അടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക്

Mail This Article
പരിശുദ്ധ ഗീവർഗീസ് മാർ ദിവന്നാസിയോസ് ഭരിച്ച 1908 മുതല്‍ 1934 വരെയുള്ള കാല്‍ ശതാബ്ദം മലങ്കര സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ കാലഘട്ടം ആയിരുന്നു. മരണത്തെപ്പോലും അഭിമുഖീകരിക്കേണ്ടിവന്ന അവസ്ഥകള്‍ ഈ കാലയളവില്‍ അദ്ദേഹത്തിനുണ്ടായി. മലങ്കര സമുദായത്തെ സമര്‍ത്ഥമായി നയിച്ച അദ്ദേഹത്തെ സ്മരിക്കുന്നതിനു ഏറെക്കാലം കഴിയേണ്ടി വന്നു എന്നത് ഒരു ദു:ഖസത്യമാണ്. പരിശുദ്ധ തിരുമേനി കാലം ചെയ്തു കാല്‍നൂറ്റാണ്ടിനുശേഷമായിരുന്നു സെഡ്. എം. പാറേട്ടിലൂടെ ആ കുറവ് പരിഹരിക്കപ്പെട്ടത്. ബ്രഹ്മാണ്ഡങ്ങളായ 4 വാല്യങ്ങളായിരുന്നു മലങ്കര നസ്രാണികള്‍ എന്ന സീരീസിലൂടെ അദ്ദേഹം എഴുതി ക്രോഡീകരിച്ചു പ്രസിദ്ധീകരിച്ചത്.

രണ്ടായിരം വര്‍ഷത്തെ പാരമ്പര്യം പേറുന്ന ഈ സഭയുടെ സ്വാതന്ത്ര്യത്തെ വലിച്ചു ദൂരത്തെറിഞ്ഞ് ഒരു പുതിയ അടിമവ്യവസ്ഥിതി സൃഷ്ടിക്കാന്‍ സുശക്തമായ ശ്രമം ഭൂതകാലത്തു പലപ്പോള്‍ ഉണ്ടായപ്പോഴും ഓരോ കാലത്തിലും ഈ ജനതയ്ക്കാവശ്യമായ നേതൃത്വം നല്‍കുന്നതിനു വേണ്ട ആളെയോ ആളുകളെയോ ദൈവം ഉയര്‍ത്തിയിരുന്നു. മാര്‍ത്തോമ്മാശ്ലീഹാ സുവിശേഷം അറിയിച്ച മലങ്കരയെ കേവലം ഒരു ’ഇടവക’യുടെ നിലയിലേക്ക് ഇടിച്ചു താഴ്ത്തുക എന്നുള്ള ഗൂഢലക്ഷ്യത്തെ മനസ്സിലാക്കുവാനുള്ള സാമര്‍ത്ഥ്യവും, തങ്ങളുടെ ജന്മാവകാശം സംരക്ഷിക്കുന്നതിന് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ വേണ്ട കഴിവും തന്‍റെ ജനതയെ നേരായ പാതയില്‍ നയിക്കുന്നതിനും അവരെ ക്രമപ്പെടുത്തുന്നതിനും പരിശുദ്ധ തിരുമേനിക്ക് സാധിച്ചു.
പേര്‍ഷ്യന്‍ മേലദ്ധ്യക്ഷന്മാരുടെ ആത്മീകനേതൃത്വത്തില്‍ അര്‍ക്കദിയാക്കോന്‍ അല്ലെങ്കില്‍ ജാതിക്കു കര്‍ത്തവ്യനില്‍ നിക്ഷിപ്തമായിരുന്ന ദൈവീക മേലദ്ധ്യക്ഷ സ്ഥാനം മാര്‍ത്തോമ്മാ എന്ന നാമധേയത്തിലൂടെ വളര്‍ന്നു മലങ്കര മെത്രാപ്പൊലീത്തയായി അതിനെ കാതോലിക്കേറ്റിന്‍റെ സ്ഥാപനത്തിലൂടെ പൂര്‍ണ്ണതയില്‍ പൂര്‍ത്തിയാക്കുന്നതിനും പരിശുദ്ധ തിരുമേനിക്ക് സാധിച്ചു.കോട്ടയം എം. ഡി. സെമിനാരി സ്ഥാപകൻ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസാണ് മലങ്കര സമുദായത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലേക്ക് ആനയിച്ചത്. തിരുവല്ലാ എം. ജി. എം ഹൈസ്കൂള്‍ സ്ഥാപിച്ച പരിശുദ്ധ പരുമല മാര്‍ ഗ്രീഗോറിയോസും അദ്ദേഹത്തിന്‍റെ ഹ്രസ്വമായ ജീവിതകാലത്ത് ആ വക പ്രവര്‍ത്തനങ്ങളില്‍ ഉത്സുകരായിരുന്നു.

എന്നാല്‍ നാടിന്‍റെ നാനാഭാഗങ്ങളിലും വിദ്യാലയങ്ങള്‍ സ്ഥാപിച്ച് ഒരു എം. ഡി. സ്കൂള്‍ ശൃഖല സൃഷ്ടിച്ചതും നമ്മുടെ വനിതകളുടെ ആത്മികവും സാമൂഹികവുമായ പുരോഗതിയെ ലക്ഷ്യമാക്കി ഇന്ന് അനേകമനേകം ശാഖകളിലൂടെ പ്രവര്‍ത്തിച്ചു വരുന്ന മര്‍ത്തമറിയം വനിതാസമാജം ജന്മമെടുത്തതും മലങ്കര സഭയിലെ ആധുനിക കാലഘട്ടത്തിലെ സന്യാസ പ്രസ്ഥാനങ്ങളുടെ ഉത്ഭവവും ഈ സ്മര്യപുരുഷന്‍റെ കാലത്താണ്. മലങ്കര സഭയ്ക്ക് ഒരു ഭരണഘടന എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവും ഇദ്ദേഹമായിരുന്നു. പരിശുദ്ധ പിതാവിന്‍റെ മധ്യസ്ഥത നമുക്ക് കോട്ടയും കാവലുമാകട്ടെ.