കല്യാണ ആലോചനയ്ക്ക് സാക്ഷി പറയാനെത്തിയ ശ്രീകൃഷ്ണൻ
Mail This Article
മനോഹരമായ സാംസ്കാരികപ്പെരുമയും ചരിത്രവുമുള്ള ദേശമാണ് ഒഡീഷ. പുരി ജഗന്നാഥൻ വസിക്കുന്നയിടം. ഒഡീഷയിൽ നിലനിന്നിരുന്ന കലിംഗം പ്രാചീന ഇന്ത്യയിലെ കരുത്തുറ്റ രാജ്യങ്ങളിലൊന്നായിരുന്നു. കലിംഗവുമായിട്ടുള്ള യുദ്ധമാണ് അശോക ചക്രവർത്തിയിൽ മാനസാന്തരമുണ്ടാക്കിയതെന്ന ചരിത്രം നമുക്കറിയാം. അനേകം ക്ഷേത്രങ്ങളുണ്ട് ഒഡീഷയിൽ. ജഗന്നാഥ ക്ഷേത്രമാകും ഒഡീഷയെന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുക. മാ താരാ തരിണി ക്ഷേത്രം, ലിംഗരാജ ക്ഷേത്രം, കൊണാർക് സൂര്യക്ഷേത്രം, ബ്രഹ്മേശ്വര ക്ഷേത്രം, ഗുണ്ടിച ക്ഷേത്രം, ഭുവനേശ്വറിലെ രാമക്ഷേത്രം എന്നിവയൊക്കെ ഒഡീഷയിലെ പ്രശസ്തമായ ക്ഷേത്രങ്ങളാണ്. ഒഡീഷയിൽ പുരി–ഭുവനേശ്വർ ദേശീയപാതയിൽ മധ്യകാലഘട്ടത്തിൽ കലിംഗ നിർമാണശൈലിയിൽ നിർമിച്ച ഒരു ക്ഷേത്രമാണു സാക്ഷി ഗോപാൽ ക്ഷേത്രം. വളരെ രസകരമായ ഒരു ഉദ്ഭവ കഥയുണ്ട് ഈ ക്ഷേത്രത്തിന്.
പണ്ടുപണ്ട് പുരിയിൽ ഒരു വയോധികനായ വ്യക്തി ജീവിച്ചിരുന്നു. അദ്ദേഹം ഒരു ഭക്തനായിരുന്നു. പുരിയിലെ ജഗന്നാഥക്ഷേത്രത്തിൽ അദ്ദേഹം പൂജകൾ അർപ്പിക്കാൻ ഇടയ്ക്കിടെ എത്തി. ഒരിക്കൽ ഉത്തരേന്ത്യയിലെ പുണ്യസ്ഥലങ്ങളിലേക്ക് ഒരു യാത്ര പോകാൻ അദ്ദേഹം തീരുമാനമെടുത്തു. കാശിയും ദേവപ്രയാഗുമൊക്കെ സന്ദർശിച്ച ശേഷം അദ്ദേഹം വൃന്ദാവനത്തിലെത്തി. പ്രപഞ്ചപരിപാലകനായ ഭഗവാന്റെ അവതാരപാദങ്ങൾ പതിഞ്ഞ വൃന്ദാവനത്തിൽ. യാത്രികൻ നന്നേ ക്ഷീണിച്ചിരുന്നു. അദ്ദേഹം വൃന്ദാവനത്തിലെ ശ്രീകൃഷ്ണക്ഷേത്രത്തിലെത്തി. അവിടെ ഒരു അനാഥ യുവാവ് ആ വൃദ്ധയാത്രികനെ ശുശ്രൂഷിച്ചു. ആ പരിചരണത്തിൽ ആരോഗ്യം വീണ്ടെടുത്ത വൃദ്ധൻ ചെറുപ്പക്കാരന്റെ മഹാമനസ്കതയിൽ വളരെ സന്തോഷിച്ചു. തന്റെ മകളെ വിവാഹം കഴിപ്പിച്ചുനൽകാമെന്ന് അദ്ദേഹം ആ യുവാവിന് വാക്കുനൽകി.
ദിവസങ്ങൾ കടന്നു. തീർഥയാത്ര കഴിഞ്ഞ് വയോധികൻ പുരിയിൽ മടങ്ങിയെത്തി. അനാഥയുവാവ് തന്നെ ശുശ്രൂഷിച്ച കാര്യവും അദ്ദേഹത്തിനു താൻ നൽകിയ വാക്കുമൊക്കെ അദ്ദേഹം ഭാര്യയോടു പറഞ്ഞു. എന്നാൽ ഭാര്യ പൊട്ടിത്തെറിക്കുകയാണുണ്ടായത്. നിങ്ങൾക്കെന്താ ബുദ്ധിയില്ലേ? ദരിദ്രനും അനാഥനുമായൊരുത്തനു മകളെ വിവാഹം കഴിപ്പിച്ചു കൊടുക്കാൻ തോന്നിയത് വളരെ വിചിത്രമായിരിക്കുന്നു– എന്ന് ഭാര്യ അയാളെ ശകാരിച്ചു. താൻ വാക്കു നൽകിയെന്നും അതിനി മാറ്റില്ലെന്നും വയോധികൻ പറഞ്ഞു. എന്നാൽ ഭാര്യ വിടാനൊരുക്കമായിരുന്നില്ല. അവർ അദ്ദേഹത്തെ നിർത്താതെ വഴക്കുപറഞ്ഞു. ഒടുവിൽ വയോധികൻ തന്റെ തീരുമാനം മാറ്റി.
വൃന്ദാവനത്തിൽ നിന്ന് ആ യുവാവ് ഇത്രദൂരം താണ്ടി പുരിയിലെത്തില്ലെന്ന് വയോധികൻ വിശ്വസിച്ചു. എന്നാൽ ആ ധാരണ തെറ്റായിരുന്നു. യുവാവ് ഒരു ദിവസം എത്തുക തന്നെ ചെയ്തു. വാക്കനുസരിച്ച് മകളെ കല്യാണം കഴിപ്പിച്ചുതരണമെന്ന് യുവാവ് ആവശ്യപ്പെട്ടു.എന്നാൽ താനങ്ങനെയൊരു വാക്കു നൽകിയിട്ടില്ലെന്നായിരുന്നു വയോധികന്റെ മറുപടി. ഇതു യുവാവിനെ ചൊടിപ്പിച്ചു. വാക്കു മാറ്റുന്നത് മാന്യതയല്ലെന്ന് അദ്ദേഹം പറഞ്ഞു. വയോധികന്റെ വീട്ടുകാരും യുവാവും തമ്മിൽ തർക്കമായി. ഒടുവിൽ നാട്ടുകാർ ഇടപെട്ടു. വയോധികൻ വാക്കുനൽകിയതിനു സാക്ഷിയുണ്ടോയെന്ന് അവർ തിരക്കി. ക്ഷേത്രത്തിൽ വച്ചാണു വയോധികൻ വാക്കുനൽകിയതെന്നും സാക്ഷാൽ ശ്രീകൃഷ്ണനാണു തന്റെ സാക്ഷിയെന്നും യുവാവ് പറഞ്ഞു. നാട്ടുകാർ ഇതു കേട്ട് യുവാവിനെ പരിഹസിച്ചു.
അഭിമാനം വ്രണപ്പെട്ട യുവാവ് വൃന്ദാവനത്തിലേക്കു തിരികെപ്പോയി. അവിടെചെന്ന് ക്ഷേത്രത്തിനു മുന്നിൽ കൈകൂപ്പി അദ്ദേഹം പ്രാർഥിച്ചു–‘ഹരേ ഗോപാലാ, എന്നോടൊപ്പം പുരിയിലേക്കു വന്ന് സാക്ഷി പറയണം’. വലിയ ശ്രീകൃഷ്ണഭക്തനായിരുന്നു ആ യുവാവ്. യുവാവിന്റെ ആവശ്യം കേട്ട് കുസൃതിക്കാരനായ ശ്രീകൃഷ്ണൻ ഒരു കുസൃതിച്ചോദ്യം ചോദിച്ചു. അതൊരശരീരിയായി ക്ഷേത്രത്തിൽ മുഴങ്ങി. ‘എന്തൊക്കെയാണ് ഈ പറയുന്നത്, ഏതെങ്കിലും ദൈവം സാക്ഷി പറയാനായി ഇത്രദൂരം വന്ന ഒരു കഥ കേട്ടിട്ടുണ്ടോ?’ എന്നായിരുന്നു ആ ചോദ്യം.‘ഹേയ് ഗോവിന്ദാ, ഈ പ്രപഞ്ചത്തിലെവിടെയുമെത്തുന്ന അങ്ങേയ്ക്ക് എന്നോടൊപ്പം ഇത്രദൂരം വന്നാലെന്താണ്? അങ്ങുവന്നേ പറ്റൂ’ യുവാവ് മറുപടി പറഞ്ഞു. പ്രേമരൂപനായ ശ്രീകൃഷ്ണൻ ഭക്തരുടെ ശാഠ്യത്തിനു മുന്നിൽ എന്നും വഴങ്ങാറുണ്ട്. ഇത്തവണയും വഴങ്ങി.
‘ശരി, ഞാൻ വരാം. നീ മുന്നിൽ നടക്കണം, ഒരു വ്യവസ്ഥയുമുണ്ട്. പുരിയിലെത്തുന്നതു വരെ നീ ഞാൻ പിന്തുടരുന്നുണ്ടോ എന്നറിയാൻ തിരിഞ്ഞുനോക്കരുത്. അങ്ങനെ ചെയ്താൽ യാത്ര അവിടെത്തീരും’ എന്ന് ശ്രീകൃഷ്ണൻ പറഞ്ഞു. അങ്ങനെ യാത്ര തുടങ്ങി. ശ്രീകൃഷ്ണന്റെ കാലിലെ ആഭരണത്തിൽ നിന്നു കിലുങ്ങുന്ന ഒരു ശബ്ദം ഉയരുന്നുണ്ടായിരുന്നു. ഇതുകേട്ട് യുവാവ് ഭഗവാൻ തന്നെ പിന്തുടരുന്നുണ്ടെന്നു നിശ്ചയിച്ചു മുന്നോട്ടുപോയി. എന്നാൽ ഒരു സ്ഥലത്തെത്തിയപ്പോൾ ആ നാദം കേൾക്കാതായി. യുവാവ് കുറച്ചുകൂടി മുന്നോട്ടു നടന്നു. ശബ്ദം കേൾക്കുന്നില്ല. ആകാംക്ഷ അടക്കാനാകാതെ യുവാവ് തിരിഞ്ഞുനോക്കി. അതാ പുഞ്ചിരി തൂകി നിൽക്കുന്നു കണ്ണൻ.
‘എന്റെ യാത്ര ഇവിടെത്തീർന്നു’– ശ്രീകൃഷ്ണൻ പറഞ്ഞു. ശേഷം അദ്ദേഹം ഒരു വിഗ്രഹമായി മാറി. ആശ്ചര്യവും ദുഖവും കുറ്റബോധവും എല്ലാംകൂടി ഒരു വികാരസമുദ്രം യുവാവിൽ സൃഷ്ടിച്ചു. അദ്ദേഹം പുരിയിലേക്ക് ഓടിപ്പോയി നാട്ടുകാരോട് വിവരം പറഞ്ഞു. അവർ യുവാവിനൊപ്പമെത്തി. അദ്ദേഹം പറഞ്ഞ കഥ കേട്ട് അവർ ആശ്ചര്യം പൂണ്ട് നിന്നു. നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ വയോധികൻ താൻ വാക്കുകൊടുത്ത കാര്യം സമ്മതിച്ചു. അദ്ദേഹത്തിന്റെ മകളും യുവാവും തമ്മിലുള്ള വിവാഹം താമസിയാതെ നടന്നു. ശ്രീകൃഷ്ണവിഗ്രഹം സ്ഥിതി ചെയ്ത സ്ഥലത്തു താമസിയാതെ ഒരു ക്ഷേത്രമുയർന്നു. സാക്ഷിഗോപാലക്ഷേത്രം എന്ന പേരും ആ മന്ദിരത്തിനു ലഭിച്ചു.