വട്ടശ്ശേരില്‍ തിരുമേനി: തീച്ചൂളകളില്‍ സ്ഫുടം ചെയ്യപ്പെട്ട വിശുദ്ധന്‍

Mail This Article
പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മലങ്കരസഭാ ഗാത്രത്തിലെ ദീപ്ത സ്മരണയാണ്. സ്വാതന്ത്ര്യദാഹം മനുഷ്യസഹജമാണ്. എന്നാല്‍ ഈ സ്വപ്നസാക്ഷാത്ക്കാരത്തിനായി അഗ്നിച്ചൂളകളുടെ നടുവിലൂടെ പ്രയാണം ചെയ്യുന്നവര്‍ അംഗുലീപരിമിതമാണ്. ദര്‍ശനത്തിന്‍റെയും തപോനിഷ്ഠയുടെയും പ്രാര്‍ത്ഥനയുടെയും കരുത്താര്‍ജ്ജിച്ചവര്‍ക്കു മാത്രമേ ഇത്തരം നിയോഗങ്ങള്‍ ഏറ്റെടുക്കുവാന്‍ കഴിയുകയുള്ളൂ. വര്‍ത്തമാനകാല ജീവിത ദര്‍ശനങ്ങളില്‍ സുരക്ഷിതത്വത്തിന്‍റെ ഇടങ്ങളെ പ്രണയിക്കുന്നവരും, സകലത്തോടും വിധേയപ്പെടുന്നവരും നിശബ്ദതയും ഒളിച്ചോട്ടവും പതിവു ശൈലികളാക്കി മാറ്റുന്നവരും ഉണ്ടാകാം. ഇത്തരം മുഖംമൂടികള്‍ വിദഗ്ധമായി ധരിക്കപ്പെടാം എന്നതിനാണ് ഈ തലമുറയുടെ അന്വേഷണം.
ഹാഗിയോഗ്രാഫി വിശുദ്ധരുടെ സഞ്ചാരപഥങ്ങളാണ്. മൗനിയാകുന്നവര്‍ മാത്രമല്ല വിശുദ്ധര്‍. മൗനത്തില്‍ നിന്ന് സ്ഫുടം ചെയ്യപ്പെട്ട് പ്രവാചക ശബ്ദം ഉയര്‍ത്തുന്നവന്‍ കൂടിയാണ് വിശുദ്ധന്‍. മലങ്കര സഭയെ ഇടത്താവളമാക്കുവാന്‍ ആഗ്രഹിച്ചവര്‍ക്കുനേരെ ഉയര്‍ന്ന സിംഹഗര്‍ജ്ജനം പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടേതായിരുന്നു. നിലപാടുകള്‍ക്കുവേണ്ടി കാര്‍ക്കശ്യത്തോടെ നിലകൊള്ളുമ്പോഴും അനുരഞ്ജനത്തിനുവേണ്ടി ഭൂമിയോളം താഴുവാന്‍ സദാ സന്നദ്ധനായിരുന്നു. തന്‍റെ സ്താത്തിക്കോന്‍ സമര്‍പ്പണവേളയില്‍ ഈ നിലപാടുകളുടെ രാജകുമാരന്‍റെ സുന്ദരചിത്രം വെളിവാകുന്നു. പിന്തുടര്‍ച്ചക്കാരന്‍ എന്ന നാമം വെട്ടി സഹായക്കാരന്‍ എന്ന് എഴുതുവാനുള്ള പരിശ്രമങ്ങളെ എത്ര ധീരമായാണ് പരിശുദ്ധ പിതാവ് പ്രതിരോധിക്കുന്നത്. ഈ പ്രതിരോധമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. കനല്‍വഴികളെ സ്വീകരിക്കേണ്ടിവന്നാലും അടിമയാകാനില്ല എന്ന ധീരമായ നിലപാട്. വ്യക്തിപരമായി ലഭിക്കപ്പെടാവുന്ന സാധ്യതകളെ തള്ളിക്കളഞ്ഞ ഒരു ജനതയുടെ സ്വാതന്ത്ര്യദാഹത്തിന്‍റെ പ്രതീകമായി മാറിയ പരിശുദ്ധന്‍.
"നടന്നുതുടങ്ങിയ ഒരാളും നടന്നു നീങ്ങാത്ത ഒരാളും തമ്മിലുള്ള ദൂരം സഞ്ചാരത്തിന്‍റെ ദൂരം മാത്രമല്ല അനുഭവത്തിന്‍റെ ദൂരം കൂടിയാണ്. നടന്നുതുടങ്ങിയ നിമിഷത്തിലറിയാം യഥാര്‍ത്ഥ പോരാളിക്ക് തന്‍റെ പാതയെപ്പറ്റി. കല്ലും വളവും പര്‍വ്വതങ്ങളും അവനെ തളര്‍ത്തുകയില്ല. തലചായ്ക്കാനിടയില്ലാത്ത ദുരിതങ്ങള്‍ കൂടെയുണ്ടാവാം. ഉറക്കമില്ലായ്മകളുണ്ടാവാം. അവന് പരാതികളില്ല. യഥാര്‍ത്ഥ പോരാളിക്കറിയാം ഈ വഴി ദൈവത്തിന്‍റേതാണ്". പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയെപ്പറ്റി അന്വര്‍ത്ഥമാകുന്ന വാക്കുകളാണിവ.
സത്യത്തിന് കാവല്‍ നില്‍ക്കുക പരിപാവനമായ ആത്മീയ ദൗത്യമാണ്. സത്യം എന്ന പദം തന്നെ വിചാരണ ചെയ്യപ്പെടുന്ന ലോകത്താണ് നാം ജീവിക്കുന്നത്. നമ്മുടെ അന്വേഷണങ്ങള്‍ സത്യാനന്തര വിശുദ്ധിയെപ്പറ്റിയാണ്. വ്യാജത്തിന്‍റെ പതിപ്പുകളെ സത്യത്തിന്‍റെ പേരിലവതരിപ്പിക്കുന്ന സമീപശൈലികളോടാണ് വിശുദ്ധനായ വട്ടശ്ശേരില്‍ തിരുമേനി നടത്തിയ പോരാട്ടങ്ങള്‍. വധഭീഷണികളുടെയും, കാലുമാറ്റങ്ങളുടെയും, ഭരണകൂട ഭീഷണികളുടെയും നടുവില്‍ സത്യത്തിന്‍റെ വിശുദ്ധിയ്ക്കായി ഇമചിമ്മാതെ കാവല്‍ നിന്ന് മലങ്കരയുടെ മഹിതാചാര്യന്‍ ധീരോധാത്ത വിശുദ്ധനാണ്.
ഈ പുണ്യപിതാവിന്‍റെ ക്രാന്തദര്‍ശനങ്ങള്‍ മലങ്കരയുടെ ചരിത്രത്തില്‍ പകര്‍ന്ന ആത്മവിശ്വാസം അക്ഷരങ്ങളില്‍ ആവാഹിക്കുക ദുഷ്ക്കരമാണ്. ജനാധിപത്യത്തെയും എപ്പിസ്ക്കോപ്പസിയെയും സംയോജിപ്പിച്ചുകൊണ്ട് സുസ്ഥിരമായ ഭരണം മലങ്കരയില്‍ ഉറപ്പാക്കുവാന്‍ തിരുമേനി ആഗ്രഹിക്കുകയും പ്രയത്നിക്കുകയും ചെയ്തു. ഭരണപരമായ സ്ഥിരതകളാണ് കൊളോണിയല്‍ നുഴഞ്ഞുകയറ്റത്തിന്‍റെ അവസരമെന്ന് തിരിച്ചറിഞ്ഞ പരിശുദ്ധന്‍ അത്തരം സാദ്ധ്യതകളെ ഇല്ലാതെയാക്കാന്‍ പരിശ്രമിച്ചതിന്‍റെ നിത്യസ്മരണയാണ് 1934 ലെ ഭരണഘടന. നീതിപീഠങ്ങള്‍ കാവല്‍ നിന്ന, കുതന്ത്രങ്ങള്‍ക്ക് മായിച്ചുകളയാന്‍ കഴിയാത്ത മലങ്കരയുടെ രജതരേഖയായി ഈ ഭരണഘടന ഇന്നും പരിലസിക്കുന്നു.
നല്ല വാക്കുകള്‍ മാത്രമല്ല നല്ല നിലപാടുകള്‍ കൂടിയാണ് സ്വാതന്ത്ര്യത്തിലേക്കുള്ള വഴി തുറക്കുന്നത്. ദൈവത്താല്‍ നയിക്കപ്പെടുന്ന സഞ്ചാരിക്കേ സമര്‍പ്പിതനാകാന്‍ കഴിയുകയുള്ളൂ. തന്‍റെ യാത്ര ഒരു കല്ലേറുദൂരത്താണ് എന്ന് തിരിച്ചറിയുമ്പോഴും ധീരരായ യാത്രക്കാര്‍ക്കറിയാം താന്‍ സഞ്ചരിക്കുന്നതും തന്‍റെ ജനതയെ കൊണ്ടെത്തിക്കുന്നതും വിമോചനത്തിന്‍റെ പൊന്‍ പുലരിയിലേക്കാണെന്ന്. അപരനുവേണ്ടി ജീവിക്കുകയും ലോകത്തിനുവേണ്ടി സ്വപ്നം നെയ്യുകയും ചെയ്യുന്നവര്‍ അവധാനതയോടും സ്നേഹത്തോടും ഏറ്റുവാങ്ങുന്ന തലവരകള്‍ ഉണ്ട്. ഈ തലവരകള്‍ വ്യക്തിജീവിതത്തില്‍ അസ്വസ്ഥതകള്‍ കോറിയിടാമെങ്കിലും തലമുറയ്ക്ക് സ്വാതന്ത്ര്യത്തിന്‍റെ വെള്ളി വെളിച്ചം വിതറുക തന്നെ ചെയ്യും. മലങ്കരസഭയുടെ ചരിത്രത്തിലെ പകരക്കാരനില്ലാത്ത നാമവും സാന്നിദ്ധ്യവുമാണ് പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനി.