പ്രേതബാധ ഒഴിപ്പിക്കാൻ പോയ ചന്ദ്രലേഖ; എട്ടുപെട്ടികളിൽ കൊള്ളമുതൽ ഒളിപ്പിച്ച കള്ളൻമാർ
Mail This Article
പണ്ട് പാണ്ഡ്യരാജ്യത്തെ ഒരു ദേശത്ത് മുത്തുമോഹനയെന്ന ഒരു നർത്തകിയുണ്ടായിരുന്നു. അവരുടെ മകളായിരുന്നു ചന്ദ്രലേഖ. കുലത്തൊഴിലായി നൃത്തം ചെയ്തുപോന്ന മുത്തുമോഹനയ്ക്ക് ചന്ദ്രലേഖ വിദ്യാഭ്യാസം ചെയ്യണമെന്നും നല്ലൊരു പയ്യനെ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കണമെന്നും വലിയ ആഗ്രഹമായിരുന്നു. നാട്ടിലെ ഏറ്റവും വലിയ ഗുരുവിന്റെ അടുക്കലായിരുന്നു ചന്ദ്രലേഖയുടെ വിദ്യാഭ്യാസം.അതേ ഗുരുവാണ് രാജകുമാരനെയും പഠിപ്പിച്ചിരുന്നത്.
ചന്ദ്രലേഖ വിദ്യാഭ്യാസം പൂർത്തീകരിച്ചു. ഗുരുവിന് വിധിപ്രകാരം ദക്ഷിണ കൊടുക്കാനായി പണവും മറ്റ് ഉപഹാരങ്ങളുമായി ചന്ദ്രലേഖ ഗുരുവിനടുക്കലെത്തി. എന്നാൽ തനിക്ക് ദക്ഷിണയായി പണമല്ല വേണ്ടതെന്നും, ചന്ദ്രലേഖ തന്നെ വിവാഹം കഴിക്കണമെന്നും ഗുരു ആവശ്യപ്പെട്ടു. ഈ ആവശ്യം നിരാകരിച്ച ചന്ദ്രലേഖ വീട്ടിലേക്കു മടങ്ങി. മകളുടെ തീരുമാനത്തെ അമ്മ മുത്തുമോഹന പിന്താങ്ങി. എന്നാൽ ഗുരു വെറുതെയിരുന്നില്ല. ചന്ദ്രലേഖയുടെ ദേഹത്ത് പ്രേതം കൂടിയിട്ടുണ്ടെന്ന് അയാൾ പറഞ്ഞുപരത്തി. ഇതു കാരണം വിവാഹാലോചനകളൊന്നും അവളെ തേടി വന്നില്ല. മുത്തുമോഹന വിഷമിതയായി. ആയിടയ്ക്ക് ഒരു സന്ന്യാസി അവരുടെ വീട്ടിലെത്തി. പ്രേതം കൂടിയിട്ടുണ്ടെന്ന് നാട്ടുകാർ വിശ്വസിക്കുന്നതിനാൽ വെളുത്തവാവിന് അർധരാത്രി ഒരു പൂജ നടത്തി ഈ ധാരണ മാറ്റുന്നതാണു നല്ലതെന്ന് ആ സന്യാസി പറഞ്ഞു. അങ്ങനെ ചന്ദ്രലേഖ പൂജ നടത്താനായി അർധരാത്രി ഒരു ചുടുകാട്ടിലേക്കു പോയി.
ആ കാട്ടിൽ വേറെയും ചിലരുണ്ടായിരുന്നു. പാണ്ഡ്യദേശത്ത് കൊള്ളയും കളവും നടത്തി വന്ന 8 പെരുങ്കള്ളൻമാർ. ചന്ദ്രലേഖ എത്തിയ സമയത്ത് അവർ തങ്ങളുടെ കളവ് കഴിഞ്ഞു വന്ന് കൊള്ളമുതൽ ഒളിപ്പിക്കുന്ന തിരക്കിലായിരുന്നു. അതു കഴിഞ്ഞ് അടുത്തകളവിന് അവർ വട്ടം കൂട്ടി.
ഈ സമയം കള്ളൻമാരെ കണ്ട് ചന്ദ്രലേഖ ഒന്നമ്പരന്നു. പേടിച്ചുപോയ അവൾ ഒരു കുഴിയിൽ ഒളിച്ചു. ഈ നീക്കത്തിനിടയിൽ അവളുടെ പാദപതന ശബ്ദം ഉയർന്നു. എങ്കിലും പെട്ടെന്നു തന്നെ അവൾ കുഴിയിൽ ഒളിച്ചു. കള്ളൻമാർ അവിടെയിവിടെയെല്ലാം തിരഞ്ഞിട്ടും ആരെയും കണ്ടില്ല. എന്നാൽ അവരൊരു കാര്യം ചെയ്തു. കണക്കോൽ എന്ന തങ്ങളുടെ ആയുധം അവരിലൊരാൾ എറിഞ്ഞു. മാന്ത്രികശക്തിയുള്ള ആയുധമാണു കണക്കോൽ. ഇതിന് ഏതു കോട്ടയും തുരന്നുകയറാൻ പറ്റും. അതേപോലെ ഇതൊരാളെ ലക്ഷ്യം വച്ച് വലിച്ചെറിഞ്ഞാൽ പിന്നെ ഇരയെ ലക്ഷ്യം വച്ചു ചെന്നു കുത്തിക്കൊലപ്പെടുത്തും.
ചന്ദ്രലേഖയിരുന്ന കുഴിയിലേക്കും കണക്കോൽ എത്തി. അവളുടെ ദേഹത്തേക്ക് അതു തറഞ്ഞുകയറാൻ തുടങ്ങി. എന്നാൽ ചന്ദ്രലേഖ ബുദ്ധിപൂർവം അതിനെ തട്ടി താഴെയിട്ടിട്ട് അതിനു മുകളിൽ കയറി നിന്നു. കള്ളൻമാർ പോയശേഷം ചന്ദ്രലേഖ അവർ കൊള്ളമുതലൊളിപ്പിച്ച സ്ഥലത്തു ചെന്നു നോക്കി. 8 പെട്ടികളിലാക്കിയാണു മോഷണമുതൽ ഒളിപ്പിച്ചിരുന്നത്. അതവൾ വീട്ടിലേക്കു കൊണ്ടുപോയി. അമ്മയോട് കാര്യങ്ങൾ പറഞ്ഞു. അവർ പെട്ടികളിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മാറ്റി ഒളിപ്പിച്ച ശേഷം അതിലേക്ക് ഇരുമ്പും തുരുമ്പും കല്ലും കട്ടയുമൊക്കെ നിറച്ചു.
തങ്ങളെറിഞ്ഞ കണക്കോൽ തങ്ങളുടെ മുതൽ അപഹരിച്ചയാളെ മുറിപ്പെടുത്തിക്കാണുമെന്ന് കള്ളൻമാർക്ക് ഉറപ്പായിരുന്നു. അവർ 8 പേരും മുറിവൈദ്യൻമാരുടെ വേഷത്തിൽ പാണ്ഡ്യനാടെങ്ങും അലഞ്ഞു. മുറിവു കരിക്കാനുള്ള എണ്ണയുണ്ടേ.എന്നു വിളിച്ചുകൊണ്ടായിരുന്നു അവരുടെ ഈ സഞ്ചാരം. അതിലൊരാളെ ചന്ദ്രലേഖയുടെ സേവികയായ പെൺകുട്ടി വിളിച്ചു. കഴിഞ്ഞദിവസം ചന്ദ്രലേഖയെ കുളിക്കാൻ സഹായിക്കുന്നതിനിടെ അവരുടെ പുറത്ത് മുറിപ്പാട് ഈ സേവിക കണ്ടിരുന്നു. കള്ളൻ ഒന്നിരുത്തി മൂളി ഒരു കുപ്പി എണ്ണയും കൊടുത്ത് തിരിച്ചുപോയി. തങ്ങൾ തേടുന്ന ആളെ കിട്ടിയെന്ന് അയാൾ മറ്റുള്ളവരെ അറിയിച്ചു.
അന്നു രാത്രി ചന്ദ്രലേഖ ഉറങ്ങിക്കിടക്കവേ അവളുടെ വീടിന്റെ ഭിത്തിയിൽ ഒരു ദ്വാരമുണ്ടാക്കി കള്ളൻമാർ അകത്തുകടന്നു. ആ മുറിയിലുണ്ടായിരുന്ന 8 പെട്ടികളുമായി അവർ മടങ്ങി. എന്നാൽ കാട്ടിലെത്തി പെട്ടികളഴിച്ച അവർ ഇളിഭ്യരായി. അതിലെല്ലാം കല്ലും കട്ടയും മാത്രം. ചന്ദ്രലേഖ ചെറിയ പുള്ളിയല്ലെന്ന് അവർക്ക് മനസ്സിലായി. പിറ്റേന്നും കള്ളൻമാർ വീടുതേടി വന്നു. ആ വരവ് ചന്ദ്രലേഖ പ്രതീക്ഷിച്ചിരുന്നു. പണ്ട് തനിക്കു ലഭിച്ച കണക്കോൽ ഉരുക്കി അവളൊരു കത്തി തീർത്തു. രാത്രി ഉറക്കം നടിച്ചു കിടക്കുന്നതിനിടയിൽ അവളാ കത്തി കട്ടിലിനരികിൽ വച്ചു.
കള്ളൻമാർ പതിവുപോലെ ദ്വാരത്തിലൂടെ അവളുടെ മുറിയിൽ കയറി. ഉറങ്ങിക്കിടക്കുന്ന ചന്ദ്രലേഖയെ കണ്ട്, ഇവളെ ഉണർത്താതെ കാട്ടിലേക്ക് കൊണ്ടുപോയി അവിടെവച്ചു കൊല്ലാമെന്ന് കള്ളൻമാർ തമ്മിൽ ശട്ടം കെട്ടി. അവർ ചന്ദ്രലേഖയെ കട്ടിലോടെ എടുത്തുകൊണ്ടുപോയി. കാട്ടിലേക്കുള്ള വഴിയരികിൽ ധാരാളം മാവുകൾ നിന്നിരുന്നു. എട്ടുകള്ളൻമാരും കട്ടിൽ തലയ്ക്കുമുകളിൽ വച്ചു പോകുകയാണ്. ചന്ദ്രലേഖ ഒരു സൂത്രം ചെയ്തു. തന്റെ കയ്യിലുള്ള കത്തികൊണ്ട് അവൾ മാവിൻകൊമ്പുകൾ അരിഞ്ഞുകട്ടിലിലേക്ക് ഇട്ടു. ഒടുവിൽ തന്റെ ഭാരത്തിനനുസരിച്ചുള്ള ഭാരം ഈ കൊമ്പുകൾ മൂലമുണ്ടായപ്പോൾ അവൾ കട്ടിലിൽനിന്ന് ഒരു മരക്കൊമ്പിലേക്കു ചാടിപ്പിടിച്ചു. അവൾ രക്ഷപ്പെട്ടെന്നോർത്ത് മരത്തിനു മുകളിൽ കഴിഞ്ഞു. എന്നാൽ പിറ്റേന്ന് രാവിലെ തന്നെ കള്ളൻമാർ തിരച്ചിൽ തുടങ്ങി.
കൊള്ളത്തലവൻ മരത്തിലിരിക്കുന്ന ചന്ദ്രലേഖയെ കണ്ടു. അവളെ പിടിച്ചു താഴെയിറക്കാനായി അയാൾ മുകളിലേക്കു കയറി. തന്റെ കാര്യം കഴിഞ്ഞെന്ന് ചന്ദ്രലേഖയ്ക്ക് തോന്നി. അവൾ മറ്റൊരു അടവ് പ്രയോഗിച്ചു. കൊള്ളത്തലവനോട് അവൾ പ്രണയാഭ്യർഥന നടത്തുകയും വീരനായ താങ്കളെ വിവാഹം കഴിച്ചാൽ കൊള്ളാമെന്ന് പറയുകയും ചെയ്തു.വങ്കനും സ്ത്രീലമ്പടനുമായ കൊള്ളത്തലവൻ ഇതു കേട്ട് കൊതിച്ചുപോയി. അയാൾ അവൾക്കരികിലേക്ക് എത്തി. ഇതേ സമയം കയ്യിൽകരുതിയ കത്തി ചന്ദ്രലേഖ ആഞ്ഞുവീശി. കൊള്ളത്തലവന്റെ കഥയും കഴിഞ്ഞു. മറ്റു കള്ളൻമാരുടെ കണ്ണുവെട്ടിച്ച് ചന്ദ്രലേഖ വീട്ടിലെത്തി.
കള്ളൻമാർ പ്രതികാരം ചെയ്യാനായി എത്തുമെന്ന് ചന്ദ്രലേഖയ്ക്ക് അറിയാമായിരുന്നു. ഒരു പാത്രത്തിൽ മുളകുപോടിയും മറുകയ്യിൽ കത്തിയുമായി ചന്ദ്രലേഖ വീട്ടിൽ കാത്തിരുന്നു. പുതുതായി ഒരു ദ്വാരം സൃഷ്ടിച്ച് മുറിയിലേക്കു കയറിയ 8 കള്ളൻമാരുടെയും മൂക്ക് അവൾ അറുത്തുകളഞ്ഞു. കണ്ണിൽ മുളകും തൂകി വിട്ടു. എത്ര കാലമായി ചന്ദ്രലേഖ തങ്ങളെ പറ്റിക്കുന്നു. കള്ളൻമാർക്ക് ദേഷ്യം സഹിക്കാൻ വയ്യാതെയായി. അവർ വേഷം മാറി അവളുടെ വീട്ടിലെത്തി. കാട്ടിൽ ജീവിക്കുന്നവരാണു തങ്ങളെന്നും തങ്ങളുടെ ഉത്സവത്തിന് ചന്ദ്രലേഖ കാട്ടിൽ വന്നൊരു നൃത്തം ചെയ്യണമെന്നും അവർ ചന്ദ്രലേഖയോടു പറഞ്ഞു. ഇതു കള്ളൻമാരുടെ അടുത്ത അടവാണെന്ന് ചന്ദ്രലേഖ പറഞ്ഞു. അവൾ നൃത്തത്തിനു സമ്മതിച്ചു. ഇനി തന്നെ ശല്യപ്പെടുത്താൻ ഇവരെ അനുവദിച്ചുകൂടായെന്ന് ചന്ദ്രലേഖ നിശ്ചയിച്ചു.
അവൾ ഗുരുവിന്റെ വിദ്യാലയത്തിൽ തന്റെ സഹപാഠിയായിരുന്ന രാജകുമാരനെ തേടിപ്പോയി. കൊട്ടാരത്തിലെത്തി അവൾ വിവരങ്ങൾ പറഞ്ഞു. ചന്ദ്രലേഖയുടെ കഥ കേട്ട് രാജകുമാരൻ അമ്പരന്നു. ഇത്രയും ധൈര്യവും ബുദ്ധിയുമുള്ള ഒരു പെണ്ണ് തന്റെ റാണിയാകേണ്ടവളാണെന്ന് രാജകുമാരൻ അപ്പോഴേ നിശ്ചയിച്ചു.കള്ളൻമാരുടെ കാര്യം താൻ നോക്കാമെന്ന് അദ്ദേഹം അവളോട് പറഞ്ഞു. പാണ്ഡ്യനാട് മുഴുവൻ പ്രശ്നങ്ങളുണ്ടാക്കിയ ആ കൊള്ളസംഘത്തെ ഒതുക്കേണ്ടത് രാജകുമാരന്റെയും കൂടി ആവശ്യമായിരുന്നു.
കാട്ടിലേക്കു നർത്തകിയായി ചന്ദ്രലേഖ പോയി. അകമ്പടി വാദ്യക്കാരുടെ വേഷത്തിൽ രാജകുമാരനും സൈന്യാധിപനും മറ്റു ചില ഉന്നത പടയാളികളും പോയി. രഹസ്യമായി വലിയൊരു പട പിന്നാലെയുമുണ്ടായിരുന്നു. കാട്ടിൽ ചന്ദ്രലേഖ നൃത്തമാടി. മനോഹരമായ ആ നൃത്തമാസ്വദിച്ച് ചന്ദ്രലേഖയുടെ സൗന്ദര്യത്തിൽ മുഴുകിയിരുന്ന കള്ളൻമാരെ ഇടയ്ക്കെപ്പോഴോ രാജകുമാരനും സേനാംഗങ്ങളും വെട്ടിക്കൊന്നു.
പിന്നീട് ചന്ദ്രലേഖ രാജകുമാന്റെ ഭാര്യയായി, പിൽക്കാലത്ത് ആ രാജ്യത്തിന്റെ റാണിയും. തന്റെ ഭാര്യയെക്കുറിച്ച് മുൻപ് അപവാദം പ്രചരിപ്പിച്ച ഗുരുവിനെ രാജകുമാരൻ നാടുകടത്തുകയും ചെയ്തു.