രസാലുവിന്റെ പകിടകളി

Mail This Article
അഞ്ചുനദികൾ നനയ്ക്കുന്ന ഗോതമ്പുവിളയുന്ന പാടങ്ങൾ നിറഞ്ഞ സംസ്ഥാനം. സുവർണക്ഷേത്രം സ്ഥിതി ചെയ്യുന്ന പഞ്ചാബ് ഇന്ത്യയിലെല്ലാവർക്കും ചിരപരിചിതമായ സംസ്ഥാനമാണ്. ഇന്ത്യയുടെ ചരിത്രാതീതകാലം തൊട്ടു വർത്തമാനകാലം വരെയുള്ള അനേകം സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥലം കൂടിയാണു പഞ്ചാബ്. പഞ്ചാബിൽ നിന്നൊരു നാടോടിക്കഥ കേൾക്കാം. രസാലു രാജാവിന്റേതാണ് ഈ കഥ. പഞ്ചാബിലെ നാടോടിക്കഥകളിലെ ഒരു സ്ഥിരം കഥാപാത്രമാണ് രാജാ രസാലു. മുല്ല നസ്‌റുദീൻ പോലെയൊരു കഥാപാത്രമാണ് രസാലുവും. ഇദ്ദേഹത്തെപ്പറ്റി ധാരാളം കഥകളുണ്ട്. അതിലൊന്നാണ് ഈ കഥ.
രസാലു യുവാവായിരുന്ന കാലം. അദ്ദേഹം നന്നായി പുല്ലാങ്കുഴൽ വായിക്കുമായിരുന്നു. എല്ലാവരും അദ്ദേഹത്തിന്റെ പുല്ലാങ്കുഴൽ വാദനം കേട്ട് ഇതു നന്നായിരിക്കുന്നല്ലോയെന്ന് രസാലുവിനെ അഭിനന്ദിച്ചിട്ടു പോകും. അങ്ങനെ രസകരമായിരുന്ന യൗവനകാലം മുന്നോട്ടുപോയി. രസാലുവിന്റെ ദേശത്തിന്റെ അയൽരാജ്യത്ത് ഒരു രാജകുമാരിയുണ്ടായിരുന്നു. സ്വർണമുടികളും നല്ല ഉയരവും നീലമിഴികളുമെല്ലാമുള്ള ഒരു അതിസുന്ദരി. ഈ രാജകുമാരിയെ ഭാര്യയാക്കാൻ പല രാജാക്കൻമാരും മുന്നോട്ടുവന്നു. എന്നാൽ അതിനൊരു മത്സരമുണ്ടായിരുന്നു..ഒന്നല്ല, രണ്ടു മത്സരങ്ങൾ. ഒന്നാമതായി പകിടകളിയിൽ രാജകുമാരിയെ തോൽപിക്കണമായിരുന്നു. അടുത്തതായി രാജകുമാരിയുമായുള്ള ചോദ്യോത്തരവേളയിലും വിജയിക്കണം.

ഈ രണ്ടു മത്സരങ്ങളിലും ജയിക്കാൻ വന്ന രാജകുമാരൻമാർക്കാർക്കും കഴിഞ്ഞില്ല. അവരെല്ലാം തോറ്റുമടങ്ങി. അതിനൊരു കാരണമുണ്ടായിരുന്നു...രഹസ്യമായ ഒരു കാരണം. രാജകുമാരിയുടെ കൈവശം ഒരു മാന്ത്രിക എലിയുണ്ടായിരുന്നു. ഈ എലിക്ക് അസാമാന്യമായ വേഗത്തിൽ പായാൻ കഴിവുണ്ട്. ഇതിന്റെ ചടുലമായ വേഗം കാരണം പകിട തിരിഞ്ഞ് എപ്പോഴും രാജകുമാരിക്ക് അനുകൂലമായി വീണിരുന്നു. പിന്നെ ചോദ്യോത്തരവേളയിലും രാജകുമാരിക്ക് ഒരു സഹായിയുണ്ടായിരുന്നു. ഒരു തത്ത. ഈ തത്തയ്ക്കു മനസ്സറിയാനുള്ള കഴിവുണ്ട്.അതിനാൽ തന്നെ മത്സരിക്കാൻ വരുന്നവരുടെ മനസ്സിലെ കാര്യങ്ങൾ അറിയാനും അവരുടെ ഭയങ്ങളും ദൗർബല്യങ്ങളുമൊക്കെ മനസ്സിലാക്കാനും രാജകുമാരിക്കു പറ്റും. അത്തരം ചോദ്യങ്ങൾ ചോദിച്ച് അവരെ തളർത്തുകയാണു രാജകുമാരിയുടെ രീതി. അങ്ങനെ വിജയം രാജകുമാരിക്കൊപ്പം നിൽക്കും.

രസാലു രാജകുമാരിയുടെ വിവാഹമത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു. ഇതിനായി പോകുന്നതിനു മുൻപ് അദ്ദേഹം ഭഗവാൻ പരമശിവനെ പ്രാർഥിച്ചു പ്രത്യക്ഷപ്പെടുത്തി. തന്നെ സഹായിക്കണമെന്ന് രസാലു പറഞ്ഞപ്പോൾ ശിവൻ അദ്ദേഹത്തിന് ഒരു പൂച്ചയെയും പരുന്തിനെയും നൽകി. രാജകുമാരിയുമായി മത്സരത്തിനു പോകുമ്പോൾ ഇവയെയും കൊണ്ടുപോകണമെന്ന് ഭഗവാൻ രസാലുവിനോടു പറഞ്ഞു.
രസാലു അപ്രകാരം ചെയ്തു.

രാജകുമാരിയുമായി അദ്ദേഹം പകിടകളിക്കാൻ തുടങ്ങി. എന്നാൽ രസാലു കൊണ്ടുവന്ന പൂച്ചയെ കണ്ടുപേടിച്ച് മാന്ത്രിക എലി പുറത്തിറങ്ങിയില്ല. പകിടകൾ കൃത്യമായി വീഴുകയും വിജയം രസാലുവിനാകുകയും ചെയ്തു. ചോദ്യോത്തരവേളയിലും സമാനസാഹചര്യമായിരുന്നു. രസാലു കൊണ്ടുവന്ന പരുന്തിനെ കണ്ടു പേടിച്ച തത്ത ആകെ മനപ്രയാസപ്പെട്ടിരുന്നു. ഇതുകാരണം രസാലുവിന്റെ മനസ്സു വായിക്കാൻ അതിനായില്ല. ആ ഘട്ടത്തിലും രസാലു ജയിച്ചതോടെ രാജകുമാരി അദ്ദേഹത്തെ വരിച്ചു. ആ രാജ്യത്തെ രാജാവിന്റെ ഒരേയൊരു അനന്തരാവകാശിയായിരുന്നു ഈ രാജകുമാരി. അതിനാൽ തന്നെ രസാലു താമസിയാതെ രാജാവായി. രാജാ രസാലു എന്ന പേരും ലഭിച്ചു.

കാലങ്ങളോളം രസാലു രാജ്യം ഭരിച്ചു. ഒടുവിൽ ഭൗതിക ജീവിതം അദ്ദേഹത്തിനു മടുത്തുതുടങ്ങി. അപ്പോഴാണു സൂര്യതേജസ്സ് പോലെയുള്ള ഒരു സന്ന്യാസിവര്യനെ രസാലു പരിചയപ്പെട്ടത്. പ്രശസ്തനായ ഗുരു ഗോരഖ്നാഥായിരുന്നു ആ സന്ന്യാസി. ഗോരഖ്നാഥ് രസാലുവിനെ ആത്മീയജീവിതത്തിലേക്കു നയിച്ചു. രസാലു അദ്ദേഹത്തിന്റെ ശിഷ്യരിൽ പ്രമുഖനാകുകയും മന്നാനാഥ് പന്ഥ് എന്ന സന്ന്യാസിസമൂഹത്തിന്റെ നായകനാകുകയും ചെയ്തു. ഇവരുടെ ഒരാശ്രമം ഇന്നും പഞ്ചാബിലെ ടെയ്ൻ എന്ന ഗ്രാമത്തിൽ കാണാം