പിശുക്കൻ ജന്മിയെ രക്ഷിച്ച ഭാര്യയുടെ മുടി

Mail This Article
എത്രയെത്ര കഥകൾ ചൊല്ലിയ രാജ്യമാണ് ഇന്ത്യ. വടക്കാകട്ടെ, തെക്കാകട്ടെ, പടിഞ്ഞാറാകട്ടെ, കിഴക്കാകട്ടെ...ഇന്ത്യയിലെ കഥാസാഹിത്യം പോലെ വിശാലമായ ഒന്ന് ലോകത്തു മറ്റെവിടയെങ്കിലുമുണ്ടോയെന്ന് നമുക്കു തോന്നിപ്പോകും. ഇതിഹാസങ്ങൾ, പുരാണങ്ങൾ, ജാതക കഥകൾ, പഞ്ചതന്ത്രം, ഹിതോപദേശം, പല നാടുകളിലെ നാടോടിക്കഥകൾ എന്നിങ്ങനെ പല ശാഖകളായി പൂത്തുവിടർന്ന് പരിലസിക്കുന്ന വടവൃക്ഷമാണ് ഇന്ത്യയുടെ കഥാലോകം. ദക്ഷിണഭാരതത്തിൽ നിന്നുള്ള ഒരു നാടോടിക്കഥയാണ് ഇത്തവണത്തെ കഥയ മമയിൽ.
പണ്ടുപണ്ട് തെക്കൻ ഇന്ത്യയിൽ ഒരു അറുപിശുക്കനായ ജന്മി പാർത്തിരുന്നു. കാതങ്ങളോളം നീണ്ടുകിടക്കുന്ന പാടങ്ങളും മാന്തോപ്പുകളും മറ്റുസ്വത്തുക്കളുമൊക്കെ അയാൾക്കുണ്ടായിരുന്നു. രാജാവിനെ വെല്ലുന്ന കൊട്ടാരസദൃശ്യമായ ഒരു വീട്ടിലായിരുന്നു ജന്മിയുടെ താമസം. ആ വീട്ടിലെ പത്തായങ്ങളിൽ അളവില്ലാതെ നെല്ലുകൂടിക്കിടന്നു. ജന്മി സമ്പാദിച്ച പണവും സ്വർണനാണയവുമൊക്കെ നിലവറകളിൽ പൊടിപിടിച്ചു കിടന്നു. ഒരു തുട്ടുപോലും ചെലവാക്കാൻ അയാൾക്കു മടിയായിരുന്നു.

ആ ദേശത്തെ തന്നെ അതിസുന്ദരിയായ മണിമേഖലയായിരുന്നു ജന്മിയുടെ ഭാര്യ. മുട്ടോളം നീണ്ടു കിടന്നചുരുളൻ മുടിയും കരിമഷിയെഴുതിയ കണ്ണുകളും കൊത്തിവച്ചതുപോലെയുള്ള ശരീരവും ചന്ദ്രനെപ്പോലെ ശോഭയുള്ള മുഖവുമുള്ള മണിമേഖലയ്ക്കു സൗന്ദര്യം മാത്രമല്ല, അപാരമായ ബുദ്ധിശക്തിയും മൂല്യങ്ങളുമൊക്കെയുണ്ടായിരുന്നു. ജന്മിയുടെ അറുപിശുക്കൻ സ്വഭാവത്തിൽ നീരസമുണ്ടായിരുന്നെങ്കിലും ഭർത്താവിനോട് വളരെ സ്‌നേഹമുള്ള ആ ഭാര്യ അയാളെ ശകാരിക്കാനൊന്നും നിന്നില്ല.
എന്നാൽ ആയിടെ ജന്മിക്ക് അൽപം ബുദ്ധിമുട്ടും പ്രതിസന്ധിയുമുണ്ടായി. ജോലിക്കാരൊന്നും കൂടെ നിൽക്കുന്നില്ല. എങ്ങനെ നിൽക്കും, പത്താളുടെ പണി ചെയ്താൽ കാൽ ആളുടെ കൂലി കൊടുക്കില്ല പിശുക്കൻ ജന്മി. ജോലിക്കാർക്കെല്ലാം പട്ടിണിയും പരിവട്ടവും. ഒടുവിൽ അവരെല്ലാവരും മറ്റിടങ്ങളിൽ പണിതേടി പോയി. ജന്മി വിളിച്ചാൽ ആരും വരാതെയായി. നിലമുഴുവാൻ കിടക്കുന്നു, തോപ്പുകൾ നനയ്ക്കണം, ചില്ലകൾ വെട്ടണം, ജലസേചനത്തിനായി ഒരു വലിയ കുളം കുഴിക്കണം.. വീട്ടുജോലിക്കാരെല്ലാം പോയതിനാൽ ഇപ്പോൾ അതെല്ലാം ചെയ്യുന്നത് മണിമേഖലയാണ്. ഒരു റാണിയെപ്പോലെ ജീവിച്ച അവളിപ്പോൾ അടുക്കളയിൽ കിടന്ന് കരിയും പുകയുമേൽക്കുന്നു...ജന്മി ചാരുകസാലയിൽ ചാരിക്കിടന്നു ചിന്തിച്ചു. അപ്പോഴാണു കാര്യസ്ഥൻ സുബ്ബൻ അങ്ങോട്ടെത്തിയത്. ജന്മിയദ്ദേഹത്തിന്റെ വിഷമം കണ്ടു സുബ്ബൻ കാര്യമന്വേഷിച്ചു. ജന്മി കാര്യങ്ങൾ പറഞ്ഞു.

പരിഹാരമുണ്ടാക്കാം- സുബ്ബൻ പറഞ്ഞു. നമ്മുടെ ഗ്രാമത്തിന്റെ കിഴക്കുള്ള പാറക്കുന്നിൽ ഒരു സിദ്ധൻ വന്നിട്ടുണ്ട്. അനേകം മന്ത്രമൊക്കെ അറിയാവുന്ന അദ്ദേഹം ഇപ്പോൾ അവിടെ കുടിൽ കെട്ടി താമസിക്കുകയാണ്. അദ്ദേഹത്തെ കണ്ടൊന്നു പറഞ്ഞാൽ എന്തെങ്കിലും വഴികിട്ടും. ജന്മി പാറക്കുന്നിൽ സിദ്ധന്റെ കുടിലിലെത്തി. സിദ്ധൻ ധ്യാനത്തിലായിരുന്നു. കുറേനേരം ജന്മി കാത്തിരുന്നപ്പോൾ സിദ്ധൻ കണ്ണുതുറന്നു. പരിചയപ്പെടുത്തലുകൾ കഴിഞ്ഞപ്പോൾ സിദ്ധൻ ജന്മിയുടെ വരവിന്റെ ഉദ്ദേശ്യം ചോദിച്ചു. തനിക്കു പണിക്കാരാരുമില്ലെന്നും വലിയ കഷ്ടത്തിലാണെന്നും ജന്മി പറഞ്ഞു.

സിദ്ധൻ ഒരു നിമിഷം കണ്ണടച്ചു. താൻ പറയുന്ന മന്ത്രം ഹൃദിസ്ഥമാക്കാൻ അദ്ദേഹം ജന്മിയോട് ആവശ്യപ്പെട്ടു. ആ മന്ത്രം ജപിച്ചാൽ ഒരു രാക്ഷസൻ പ്രത്യക്ഷപ്പെടുമത്രേ. എന്തു പണിയും ചെയ്യും. പക്ഷേ മനുഷ്യരോടിടപെടുന്നപോലെയല്ല ഇത്തരം സത്വങ്ങളോട് ഇടപെടുന്നത്. നോക്കിയും കണ്ടും വേണം കാര്യങ്ങൾ എന്നു സിദ്ധൻ താക്കീതു നൽകി. സന്തോഷവാനായ ജന്മി വീട്ടിലെത്തി കുളിച്ചുവന്നു. ചോറുവിളമ്പിക്കൊടുക്കുന്നതിനിടയിൽ ഭർത്താവിന്റെ സന്തോഷം മണിമേഖല ശ്രദ്ധിച്ചു. കാര്യം തിരക്കിയപ്പോൾ സിദ്ധനെ കണ്ട കാര്യമൊക്കെ ജന്മി പറഞ്ഞു. എന്നാൽ ഇതെല്ലാം അപകടമാണെന്നായിരുന്നു മണിമേഖലയുടെ ഉപദേശം. അതൊന്നും ജന്മി കാര്യമാക്കിയില്ല.

പിന്നെ ഒരൊഴിഞ്ഞ സ്ഥലത്തു ചെന്നിരുന്നു ജന്മി മന്ത്രം ജപിച്ചു. പൊടുന്നനെ ഘ്രാ എന്നൊരു പൊട്ടിച്ചിരിയോടെ അതാ രാക്ഷസൻ...ജന്മി ആദ്യമൊന്നു ഭയന്നെങ്കിലും സമചിത്തത വീണ്ടെടുത്തു. യജമാനനേ എന്നെ വിളിച്ചതെന്തിന്- രാക്ഷസൻ ചോദിച്ചു. ആ വിനയമൊക്കെ ജന്മിക്ക് ഇഷ്ടമായി.ജന്മി കാര്യം പറഞ്ഞു..പണിയെടുക്കണം, കൂലിയൊന്നും തരില്ല. കൂലിയൊന്നും വേണ്ട, പക്ഷേ എപ്പോഴും പണിവേണം, ഇല്ലെങ്കിൽ യജമാനനെ പിടിച്ചുതിന്നും. താങ്കളെപ്പോലുള്ള കൊഴുത്തുതടിച്ച ജന്മിമാരെ തിന്നാൻ എനിക്കു വലിയ ഇഷ്ടമാണ്- രാക്ഷസൻ പറഞ്ഞു.ജന്മിയൊന്ന് ഊറിച്ചിരിച്ചു. ഒരുവർഷം നിർത്താതെ ജോലി ചെയ്താൽ തീരാത്ത പണി പാടത്തുതന്നെയുണ്ട്. പിന്നെ വീട്ടുജോലി വേറെ- മണ്ടൻ രാക്ഷസൻ...ഉള്ളിലിങ്ങനെ ചിന്തിച്ചുകൊണ്ട് ജന്മി സമ്മതം മൂളി.
ആദ്യം നീ പോയി ഒരു കുളം കുഴിക്ക്, പത്തടി താഴ്ചയുള്ള ഒരു വലിയ കുളം- ജന്മി ആജ്ഞ നൽകി. രാക്ഷസൻ പാടത്തോട്ട് ഓടി. ഒരു മാസമെങ്കിലും കഴിയും ആ കുളം കുഴിക്കാൻ എന്നായിരുന്നു ജന്മിയുടെ കണക്കുകൂട്ടൽ. എന്നാൽ രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ രാക്ഷസനെത്തി. കുളം കുഴിച്ചിട്ടുണ്ട്, ഉടനെ അടുത്ത പണി താ..ജന്മി ഞെട്ടിപ്പോയി. അദ്ദേഹം പാടത്തുപോയി നോക്കിയപ്പോൾ അതാ വലിയൊരു കുളം തീർത്തിരിക്കുന്നു. അദ്ദേഹത്തിനു പേടിയായി തുടങ്ങി. തോപ്പു നനയ്ക്കാനും വേലികെട്ടാനും ചില്ലകൾ വെട്ടാനും മാങ്ങകൾ പറിക്കാനുമൊക്കെ പറഞ്ഞു. ശഠപഠേന്ന് രാക്ഷസൻ അതെല്ലാം ചെയ്തു. രാവും പകലും നോക്കാതെ,ഊണും ഉറക്കവുമില്ലാതെ പണിയുകയാണു രാക്ഷസൻ...തന്റെ പണിയും ഉടനെ അവൻ തീർക്കുമെന്നു ജന്മിക്കു തീർച്ചയായി.

അദ്ദേഹം വീട്ടിലെ വരാന്തയിൽ വെരുകിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ആ സമയത്താണു നീണ്ടുകിടക്കുന്ന തന്റെ മുടിയും ചീകി മണിമേഖല അങ്ങോട്ടുവന്നത്. ഇതെന്താ ഈ പരവേശം- അവർ ഭർത്താവിനോടു ചോദിച്ചു. എന്റെ പൊന്നു ഭാര്യേ, നീ വിധവയാകുമെന്നാണു തോന്നുന്നത്, ഞാനൊരു ആപ്പിൽ പെട്ടു എന്നു പറഞ്ഞുകൊണ്ട് ജന്മി സംഭവം മൊത്തം വിവരിച്ചു. കാതുകൂർപ്പിച്ച് അതു കേട്ടു നിന്ന മണിമേഖല ഭർത്താവിനെ സമാധാനിപ്പിച്ചു. നിങ്ങൾ, ചെയ്യിക്കാനുള്ള ജോലിയെല്ലാം അവനെ കൊണ്ടു ചെയ്യിക്ക്. എല്ലാം കഴിയുമ്പോൾ ഞാൻ നോക്കാം കാര്യങ്ങൾ. എന്തോ ചിന്തിച്ചുകൊണ്ട് അവർ അകത്തേക്കു നടന്നു.
ജന്മിക്കു ഭാര്യയുടെ ബുദ്ധിയിൽ വലിയ വിശ്വാസമായിരുന്നു. അദ്ദേഹം രാക്ഷസനെക്കൊണ്ടു ബാക്കിയുള്ള പണികളെല്ലാം തീർത്തു. ഒടുവിൽ ഇനി ചെയ്യാനൊന്നും ബാക്കിയില്ലെന്നു മനസ്സിലായപ്പോൾ അദ്ദേഹം പറഞ്ഞു. എടാ, നീ യജമാനത്തിയെ പോയൊന്നു കാണ്. അവൾ നിനക്കായി എന്തോ പണിവച്ചിട്ടുണ്ട്. രാക്ഷസൻ മണിമേഖലയ്ക്കരികിലേക്ക് ഓടിയെത്തി. മണിമേഖല കയ്യിലെന്തോ ചുരുട്ടിപ്പിടിച്ചുകൊണ്ടു രാക്ഷസനരികിലേക്കു വന്നു. അവന്റെ കയ്യിലേക്ക് അതു വച്ചു കൊടുത്തു. ഒരു നീളമുള്ള ചുരുണ്ട മുടിനാരായിരുന്നു അത്, മണിമേഖലയുടെ നീണ്ട മുടിയിഴകളിലൊന്ന്. എടാ രാക്ഷസാ, നീയിതൊന്നു വേഗം നിവർത്തി താ. കൂടുതലൊന്നും പറയാതെ മണിമേഖല അകത്തുകയറി പോയി.

രാക്ഷസൻ പൊട്ടിച്ചിരിച്ചു. ഇതെന്തൊരു ചീള് കേസ്..ഇപ്പോ ശരിയാക്കിയേക്കാം. അവൻ നേരെ ഒരു വേപ്പുമരത്തിന്റെ ചുവട്ടിൽ പോയിരുന്നു മുടിയിഴ തന്റെ തുടയിൽവച്ചു വിരൽ കൊണ്ട് അമർത്തിത്തിരുമി. രക്ഷയില്ല. നിവരുന്നുണ്ടെങ്കിലും വീണ്ടും ചുരുളുന്നു. പലപണിയും നോക്കി. നടക്കുന്നില്ല. ഒടുവിൽ അവനൊരു കാര്യം ഓർമവന്നു. സ്വർണപ്പണിക്കാരൊക്കെ ചുരുണ്ടിരിക്കുന്ന സ്വർണനൂൽ ചൂടാക്കി വലിക്കുമ്പോൾ നിവരാറുണ്ട്. ഇതും അതുപോലെയാകും. മണ്ടൻ രാക്ഷസൻ വേഗം തീ കൂട്ടി മുടിയിഴ അതിലേക്കിട്ടു. ഉടൻ തന്നെ അതു കരിഞ്ഞുപോയി. രാക്ഷസൻ ആകെ ഭയന്നു. ചുരുൾ നിവർത്തിയുമില്ല, മുടി കത്തിയും പോയി. ഇനിയിവിടെ നിന്നാൽ നാണക്കേടാണ്-അവൻ സ്ഥലം കാലിയാക്കി. അതോടെ ജന്മി രക്ഷപ്പെട്ടു. ഇനിയെങ്കിലും ഇത്തരം തരികിടകൾ ചെയ്യാതെ മതിയാം വണ്ണം കൂലികൊടുത്ത് പണിക്കാരെ കൂടെ നിർത്താൻ മണിമേഖല അൽപം കടുപ്പിച്ച് തന്നെ ജന്മിയോടു പറഞ്ഞു. ഭാര്യ പറഞ്ഞതു കേൾക്കാൻ ജന്മിയും തീരുമാനിച്ചു.