ADVERTISEMENT

പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായാല്‍ സ്ഥാപിതമായ മലങ്കര സഭയുടെ ചരിത്രത്താളുകളില്‍ നിന്നും ഒരിക്കലും മാറ്റപ്പെടുവാന്‍ സാധിക്കാത്ത നാമമാണ് പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റേത്. മലങ്കര സഭയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അഹോരാത്രം പ്രയത്നിച്ചു എന്നതുകൊണ്ട് മാത്രമല്ല അദ്ദേഹം ചിരസ്മരണീയനായിരിക്കുന്നത്. ആഴമായ ദൈവസ്നേഹവും പ്രകടനപരതയില്ലാത്ത ഭക്തിജീവിതവും ദൈവത്തെ അവലംബമാക്കിയുള്ള ക്രാന്തദര്‍ശിത്വവും അപാരമായ വേദശാസ്ത്ര വിജ്ഞാനവും കളങ്കം ഏല്‍ക്കാത്ത ജീവിതവിശുദ്ധിയും അദ്ദേഹത്തെ മലങ്കര മണ്ണില്‍ എന്നും ഓര്‍മ്മിക്കുന്ന, സുഗന്ധം പരത്തുന്ന ഒരു മഹാവൃക്ഷമാക്കി തീര്‍ത്തു. പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ കബറിടത്തില്‍ അദ്ദേഹത്തിന്‍റെ ശിഷ്യന്‍ കൂടിയായ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ എഴുതിവെച്ച ചെറിയ കുറിപ്പ് ആ ജീവിതത്തെക്കുറിച്ചുള്ള വലിയ സാക്ഷ്യമാണ് – ‘The Time will not dim his Glory’. കാലയവനികയ്‌ക്കുള്ളില്‍ ഓരോരുത്തരായി മറയപ്പെടുമ്പോള്‍ മനുഷ്യസഹജമായ മറവി ബാധിക്കുക സ്വാഭാവികമാണ്. എന്നാല്‍ പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസ് പ്രഭാതനക്ഷത്രം പോലെ എല്ലാ ഹൃദയങ്ങളിലും കാലത്തെ അതിജീവിച്ചു ഒളി പകരുന്നു. മൂന്നു വിധങ്ങളില്‍ ആ പുണ്യജീവിതത്തെ നമുക്ക് മനസ്സിലാക്കാം. 

പ്രാര്‍ത്ഥനയില്‍ കൂടി ലഭിച്ച ആത്മീയ ധൈര്യം
മലങ്കരസഭയുടെ പ്രതിസന്ധി ഘട്ടത്തില്‍ സഭയെ നയിച്ച എല്ലാ പിതാക്കന്മാരും വിശ്വാസികളുടെ കൂട്ടവും സാധാരണക്കാരും വൈദേശിക ശക്തികളോട് കിടപിടിക്കുവാന്‍ തക്കവണ്ണമുള്ള വലിയ ആള്‍ ബലമോ സാമ്പത്തിക സുരക്ഷിതത്വമോ വലിയ വിദ്യാഭ്യാസ മഹിമയോ ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്തവരുമായിരുന്നു. പക്ഷേ സാധാരണക്കാരായ ഇവര്‍ വഴിയായി അസാധാരണമായ കാര്യങ്ങള്‍ ദൈവം പ്രവര്‍ത്തിച്ചു എന്നതാണ് നമ്മെ അത്ഭുതപ്പെടുത്തേണ്ടത്. ‘ഒരു സൈന്യമെന്‍റെ നേരെ പാളയം ഇറങ്ങിയാലും ഞാന്‍ ഭയപ്പെടുകയില്ല: എനിക്ക് യുദ്ധം നേരിടേണ്ടി വന്നാലും ഞാന്‍ നിര്‍ഭയമായിരിക്കും’ എന്ന സങ്കീര്‍ത്തനവാക്യം അക്ഷരം പ്രതി ഇവരുടെ ജീവിതത്തില്‍ നിറവേറപ്പെട്ടു. എവിടെനിന്നാണ് ഇവര്‍ ആര്‍ജിച്ച ശക്തി? ‘എന്‍റെ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവയില്‍ നിന്നു വരുന്നു’ എന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ പറയാന്‍ തക്കവിധത്തില്‍ ദൈവവുമായി അവര്‍ നിലനിര്‍ത്തിയ ആഴമായ ബന്ധമാണ് അവരെ അപാര ധൈര്യശാലികളാക്കിയത്. ദൈവം കൂടെയുള്ളവന്, ഈ ലോകത്തിലെ ഭയപ്പെടുത്തുന്ന യാതൊന്നിനെയും പേടിക്കേണ്ടി വരികയില്ല എന്നതാണ് സത്യം. പരിശുദ്ധ പരുമല തിരുമേനിയുടെ ജീവിതത്തില്‍ നിന്ന് സ്വാംശീകരിച്ച വിശുദ്ധിയും പ്രാര്‍ത്ഥനാ ജീവിതവും അദ്ദേഹത്തിന്‍റെ ശിഷ്യനായ മാര്‍ ദിവന്നാസിയോസില്‍ വിളങ്ങി നിന്നു. പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെയും പരിശുദ്ധ പാമ്പാടി തിരുമേനിയുടെയും ഗുരുസ്ഥാനത്ത് പിതാവ് അവരോധിതനായി എന്നു കാണുമ്പോള്‍ ആ ജീവിതം അനന്തര തലമുറകളിലേക്ക് പകര്‍ത്തി കൊടുത്ത വിശുദ്ധിയുടെ സ്ഫുരണങ്ങള്‍ എത്ര വലുതായിരുന്നു എന്നത് സംശയലേശമെന്യേ നമുക്ക് സാക്ഷിക്കാം. സഭയ്ക്ക് നേരിടേണ്ടിവന്ന എല്ലാ പ്രതിസന്ധികളിലും ആഭ്യന്തരവും വൈദേശികവുമായ വെല്ലുവിളികളിലും ഈ പിതാവ് തളര്‍ന്നു പോകാതെ നിലകൊണ്ടത് പ്രാര്‍ത്ഥനയില്‍ കൂടി നേടിയെടുത്ത ആത്മധൈര്യം കൊണ്ടുതന്നെയാണ്. ആ ആത്മീയ ധൈര്യം സമ്മാനിച്ച സ്വാതന്ത്ര്യമാണ് നാമിന്ന് അനുഭവിക്കുന്നത്.

ആഴമായ വേദവിജ്ഞാനവും വേദശാസ്ത്ര ബോധ്യവും
മലങ്കരസഭയ്ക്ക് അടിസ്ഥാനപരമായ വേദശാസ്ത്ര വിഷയങ്ങള്‍ സംബന്ധിച്ച് ഒരു ആധികാരിക രേഖ പ്രസിദ്ധപ്പെടുത്തുന്നതില്‍ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനി വഹിച്ച പങ്ക് അവിസ്മരണീയമാണ്. ‘മതോപദേശസാരങ്ങള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട സഭാ വിജ്ഞാനീയ ഗ്രന്ഥം എല്ലാ കാലത്തേക്കും ഒരു മുതല്‍ക്കൂട്ടാണ്. പഴയ സെമിനാരിയില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ തക്കവണ്ണം വട്ടശ്ശേരില്‍ മല്‍പ്പാന്‍ തയ്യാറാക്കിയ നോട്ടാണ് ഈ ഗ്രന്ഥമായി പരിണമിച്ചത്. വിശുദ്ധ കുദാശകളെക്കുറിച്ചും സഭയെക്കുറിച്ചും സഭാ പാരമ്പര്യങ്ങളെക്കുറിച്ചും ആധികാരികമായ വിവരണം നല്‍കുന്ന ഈ ഗ്രന്ഥമാണ് ഇന്നും സഭാവിജ്ഞാനീയത്തില്‍ ആധാരശിലയായി ഉപയോഗിച്ചുവരുന്നത്. ആഴമായ ദൈവശാസ്ത്രബോധവും വേദപുസ്തക പഠനവും സഭാപിതാക്കന്മാരുടെ ദര്‍ശനങ്ങളും തിരിച്ചറിയുവാന്‍ സാധ്യമാകാത്ത ഒരാള്‍ക്ക് സ്വപ്നം കാണുവാന്‍ പോലും സാധ്യമാകുന്ന ഒന്നല്ല ഈ രചന. അതായത് വട്ടശ്ശേരില്‍ തിരുമേനി ദൈവവചനത്തിന്‍റെ പൊരുളുകളെയും സഭാദര്‍ശനങ്ങളെയും സഭാവിജ്ഞാനീയത്തേയും ആഴത്തില്‍ മനസ്സിലാക്കിയിരുന്നു എന്നര്‍ത്ഥം. സുറിയാനി ഭാഷാ പ്രവേശിക, മലയാളത്തിലെ ആരാധനാ ക്രമങ്ങള്‍ എന്നിവയുടെ രൂപീകരണത്തിലും ഈ പരിശുദ്ധ പിതാവ് വഹിച്ച പങ്ക് നിസ്തുലമാണ്.

സഭാസ്വാതന്ത്ര്യത്തെ ജീവനോളം വിലപ്പെട്ടതായി കണ്ട പിതാവ്
ഡോ. സാമുവല്‍ ചന്ദനപ്പള്ളിയുടെ വാക്കുകള്‍ ഇപ്രകാരമാണ്: ‘‘മലങ്കര സഭാന്തരീക്ഷത്തില്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ പുലര്‍കാലത്തില്‍ തെളിഞ്ഞ ബഹുമുഖ പ്രതിഭയാണ് വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത. സ്വയം ശീര്‍ഷകത്വവും സ്വയം ഭരണാധികാരവുമുള്ള സ്വതന്ത്രവും തദ്ദേശീയവുമായ സഭയ്ക്കുവേണ്ടി ആത്മീയ അധികാരത്തിന്‍റെ അംശവടി ആയുധമായി സ്വീകരിച്ചുകൊണ്ട് അദ്ദേഹം പോരാടി’’. സ്വതന്ത്ര ഭാരതസഭ എന്നൊരു വികാരവും വിവേകവുമാണ് അദ്ദേഹത്തെ ഭരിച്ചത്. സത്യത്തില്‍ 2017 ജൂലൈ മൂന്നിന് ഭാരതത്തിന്‍റെ പരമോന്നത നീതി പിഠത്തില്‍ നിന്ന് ഈ സഭയ്ക്ക് ലഭിച്ച ദൈവത്തിന്‍റെ കൈയ്യൊപ്പുള്ള വിധി പരിശുദ്ധ പിതാവിന്‍റെ സഭാ സ്വാതന്ത്ര്യ ദര്‍ശനത്തിന് കാലം നല്‍കിയ സ്നേഹസമ്മാനമാണ്. 1934-ലെ ഭരണഘടനയും 1912-ലെ കാതോലിക്കേറ്റ് സ്ഥാപനവും സാധ്യമായതിന്‍റെ പിന്നിലെ നീക്കങ്ങള്‍ അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യ വാഞ്ഛയുടെ മകുടോദാഹരണങ്ങളാണ്. അദ്ദേഹത്തിന്‍റെ ദീപ്തമായ സ്മരണകള്‍ക്ക് മുമ്പില്‍ ആദരവുകള്‍ അര്‍പ്പിക്കാം. ആ പുണ്യവാന്‍റെ മധ്യസ്ഥത നമുക്ക് അഭയവും ബലവും ആകട്ടെ.

English Summary:

Vatasseril Thirumeni's unwavering faith and theological expertise significantly shaped the Malankara Church. His tireless efforts secured the church's independence and his profound spiritual influence continues to inspire generations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com