സത്യത്തിന്റെ മാമ്പഴം

Mail This Article
മഹാഭാരതത്തിന് പ്രാദേശികമായ ധാരാളം പതിപ്പുകൾ ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ വളരെ പ്രശസ്തമാണ് സരള ദാസന്റെ ഒഡിയ മഹാഭാരതം. ഈ ഇതിഹാസത്തിൽ ഒരു കഥയുണ്ട്. യഥാർഥ മഹാഭാരതത്തിൽ ഇല്ലാത്ത ഒരു കഥയാണ് ഇത്. പാണ്ഡവരുടെ വനവാസത്തിന്റെ അവസാനകാലമാണ് പ്രതിപാദ്യ സമയം. അജ്ഞാതവാസം അനുഷ്ഠിക്കുകയായിരുന്നു പാണ്ഡവരും ദ്രൗപതിയും. ഇവരെ കണ്ടെത്താനായി പല പണികളും ദുര്യോധനൻ നോക്കി. എന്നാൽ കണ്ടില്ല. ഒടുവിൽ അദ്ദേഹം നാലു ചാരൻമാരെ ഇതിനായി നിയോഗിച്ചു. അവർക്ക് അദ്ദേഹം കാര്യം വിശദീകരിച്ചു കൊടുത്തു. കാട്ടിൽ ഒരു മുനിയെപ്പോലെ അലയുക. പലരും ഭക്ഷണം തരാനായി ക്ഷണിക്കും. എന്നാൽ അവരോടെല്ലാം ഒരു കാര്യം ആവശ്യപ്പെടുക. പഴുത്ത ഒരു മാമ്പഴം.
അതു മാമ്പഴം വിളയുന്ന കാലമല്ലായിരുന്നു. കാട്ടിലെങ്ങും മാമ്പഴം കിട്ടാനുമില്ല. പിന്നെങ്ങനെ മാങ്ങ ലഭിക്കും? സാധാരണ ആളുകൾക്ക് അത് അപ്രാപ്യമാണ്. എന്നാൽ പാണ്ഡവർ, അവർ സാധാരണക്കാരല്ല. ഭഗവാന്റെ ശ്രീകൃഷ്ണന്റെ സ്നേഹവാൽസല്യങ്ങൾ ഏൽക്കുന്ന അവരെങ്ങനെ സാധാരണക്കാരാകും. അവർ നിശ്ചയമായും തങ്ങളുടെ അതിഥിയെ ദൈവത്തെപ്പോലെ കരുതുന്നവരാണ്. എവിടെ നിന്നെങ്കിലും അവർ മാമ്പഴം കൊണ്ടുവരും. അങ്ങനെ അവർ താമസിക്കുന്ന സ്ഥലം കണ്ടെത്താം. അവരുടെ അജ്ഞാതവാസം പൊളിക്കാം. –ദുര്യോധനന്റെ ചിന്ത അതായിരുന്നു.

ഗൗർമുഖ് എന്ന ചാരൻ വടക്കോട്ടാണു പോയത്. കുറേ അലഞ്ഞുനടന്ന ശേഷം അദ്ദേഹം പാണ്ഡവർ താമസിക്കുന്ന അതേ വനപ്രദേശത്ത് എത്തിപ്പെട്ടു. ഒരു നദിക്കരയ്ക്കു സമീപം ഗൗർമുഖ് ഇരുന്നു. വേഷം മാറി അവിടെ താമസിച്ച യുധിഷ്ഠിരൻ അദ്ദേഹത്തെ കണ്ടു ചെന്നു വണങ്ങി. അതിഥീസൽക്കാരത്തിൽ തൽപരനായ അദ്ദേഹം മുനിവേഷത്തിലുള്ള ഗൗർമുഖിനോട് തങ്ങളുടെ വീട്ടിൽ വരാനും ഭക്ഷണം കഴിക്കാനും ആവശ്യപ്പെട്ടു. എന്നാൽ ഗൗർമുഖ് നിബന്ധന വച്ചു. വരാം, പക്ഷേ ഭക്ഷണമായി ഒരു പഴുത്ത മാങ്ങ വേണം. യുധിഷ്ഠിരൻ ഞെട്ടി. അദ്ദേഹം മറ്റുള്ള പാണ്ഡവസഹോദരൻമാരോട് ഇക്കാര്യം പറഞ്ഞു. അവർക്കും മറുപടിയുണ്ടായില്ല. ഒടുവിൽ അവർ ശ്രീകൃഷ്ണഭഗവാനെ വിളിച്ചു.
ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം ഒരു കുഞ്ഞുമാവും കൊണ്ടുവന്നിരുന്നു. സത്യം പറഞ്ഞാൽ ഇതിൽ മാങ്ങ പിടിക്കുമെന്നും എന്നാൽ കള്ളം ചൊല്ലിയാൽ അത് അപ്രത്യക്ഷമാകുമെന്നും ശ്രീകൃഷ്ണൻ പറഞ്ഞു.

പാണ്ഡവസഹോദരൻമാർ തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച യഥാർഥ സംഭവങ്ങൾ സത്യമായി ചൊല്ലി, ഒടുവിൽ ദ്രൗപതിയും പറഞ്ഞു. അപ്പോൾ മാവിലൊരു മാമ്പഴമുണ്ടായി. അതു പറിച്ച് യുധിഷ്ഠിരൻ ഗൗർമുഖിനു നൽകി. അതുമായി ഗൗർമുഖ് ദുര്യോധനനരികിലേക്കു പോകാൻ തുടങ്ങി. എന്നാൽ ഭഗവാൻ കൃഷ്ണൻ അപ്പോൾ അദ്ദേഹത്തിനരികിൽ പ്രത്യക്ഷപ്പെട്ടു. താമരകൾ മലയിലാണു പൂക്കുന്നത് തുടങ്ങിയ കാര്യങ്ങൾ പറഞ്ഞാൽ മാമ്പഴം കൂടുതൽ മധുരതരമാകുമെന്ന് ഭഗവാൻ പറഞ്ഞു. ഗൗർമുഖ് ഇതനുസരിച്ചു. കള്ളമായ കാര്യം കേട്ടപ്പോൾ തന്നെ മാമ്പഴം അപ്രത്യക്ഷമായി. മാമ്പഴം കൊടുക്കണമെന്ന അതിഥിയുടെ ആവശ്യം പാണ്ഡവർക്കായി സാധിച്ചു കൊടുക്കുകയും എന്നാൽ അതുകാരണം അവർക്ക് പ്രശ്നം വരാതെയും നോക്കിയ ശേഷം ഭഗവാൻ അവിടെനിന്നു മറഞ്ഞു.
