ഒരു പ്രാചീന ക്രൈം ത്രില്ലർ; വസന്തസേനയുടെ ആഭരണം

Mail This Article
വളരെ സമ്പന്നമാണ് ഇന്ത്യയുടെ പ്രാചീന നാടകചരിത്രം. കാളിദാസനും ഭാസനും ഭവഭൂതിയുമൊക്കെ സമ്പന്നമാക്കിയ ഇടം. ഭരതമുനിയുടെ നിയമങ്ങൾക്കനുസരിച്ച് പ്രാചീന ഇന്ത്യയിലെ ആചാര്യൻമാർ നാടകങ്ങൾ ചമച്ചു. ഇക്കൂട്ടത്തിൽ രാജ്യാന്തരവേദികളിൽ പോലും ആഘോഷിക്കപ്പെട്ട നാടകമാണ് മൃച്ഛകടികം. ചെറിയ കളിമൺവണ്ടി എന്നാണ് ഈ വാക്കിന്റെ അർഥം. ഒരു ആധുനിക സിനിമപോലെ ത്രില്ലടിപ്പിക്കുന്നതാണ് ഇതിലെ കഥാസന്ദർഭങ്ങൾ.ഉജ്ജയിനിയിൽ പാലക രാജാവ് ഭരിച്ചിരുന്ന കാലത്ത് ഒരു ദരിദ്രനായ ബ്രാഹ്മണയുവാവ് അവിടെ താമസിച്ചിരുന്നു. ചാരുദത്തനെന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.ധുതയെന്ന ഭാര്യയും രോഹസേനനെന്ന മകനും ചാരുദത്തനുണ്ടായിരുന്നു, ഒപ്പം കൂട്ടിന് വലിയ ദാരിദ്ര്യവും. എങ്കിലും മാന്യത വിടാത്ത പെരുമാറ്റവും സത്യസന്ധതയും ചാരുദത്തന്റെ സവിശേഷതകളായിരുന്നു.
അക്കാലത്ത് ഉജ്ജയിനിയിൽ ജീവിച്ചിരുന്ന ഒരു നർത്തകിയായിരുന്നു വസന്തസേന. അഴകും ബുദ്ധിയും ഒരുപോലെ സമന്വയിച്ച യുവസുന്ദരി. തിളങ്ങുന്ന മുഖവും കടഞ്ഞെടുത്തതുപോലെയുള്ള ശരീരസൗന്ദര്യവും മുട്ടറ്റം നീണ്ട മുടിയുമുള്ള വസന്തസേനയെ ഉജ്ജയിനിയിലെ ചെറുപ്പക്കാർ ആരാധിച്ചിരുന്നു. എങ്കിലും അവളുടെ പ്രണയം ചാരുദത്തനോടായിരുന്നു. ആരുമറിയാതെ അവൾ ചാരുദത്തനെ പ്രണയിച്ചു. എന്നാൽ വസന്തസേനയെ ലാക്കാക്കി രണ്ടു കഴുകൻ കണ്ണുകൾ എപ്പോഴുമുണ്ടായിരുന്നു. പാലക രാജാവിന്റെ ഭാര്യാസഹോദരൻ സംസ്ഥാനകന്റേതായിരുന്നു അവ.ഒരിക്കൽ ഒരു പെട്ടിയിൽ തന്റെ സ്വർണാഭരണങ്ങളുമായി പോകുന്നതിനിടെ സംസ്ഥാനകനും കൂട്ടരും തന്നെ പിന്തുടരുന്നതായി വസന്തസേന അറിഞ്ഞു. അവൾ വഴിയിലൂടെ ഓടി ഒരു വീട്ടിൽ കയറി. യാദൃച്ഛികമെന്നു പറയട്ടേ...ചാരുദത്തന്റെ വീടായിരുന്നു അത്. തന്റെ ആഭരണങ്ങൾ അവിടെ സൂക്ഷിക്കണമെന്നു വസന്തസേന ചാരുദത്തനോട് ആവശ്യപ്പെട്ടു. അദ്ദേഹം അതു സമ്മതിച്ചു. ചാരുദത്തനും ഈ സമയം വസന്തസേനയൽ ആകൃഷ്ടനായിത്തുടങ്ങി.

വസന്തസേനയുടെ അടിമയായിരുന്നു മദനിക എന്നൊരു യുവതി. അവൾ സർവിലകൻ എന്ന കള്ളനുമായി പ്രണയത്തിലായിരുന്നു. അടിമപ്പണം നൽകി മോചിപ്പിച്ചാലല്ലാതെ മദനികയെ തനിക്കു ഭാര്യയാക്കാനൊക്കില്ലെന്ന് സർവിലകൻ മനസ്സിലാക്കി. അവൻ വിലപിടിപ്പുള്ളതെന്തെങ്കിലും മോഷ്ടിക്കാനായി ഇറങ്ങി. അന്നുരാത്രി അവൻ ചെന്നുകയറിയത് ചാരുദത്തന്റെ വീട്ടിലാണ്. വസന്തസേന സൂക്ഷിക്കാനേൽപിച്ച ആഭരണങ്ങൾ അവൻ അപഹരിച്ചുകൊണ്ടുപോയി.പിറ്റേന്ന് മദനിക സർവിലകൻ നൽകിയ ആഭരണങ്ങളുമായി വസന്തസേനയ്ക്കരികിൽ വന്നെത്തി തനിക്കു സ്വാതന്ത്ര്യം നൽകണമെന്ന് അപേക്ഷിച്ചു. തന്റെ ആഭരണങ്ങൾ കണ്ട് വസന്തസേന ഞെട്ടി. എങ്കിലും അവൾ കൂടുതലൊന്നും ചോദിക്കാതെ മദനികയെ സ്വതന്ത്രയാക്കി. ആ സമയം കൊണ്ടു തന്നെ ചാരുദത്തന്റെ ഒരു സന്ദേശവും വസന്തസേനയ്ക്കു ലഭിച്ചു. സൂക്ഷിക്കാനേൽപിച്ച ആഭരണങ്ങൾ ആരോ മോഷ്ടിച്ചു, ക്ഷമ ചോദിക്കുന്നു. നഷ്ടപരിഹാരമായി എന്റെ ഭാര്യയുടെ മാല എടുക്കണം എന്നായിരുന്നു ആ സന്ദേശം. ചാരുദത്തനോടുള്ള വസന്തസേനയുെട പ്രണയം പതിന്മടങ്ങായി. ഇത്രയും ധർമിഷ്ഠനും സത്യസന്ധനുമായ അദ്ദേഹത്തിനെ തനിക്കു സ്വന്തമാക്കണമെന്ന് ചാരുദത്ത തീരുമാനമെടുത്തു. പിറ്റേദിനം വസന്തസേന ചാരുദത്തന്റെ വീട്ടിൽ എത്തി.

ആഭരണങ്ങളും അവൾ പൊതിഞ്ഞു കയ്യിലെടുത്തിരുന്നു. തന്നെ കാമുകിയാക്കണമെന്നു ചാരുദത്തനോട് വസന്തസേന ആവശ്യപ്പെട്ടു. അവളിൽ അനുരക്തനായ ചാരുദത്തൻ അതിനു സമ്മതിച്ചു. ആ സമയമാണ് ഒരു കുട്ടിയുടെ കരച്ചിൽ വസന്തസേന കേട്ടത്. ചാരുദത്തന്റെ പുത്രനായ രോഹസേനനായിരുന്നു അത്. വാത്സല്യത്തോടെ വസന്തസേന കുട്ടിയോടു കാര്യം തിരക്കി. അയൽപക്കത്തെ കുട്ടിക്ക് സ്വർണത്തിൽ തീർത്ത നല്ലൊരു കളിവണ്ടിയുണ്ടെന്നും ദരിദ്രനായ തന്റെ പിതാവിന് കളിമണ്ണിൽ തീർത്ത ഒരു വണ്ടി മാത്രമേ തനിക്കു തരാൻ സാധിച്ചുള്ളൂ എന്നുമായിരുന്നു അവന്റെ ദുഃഖം. തന്റെ മകനല്ലെങ്കിൽ പോലും പ്രണയത്തെക്കാൾ ശക്തമായ ഒരു വികാരം തന്റെ മനസ്സിലേക്ക് എത്തുന്നത് അന്നാദ്യമായി വസന്തസേന അറിഞ്ഞു. മാതൃസ്നേഹമെന്ന വികാരമായിരുന്നു അത്. കുട്ടിയുടെ സങ്കടം തീർക്കാനായി താൻ കൊണ്ടുവന്ന ആഭരണങ്ങൾ മുഴുവൻ അവന്റെ കളിമൺവണ്ടിയിൽ അവൾ നിറച്ചു. പിറ്റേന്നു രാവിലെ വസന്തസേനയെ തിരിച്ചുകൊണ്ടുവിടാനായി ഒരു കുതിരവണ്ടി ചാരുദത്തന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ആ വണ്ടിയിൽ വസന്തസേന കയറി പുറപ്പെട്ടു. എന്നാൽ ചാരുദത്തൻ പറഞ്ഞ വണ്ടിയായിരുന്നില്ല വന്നത്, മറിച്ച് അതു സംസ്ഥാനകൻ ഏർപ്പെടുത്തിയ വണ്ടിയായിരുന്നു.

ആ സമയം പാലക രാജാവിനെ പുറത്താക്കാനായി ചില ശ്രമങ്ങൾ ഉജ്ജയിനിയിൽ നടക്കുകയായിരുന്നു. ആര്യകൻ എന്നയാളായിരുന്നു നേതാവ്. വീട്ടിലേക്ക് എത്തിയ കുതിരവണ്ടിയിലുള്ള വസന്തസേനയെ പ്രലോഭിപ്പിക്കാൻ പല ശ്രമങ്ങളും സംസ്ഥാനകൻ നടത്തി. എന്നാൽ അവൾ ഒന്നിനും വഴങ്ങിയില്ല. അതോടെ ക്ഷുഭിതനായ സംസ്ഥാനകൻ വസന്തസേനയെ ശ്വാസം മുട്ടിച്ചു കൊന്നു. എന്നിട്ട് മൃതശരീരം ഒളിപ്പിച്ചു.
പഴി ചാരുദത്തനു മേൽ വന്നു. രോഹസേനന്റെ കളിവണ്ടിയിൽ വസന്തസേനയുടെ സ്വർണം കണ്ടതായിരുന്നു പ്രധാന തെളിവ്. ചാരുദത്തനു വധശിക്ഷ നൽകാൻ പാലകരാജാവ് ആവശ്യപ്പെട്ടു. വധശിക്ഷ നടപ്പാക്കാൻ പോകുന്നു. പൊടുന്നനെയാണ് ആ അദ്ഭുതം സംഭവിച്ചത്. വസന്തസേന അവിടെ പ്രത്യക്ഷപ്പെട്ടു. സംസ്ഥാനകൻ തന്നെ മൃതപ്രായയാക്കിയെങ്കിലും ഒരു ബുദ്ധസന്ന്യാസി സഹായിച്ചതിനാൽ താൻ ജീവിതത്തിലേക്കു തിരികെ വന്നെന്ന് അവൾ അറിയിച്ചു.

ആ സമയം പാലകരാജാവിനെ പുറത്താക്കി ആര്യകൻ ഉജ്ജയിനിയുടെ അധികാരം പിടിച്ചെടുത്തിരുന്നു. വസന്തസേനയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള പുതിയ സംഭവവികാസങ്ങൾ പുതിയ രാജാവ് നന്നായി പഠിച്ചു. ചാരുദത്തനെ കുറ്റവിമുക്തനാക്കി, സംസ്ഥാനകനു വധശിക്ഷ വിധിച്ചു. എന്നാൽ സംസ്ഥാനകൻ ക്ഷമയാചിച്ചതോടെ ചാരുദത്തന്റെ മനസ്സലിഞ്ഞു. അദ്ദേഹത്തെ വെറുതെ വിടണമെന്ന് ചാരുദത്തൻ രാജാവിനോടു പറഞ്ഞു. ആ ഇച്ഛ ഫലിച്ചു.വസന്തസേനയെയും ചാരുദത്തൻ തന്റെ ഭാര്യയാക്കി. അവൾക്കും ധുതയ്ക്കും മകനുമൊപ്പം ചാരുദത്തൻ ഒരുപാടുകാലം സന്തുഷ്ടനായി ജീവിച്ചു.മൃച്ഛകടികം ധാരാളം രാജ്യാന്തര വേദികളിൽ നാടകമായി പ്രദർശിപ്പിച്ചിട്ടുണ്ട്. അനേകം സിനിമകളും ഇതിനെ അടിസ്ഥാനപ്പെടുത്തി ഇറങ്ങി.