ADVERTISEMENT

ഒരോ നിസ്‌കാരവും വിശ്വാസിയുടെ മിഅ്‌റാജാണെന്നാണ് പ്രവാചക അധ്യാപനം. അവനിലെ ഓരോ ആകാശവും കടന്ന് സിദ്‌റത്തുൽ മുൻതഹയിൽ അല്ലാഹുവിനെ അവൻ കണ്ടുമുട്ടും. അല്ലാഹുവിനോട് അമ്പ് വില്ലിനേക്കാൾ അടുത്ത് നിൽക്കുന്ന അവസ്ഥയിൽ വിശ്വാസി ചേർന്ന് നിൽക്കും. പ്രവാചകർ മുഹമ്മദ് നബി (സ)യുടെ മിഅ്‌റാജിന്റെ വാർഷിക ആഘോഷമാണല്ലോ റജബ് 27. മക്കയിലെ കഅബാലയത്തിൽ നിന്ന് മസ്ജിദുൽ അഖ്‌സയിലേക്ക് ജിബ്‌രീൽ മാലാഖയോടൊപ്പം രാപ്രയാണം നടത്തി. അത്യുന്നതമായ ധ്യാനത്തിലൂടെ അല്ലാഹുവിലേക്ക് മുഹമ്മദ് നബി(സ) മിഅ്‌റാജും നടത്തി. ആ ഇസ്‌റാഅ്, മിഅ്‌റാജ് ചരിത്രം അന്നും ഇന്നും അനുഭവിക്കാത്തവർക്ക് കൂടുതൽ ചോദ്യങ്ങളിലേക്ക് നയിക്കുകയാണ്. 

അബൂത്വാലിബിന്റെ വിധവ ഫാത്തിമ അദ്ദേഹത്തിന്റെ മരണത്തിന് കുറച്ച് മുൻപോ ശേഷമോ ആയിരുന്നു ഇസ്‌ലാമിലേക്ക് വന്നത്. അതുപോലെതന്നെയായിരുന്നു അലി(റ)യുടെയും ജഅ്ഫറി(റ)ന്റെയും സഹോദരിയായ അവരുടെ മകൾ ഉമ്മുഹാനി(റ)യും. എന്നാൽ, ഉമ്മുഹാനിയുടെ ഭർത്താവ് ഖുബൈറ ഏകദൈവത്വ സന്ദേശത്തോട് പ്രതികരിച്ചില്ല. എന്നിരുന്നാലും അവരുടെ വീട്ടിലേക്ക് വരാറുണ്ടായിരുന്ന പ്രവാചകനെ അദ്ദേഹം സ്വീകരിച്ചിരുന്നു. സന്ദർശന സമയം പ്രാർഥനക്കുള്ള നേരമായിരുന്നെങ്കിൽ ആ വീട്ടിലെ വിശ്വാസികളെല്ലാവരും ചേർന്ന് അവിടെ വച്ച് പ്രാർഥിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഒരു ദിവസം പ്രവാചകന്റെ നേതൃത്വത്തിൽ അവിടെ വച്ച് രാത്രി പ്രാർഥന കഴിഞ്ഞപ്പോൾ ഉമ്മുഹാനി പ്രവാചകനെ അവിടെത്തന്നെ കഴിയാൻ പ്രേരിപ്പിച്ചു. അദ്ദേഹം ആ ക്ഷണം സ്വീകരിക്കുകയുണ്ടായി. അൽപനേരത്തെ ഉറക്കിനു ശേഷം അദ്ദേഹം പള്ളിയിലേക്ക് പോയി. പാതിരാസമയങ്ങളിലെ കഅ്ബാ സന്ദർശനം നബി(സ) ഏറെ ഇഷ്ടപ്പെട്ടിരുന്നു. അവിടെ ഇരിക്കുകയായിരുന്ന പ്രവാചകന് വീണ്ടും ഉറങ്ങാൻ തോന്നുകയും ഹിജ്‌റിന്റെ അടുത്ത് കിടന്നുറങ്ങുകയും ചെയ്തു.

'ഞാൻ ഹിജ്‌റിൽ ഉറങ്ങുകയായിരുന്നു'- പ്രവാചകൻ പറഞ്ഞു: ''അതിനിടയിൽ എപ്പോഴോ ജിബ്രീൽ മാലാഖ എന്റെ അടുത്തു വന്ന് അദ്ദേഹത്തിന്റെ മടമ്പുകാൽ കൊണ്ട് എന്നെ തട്ടി. ഞാനപ്പോൾ എഴുന്നേറ്റുനിന്നു. എനിക്കൊന്നും കാണാൻ കഴിഞ്ഞില്ല. ഞാൻ വീണ്ടും ഉറക്കിലേക്കു പോയി. രണ്ടാം തവണയും അദ്ദേഹം വന്നു. മൂന്നാം തവണയും അദ്ദേഹം വന്നു. എന്നിട്ട് അദ്ദേഹം എന്റെ കൈ പിടിച്ച് കഅ്ബയുടെ കവാടത്തിനടുത്തേക്കു കൊണ്ടുപോയി. അവിടെ ഒരു കോവർകഴുതയുടെ രൂപമുള്ള ഒരു വെളുത്ത മൃഗമുണ്ടായിരുന്നു. രണ്ടു ഭാഗത്തും ചിറകുകളുണ്ടായിരുന്ന ആ മൃഗം അതിന്റെ കാലുകൾ ഇളക്കുമ്പോൾ ചിറകുകളും വിടരും. അതിന്റെ ഓരോ ചാട്ടവും അതിന്റെ കണ്ണുകളെത്തുന്ന ദൂരത്തേക്ക് എത്തുമായിരുന്നു.'

പിന്നീട് പ്രവാചകൻ ബുറാഖ് എന്ന പേരിലുള്ള ആ മൃഗത്തിൽ കയറി സഞ്ചരിച്ചത് വിശദമായി പറഞ്ഞു. അദ്ദേഹത്തോടൊപ്പം ജിബ്‌രീലുമുണ്ടായിരുന്നു. അവരുടെ വാഹനത്തിന് വഴികാണിച്ചുകൊടുക്കുന്നതും വേഗം നിർണയിച്ചുകൊടുക്കുന്നതും ജിബ്‌രീലായിരുന്നു. യസ്‌രിബിനും ഖൈബറിനുമപ്പുറം വടക്കുദിശ ലക്ഷ്യമാക്കി അവർ അതിശീഘ്രം സഞ്ചരിച്ചു. അങ്ങനെ അവർ ജറൂസലമിലെത്തി. അവിടെ ഇബ്രാഹിം നബി(അ), മൂസ നബി(അ), ഈസാ നബി(അ) തുടങ്ങി പ്രവാചകന്മാരുടെ ഒരു സംഘത്തെ കണ്ടുമുട്ടി. അവരെല്ലാം പ്രവാചകന്റെ നേതൃത്വത്തിൽ ജറൂസലേമിലെ ദേവാലയത്തിൽ ഒരുമിച്ച് പ്രാർഥിച്ചു. തുടർന്ന് അദ്ദേഹത്തിന് രണ്ട് തളികകൾ നൽകപ്പെടുകയുണ്ടായി. ഒന്നിൽ നിറയെ വീഞ്ഞും മറ്റൊന്നിൽ പാലുമായിരുന്നു. പ്രവാചകൻ പാൽ നിറച്ച തളികയെടുത്ത് അതിൽ നിന്ന് കുടിക്കുകയും വീഞ്ഞുപാത്രം ഉപയോഗിക്കാതിരിക്കുകയും ചെയ്തു.

അപ്പോൾ ജിബ്‌രീൽ മാലാഖ പറഞ്ഞു: 'താങ്കൾ പ്രകൃതിയുടെ പാതയിലേക്ക് നയിക്കപ്പെട്ടിരിക്കുന്നു. അതിനാൽ താങ്കളുടെ സമുദായവും അതിലേക്ക് നയിക്കപ്പെടേണ്ടതാണ്. ഓ മുഹമ്മദ്, വീഞ്ഞ് അങ്ങേക്ക് നിരോധിക്കപ്പെട്ടിരിക്കുന്നു.''
തുടർന്ന് മുൻകാലങ്ങളിൽ പല പ്രവാചകൻമാർക്കും സംഭവിച്ചതുപോലെ മുഹമ്മദ് നബി (സ) ജീവനോടെ സ്വർഗലോകങ്ങളിലേക്ക് ഉയർത്തപ്പെടുകയുണ്ടായി. ജറൂസലമിലെ ദേവാലയമധ്യത്തിലുള്ള ഒരു പാറയിൽ നിന്ന് അദ്ദേഹം വീണ്ടും ബുറാഖിൽ കയറി. പിന്നീടത് ചിറകുകൾ വിടർത്തി മുകളിലേക്ക് പറന്നു. യാത്ര നയിക്കുകയായിരുന്ന ജിബ്‌രീൽ മാലാഖ ഇപ്പോൾ പൂർണമായും ഒരു ആകാശസ്വത്വമായിരിക്കുകയാണ്. അവരങ്ങനെ കാലത്തിന്റെയും സ്ഥലത്തിന്റെയും ശാരീരിക രൂപങ്ങളുടെയും തട്ടകങ്ങൾക്കപ്പുറത്തേക്ക് ആരോഹണം ചെയ്തു. ഏഴ് ആകാശങ്ങളിലൂടെയും കടന്നുപോകവെ ജറുസലേമിൽ വച്ച് തന്നോടൊപ്പം പ്രാർഥിച്ച പ്രവാചകന്മാരെയെല്ലാം അദ്ദേഹം വീണ്ടും കണ്ടുമുട്ടി.

ജറൂസലമിൽ വച്ച് കണ്ടപ്പോൾ എല്ലാവർക്കും ഭൗമികഭാവമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ അവരെല്ലാവരും ആത്മീയ യാഥാർഥ്യത്തിന്റെ നെറുകയിലാണ്. അവർക്കെല്ലാം സംഭവിച്ച ഭാവമാറ്റത്തിൽ പ്രവാചകൻ അദ്ഭുതം കൊണ്ടു.
യൂസുഫ് പ്രവാചകന്റെ മുഖം പൂർണചന്ദ്രശോഭയുടെ തിളക്കമുള്ളതായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. പ്രാപഞ്ചിക സൗന്ദര്യത്തിന്റെ അർധഭാഗവും സ്വന്തമാക്കി യിരുന്നു അദ്ദേഹം. എന്നാൽ, ഹാറൂൻ പ്രവാചകന്റെ സൗന്ദര്യവും അതി ശയിപ്പിക്കുന്നതാണ്. താൻ സഞ്ചരിച്ചുപോയ സ്വർഗീയ ആരാമങ്ങളിൽ ഒന്നിനെക്കുറിച്ച് പ്രവാചകൻ പിന്നീട് പറഞ്ഞത് ഇങ്ങനെ: ''ഒരു തളികയുടെ വലിപ്പത്തിലുള്ള ഒരു സ്വർഗീയസ്ഥലം സൂര്യനു ചുവട്ടിലുള്ള മറ്റെല്ലാറ്റിനേക്കാളും നല്ലതാണ്. അതവിടെ ഉദിച്ചുയരുകയും അസ്തമിക്കുകയും ചെയ്യുന്നു. സ്വർഗീയ ആരാമങ്ങളിലെ അപ്സരസ്സെങ്ങാനും ഭൂമിയിലേക്കിറങ്ങിവന്നാൽ, അവരുടെ പ്രകാശത്താലും പരിമളത്താലും ആകാശഭൂമികൾ നിറഞ്ഞുകവിയും.'

പ്രവാപകന്റെ ഈ കാഴ്ചകളെല്ലാം അവിടുത്തെ ആത്മാവിന്റെ കാഴ്ചകളായിരുന്നു. അദ്ദേഹത്തിന്റെ ആത്മീയ പ്രകൃതം ഭൗമികമായ തലങ്ങളെ അതിജയിക്കാൻ പാകത്തിലായിരുന്നു. അദ്ദേഹം ഒരിക്കാൻ പറഞ്ഞു ആദം ജലത്തിനും കളിമണ്ണിനുമിടയിലായിരുന്ന കാലം ഞാൻ പ്രവാചകനായിരുന്നു. പ്രവാചകന്റെ ആരോഹണത്തിന്റെ പരമപദമായിരുന്നു ഖുർആൻ ''സിദ്‌റതുൽ മുൻതഹ' എന്നു പരിചയപ്പെടുത്തുന്ന അതിർത്തിയിലെ ഇലന്തമരം. ഒരു പഴയ ഖുർആൻ വ്യാഖ്യാനത്തിൽ പ്രവാചകവചനത്തെ അടിസ്ഥാനമാക്കി ഇങ്ങനെ രേഖപ്പെട്ടത് കാണാം: 'ലോത്ത് മരം വേരുറപ്പിച്ചത് ദൈവിക സിംഹാസനത്തിലാണ്. അവിടെയാണ് ജ്ഞാനത്തിന്റെയും ജ്ഞാനിയുടെയും അവസാനത്തെ ബിന്ദു. അത് ജിബ്‌രീൽ ആയാലും പ്രവാചകൻ മുഹമ്മദായാലും. അതിനപ്പുറമുള്ളതെല്ലാം ഒളിഞ്ഞിരിക്കുന്ന ദുരൂഹതയാണ്. അവയെക്കുറിച്ച് അറിയുന്നവൻ ദൈവം മാത്രം.'

പ്രപഞ്ചത്തിന്റെ ഈ ഉച്ചിയിൽ നിന്ന് ജിബ്‌രീൽ മാലാഖ തന്റെ യഥാർഥ പ്രഭയിൽ പ്രവാചകനു മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഖുർആൻ വചനങ്ങളിൽ നാം ഇങ്ങനെ വായിക്കുന്നു: ''ലോത്ത് മരം അതിന്റെ ദുരൂഹതകളാൽ പ്രത്യക്ഷപ്പെട്ടപ്പോൾ, അവന്റെ കണ്ണഞ്ചിപ്പോവുകയോ തെറ്റായി കാണുകയോ ചെയ്തില്ല. നിശ്ചയം, അവന്റെ നാഥന്റെ അടയാളങ്ങളിൽ ഏറ്റവും മഹത്തായതാണ് അവൻ കണ്ടത്.' ഒരു വ്യാഖ്യാനപ്രകാരം ദിവ്യപ്രകാശം ലോത്ത് മരത്തിലേക്ക് ഇറങ്ങുകയും അതല്ലാത്തതിനെയെല്ലാം മായ്ച്ചു കളയുകയും ചെയ്തു. പ്രവാചകദൃഷ്ടികൾ പക്ഷേ ഇളകാതെ അതിൽ നിന്നു കണ്ണെടുക്കാതെ അതിനെത്തന്നെ നോക്കിനിന്നു. പ്രവാചകൻ പ്രാർഥനാവചനങ്ങളിൽ ഉൾച്ചേർന്നിരുന്ന ഏറ്റുപറച്ചിലുകളുടെ മറുപടി കൂടിയായിരുന്നു ഇത്.

ലോത്ത് മരത്തണലിൽ വച്ചാണ് ഒരു ദിവസം 50 പ്രാവശ്യം ചെയ്യേണ്ട നമസ്‌ക്കാരത്തിന്റെ കൽപന പ്രവാചകന് ലഭിച്ചത്. പിന്നീട് അവിടെ വച്ചുതന്നെയാണ് ഇസ്‌ലാമിക വിശ്വാസത്തിന്റെ മൗലികപ്രമാണം ഉൾക്കൊള്ളുന്ന വചനപ്രകാശവും വെളിപ്പെട്ടത്: ''തന്റെ നാഥനിൽ നിന്ന് തന്നിലേക്കു വെളിപ്പെട്ടത് വിശ്വാസികളും പ്രവാചകനും വിശ്വസിക്കുന്നു. അവർ അങ്ങനെ ഏഴാകാശങ്ങളിലൂടെ ഇറങ്ങി ഭൂമിയിലേക്ക് വരികയാണ്. പ്രവാചകൻ പറഞ്ഞു: ''മടക്കയാത്രയിൽ ഞാൻ മൂസാ പ്രവാചകനെ കണ്ടു-നിങ്ങൾക്ക് എത്രമാത്രം നല്ല സുഹൃത്താണവൻ!-അദ്ദേഹം എന്നോട് ചോദിച്ചു: 'എത്ര നേരത്തെ പ്രാർഥനകളാണ് താങ്കൾക്ക് നൽക പ്പെട്ടിരിക്കുന്നത്?' 'അമ്പതു നേരമെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞപ്പോൾ മൂസാ പ്രവാചകൻ പറഞ്ഞു: 'നിർബന്ധ പ്രാർഥന ഭാരമുള്ള കാര്യമാണ്. താങ്കളുടെ ജനത ദുർബലരാണ്. അതിനാൽ ദൈവത്തിലേക്ക് പോയി ഭാരമൊന്നു ചുരുക്കിത്തരാൻ പറയുക. അങ്ങനെ ഞാൻ തിരിച്ചുപോവുകയും ദൈവം പത്തു നേരത്തെ പ്രാർഥന ഒഴിവാക്കിത്തരികയും ചെയ്തു. വീണ്ടും ഞാൻ മൂസാ പ്രവാചകനെ കണ്ടപ്പോൾ, അതും സാധ്യമല്ല വീണ്ടും പോകണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ പലതവണ എന്നെ അദ്ദേഹം തിരിച്ചയക്കുകയും അവസാനം രാവും പകലുമായി അഞ്ചു നേരത്തെ നമസ്‌കാരം നിർബന്ധമാക്കപ്പെടുകയും ചെയ്തു. എന്നാൽ, മൂസാ പ്രവാചകൻ അതിലും തൃപ്തനാകാതെ ഇനിയും ചുരുക്കിക്കിട്ടാൻ ശ്രമിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടെങ്കിലും ഞാനതിനു തയ്യാറായില്ല.' പ്രവാചകൻ പറഞ്ഞു:

''പൂർണമനസ്‌കനായി ദൈവത്തിൽ വിശ്വാസമർപ്പിച്ച്, അവന്റെ ഔദാര്യത്തിലുള്ള പ്രതീക്ഷയോടെ അഞ്ചു നേരം പ്രാർഥിക്കുന്നവന് അമ്പതു നേരത്തെ പ്രാർഥനകളുടെ പ്രതിഫലം ലഭിക്കുന്നതാണ്.' പ്രവാചകനും ജിബ്‌രീലും ജറൂസലമിലെ പാറമുകളിൽ ഇറങ്ങിയതിനു ശേഷം വന്ന വഴിയിലൂടെത്തന്നെ മക്കയിലേക്കു തിരിച്ചു. നിരവധി കച്ചവ ടസംഘങ്ങളെ മറികടന്നുകൊണ്ടായിരുന്നു ബുറാഖിലേറിയുള്ള അവരുടെ സഞ്ചാരം. അവർ കഅ്ബയിൽ എത്തിയപ്പോഴും രാത്രി കറുത്തുതന്നെ കിടന്നു. അവിടെ നിന്ന് പ്രവാചകൻ അപ്പോൾ ഉമ്മുഹാനിയുടെ വീട്ടിലേക്കു തന്നെ പോയി. ഇനി അവർ പറയട്ടെ: ''പ്രഭാതമാകുന്നതിന് ഇത്തിരി മുമ്പ് പ്രവാചകൻ ഞങ്ങളെയെല്ലാം ഉണർത്തി. പ്രാർഥന കഴിഞ്ഞ ഉടനെ അദ്ദേഹം പറഞ്ഞു: 'ഓ ഉമ്മുഹാനീ, നീ കണ്ടതുപോലെ ഇന്നലെ രാത്രി ഞാൻ നിങ്ങളോടൊപ്പം പ്രാർഥിച്ചതല്ലേ? പിന്നീട് ഞാൻ ജറൂസലമിലേക്ക് പോയി. അവിടത്തെ വിശുദ്ധ ദേവാലയത്തിൽ പ്രാർഥിച്ചു. ഇപ്പോൾ ഞാൻ നിങ്ങളോടൊപ്പം ഇവിടെ വച്ച് വീണ്ടും പ്രഭാതപ്രാർഥന നടത്തുകയും ചെയ്തിരിക്കുന്നു.'

അതും പറഞ്ഞ് പോകാനൊരുങ്ങുന്ന പ്രവാചകന്റെ ഉടുപ്പിൽ ഞാൻ ശക്തമായി വലിച്ചുപിടിച്ച് അദ്ദേഹത്തിന്റെ യാത്രയെ മുടക്കി. എന്റെ പിടിത്തം കാരണം അദ്ദേഹം ഉപയോഗിച്ച പരുത്തിത്തുണി അരയ്ക്കു ചുറ്റും മുറുകിയിരുന്നു. ഞാൻ പറഞ്ഞു: 'ഓ ദൈവത്തിന്റെ ദൂതരേ, ഇക്കാര്യം ജനങ്ങളോട് അങ്ങ് പറയരുത്. അവർ നിങ്ങളെ കളവാക്കുകയും അപമാനിക്കുകയും ചെയ്യും.'ഞാനിത് അവരോട് പറയുക തന്നെ ചെയ്യും''. പ്രവാചകൻ പ്രതിവചിച്ചു. തുടർന്ന് കഅ്ബയിലേക്കു പോയ പ്രവാചകൻ അവിടെയുണ്ടായിരുന്ന ആൾക്കാരോട് തന്റെ ജറുസലം യാത്രയെക്കുറിച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ ശത്രുക്കൾക്ക് ഇത് ആഹ്ലാദകരമായ അനുഭവം പകർന്നു. കാരണം, പ്രവാചകനെ പരിഹസിക്കാൻ ഒരുകാര്യം കൂടി അവർക്ക് ലഭിച്ചിരിക്കുകയാണ്.

മക്കയിൽ നിന്നു സിറിയയിലേക്കു പോകാൻ ഒരു മാസം അങ്ങോട്ടും തിരിച്ചുവരാൻ ഒരു മാസം ഇങ്ങോട്ടും ആവശ്യമാണെന്ന് ഖുറൈശികളിലെ കുട്ടികൾക്കു പോലുമറിയാം. എന്നിട്ടിപ്പോൾ മുഹമ്മദ് പറയുന്നത് ഒറ്റ രാത്രി കൊണ്ട് അവിടെ പോയി തിരിച്ചുവന്നുവെന്നാണ് ഈ വാർത്ത കേട്ടവരിൽ ഒരു ചെറുസംഘം അബൂബക്കറിന്റെയടുത്തു പോയി പറഞ്ഞു: ''ഇപ്പോൾ താങ്കൾക്കു സുഹൃത്തിനെപ്പറ്റി എന്തു തോന്നുന്നു? അവൻ പറയുന്നത് കഴിഞ്ഞ രാത്രി ജറൂസലം പള്ളിയിൽ പോയി പ്രാർഥന നടത്തി, തിരിച്ചു മക്കയിലെത്തിയെന്നാണ്.' അബൂബക്കർ അതു കേട്ട്, അവർ നുണ പറയുകയാണെന്ന് കുറ്റപ്പെടുത്തി. എന്നാൽ, മുഹമ്മദ് ഇപ്പോൾ കഅ്ബയിലുണ്ടെന്നും പറഞ്ഞ കാര്യം സത്യമാണെന്നും അവർ ആവർത്തിക്കുകയുണ്ടായി. ''അദ്ദേഹമങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ സത്യമായിരിക്കും. അതിൽ അദ്ഭുതപ്പെടാനെന്തിരിക്കുന്നു.' അബൂബക്കർ പറഞ്ഞുതുടങ്ങി: ''അദ്ദേഹമെന്നോട് രാത്രിയും പകൽനേരത്തും പല സമയങ്ങളിലായി ആകാശലോകത്തു നിന്നു ഭൂമിയിലേക്കു വരുന്ന വെളിപാടുകളെക്കുറിച്ച് പറയുന്നില്ലേ? അദ്ദേഹത്തിന്റെ വചനങ്ങളെല്ലാം സത്യമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ലേ? അക്കാര്യം നിങ്ങൾ ഇപ്പോൾ ഉന്നയിച്ച പ്രശ്‌നത്തേക്കാളും അപ്പുറമല്ലേ?' അദ്ദേഹം അവരോട് തിരിച്ചുചോദിച്ചു.

പിന്നീട് അദ്ദേഹം ദേവാലയത്തിലേക്ക് പോവുകയും കൂടിയിരിക്കുന്നവരോടെല്ലാം പ്രവാചകൻ പറഞ്ഞത് സത്യമാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ഇതു കാരണം പ്രവാചകൻ അബൂബക്കറിനെ 'അസ്സിദ്ദീഖ്' എന്നു വിളിക്കാൻ തുടങ്ങി. അതിന്റെ അർഥം 'സത്യത്തിന്റെ മഹാസാക്ഷി' അല്ലെങ്കിൽ 'സത്യത്തെ ദൃഢപ്പെടുത്തിയ മഹാൻ' എന്നൊക്കെയാണ്. അതു കൂടാതെ, പ്രവാചകൻ താൻ കണ്ടുമുട്ടിയ കച്ചവടസംഘത്തെക്കുറിച്ചും അവർ മക്കയിലെത്താൻ ഇനിയെത്ര ദിവസങ്ങൾ എടുക്കേണ്ടിവരുമെന്നുമൊക്കെ കൃത്യമായി വിവരണം നൽകിയപ്പോൾ, ആദ്യകേൾവിയിൽ വിശ്വസിക്കാത്ത പലരും രണ്ടാമതൊരു ആലോചനയ്ക്കു തയ്യാറായി. ഓരോ സംഘവും അദ്ദേഹം പ്രവചിച്ച പോലെ മക്കയിലേക്ക് തിരിച്ചെത്തി അവരെക്കുറിച്ച് പ്രവാചകൻ പറഞ്ഞ വിശദാംശങ്ങളെല്ലാം ശരിയാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുകയും ചെയതു. ഇന്നും പലർക്കിടയിലും ഇസ്‌റാഅ് മിഅ്‌റാജ് അവരുടെ അനുഭത്തിലേക്കെത്തിക്കുവാൻ ഉള്ളറിഞ്ഞുള്ള നിസ്‌ക്കാരം മാത്രം മതിയെന്നിരിക്കെ അതിനും തയ്യാറാവാത്തവരാണ് ഏറെയും.

English Summary:

Experience the miraculous Isra and Miraj journey of Prophet Muhammad. Learn about his ascension to the heavens, meeting with prophets, and the significance of this pivotal event in Islamic history.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com