ADVERTISEMENT

ഇന്ത്യൻ ഇതിഹാസങ്ങളിലെ ഏറ്റവും കുപ്രസിദ്ധനും ശക്തനുമായ വില്ലൻ ആരെന്നു ചോദിച്ചാൽ രണ്ടാമതൊന്നാലോചിക്കാതെ ഉത്തരം പറയാം...അത് രാവണനാണ്-ലങ്കയുടെ അധിപനായ രാവണൻ. വളരെ നീണ്ട ഒരു കുടുംബപാരമ്പര്യം അദ്ദേഹത്തിനുണ്ട്. രാവണന്റെ പിതാവായ വിശ്രവസ് ഐതിഹ്യങ്ങളിലെ പ്രസിദ്ധനായ ഒരു മഹർഷിയായിരുന്നു. അദ്ദേഹത്തിന്റെ കഥയാകട്ടെ ഇത്തവണത്തെ കഥയ മമയിൽ. ഇന്ത്യൻ ഐതിഹ്യങ്ങളിലെ അതിപ്രശസ്തനും സപ്തർഷികളിൽ ഒരാളുമായ പുലസ്ത്യ മഹർഷിയുടെ മകനാണ് വിശ്രവസ്. അഗസ്ത്യ മഹർഷിയാണ് അദ്ദേഹത്തിന്റെ സഹോദരൻ. 

ത്രിനബിന്ദു മഹർഷിയുടെ മകളായ മാനിനിയായിരുന്നു വിശ്രവസിന്റെ അമ്മ. കുട്ടിക്കാലത്തു തന്നെ ആത്മീയാന്വേഷണങ്ങളിൽ മുഴുകിയായിരുന്നു വിശ്രവസിന്റെ ജീവിതം. വിശ്രവസിന്റെ ജ്ഞാനത്തിനും തപസ്യയിലും ആകൃഷ്ടനായ ഭരദ്വാജമുനി തന്റെ മകളായ ഇളവിദയെ അദ്ദേഹത്തിനു വിവാഹം ചെയ്തു കൊടുത്തു. വിശ്രവസിന്റെയും ഇളവിദയുടെയും മകനായിരുന്നു കുബേരൻ. കുബേരൻ പിന്നീട് ബ്രഹ്‌മാവിന്റെ അനുഗ്രഹത്താൽ ലങ്കയുടെ ഭരണാധികാരിയായി.

vishrava-father-of-ravana5
Image Credit: This image was generated using Midjourney

രാക്ഷസ കുലത്തിൽ പെട്ട സുമാലിയുടെ മകളായിരുന്നു കൈകസി. വിശ്രവസിനെക്കൊണ്ട് കൈകസിയെ വിവാഹം കഴിപ്പിക്കണമെന്നത് സുമാലിയുടെ ആഗ്രഹമായിരുന്നു. ഒരിക്കൽ വിശ്രവസ് തപസ്സ് ചെയ്യുന്ന നേരത്ത് കൈകസി അദ്ദേഹത്തിനരികിലെത്തുകയും പിതാവിന്റെ ആഗ്രഹം അറിയിക്കുകയും ചെയ്തു. എന്നാൽ തങ്ങൾക്കുണ്ടാകുന്ന കുട്ടികൾ ദുഷ് ചെയ്തികൾ ചെയ്യുന്നവരായി മാറാനിടയുണ്ടെന്ന് വിശ്രവസ് ആ യുവതിയോടു പറഞ്ഞു. എന്നാൽ വീണ്ടും കൈകസി അപേക്ഷിച്ചതോടെ അവരെ വിവാഹം ചെയ്യാൻ വിശ്രവസ് തയാറായി. തങ്ങൾക്കുണ്ടാകുന്ന അവസാന സന്തതി ശാന്തിയും സമാധാനവുമുൾപ്പെടെ മൂല്യങ്ങളുള്ളയാളായിരിക്കുമെനന്ും വിശ്രവസ് കൈകസിയെ അനുഗ്രഹിച്ചു.

vishrava-father-of-ravana2
Image Credit: This image was generated using Midjourney

വിശ്രവസിന്റെയും കൈകസിയുടെയും വിവാഹം കഴിഞ്ഞു. അവരുടെ ആദ്യപുത്രനായി രാവണൻ ജനിച്ചു. രണ്ടാമനായി കുംഭകർണനും മൂന്നാമതായി ശൂർപണഖയും അവസാനസന്തതിയായി വിഭീഷണനുമുണ്ടായി. രാവണനെ വേദങ്ങളുൾപ്പെടെ പഠിപ്പിച്ചത് വിശ്രവസായിരുന്നു. പിൽക്കാലത്ത് രാവണൻ ലങ്കയിൽ കണ്ണുവച്ചപ്പോൾ, യുദ്ധം ഒഴിവാക്കാനും ലങ്ക രാവണനു നൽകാനും കുബേരനെ ഉപദേശിച്ചത് വിശ്രവസായിരുന്നു.ഇളവിദയും കൈകസിയും കൂടാതെ റാക, പുഷ്‌പോദക എന്നീ പത്‌നിമാരും വിശ്രവസിനുണ്ടായിരുന്നു. ത്രിശിരസ്സ്, മഹോദരൻ, ഖരൻ, കുംഭീനശി തുടങ്ങിയവർ ഈ ബന്ധങ്ങളിൽ അദ്ദേഹത്തിനുണ്ടായ പ്രശസ്തരായ മക്കളാണ്.

vishrava-father-of-ravana3
Image Credit: This image was generated using Midjourney
English Summary:

Vishravas: The Sage Who Fathered Ravana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com