പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ്: മലങ്കരയുടെ ഭാസുര താരം

Mail This Article
മലങ്കര ഓർത്തഡോക്സ് സഭയുടെ ആത്മാവിനെ വിശുദ്ധിയുടെ ദിവ്യ കിരണങ്ങളാൽ എല്ലാ അർത്ഥത്തിലും പ്രശോഭിപ്പിച്ച മലങ്കരയുടെ ഭാസുര താരമാണ് ‘സഭാ ഭാസുരൻ’ എന്ന് സഭ ഉദ്ഘോഷിക്കുന്ന പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ്. വിശ്വാസ സംരക്ഷകനും, മലങ്കര സഭയുടെ അതിരുകളെ ഭരണക്രമീകരണത്തിന്റെ അന്തസ്സുറ്റ കോട്ട കെട്ടി സംരക്ഷിച്ച കാവൽ ഭടനും, സർവ്വോപരി ധീരോദാത്ത വിശുദ്ധനുമായ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസിന്റെ 91-ാം ഓർമ്മപ്പെരുന്നാൾ പരിശുദ്ധ സഭ കൊണ്ടാടുകയാണ്. കാലങ്ങൾക്കിപ്പുറവും ചോർന്നു പോകാത്ത വിശ്വാസ തീഷ്‌ണത സഭാമക്കളിൽ നിലനിർത്തുവാൻ പരിഹാസവും, നിന്ദയും, ശിരസ്സാ വഹിച്ച് സഭാ നൗകയെ സത്യം, നീതി, സമാധാനം എന്നീ ദൈവരാജ്യ പ്രമാണങ്ങളിലൂന്നി അടിപതറാതെ നയിച്ച ഇടയ ശ്രേഷ്ഠനാണ് പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി.

സ്വജീവിത സൗഭാഗ്യങ്ങളെ അടിയറവച്ച് സഭാ സ്വാതന്ത്ര്യത്തെ നിലനിർത്തുവാൻ പ്രതിസന്ധികളെ ദൈവീക പദ്ധതികളാക്കി മാറ്റുകയും, പരിശുദ്ധ സഭയ്ക്കപ്പുറം തനിക്ക് മറ്റ് യാതൊരു ലക്ഷ്യങ്ങളുമില്ല എന്ന് ഓരോ ചുവടുകളിലും തെളിയിച്ച കർമ്മ കുശലനായിരുന്നു സഭാഭാസുരൻ. ശത്രുവിന്റെ കെണികളെ നന്നായി തിരിച്ചറിയുവാനുള്ള ആത്മവരം അദ്ദേഹം പ്രാപിച്ചിരുന്നു. അതുകൊണ്ട് കാപട്യത്തിന്റെ മൂടുപടമണിഞ്ഞ ശത്രുവിന്, അവന്റെ കെണികളിൽ അദ്ദേഹത്തെ വീഴിക്കുവാൻ അത്ര എളുപ്പമായിരുന്നില്ല. വീണുപോകാതിരിക്കുവാൻ താപസ ശ്രേഷ്ഠനായ തന്റെ ഗുരു പരിശുദ്ധ പരുമല തിരുമേനിയെപ്പോലെ അദ്ദേഹം ദൈവത്തെ മുറുകെ പിടിക്കുകയും, ആരാധനയിലും, പ്രാർത്ഥനയിലും, ഉപവാസത്തിലും, കണ്ണുനീരിലും സ്വജീവിതത്തെ സ്ഫുടം ചെയ്തെടുക്കുകയും ചെയ്തു. ‘മതോപദേശസാരങ്ങൾ’ എന്ന മഹത് ഗ്രന്ഥം വഴി ‘സത്യസഭയുടെ സത്യവിശ്വാസം സകലധനത്തെക്കാളും ശ്രേഷ്‌ഠം’ എന്ന് നമ്മെ പഠിപ്പിച്ച മഹത് ഗുരുവാണ് പരിശുദ്ധ വട്ടശ്ശേരിൽ ദിവന്നാസിയോസ് തിരുമേനി.
അന്ധകാരം നിറഞ്ഞ ഇന്നത്തെ നമ്മുടെ ജീവിത പരിസരങ്ങളെ നന്മയുടെയും വിശുദ്ധിയുടെയും പൊൻ പ്രകാശം കൊണ്ട് ഭാസുരമാക്കുവാൻ സഭാഭാസുരന്റെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളും പരിശുദ്ധന്റെ മധ്യസ്ഥതയും മുഖാന്തിരമാകട്ടെ. അദ്ദേഹത്തിന്റെ അഭൗമസാന്നിധ്യം കുടികൊള്ളുന്ന കോട്ടയം പഴയ സെമിനാരി ചാപ്പൽ വിശ്വാസികളുടെ ആശ്വാസ സങ്കേതമായി പരിലസിക്കട്ടെ. വിശുദ്ധന്റെ പെരുന്നാൾ ദേശത്തിന്റ പ്രകാശോത്സവമായി പരിണമിക്കട്ടെ.