മനുഷ്യരൂപത്തിൽ ഉജ്ജയിനിയിലെത്തിയ ചന്ദ്രൻ! കാദംബരി എന്ന അനശ്വര പ്രണയകഥ
Mail This Article
ആധുനികസാഹിത്യത്തിന്റെ ഏറ്റവും പുരോഗമന രൂപങ്ങളിലൊന്നാണ് നോവൽ. ലോകത്തെ ആദ്യ നോവൽ ഏതെന്നതു സംബന്ധിച്ച് പല തർക്കങ്ങളും അഭിപ്രായങ്ങളുമൊക്കെയുണ്ട്. ചിലപ്പോഴൊക്കെ അതു കാദംബരിയാണെന്നും പറയപ്പെടുന്നു. ഏഴാം നൂറ്റാണ്ടിൽ ബാണഭട്ടനെഴുതി മകൻ ഭൂഷണഭട്ടൻ പൂർത്തീകരിച്ച പ്രണയനോവലാണു കാദംബരി. ഇന്ത്യയുടെ പൗരാണിക സാഹിത്യത്തിൽ ശ്രദ്ധേയസ്ഥാനമുള്ള കൃതി. ആ കഥയൊന്നു കേട്ടാലോ.
മനോഹരമായ അക്ഷോധ തടാകത്തിന്റെ കരയിലുള്ള ഒരു ക്ഷേത്രത്തിലെത്തിയതാണ് പുണ്ഡരീകനെന്ന സന്യാസിയും കൂട്ടുകാരൻ കപിഞ്ജലനും. അവിടെ ഗന്ധർവ രാജകുമാരി കാദംബരിയും കൂട്ടുകാരി മഹാശ്വേതയും തൊഴാനെത്തും. ആദ്യകാഴ്ചയിൽ തന്നെ മഹാശ്വേതയും പുണ്ഡരീകനും തമ്മിൽ പ്രണയിച്ചുപോയി. എന്നാൽ പെട്ടെന്നാണു താനൊരു സന്യാസിയാണെന്ന കാര്യം പുണ്ഡരീകൻ ഓർക്കുന്നത്. ആ പ്രണയം അവിടെ അവസാനിച്ചെന്നു കരുതി എല്ലാവരും മടങ്ങി.എന്നാൽ പ്രണത്താൽ പീഡിതനായ പുണ്ഡരീകൻ ആകെ തളരുന്നു. ഇതുകണ്ട് കപിഞ്ജലൻ മഹാശ്വേതയെ വിവരമറിയിച്ചു. മഹാശ്വേത പുണ്ഡരീകനെ തേടി പുറപ്പെട്ടു. നിലാവുള്ള ഒരു രാത്രിയായിരുന്നു അത്.
പുണ്ഡരീകൻ ചന്ദ്രനെ നോക്കിയിരുന്നു. മാനത്തെ അമ്പിളിക്കിണ്ണം തന്റെ നിലകണ്ട് പരിഹസിക്കുകയാണെന്ന് അദ്ദേഹത്തിനു തോന്നി. ഭൂമിയിൽ മനുഷ്യനായി പിറവിയെടുക്കാനും പ്രണയനഷ്ടം അനുഭവിക്കാനും ഇടവരട്ടെയെന്ന് പുണ്ഡരീകൻ ചന്ദ്രനെ ശപിച്ചു. ചന്ദ്രന് ഇതുകേട്ടു ദേഷ്യം വന്നു. പുണ്ഡരീകനു നേർക്കും ശാപമുണ്ടായി. ആ ശാപമേറ്റ് അദ്ദേഹം മരിച്ചു.ചന്ദ്രൻ ഇതിൽ വിഷമത്തിലായി. ആ നേരത്താണ് മഹാശ്വേത അവിടെ എത്തിയത്. തന്റെ പ്രിയപ്പെട്ടവൻ മരിച്ചുകിടക്കുന്നത് കണ്ട് സ്വയം മരിക്കാനൊരുങ്ങിയ അവളെ ചന്ദ്രൻ തടഞ്ഞു. പുണ്ഡരീകനുമായി ഒരുമിച്ചു ജീവിക്കാൻ ഭാഗ്യമുണ്ടാകുമെന്ന് ചന്ദ്രൻ ആ പെൺകുട്ടിക്ക് ഉറപ്പുനൽകി.
കാലങ്ങൾ കടന്നു. മഹാശ്വേത അക്ഷോധതടാകത്തിനു കരയിൽ ഒരു സന്യാസിനിയായി ജീവിച്ചു. അവളുടെ പ്രിയസഖി കാദംബരിയും ഒരു പ്രതിജ്ഞയെടുത്തു. തന്റെ കൂട്ടുകാരി അവളുടെ പ്രിയതമനുമായി ഒരുമിക്കുന്നതുവരെ തനിക്കും കല്യാണം വേണ്ട. ഈ സമയം പുനർജന്മങ്ങളുടെ ഒരു പരമ്പര നടന്നു. ചന്ദ്രൻ താരപീഡ രാജാവിന്റെ മകനായ ചന്ദ്രപീഡനായി ജനിച്ചു. താരപീഡന്റെ മന്ത്രിയുടെ പുത്രനായി പുണ്ഡരീകൻ ജനിച്ചു.,വൈശമ്പായനൻ എന്ന പേരിൽ. ചന്ദ്രപീഡവും വൈശമ്പായനും ഒരുമിച്ച് കളിച്ച് വളർന്നുവന്നു. ഇരുവരും അടുത്ത കൂട്ടുകാരായിരുന്നു. കുറെക്കാലം കഴിഞ്ഞ് ചന്ദ്രപീഡൻ പത്രലേഖയെ വിവാഹം കഴിച്ചു.ചന്ദ്രന്റെ ഭാര്യയായ രോഹിണീദേവിയുടെ പുനർജന്മമായിരുന്നു പത്രലേഖ. ചന്ദ്രപീഡനൊരു കുതിരയുണ്ടായിരുന്നു. എന്നാൽ അതു യാഥാർഥ്യത്തിൽ കഴിഞ്ഞജന്മത്തിൽ പുണ്ഡരീകന്റെ കൂട്ടുകാരനായ കപിഞ്ജലനായിരുന്നു. ഒരു മഹർഷിയുടെ ശാപത്തിൽ അവനും പുനർജന്മമെടുത്തതാണ്.
ഇതിനിടെ വൈശമ്പായനന്റെയും പത്രലേഖയുടെയും അകമ്പടിയോടെ ചന്ദ്രപീഡൻ വിവിധദേശങ്ങളിലേക്കു പടനയിച്ചു. ഒരിക്കൽ ആ സംഘം മഹാശ്വേത കാത്തിരിക്കുന്ന തടാകക്കരയിലെത്തി. ചന്ദ്രപീഡൻ അവളെ കണ്ടു. കാദംബരിയുടെ കാര്യമായിരുന്നു മഹാശ്വേതയ്ക്കു പറയാനുണ്ടായിരുന്നത്. അവൾ ഇന്നും അവിവാഹിതയാണ്. അവൾക്കൊരു ജീവിതം വേണം. അതു കിട്ടുമെന്ന പ്രതീക്ഷയിൽ മഹാശ്വേത ചന്ദ്രപീഡനെ കാദംബരിയുടെ നാടായ ഹേമകൂടത്തിലേക്ക് എത്തിച്ചു.
ആദ്യകാഴ്ചയിൽ തന്നെ ചന്ദ്രപീഡനും കാദംബരിയും അനുരാഗത്തിലായി. എന്നാൽ തന്റെ പ്രതിജ്ഞ തെറ്റിക്കയില്ലെന്നു കാദംബരിക്കു വാശിയായിരുന്നു. കടുത്ത വേദനയോടെയെങ്കിലും ഇരുവരും പിരിഞ്ഞു. കാദംബരിയെ ദുഖം അലട്ടി. ഇതു സഹിക്കാനാകാതെ മഹാശ്വേത ചന്ദ്രപീഡനെ വിവരമറിയിച്ചു. അദ്ദേഹം പത്രലേഖയ്ക്കൊപ്പം ഹേമകൂടത്തിലെത്തി. അപ്പോൾ സ്വരാജ്യത്തേക്കു മടങ്ങേണ്ട ഏതോ ആവശ്യം അദ്ദേഹത്തിനു വന്നു. പത്രലേഖയെ കാദംബരിക്കു കൂട്ട് നിർത്തിയിട്ട് ചന്ദ്രപീഡൻ അങ്ങോട്ടു പോയി.
ഇതിനിടെ വൈശമ്പായനൻ അക്ഷോധ തടാകക്കരയിലെത്തി മഹാശ്വേതയോട് തന്റെ പ്രണയം അറിയിച്ചു. ഒരു സന്യാസിനിയായിരുന്ന അവർ വൈശമ്പായനനെ ശപിച്ചു. പുണ്ഡരീകന്റെ പുനർജന്മമാണു വൈശമ്പായനൻ എന്നറിയാതെയായിരുന്നു അത്. മഹാശ്വേതയുടെ ശാപത്തിൽ വൈശമ്പായനൻ ഒരു തത്തയായി ജനിച്ചു. ഇതറിഞ്ഞ് ചന്ദ്രപീഡനും അക്ഷോധ തടാകക്കരയിൽ കുഴഞ്ഞുവീണു മരിച്ചു. കാദംബരിയും പത്രലേഖയും ഇതിനിടെ അവിടെയെത്തി. സംഭവങ്ങളറിഞ്ഞ് രണ്ടു യുവതികളുടെയും ഹൃദയം തകർന്നു.
ചന്ദ്രപീഡനു പിന്നാലെ മരിക്കാൻ കാദംബരി തയാറായി. എന്നാൽ അപ്പോൾ ഒരശരീരി കേട്ടു. ചന്ദ്രപീഡന്റെ ശരീരം കാത്തുസൂക്ഷിക്കാനായിരുന്നു ആ നിർദേശം. തന്റെ ഭർത്താവിന്റെ മരണം സഹിക്കാനാകാതെ പത്രലേഖ കുതിരപ്പുറത്തേറി തടാകത്തിനുള്ളിലേക്കു കുതിച്ചു. തടാകത്തിലെ വെള്ളം തൊട്ടതോടെ കുതിരയ്ക്കു ശാപമോക്ഷം കിട്ടി. കപിഞ്ജലൻ ആ സ്ഥാനത്തു പ്രത്യക്ഷപ്പെട്ടു. വൈശമ്പായനൻ പുണ്ഡരീകനായിരുന്നെന്ന് മഹാശ്വേതയോട് കപിഞ്ജലൻ അറിയിച്ചു.ചന്ദ്രപീഡൻ ചന്ദ്രനായിരുന്നെന്നും അവൻ വെളിപ്പെടുത്തി.
ചേതനയറ്റ് ചന്ദ്രപീഡന്റെ ശരീരത്തെ പരിചരിച്ച് കാദംബരി തടാകക്കരയിൽ ഇരുന്നു. ഒടുവിൽ കാദംബരിയുടെ സ്നേഹത്തിന്റെ ശക്തിയിൽ ചന്ദ്രപീഡന് ജീവൻ തിരികെക്കിട്ടി. ഇരു പ്രണയികളും ഒരുമിക്കുകയായിരുന്നു അവിടെ. അതോടൊപ്പം തത്തയായി ജീവിച്ച പുണ്ഡരീകനും യഥാർഥരൂപം ലഭിച്ചു. അവനും മഹാശ്വേതയും ഒരുമിച്ചു. പത്രലേഖയെക്കുറിച്ച് ആരാഞ്ഞ കാദംബരിയോട് അവർ രോഹിണീദേവിയായിരുന്നെന്നും തന്റെ ശാപകാലം വരെ പരിചരിക്കാൻ ഇവിടെ എത്തിയതായിരുന്നെന്നും ചന്ദ്രപീഡൻ അറിയിച്ചു. പിൽക്കാലത്ത് ഉജ്ജയിനിയിലും ഹേമകൂടത്തിലുമായി ചന്ദ്രപീഡനും കാദംബരിയും സന്തോഷമോടെ ജീവിച്ചു, ഒരുപാടുകാലം.