അവഗണനകൾ നേരിടാറുണ്ടോ നിങ്ങൾ- എങ്ങനെ നേരിടും ഈ ദുസ്സഹ സാഹചര്യം?

Mail This Article
ജീവിതത്തിലെ വളരെ വേദനാജനകമായ ഒരു സാഹചര്യമാണ് അവഗണനകൾ നേരിടുകയെന്നത്. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ മറ്റുള്ളവരിൽ നിന്ന് അവഗണന നേരിടാത്തവരായി ആരും തന്നെയില്ല.കുട്ടിക്കാലം മുതൽ അവഗണനയെന്ന കയ്പുനീർ കുടിക്കുന്നവരുണ്ട്. സുഹൃത്തുക്കളുടെ സ്‌നേഹത്തിലോ സംഭാഷണത്തിലോ പങ്കുചേരാനാകാതെ ഒറ്റപ്പെട്ടുമാറിനിൽക്കേണ്ടി വരുന്നവരുണ്ട്. പല കാരണങ്ങൾ ഇതിനു പിന്നിലുണ്ടാകാം. ചിലപ്പോൾ സാമൂഹികമായി ഇടപെടാനുള്ള പേടി, അപകർഷതാബോധം എന്നിവയൊക്കെ മറ്റുള്ളവരുടെ സംഘങ്ങളിലേക്ക് ഇഴുകിച്ചേരുന്നതിനു തടസ്സമുണ്ടാക്കാം. ഇതൊക്കെ ഒറ്റപ്പെടലിനും മറ്റുള്ളവർ അവഗണിക്കുന്നു എന്ന തോന്നലിനും വഴിവയ്ക്കാം.
പുരാണങ്ങളിൽ അവഗണന നേടിയ കഥാപാത്രങ്ങളിൽ വളരെ പ്രശസ്തനാണ് കർണൻ. സൂതപുത്രനെന്ന വിലാസം ഒരു യോദ്ധാവാകുക എന്ന ലക്ഷ്യത്തിനു തടസ്സമായി കർണനു മുന്നിൽ നിന്നു. മഹാഗുരുക്കൻമാർ പോലും ഇതേ കാരണത്താൽ കർണനെ അവഗണിക്കുന്നു. ഒരു ഘട്ടത്തിൽ ആത്വമിശ്വാസക്കുറവും അപകർഷതാബോധവും കർണനെ പൊതിയുന്നതും കാണാം. എന്നാൽ ചിപ്പിക്കുള്ളിലെ മുത്തു കണ്ടെടുക്കുന്നതു പോലെ കർണൻ തന്റെ അസ്തിത്വം കണ്ടെടുക്കുന്നു. അവഗണനകൾ ജീവിതാന്ത്യം വരെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ജീവിതത്തിൽ മുന്നോട്ടു നീങ്ങുന്ന ഒരു പോരാളിയായാണ് കർണനെ വേദവ്യാസൻ അവതരിപ്പിക്കുന്നത്. മഹാഭാരതത്തിലെ ഏറ്റവും തിളക്കമുറ്റ കഥാപാത്രങ്ങളിലൊന്നും കർണനാണ്. ഒരു കർമയോഗി തന്നെയാണ് കർണൻ,
അവഗണനകളെ വകഞ്ഞുമാറ്റി ജീവിതത്തിൽ മഹാവിജയം നേടിയ എത്രയോ പേർ ഇക്കാലത്തുമുണ്ട്. ഖത്തറിലെ ലോകകപ്പിൽ ലയണൽ മെസി മുത്തമേകിയപ്പോൾ ഫുട്‌ബോളിൽ വസന്തം വിരിഞ്ഞു. എന്നാൽ ശാരീരികശേഷി കുറഞ്ഞ ഒരു മനുഷ്യനെന്ന മുദ്രകുത്തലിൽ നിന്ന് ലോകത്തെ ഏറ്റവും ഉന്നതനായ കളിക്കാരൻ എന്ന നിലയിലേക്കുള്ള മെസ്സിയുടെ വളർച്ചയിൽ അവഗണനകളുടെ ഗർത്തങ്ങൾ ധാരാളമുണ്ടായിരുന്നു. . അവഗണനകൾ കൂടുതൽ വേദനയുണ്ടാക്കുന്നത് പുതുതായി അതു നേരിടേണ്ടി വരുമ്പോഴാണ്. ഒരിക്കൽ ഒരു പെൻഷണറോട് സംസാരിച്ചു. സമ്പത്തും പെൻഷനും സൗഖ്യവുമൊക്കെ തന്റെ ജീവിതത്തിലുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഒരു കാര്യം കൂട്ടിച്ചേർത്തു. വിരമിച്ച ശേഷം ഓഫിസിൽ പോകുമ്പോൾ, ഒരു കാലത്ത് സഹപ്രവർത്തകരായിരുന്നവർക്ക് പഴയൊരു മതിപ്പില്ല. അതിനാൽ അദ്ദേഹം ഇപ്പോൾ ഓഫിസിലേക്കു പോകാറില്ലത്രേ. പലപ്പോഴും നമുക്ക് കിട്ടുന്ന ബഹുമാനം നമുക്ക് കിട്ടുന്ന സ്ഥാനത്തിന്റേതായിരിക്കും. ഉദ്യോഗത്തിൽ നിന്നു വിരമിച്ചു കഴിഞ്ഞാൽ അതേ പ്രൗഢിയും പരിഗണനയും പിൽക്കാലത്തു കിട്ടണമെന്നില്ല. അതുമായി താദാദ്മ്യം പ്രാപിക്കുക എന്നല്ലാതെ മറ്റു വഴിയില്ല.
നമ്മൾ എല്ലായിടങ്ങളിൽ നിന്നും അവഗണന നേരിടേണ്ടിവരുന്നുണ്ടെങ്കിൽ സ്വയം ഒരു വിശകലനമാകാം. എന്തുകൊണ്ടാണ് ആളുകൾ എന്നോട് ഇങ്ങനെ പേരുമാറുന്നത്? എന്തു തെറ്റാണ് ഞാൻ എല്ലാവരോടും ചെയ്യുന്നത്.?അത്ര വലിയ കാര്യമൊന്നുമായിരിക്കില്ല. നമ്മുടെ ഇടപെടലുകളിലെ പാളിച്ച മൂലവുമാകാം അത്. അത്തരം പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കാം. അടുപ്പമുള്ളവരോട് എന്താണു തന്‌റെ സ്വഭാവത്തിലെ പ്രശ്‌നമെന്നു ചോദിച്ച് മനസ്സിലാക്കാം. സമയമെടുത്ത് അതു പരിഹരിക്കുകയുമാകാം. അതിനുള്ള മനസ്സുണ്ടായാൽ മതി.കൂടുതൽ ഊഷ്മളമായ ബന്ധങ്ങൾ ഇതുവഴി ഉരുത്തിരിയും.
ചിലപ്പോഴൊക്കെ ചില ആളുകൾ നമ്മെ അവഗണിക്കാറുണ്ട്. അങ്ങേയറ്റം നന്നായി അവരോട് പെരുമാറിയാൽ പോലും അവഗണന. ഫോൺ വിളിച്ചാൽ എടുക്കാൻ മടി, ഒരു സന്ദേശമയച്ചാൽ തിരിച്ചു റിപ്ലേ ചെയ്യാൻ മടി. ഇങ്ങനെയുള്ള ആളുകൾക്ക് നമുക്കായി സമയം ചെലവിടാൻ ഇല്ലെന്നറിയുക. അവരുമായി വീണ്ടും സമ്പർക്കത്തിലേർപ്പെടാൻ മുൻകയ്യെടുക്കേണ്ട കാര്യമില്ല. പ്രശംസകളും അംഗീകാരങ്ങളും പോലെ തന്നെ അവഗണനകളും ജീവിതത്തിന്റെ ഭാഗമാണെന്നു മനസ്സിലാക്കാം. പൂർണവൈരാഗ്യം നേടിയ യോഗിമാർക്കും ഋഷിമാർക്കും അംഗീകാരവും അവഗണനയും ഒരുപോലെയാണ്. പൂക്കളും മുള്ളുകളും തമ്മിൽ സന്ന്യാസിക്കെന്തു ഭേദം എന്നാണവർ ചോദിക്കുക. സാധാരണജനങ്ങൾക്ക് ഋഷിമാരുടെ മനോനില കിട്ടണമെന്നില്ല. എങ്കിലും ഇതെല്ലാം ജീവിതമെന്ന വലിയ കഥയുടെ ഭാഗഭാക്കാണെന്ന് ചിന്തിച്ച് നമുക്ക് മുന്നേറാം.