെ മാത്രം കഥയല്ല പലരുടെയുമാണ്. ഇതിനൊരു മറുവശവുമുണ്ട്. ചിലർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടാനായാണു ജീവിക്കുന്നത് തന്നെ. ആക്‌സിഡന്‌റുകളോ മറ്റ് അനിഷ്ടകരമായ സംഭവങ്ങളോ നടക്കുമ്പോൾ രക്ഷാപ്രവർത്തനത്തിൽ അണിചേരുന്നതിനു പകരം പലരും മൊബൈൽ ക്യാമറ പൊക്കി ചിത്രങ്ങളെടുത്ത് നിൽക്കുന്നതൊക്കെ സമൂഹമാധ്യമങ്ങളിൽ മേൽക്കൈ നേടാനായാണ്. നമ്മുടെ ജീവിതത്തെ സുന്ദരമാക്കുന്ന, നമ്മുടെ വിശേഷങ്ങൾ പങ്കുവയ്ക്കാനും ഉറ്റവരുടെയും കൂട്ടുകാരുടെയും വിവരങ്ങൾ അറിയാനും പ്രാപ്തമാക്കുന്ന നല്ല ഒരു സാങ്കേതികവിദ്യയാണ് സമൂഹമാധ്യമം. പക്ഷേ അതിന് ഇത്രയ്ക്ക് അഡിക്ട് ആകേണ്ട കാര്യമുണ്ടോ. സമൂഹമാധ്യമങ്ങളുടെ വെർച്വൽ ലോകത്തിനു പുറത്ത് ഒരു യഥാർഥ ലോകമുണ്ടെന്നു പോലും നമ്മളിൽ പലരും മറക്കാറുണ്ടെന്നാണ് സത്യം. 

ആയിരക്കണക്കിനു വെർച്വൽ കൂട്ടുകാരെ സമ്പാദിക്കുന്ന നാം അതിൽ അഭിമാനിക്കുകയും ജീവിതത്തിൽ അർഥവത്തായ ബന്ധങ്ങൾ നേടുന്നതിലും പരിപാലിക്കുന്നതിലും പിന്നാക്കം പോകുക ചെയ്യുകയും ചെയ്യുന്നു. സമൂഹമാധ്യമത്തിലെ ഒരക്കൗണ്ട് മാത്രമായി ചുരുങ്ങേണ്ടതാണോ മഹത്തരമായ ഒരു മനുഷ്യജന്മം. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും വായിച്ച് റീൽസുകളും കണ്ട് തീർക്കേണ്ടതാണോ നമ്മുടെ ജ്ഞാനാന്വേഷണങ്ങൾ. മഹത്തായ പുസ്തകങ്ങളും മറ്റും ടേബിളിൽ തന്നെ ഇരുന്നാൽ മതിയോ? സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കപ്പെടാനായാണ് നമ്മളിൽ പലരും ചിത്രങ്ങളെടുക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ സ്വാഭാവികമായ ചിത്രങ്ങളല്ല അവയിൽ പലതും, മറിച്ച് ഫോട്ടോഷൂട്ടുകളാണ്. നൈസർഗികത എന്ന കാര്യം പലരുടെയും ജീവിതത്തിൽ നിന്ന് എന്നേ പോയ്മറഞ്ഞു. ഏറ്റവും പ്രഫഷനലായ രീതിയിൽ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമത്തിലിടാൻ നമ്മൾ മണിക്കൂറുകളോളം സമയവും വലിയ അളവിൽ പണവും ചെലവഴിക്കുന്നു. 

ഒരു യാത്ര പോയാൽ ആ സ്ഥലത്തിന്‌റെ ഭംഗി ആസ്വദിക്കുകയോ ചരിത്രപശ്ചാത്തലങ്ങളൊക്കെ മനസ്സിലാക്കുകയോ ചെയ്യുന്നതിനു പകരം ഫോൺ സെൽഫി ഓണാക്കി നമ്മൾ മുൻപിൽ കയറി വെളുക്കെ ചിരിച്ചു നിൽക്കുന്നു.. എ്‌ന്‌റെ തല, എന്‌റെ ഫുൾഫിഗർ എന്ന രീതിയിൽ. ഒരു വ്യക്തിയെ അറിയാം. തന്‌റെ പോസ്റ്റുകൾക്ക് ലഭിച്ച ലൈക്കുകളും കൂട്ടുകാരുടെ പോസ്റ്റുകൾക്ക് ലഭിച്ച ലൈക്കുകളും തമ്മിൽ താരതമ്യം ചെയ്ത് സമയം കളയുന്നതാണ് കക്ഷിയുടെ പ്രധാന പരിപാടി. എന്തൊരു കഷ്ടമാണിതല്ലേ. എന്തിനാണ് ഇങ്ങനെ നെഗറ്റീവാകുന്നത്? അതൊക്കെ അതിന്‌റെ വഴിക്കങ്ങു പോട്ടെന്നേ. 

സമൂഹമാധ്യമങ്ങൾ നമ്മുടെ ജീവിതത്തിന്‌റെ ഭാഗമാണ്, എന്നാൽ അതു നമ്മുടെ ജീവിതമായി മാറുന്ന അവസ്ഥ തീർച്ചയായും ഒഴിവാക്കണം. സമൂഹമാധ്യമങ്ങളിൽ പരതുന്നതിനായി കുറച്ചുസമയം മാറ്റി വയ്ക്കാം. ബാക്കി സമയം മറ്റുകാര്യങ്ങൾക്കായി വിനിയോഗിക്കുക തന്നെ വേണം. ഒരു യാത്ര പോകുമ്പോൾ ചിത്രങ്ങളെടുക്കണം, പക്ഷേ ചിത്രമെടുപ്പ് മാത്രമാകരുത് ലക്ഷ്യം. മനോഹരമായ ഭൂപ്രകൃതി ആസ്വദിക്കാം, കൂടെ വന്നവരോട് ചിരിച്ചുല്ലസിച്ച് വർത്തമാനം പറയാം, ഫോൺ നോക്കാതെ കാപ്പികുടിക്കുകയോ നല്ല ഭക്ഷണം കഴിക്കുകയോ ചെയ്യാം. ജീവിതത്തിന്‌റെ നല്ല ചെറിയ നിമിഷങ്ങൾ എന്തിനാണ് നശിപ്പിച്ചുകളയുന്നത്.

English Summary:

The Impact of Social Media on Our Lives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT