ADVERTISEMENT

പലവട്ടം വിദേശ സ്വാധീനങ്ങൾക്ക് വിധേയപ്പെടേണ്ടിവന്നിട്ടുള്ള ഒരു സഭയാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. ഈ സ്വാധീനങ്ങൾ സഭയുടെ തോളിൽ താങ്ങാനാവാത്ത ഭാരമായി പരിണമിച്ചപ്പോഴെല്ലാം, അതിനടിയിൽപ്പെട്ട് ഞെരിഞ്ഞുപോകാതെ സഭാഗാത്രത്തെ രക്ഷിക്കാൻ ഓരോ ചരിത്ര പുരുഷന്മാർ അതതുകാലത്ത് എഴുന്നേറ്റിട്ടുണ്ട്. 17-ാം നൂറ്റാണ്ടിൽ പറമ്പിൽ തോമാ അർക്കദിയാക്കോനും, 18-ാം നൂറ്റാണ്ടിൽ മാർത്തോമാ അഞ്ചാമനും, 19-ാം നൂറ്റാണ്ടിൽ ചേപ്പാട്ട് മാർ ദിവന്നാസിയോസും എല്ലാം വിദേശ മേൽക്കോയ്മയിൽ നിന്നു സഭയെ രക്ഷിക്കാൻ നിയോഗം ലഭിച്ച പുണ്യാത്മാക്കളായിരുന്നു. 20-ാം നൂറ്റാണ്ടിൽ ഇതേ ദൗത്യം ലഭിച്ച മഹാ പരിശുദ്ധനായിരുന്നു ഗീവർഗീസ് മാർ ദിവന്നാസിയോസ് ആറാമൻ. 

മലങ്കരസഭ പോർച്ചുഗീസ് ആധിപത്യത്തെയും, നവീകരണ ശ്രമങ്ങളെയും നേരിട്ടപ്പോൾ സഭയുടെ നേരേ സഹായഹസ്തം നീട്ടിയ അതേ ശക്തി തന്നെ സഭയുടെമേൽ ഭാരമാവാൻ തുടങ്ങിയപ്പോൾ അതിനെ നിലയ്ക്കു നിർത്താൻ ധൈര്യം കാണിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മാഹാത്മ്യം. 25 വർഷത്തെ തന്റെ ഭരണകാലത്ത് മാനസിക പീഡനങ്ങളും, ഭീഷണികളും, ഒറ്റപ്പെടുത്തലുകളും, മുടക്കുകളും, കോടതിയിലെ പരാജയങ്ങളും, ധനനഷ്‌ടവും എല്ലാം നേരിടേണ്ടിവന്നിട്ടും പാറ പോലെ ഉറച്ചുനിന്നു ആ പിതാവ്. അവസാനം മലങ്കരസഭയ്ക്ക് എന്നും സ്വന്തം കാലിൽ നിൽക്കുവാൻ അത്യാവശ്യമായിരുന്ന കാതോലിക്കേറ്റ് സ്ഥാപനവും, സഭാഭരണം ഒരു വിദേശ ശക്തിയുടെയും ഇടപെടൽ കൂടാതെ അനുസ്യൂതം നിർവഹിക്കുവാൻ പര്യാപതമായ ഒരു ഭരണഘടനയുടെ രൂപീകരണവും വരെ എത്തിച്ചിട്ടാണ് ആ പിതാവ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.

ഡോ. സാമുവൽ ചന്ദനപ്പള്ളി രചിച്ച 'മലങ്കരസഭാ പിതാക്കന്മാർ' എന്ന ബ്രഹദ്‌ഗ്രന്ഥത്തിൽ ഒരു പരാമർശമുണ്ട്. തലച്ചോറ് ചെരിപ്പിനടിയിൽ കൊണ്ടുനടക്കാൻ ഇഷ്‌ടപ്പെടാത്ത ധിഷണാശാലി ആയിരുന്നു മാർ ദിവന്നാസിയോസ് ആറാമൻ. ഏതൊരു കാര്യത്തെക്കുറിച്ചായാലും തന്റെ സ്വന്ത അഭിപ്രായം പ്രകടിപ്പിക്കുന്നതിന് യാതൊരു മടിയും കാണിച്ചിരുന്നില്ല. അപ്രധാനങ്ങളായ മറ്റു കാര്യങ്ങൾക്ക് പ്രാധാന്യം നൽകിയിട്ട് യഥാർത്ഥത്തിൽ പ്രധാനപ്പെട്ടതിനെ അപ്രധാനമായി തള്ളിക്കളഞ്ഞ് അതിലൂടെ മനുഷ്യപ്രീതി സമ്പാദിക്കുവാൻ വെമ്പൽകൊണ്ടിരുന്ന ഒരാളായിരുന്നില്ല അദ്ദേഹം. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ സഭ പുണ്യവാന്മാരുടെ നിരയിലേക്ക് ഉയർത്തുവാൻ തുനിഞ്ഞത്.

വിപ്ലവകരമായ ആശയങ്ങൾ മനസിൽ കൊണ്ടുനടക്കുന്ന അനേകർ കണ്ടേക്കാം. എന്നാൽ അവയിൽ നല്ലൊരുപങ്കും മുള്ളിനിടയിൽ വീണ വിത്തുകളെപ്പോലെ, കൂടുതൽ സ്വാധീനമുള്ളവയുടെ സാന്നിദ്ധ്യത്തിൽ വളരാൻ സാധിക്കാതെ കരിഞ്ഞു പോകുന്നതാണ് ലോകത്ത് സാധാരണ കാണുന്നത്. എന്നാൽ വട്ടശ്ശേരിൽ തിരുമേനി ആ തത്വത്തിന് ഒരു അപവാദമായിരുന്നു. സഭാ ഭരണഘടനയുടെ രൂപീകരണത്തിൽതന്നെ ഈ കാര്യം വ്യക്തമാകുന്നുണ്ട്. ആ പിതാവിന്റെ മുൻഗാമി ദിവന്നാസിയോസ് അഞ്ചാമന്റെ കാലത്തുതന്നെ മെത്രാന്മാരുടെ ഏക നായകത്വം എന്ന പുരാതന തത്വത്തിന് വ്യതിയാനം സംഭവിച്ചിരുന്നു.

കൂട്ടു ട്രസ്റ്റിമാരെ തിരഞ്ഞെടുത്തു കൊണ്ട് അധികാര ശ്രേണിയിൽ മലങ്കര മെത്രാപ്പൊലീത്തായോടൊപ്പം രണ്ടുപേർ കൂടെ 1869 മുതൽ ഭരണത്തിൽ പങ്കാളികളാകുന്നുണ്ട്. ആദ്യകാലങ്ങളിലെല്ലാം ട്രസ്റ്റിമാർക്ക് സഭാഭരണത്തിൽ നാമമാത്രമായ പങ്കാളിത്തം മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിൽപ്പോലും അതുവരെ നിലനിന്നിരുന്ന രീതിയിൽ നിന്ന് വ്യക്തമായ ഒരു വ്യതിയാനമാണ് ഇവിടെ കാണുന്നത്.

ഭരണഘടന രൂപീകരണത്തിന് മുന്നോടിയായി രൂപികരിക്കപ്പെട്ട ഡ്രാഫ്റ്റിങ് കമ്മറ്റിയിലൊന്നും പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി അംഗമായിരുന്നില്ല എങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങൾ വ്യക്തമാക്കിക്കൊണ്ട് ആ പ്രക്രിയയ്ക്ക് ഒരുതരത്തിൽ പറഞ്ഞാൽ നേതൃത്വം വഹിച്ചിരുന്നു. ഭരണപരമായ കാര്യങ്ങളിൽ മെത്രാപ്പൊലീത്തായുടെ അധികാരം നഷ്‌ടപ്പെടുത്താതെ തന്നെ, തീരുമാനമെടുക്കേണ്ടത് സമിതികളാണ് എന്ന ആശയത്തിലേക്കുള്ള മാറ്റമാണ് ഭരണഘടന രൂപീകരണത്തിന്റെ അന്തസത്തയിൽ നമ്മൾ കാണുന്നത്.

1934 ൽ അഗീകരിക്കപ്പെട്ട ഭരണഘടന അദ്ദേഹം സ്വയമായി വിഭാവനം ചെയ്തിരുന്നതിൽ നിന്നും വ്യത്യസ്ഥമായിരുന്നു എങ്കിലും അധികാരങ്ങൾ പങ്കുവയ്ക്കാൻ അദ്ദേഹം തയ്യാറായിരുന്നു എന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. അല്ലായെങ്കിൽ ഇത്രമാത്രം ജനാധിപത്യ മര്യാദകൾ സഭാഭരണഘടനയിൽ ഉണ്ടാകുമായിരുന്നില്ല. എന്തെങ്കിലുമൊക്കെ ന്യൂനതകൾ അതിന് ഉണ്ടായിരുന്നാൽപ്പോലും, ഭാരതത്തിന് ഒരു ഭരണഘടന ഉണ്ടാകുന്നതിന് വർഷങ്ങൾ മുമ്പ് മലങ്കര സഭയ്ക്ക് ഒരു ഭരണഘടന ഉണ്ടായി എന്നത് സഭാമക്കൾക്കെല്ലാം അഭിമാനം നൽകുന്ന കാര്യമാണ്. പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ദീർഘവീക്ഷണം അതിനു പിന്നിലുണ്ട് എന്നതിന് സംശയമില്ല.

ശത്രുക്കളെപ്പോലും വിസ്‌മയിപ്പിക്കുന്ന സ്വഭാവഗുണം അദ്ദേഹത്തിലുണ്ടായിരുന്നു. എല്ലാ തരത്തിലും മലങ്കര സഭയുടെ വളർച്ചയ്ക്കും കെട്ടുറപ്പിനും വേണ്ടി തന്റെ ജീവിതം മാറ്റി വച്ച ആ പിതാവിന്റെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിന്റെ പ്രാർഥനയിൽ നമുക്ക് അഭയപ്പെടാം.

English Summary:

Geevarghese Mar Divannasios VI, the architect of the Malankara Orthodox Syrian Church's constitution, courageously led the church to independence from foreign influence. His 25-year reign, marked by challenges and unwavering faith, solidified his place as a revered saint and leader.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com