നദികളെ വിഴുങ്ങിയ വൃത്രാസുരൻ; രക്ഷകനായെത്തിയ ദേവേന്ദ്രൻ
Mail This Article
ഇന്ദ്രൻ...അഥവാ ദേവേന്ദ്രൻ ഇന്ത്യൻ ഇതിഹാസങ്ങളിലും വേദങ്ങളിലുമൊക്കെ എപ്പോഴും പരാമർശിക്കപ്പെടുന്ന ദേവനാണ് ഇന്ദ്രൻ. ദേവൻമാരുടെ രാജാവ് എന്ന നിലയിൽ ദേവേന്ദ്രൻ എന്ന പേരിലും ഇന്ദ്രൻ അറിയപ്പെടുന്നു. വേദകാലഘട്ടത്തിൽ വലിയ പ്രാധാന്യമാണ് ഇന്ദ്രന് ലഭിച്ചിരുന്നത്. ദേവന്ദ്രനെന്ന് കേൾക്കുമ്പോൾ എല്ലാവർക്കും മനസ്സിൽ തെളിയുന്നത് അദ്ദേഹത്തിന്റെ സവിശേഷമായ വജ്രായുധവും വാഹനമായ ഐരാവതം എന്ന ആനയുമാണ്. ഇന്ദ്രന് വജ്രായുധം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. മറ്റെങ്ങുമല്ല, അതിപ്രാചീന ഗ്രന്ഥമായ ഋഗ്വേദത്തിലാണ് ഈ കഥയുള്ളത്. ആ കഥയൊന്നു കേൾക്കാം.
അസുരൻമാരിൽ വലിയ ശക്തനായവനും വരൾച്ചയ്ക്ക് കാരണക്കാരനുമായിരുന്നു വൃത്രാസുരൻ, മനുഷ്യനും പാമ്പും ചേർന്ന രൂപമായിരുന്നു വൃത്രാസുരനുള്ളത്. വൃത്ര എന്ന വാക്കിന് തടയുന്നത് എന്നും അർഥമുണ്ട്. വൃത്രാസുരൻ അന്നത്തെ നദികളെയെല്ലാം തടഞ്ഞുവച്ച് ലോകത്ത് വരൾച്ച വരുത്തിവച്ചെന്ന് ഋഗ്വേദം പറയുന്നു. ഋഗ്വേദത്തിലെ നാലു മുതൽ ആറു വരെയുള്ള മണ്ഡലങ്ങളിലാണ് ഈ കഥ വരുന്നത്. വൃത്രാസുരന്റെ പ്രവർത്തി മൂലം ജങ്ങൾ കഷ്ടത്തിലായി. അന്തരീക്ഷത്തിലെ എല്ലാ ജലവും വൃത്രാസുരൻ വലിച്ചെടുത്തത്രേ. അതോടെ കടുത്ത വരൾച്ച ലോകത്തു നടമാടി. ദേവൻമാരിൽ ഭൂരിഭാഗത്തിനും വൃത്രാസുരനെ നേരിടാൻ സാധിക്കില്ലായിരുന്നു. അത്ര കരുത്തുറ്റ അസുരനായിരുന്നു വൃത്ര.
വേദത്തിൽ പറയുന്നത് പ്രകാരം ഇന്ദ്രൻ ജന്മമെടുക്കുന്നത് വൃത്രാസുരന്റെ ഈ ആക്രമണത്തിനു ശേഷമാണ്. ത്വഷ്ട്രിയെന്ന ദേവലോകശിൽപി വജ്രായുധമെന്ന മിന്നൽ ആയുധം ഇന്ദ്രനു വേണ്ടി നിർമിക്കുന്നു. ഇതിനു ശേഷം ഇന്ദ്രനും വൃത്രാസുരനുമായി വലിയ യുദ്ധം തുടങ്ങുകയാണ്. യുദ്ധത്തിൽ വൃത്രാസുരന്റെ ആക്രമണത്തിൽ ഇന്ദ്രന് ആദ്യം പരുക്ക് പറ്റുന്നുണ്ടെങ്കിലും തിരിച്ചുള്ള ആക്രമണത്തിൽ അസുരൻ തളർന്നുവീണു മരിക്കും. വൃത്രാസുരന്റെ 99 കോട്ടകൾ ഇന്ദ്രൻ തകർക്കുമത്രേ. അതിനു ശേഷം ഈ അസുരൻ തടഞ്ഞുവച്ച നദികളെയെല്ലാം ഇന്ദ്രൻ മോചിപ്പിക്കുന്നതോടെ ലോകത്ത് വരൾച്ചയ്ക്ക് അവസാനമാകും. വൃതനെ നിഗ്രഹിച്ച ഇന്ദ്രൻ വൃതാഹൻ എന്ന പിൽക്കാലത്തെ ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഈ വേദകഥ വ്യത്യാസങ്ങളോടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മഹാഭാരതത്തിൽ കുറച്ചുകൂടി പരിഷ്‌കാരങ്ങളുടെ ഈ കഥ അവതരിപ്പിച്ചിരിക്കുന്നു.
ഇതു പ്രകാരം വൃത്രാസുരനുമായി ആദ്യം യുദ്ധത്തിൽ ഏർപ്പെടുന്ന ഇന്ദ്രനെ വൃത്രൻ കീഴ്‌പ്പെടുത്തും. എന്നിട്ട് വിഴുങ്ങുകയും ചെയ്യും. എന്നാൽ ഇന്ദ്രൻ പിന്നീട് രക്ഷപ്പെടും. ലോഹം, കല്ല്, മരം എന്നിവയൊന്നും കൊണ്ടുണ്ടാക്കുന്ന ആയുധങ്ങൾകൊണ്ട് വൃത്രനെ കൊലപ്പെടുത്തില്ലെന്നും പകലും രാത്രിയും കൊലപ്പെടുത്തില്ലെന്നും ഇന്ദ്രൻ ഉറപ്പും കൊടുക്കുന്നുണ്ട്. ഇതു പാലിക്കേണ്ടതിനാൽ സന്ധ്യാനേരത്ത് സമുദ്രത്തിലെ പത ഉപയോഗിച്ചാണ് ഇന്ദ്രൻ വൃത്രനെ കൊല്ലുന്നത്. സന്ധ്യാനേരത്തായിരുന്നു ഇത്.ശ്രീമദ് ഭാഗവതത്തിൽ വൃത്രനെ കൊല്ലാൻ വേണ്ടിയാണ് വജ്രായുധം നിർമിക്കപ്പെടുന്നതെന്നു പറയുന്നു.
ദധീചി മഹർഷിയുടെ അസ്ഥികൾ ഉപയോഗിച്ചാണ് ഇതു നിർമിക്കുന്നത്. അപാര കരുത്തുള്ള ഈ ആയുധം വൃത്രനെ കൊല്ലുന്നു. വൈഷ്ണവ വിശ്വാസപ്രകാരം വിഷ്ണുഭക്തൻ കൂടിയാണ് വൃത്രൻ. മരണത്തിനു ശേഷം വൃത്രൻ വൈകുണ്ഠത്തിലേക്കു പോകും. വൃത്രനുമായി സാമ്യമുള്ള സങ്കൽപങ്ങൾ പ്രാചീനമായ പല ഐതിഹ്യങ്ങളിലുമുണ്ട്. നോഴ്‌സ് ഐതിഹ്യത്തിലെ ജോർമുൻഗാൻഡിർ, ഗ്രീക്ക് ഇതിഹാസങ്ങളിലെ ടൈഫോൺ എന്നിവയൊക്കെ ഇക്കൂട്ടത്തിൽപെട്ടതാണ്.