പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി മലങ്കര സഭയുടെ ഉജ്ജ്വലനായ ഏലിയാവും വ്യതപരനായ യൂഹാന്നോനും

Mail This Article
കാലത്തിന്റെ കാറ്റും കോളും എത്ര ഏറിയതായാലും പരിശുദ്ധ മലങ്കര സഭയെ നങ്കൂരമിട്ട കപ്പൽ പോലെ ഉറപ്പിച്ചു നിർത്തുന്നത്, ദൈവത്തോട് ആലോചന കഴിക്കുകയും സഭയെ ജീവനേക്കാൾ സ്നേഹിക്കുകയും യാമങ്ങളിൽ ഇടമുറിയാതെ സഭാമക്കൾക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്തുപോന്ന പരിശുദ്ധരായ പിതാക്കൻമാരുടെ നീണ്ട നിരയാണ്. ഇന്നും സഭയെ നയിക്കുന്ന പിതാക്കൻമാർക്കും സഭയുടെ മക്കൾക്കും അവരുടെ കബറിടങ്ങൾ ‘നീതിമാൻമാരുടെ കൂടാരം’ പോലെ ആശ്വാസത്തിന്റെ തീരങ്ങളാണ്.
‘സഭാ ഭാസുരൻ’ പരിശുദ്ധ ഗീവർഗീസ് മാർ ദിവന്നാസിയോസിന്റെ ജീവിതത്തെപറ്റി പഠിക്കുമ്പോൾ ആരാധന ഗീതത്തിലെ ഈരടികൾ ഓർമ വന്നു - 'ഏലിയപോൽ ഉജ്ജ്വലനേ, യൂഹാന്നോൻ പോൽ വ്യതപരനെ, നിന്ന വരിച്ചൊരു സഭ ധന്യ’.
ഏലിയാവിനെപ്പോലെ ഭക്തിവൈരാഗ്യവും തീക്ഷ്ണതയും ഉജ്ജ്വലമായി സൂക്ഷിച്ച വ്യക്തിത്വമായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി. കണ്ണുനീരൊടെയുള്ള പ്രാർഥന, ഉപവാസം, വൃതനിഷ്ഠ എന്നിവയിൽ ആ പിതാവ് കാർക്കശ്യം പുലർത്തി. തന്നെ എതിർത്ത് ഇല്ലാതെയാക്കാൻ ശ്രമിച്ചവർപ്പോലും ഒടുവിൽ അവരുടെ ശ്രമം ഉപേക്ഷിച്ച ചരിത്രം വിസ്മരിക്കാനാവുമോ?
ആ പരിശുദ്ധ ജീവിതത്തിൽ നാം ദർശിക്കുന്ന ചില ശ്രേഷ്ഠതകൾ ഉണ്ട്.
1. ദീര്‍ഘദർശനം : തന്റെ സഭയെപ്പറ്റിയും സഭയുടെ മക്കളുടെ നന്മകളും വരും കാലങ്ങളിൽ സഭയുടെ കൊമ്പ് ഉയരുവാൻ ദൈവകൃപയിൽ കാലാന്തരങ്ങൾ കടന്നും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത പിതാവായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി. പൗരോഹിത്യത്തിലേക്കും സഭയുടെ നേതൃത്വത്തിലേക്കും അനേകരെ കൈക്കു പിടിച്ചു കൊണ്ടുവന്ന പിതാക്കൻമാർ സഭയ്ക്കുണ്ടായിരുന്നു. തന്റെ ജീവകാലം പ്രതിസന്ധികൾ ഇല്ലാതെ എങ്ങനെ എങ്കിലും സഭയെ നയിക്കണം എന്നല്ല, തന്റെ ദൈവജനത്തെ കരുത്തോടെ വരും കാലങ്ങളിലും മേയിച്ചു ഭരിക്കുവാൻ ആവശ്യമായവയെ കരുതിവച്ച പിതാവായിരുന്നു ‘സഭാ ഭാസുരൻ’. 1934 ലെ ഭരണഘടന അതിൽ ഒന്നു മാത്രമായിരുന്നു.
2. കണ്ണുനീരോടെയുള്ള പ്രാർഥന
താൻ ആയിരിക്കുന്ന ഇടങ്ങളിലൊക്കെയും ദൈവാശ്രയത്തിൽ ജീവിച്ച പിതാവായിരുന്നു വട്ടശ്ശേരിൽ തിരുമേനി. യാമങ്ങൾ തോറും കണ്ണീരോടെ തന്റെ ജനത്തിനു വേണ്ടി ഇടമുറിയാതെ ദൈവസന്നിധിയിൽ പ്രാർഥന കഴിച്ച പിതാവിന്റെ ജീവിതം നമുക്ക് സുഗന്ധമൂറുന്ന ഓർമയാണ്. ആ പരിശുദ്ധമായ പ്രാർഥനകളും കണ്ണുനീരുകളും ഇന്നും സഭാനൗകയെ തളരാതെ, സ്വാതന്ത്ര്യത്തിന്റെ തിരിനാളം കെടാതെ തലമുറകളിലേക്ക് പകരാൻ കരുത്തുള്ളതായിരുന്നു.
3. സാമൂഹിക കടമകൾ
ഒരാൾ ജീവിക്കുന്ന സമൂഹത്തിന്റെ സ്പന്ദനങ്ങൾ അറിയുകയും സഹജീവിയുടെ കണ്ണു കലങ്ങുകയും ഹൃദയം വിങ്ങുകയും ചെയ്യുന്നത് തിരിച്ചറിയുകയും അത് നമ്മുടെ സങ്കടങ്ങളായി പരിവർത്തനം ചെയ്യുകയും ചെയ്യുന്ന പച്ചയായ മനുഷ്യനു മാത്രമേ സമൂഹത്തില്‍ മാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയുകയുള്ളൂ. യഥാർഥത്തിൽ ഇങ്ങനെയുള്ള സമൂഹത്തിന്റെ കൂടെയുള്ളവരുടെയും നൊമ്പരങ്ങൾ അറിഞ്ഞ പിതാവായിരുന്നു പരിശുദ്ധനായ വട്ടശ്ശേരിൽ തിരുമേനി.
‘ഭാസുരൻ’ എന്നാൽ ‘സൂര്യൻ’. ഊർജ സ്രോതസ്സും നിത്യമായ കര്‍മനിർവഹണവും സൂര്യന്റെ പ്രത്യേകതയിൽ ചിലതാണല്ലോ. ഏലിയാവിനെപ്പോലെ സ്തുതി ചൊവ്വാക്കപ്പെട്ട വിശ്വസത്യങ്ങൾക്കു വേണ്ടി ഉജ്ജ്വലതയോടെ ശോഭിച്ച സൂര്യനെപ്പോലെ തലമുറകൾക്ക് ആശ്രയിക്കാൻ കഴിയുന്ന സൂര്യപ്രഭയിൽ ഒളിമങ്ങാതെ ആ ഓർമ ദീപ്തമായി തീരട്ടെ.
‘നീതിമാന്റെ ഓർമ വാഴ്‌വിനായി തീരട്ടെ’