ശാന്തിയും ഐക്യവും ഐശ്വര്യവും

Mail This Article
മലങ്കര സഭയില്‍ ഐശ്വര്യവും സ്വാതന്ത്ര്യവും ഐക്യവും സമാധാനവും പുനസ്ഥാപിക്കുന്നതിനായി അക്ഷീണം യത്നിച്ച മഹാത്മാവായിരുന്നു പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് (1858-1934). സഭയില്‍ സമാധാന സ്ഥാപനത്തിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ വെളിപ്പെടുന്ന മഹത്തായ രചനകളാണ് മര്‍ദ്ദീന്‍ യാത്രാവിവരണവും (1923) സര്‍ക്കുലര്‍ കല്പനയും (1924) അന്ത്യസന്ദേശവും (1933). ഇവ സെഡ്. എം. പാറേട്ടിന്‍റെ വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസ് (മലങ്കര നസ്രാണികള്‍ വാല്യം IV, 1965) എന്ന കൃതിയില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. മലങ്കര സഭയില്‍ സമാധാന സ്ഥാപനത്തിനായി 1923 ജൂണ്‍ 23-ന് കുണ്ടറയില്‍ നിന്നും മര്‍ദ്ദീനിലേക്ക് 37 ദിവസം യാത്രചെയ്ത് അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന്‍റെ അടുക്കല്‍ എത്തി 67 ദിവസം താമസിച്ച വട്ടശ്ശേരില്‍ തിരുമേനി, തിരിച്ചെത്തിയശേഷം മര്‍ദ്ദീനില്‍ നടന്ന സംഭവങ്ങള്‍ വിശദീകരിച്ച് സഭാംഗങ്ങള്‍ക്കായി പരുമല സെമിനാരിയില്‍ നിന്നും 1924-ല്‍ (1099 മകരം 9-ന്) എഴുതിയ ദീര്‍ഘമായ സര്‍ക്കുലര്‍ കല്പനയില്‍ സഭാ സമാധാനത്തിനായി വട്ടശ്ശേരില്‍ തിരുമേനി നടത്തിയ പരിശ്രമങ്ങള്‍ ദീര്‍ഘമായി പ്രതിപാദിക്കുന്നു.
മലങ്കര സഭയില്‍ സഭാസമാധാനത്തിനായി വട്ടശ്ശേരില്‍ തിരുമേനിയുടെ ദര്‍ശനം വിളംബരം ചെയ്യുന്ന മറ്റൊരു പ്രാമാണികരേഖയാണ് കോട്ടയം പഴയസെമിനാരിയില്‍ നിന്ന് 1933-ല്‍ (1109 കുംഭം 11-ന്) എഴുതിയ അന്ത്യസന്ദേശം. ഇവയില്‍ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനി മലങ്കര സഭാ സമാധാനത്തിനായി നടത്തിയ ശ്രമങ്ങളും സമാധാന ദര്‍ശനങ്ങളും വ്യക്തമായി അവതരിപ്പിക്കുന്നു. മലങ്കരസഭയില്‍ സമാധാനവും ഐക്യവും ഐശ്വര്യവും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് വട്ടശ്ശേരില്‍ തിരുമേനി ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത്. വട്ടശ്ശേരില്‍ തിരുമേനിയുടെ സഭാദര്‍ശനത്തിന്‍റെ അടിത്തറ സഭാസമാധാനം ആയിരുന്നു. സത്യത്തിലും നീതിയിലും തത്വത്തിലും അധിഷ്ഠിതമായ സമാധാനദര്‍ശനമാണ് വട്ടശ്ശേരില്‍ തിരുമേനി മുറുകെ പിടിച്ചിരുന്നത്. മലങ്കര സഭയില്‍ സമാധാനവും ഐശ്വര്യവും പുനരൈക്യവും സൃഷ്ടിക്കുന്നതിനായി അഹോരാത്രം യത്നിച്ച വട്ടശ്ശേരില്‍ തിരുമേനിയുടെ മലങ്കര സഭാ സമാധാന ദര്‍ശനങ്ങള്‍ അന്ത്യകല്പനയിലും ഹൃദ്യമായി അവതരിപ്പിക്കുന്നു.

1. നമ്മുടെ പിതാക്കന്മാര്‍ വളരെ നിരാശയോടും ദണ്ഡത്തോടും കൂടി നടത്തിയ പല വഴക്കുകളും തര്‍ക്കങ്ങളും എത്രയും നിസ്സാരങ്ങളും ബുദ്ധിശൂന്യങ്ങളുമായി നമുക്കിപ്പോള്‍ തോന്നുന്നു. ഭാവിതലമുറയിലെ ആളുകളും ഇവ നിസാരങ്ങളും ബുദ്ധിശൂന്യങ്ങളുമായവ എന്ന് വിധിക്കാനിടയുണ്ട്.
2. ഈ പാവപ്പെട്ട സഭ ഛിന്നഭിന്നമായി തീരാതിരിക്കുവാനായി സകല വാശികളും വഴക്കുകളും ഉപേക്ഷിച്ചു സഭയുടെ യോജിപ്പിനായി യഥാര്‍ഥമായ സ്വാര്‍ത്ഥ പരിത്യാഗത്തോടുകൂടി സര്‍വ്വാത്മനാ പ്രയത്നിക്കണം.
3. നമ്മുടെ അസ്ഥികള്‍ നമ്മുടെ പിതാക്കന്മാരുടെ അസ്ഥികളോട് ചേര്‍ന്ന ശേഷവും നമ്മുടെ എളിയ സഭയുടെ യോജിപ്പിനായി സകല വാദങ്ങളും വഴക്കുകളും മറന്നു പ്രവര്‍ത്തിക്കുവാനുള്ള സല്‍ബുദ്ധി നിങ്ങളില്‍ നിലനില്‍ക്കണമെന്നുള്ള നമ്മുടെ ബലഹീനമായ പ്രാർഥന എപ്പോഴും ദൈവസന്നിധിയില്‍ അര്‍പ്പിക്കപ്പെടുന്നതാണെന്ന് നിങ്ങള്‍ വിശ്വസിച്ചുകൊള്ളണം.
4. ഒരേ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവുമെങ്കിലും നമ്മുടെ സഭയില്‍ നിന്നും പിരിഞ്ഞു പോയിട്ടുള്ള സഹോദര സമുദായങ്ങളുമായി യോജിപ്പുണ്ടാക്കണമെന്നു നമ്മുടെ ഹൃദയത്തിന്‍റെ അഗാധത്തില്‍ വളരെക്കാലമായി വേരൂന്നിയിരുന്ന ആഗ്രഹം സഫലീകരിപ്പാനായി സര്‍വ്വപ്രകാരേണ പരിശ്രമിക്കണമെന്നുള്ളതും നമ്മുടെ അവസാന ശ്വാസത്തോടുകൂടി നിങ്ങളെ നാം ഭരമേല്പിക്കുന്ന ഒരു ചുമതലയും ഭാരവുമായി നിങ്ങള്‍ സ്വീകരിക്കണം.
5. നമ്മുടെ സഭയുടെ നിലനില്‍പ്പിനും ക്ഷേമത്തിനും മേല്‍ഗതിക്കും അത്യാവശ്യമായ... കാതോലിക്കാ സ്ഥാപനത്തെ പുലര്‍ത്തികൊണ്ടു പോകുവാനുള്ള ചുമതല നാം നിങ്ങളില്‍ ഓരോരുത്തരിലും സമര്‍പ്പിച്ചുകൊള്ളുന്നു.
പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനി മലങ്കര മെത്രാപ്പൊലീത്തായായി സ്ഥാനമേറ്റശേഷം ഉണ്ടായ വ്യവഹാരങ്ങള്‍ ശക്തിപ്പെടുന്നത് 1911 ജൂണ്‍ 8 ലെ മുടക്കു കല്പനയോടുകൂടിയാണ്. വട്ടശ്ശേരില്‍ തിരുമേനിയുടെ കാലത്ത് രണ്ട് പതിറ്റാണ്ടിലധികം നീണ്ട വ്യവഹാരങ്ങളില്‍ (1911-1934) ഉണ്ടായ ഹൃദയവേദനയാണ് അന്ത്യസന്ദേശം രേഖപ്പെടുത്തിയിരിക്കുന്നത്. മലങ്കര സമുദായ ചരിത്രത്തില്‍ അത്യധികം വിഷമകരമായ ഒരു ഘട്ടത്തില്‍ ഈ സഭയുടെ ഭരണചുമതല അനേകതരം ബലഹീനതകളോടും അയോഗ്യതകളോടും കൂടി നാം വഹിക്കണമെന്നാണ് ദൈവം തിരുമനസായത് എന്ന് അന്ത്യകല്പനയുടെ ആമുഖത്തില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

ദീര്‍ഘകാലം മലങ്കര സഭയില്‍ കോടതി വ്യവഹാരങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും നേതൃത്വം നല്‍കിയ വട്ടശ്ശേരില്‍ തിരുമേനിക്ക് ജീവിതാന്ത്യത്തില്‍ വഴക്കുകളും തര്‍ക്കങ്ങളും നിസ്സാരങ്ങളും ബുദ്ധിശൂന്യങ്ങളുമായി തോന്നി. ഭാവിതലമുറയ്ക്കും അപ്രകാരം തന്നെ തോന്നുമെന്ന് അദ്ദേഹം പറയുന്നുണ്ട്. അതിനാല്‍ സഭയുടെ യോജിപ്പിനായി സ്വാര്‍ത്ഥപരിത്യാഗത്തോടുകൂടി സര്‍വ്വാത്മനാ പ്രയത്നിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. മലങ്കര സഭാകേസില്‍ കോടതി വ്യവഹാരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അതോടൊപ്പം സന്ധി ആലോചനകള്‍ നടത്തുകയും ചെയ്ത വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസ് ആദ്യന്തികമായി സഭാസമാധാനത്തിനായി അക്ഷീണം യത്നിച്ചു. എന്നാല്‍ സഭയുടെ ചരിത്രതാളുകളില്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ സഭാസമാധാനത്തിന്‍റെ വക്താവ് എന്ന ചിത്രം തമസ്കരിക്കപ്പെട്ടിരിക്കുകയാണ്.
മലങ്കര മെത്രാപ്പൊലീത്താ എന്ന നിലയിലെ ഉത്തരവാദിത്വം നീതിപൂര്‍വ്വവും വിശ്വസ്തതയോടും കൃത്യതയോടും നിര്‍വ്വഹിക്കുവാന്‍ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിക്ക് കഴിഞ്ഞു എന്ന് ചരിത്രം സാക്ഷിക്കുന്നു. സഭാസമാധാനം വിശ്വാസികള്‍ക്ക് നല്‍കിയത് ചുമതലയും ഭാരവുമാണെന്ന് വട്ടശ്ശേരില്‍ തിരുമേനി അന്ത്യസന്ദേശത്തില്‍ പറയുന്നു. സഭയിലെ സമാധാനം ഐക്യത്തിനും ഐശ്വര്യത്തിനും വഴി തെളിക്കുമെങ്കിലും അത് സത്യം, നീതി, തത്വം എന്നിവയില്‍ അധിഷ്ഠിതമായിരിക്കണമെന്ന് പ്രബോധിപ്പിച്ചു. സമാധാനത്തിനായി ഒരുത്തന്‍ തന്‍റെ വിശ്വാസത്തെ ഉപേക്ഷിക്കുകയോ മന:സാക്ഷിക്ക് എതിരായി പ്രവര്‍ത്തിക്കുകയോ ചെയ്യരുതെന്നും പഠിപ്പിച്ചു. പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ കബറിടത്തെ സഭാ ഐക്യത്തിന്‍റെയും സഭാ സമാധാനത്തിന്‍റെയും പുണ്യഭൂമിയായി വിശേഷിപ്പിക്കാം. സഭയുടെ ഐശ്വര്യവും ഐക്യവും സമാധാനവും സ്വപ്നം കണ്ട പുണ്യാത്മാവാണ് പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനി.