ഖ്വാജാ ഗരീബ് നവാസ് ഉറൂസ് ആചരിച്ച് സൂഫിലോകം

Mail This Article
ഇന്ത്യ-പാക്കിസ്താൻ-അഫ്ഗാനിസ്താൻ രാജ്യങ്ങളിലൂടെ പ്രമുഖ സൂഫി മാർഗമായ ചിശ്തി പരമ്പരയുടെ പ്രമുഖ കണ്ണിയാണ് ഖ്വാജാ മുഈനുദ്ദീൻ ചിശ്തി. ഗരീബ് നവാസ് (പാവങ്ങളുടെ ആശ്രയം), സുൽത്താനുൽ ഹിന്ദ് (ഇന്ത്യയുടെ സുൽത്താൻ) എന്നീ നാമങ്ങളിലെല്ലാം മഹാനവർകൾ ലോക പ്രശസ്തമാണ്. ലോക പ്രശസ്ത തീർഥാടന കേന്ദ്രമാണ് അജ്‌മേർ. ഖ്വാജാ മുഈനുദ്ദീൻ ചിശ്തിയുടെ അന്ത്യവിശ്രമസ്ഥാനമാണ് അജ്‌മേർ. അദ്ദേഹത്തിന്റെ 813ാം ഉറൂസ് വേളയാണിത്. വിശുദ്ധ ജീവിതത്തിലൂടെ ആത്മീയ ചക്രവാളങ്ങൾ കീഴടക്കിയ ഖ്വാജാ (റ) ലക്ഷങ്ങൾക്കായിരുന്നു ആത്മീയ മാർഗദർശനം നൽകിയത്.
ഇന്ത്യയാകെ വ്യാപിച്ചു കിടക്കുന്ന ചിശ്തിയ മാർഗത്തിലെ ഗുരുക്കൻമാർ ഓരോ കാലത്തെയും ഭരണാധികാരികളെയടക്കം സ്വാധീനിച്ചിട്ടുണ്ട്. ബാബാ ഖുത്വുബുദ്ദീൻ ബക്തിയാർ കഅ്കി, മെഹബൂബെ ഇലാഹി നിസാമുദ്ദീൻ ഔലിയ, അമീർ ഖുസ്രു, ബന്ദേ നവാസ് അങ്ങനെ നീളുന്നു ഇന്ത്യയെ സ്വാധീനിച്ച മഹാന്മാരായ സൂഫിയാക്കൾ. ചിശ്തി മാർഗ്ഗത്തിൽ സംഗീതത്തിന് വലിയ സ്ഥാനമാണുള്ളത്. ലോകമാകെ സംഗീത ആസ്വാദകരിൽ വളരെ സ്വാധീനിച്ച കവ്വാലി(സമാ) ആചരിക്കാത്ത ചിശ്തി ദർഗകളില്ല. അതുപോലെ അന്നമൂട്ടുന്നതും വലിയ കർമമായി ആചരിക്കുന്നു. അജ്മേറിൽ തന്നെ മൂന്നിടത്താണ് വലിയ ചെമ്പുകളിൽ ഭക്ഷണം വിളമ്പുന്നത്. എട്ടു നൂറ്റൂണ്ടുകൾക്കിപ്പുറവും മുടങ്ങാതെ ഇവ നടക്കുന്നു എന്നതിലാണ് അത്ഭുതം.
അറബി വർഷം ഹിജ്‌റ 522ൽ ഇറാനിലെ സജിസ്ഥാനിലാണ് ഖ്വാജാ ജനിച്ചത്. പണ്ഡിതനും ധർമിഷ്ഠനുമായിരുന്ന പിതാവ് സയ്യിദ് ഗിയാസുദ്ദീൻ സൻജരിയുടെ ശിക്ഷണത്തിലാണ് ഖ്വാജാ മുഈനുദ്ദീൻ അവർകളുടെ പ്രാഥമിക പഠനം. പതിനൊന്നാം വയസ്സിൽ പിതാവ് നിര്യാതനായി. ഒരിക്കൽ അദ്ദേഹം തോട്ടം നനച്ചുകൊണ്ടിരിക്കെ, സൂഫിവര്യരായ ശൈഖ് ഇബ്‌റാഹീം ഖൻന്ദൂസി കടന്നുവന്നു. അദ്ദേഹത്തെ സ്വീകരിച്ച ഖ്വാജാ പഴങ്ങളും മറ്റും നൽകി ആദരിച്ചു. ഈ സംഭവം ഖ്വാജായുടെ ഉയർച്ചയുടെ നിമിത്തമായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഖാജായുടെ സ്വഭാവത്തിൽ സന്തുഷ്ടനായ ശൈഖ് തന്റെ ഭാണ്ഡത്തിൽ നിന്ന് ഒരു പഴം നൽകി. ഇത് ഭക്ഷിച്ച ശേഷം ഈ ബാലനിൽ വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങി. ആത്മാവ് പ്രഭാപൂരിതമാകാനും ആത്മീയതയുടെ ഉത്തുംഗതയിലേക്കുള്ള ചുവടുവെക്കാനും ഈ സംഭവം ഒരു നിയോഗവും നിമിത്തവുമായിത്തീർന്നു. ഭൗതിക ആഡംബരങ്ങളോട് വിരക്തി തോന്നിയ ഖ്വാജാ തന്റെ മുഴുവൻ സമ്പത്തും ദാനം ചെയ്തു.
ശേഷം ഇറാഖിൽ ശൈഖ് ഉസ്മാൻ ഹാറൂനി യുടെ ശിഷ്യത്വം തേടി 20 വർഷം കഴിച്ചുകൂട്ടി. ശൈഖ് ഉസ്മാൻ ഹാറൂനിയെ ബൈഅത്ത് ചെയ്ത് സ്ഥാനവസ്ത്രം (ഹിർക) സ്വീകരിച്ച് വിഖ്യാതമായ ചിശ്തി ത്വരീഖത്തിൽ പ്രവേശിച്ചു. ശൈഖ് ഖ്വാജാ പിന്നീട് നൂഹ് നബിയുടെ കപ്പൽ കരക്കടിഞ്ഞ ജൂദി പർവതത്തിലെത്തി. ശൈഖ് മുഹിയുദ്ദീൻ അബ്ദുൽ ഖാദിർ ജീലാനിയുമായി കണ്ടു. ആ പ്രകാശ ഗോപുരത്തിൽ നിന്നും ആത്മജ്ഞാനം സ്വന്തമാക്കികൊണ്ട് ഏഴ് മാസത്തോളം കഴിഞ്ഞു. ശൈഖ് ശിഹാബുദ്ദീൻ സുഹ്‌റവർദി, ശൈഖ് ളിയാഉദ്ദീൻ , ശൈഖ് യൂസുഫുൽ ഹമദാനി തുടങ്ങി ആത്മീയ വിഹായസ്സിലെ പ്രോജ്വല താരങ്ങളായ നിരവധി ആത്മജ്ഞാനികളുമായി ബന്ധപ്പെടുകയും ആശീർവാദങ്ങൾ നേടുകയും ചെയ്തു. ഈ മഹദ് വ്യക്തികളിൽ നിന്ന് പ്രകടമായ തിളക്കം ആർജിച്ചെടുത്ത് തന്റെ ജീവിതത്തിൽ തിളക്കമാർന്ന സേവന പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ ശൈഖ് ഖ്വാജാ മുഈനുദ്ദീൻ അവർകൾക്ക് സാധിച്ചു.
ഒരിക്കൽ വിശുദ്ധ റൗളാ ശരീഫിൽ നബി (സ)യെ സിയാറത്ത് ചെയ്ത് വിശ്രമത്തിനിടെ ഉറങ്ങിപ്പോയ ഖ്വാജാ സ്വപ്നദർശനമുണ്ടായി. നബി (സ) നിർദേശിച്ചു- നിങ്ങൾ ഹിന്ദുസ്ഥാനിലേക്ക് പുറപ്പെടുക, അവിടെയുള്ള അന്ധകാരങ്ങൾ അകറ്റി വിശ്വാസത്തിന്റെ വെളിച്ചം പകരുക. ഈ നിർദേശം ഒരു കർത്തവ്യമായി ചുമലിലേറ്റിയ ശൈഖ് 40 അനുയായികൾക്കൊപ്പം ഹിജ്‌റ 561 മുഹർറം മാസത്തിൽ ഇന്ത്യയിലേക്ക് യാത്ര തിരിച്ച് അജ്മേറിലെത്തുകയായിരുന്നു. തുടർന്ന് ഇന്ത്യയാകെ ചിശ്തിയ സൂഫി മാർഗം പ്രകാശിപ്പിച്ചു.