907 വർഷം അപ്‌സരസ്സിനെ പ്രണയിച്ച കണ്ഠു മഹർഷി

Mail This Article
സൗന്ദര്യത്തിന്റെ പ്രതീകങ്ങളാണ് അപ്‌സരസ്സുകൾ. അനേകം അപ്‌സരസ്സുകളുടെയും അവരുടെ പ്രണയങ്ങളുടെയും കഥകൾ പുരാണങ്ങളിലും ഇതിഹാസങ്ങളിലുമൊക്കെയുണ്ട്. ഇക്കൂട്ടത്തിലുള്ള കൗതുകകരമായ ഒരു കഥയാണ് പ്രംലോചയെന്ന അപ്‌സരസ്സും കണ്ഠുമഹർഷിയും തമ്മിലുള്ള പ്രണയം. കാലം പോയതറിയാതെ 907 വർഷം മഹർഷി അപ്‌സരസ്സിനെ പ്രണയിച്ചു. ഗോമതി നദിയുടെ കരയിലാണു കണ്ഠു മഹർഷി തപസ്സ് ചെയ്തു ജീവിച്ചിരുന്നത്. വേദങ്ങളിൽ അപാര ഗ്രാഹ്യമുണ്ടായിരുന്ന മഹർഷി തന്റെ ലക്ഷ്യങ്ങൾ നേടാനായി കഠിന തപസ്സ് ചെയ്തുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ തപസ്സ് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. വേനൽക്കാലത്ത് ചുട്ടുപൊള്ളുന്ന വെയിലത്തും മഴക്കാലത്ത് മഴ നനഞ്ഞും മഹർഷി തപസ്സ് ചെയ്തു. തണുപ്പുകാലത്തെ മരംകോച്ചുന്ന കാലാവസ്ഥയിലും അദ്ദേഹം പുറത്തു തപസ്സ് ചെയ്തു.
മഹർഷിയുടെ ഘോരതപസ്സ് കണ്ട് ദേവേന്ദ്രന് ഉത്കണ്ഠയും സംശയവും തുടങ്ങി. തപസ്സ് മുടക്കാനായി ഒരു അപ്‌സരസ്സിനെ അയയ്ക്കാൻ ഇന്ദ്രൻ തീരുമാനിച്ചു. പ്രംലോചയെയാണ് ഇതിനായി നിയോഗിച്ചത്. ഈ വിവരം അറിഞ്ഞപ്പോൾ തന്നെ പ്രംലോച നടുങ്ങി. കണ്ഠു മഹർഷിയുടെ ദേഷ്യം വളരെ പ്രശസ്തമായിരുന്നു. ദേഷ്യം തോന്നിയാൽ മഹർഷി തന്നെ കഠിനമായി ശപിച്ചേക്കുമെന്നു പേടിച്ച് ഉർവശി, രംഭ, മേനക തുടങ്ങിയ അപ്‌സരസ്സുമാരിൽ ആരെയെങ്കിലും വിടുമോയെന്ന് പ്രംലോച ഇന്ദ്രനോട് അഭ്യർഥിച്ചു. എന്നാൽ ഒരാപത്തും സംഭവിക്കില്ലെന്നും പ്രംലോച തന്നെ പോയാൽ മതിയെന്നുമായിരുന്നു ദേവേന്ദ്രന്റെ നിലപാട്. ഗോമതീ നദിക്കരയിലുള്ള കണ്ഠു മഹർഷിയുടെ ആശ്രമത്തിനു സമീപം പ്രംലോച വന്നിറങ്ങി. കണ്ഠു മഹർഷി എല്ലാ ദിവസവും ആ നദിക്കരയിൽ പ്രഭാതനമസ്‌കാരങ്ങൾ ചെയ്യാനായി പോകുമായിരുന്നു. അങ്ങനെയൊരിക്കൽ കണ്ഠുവിന്റെ കണ്ണുകൾ അപ്‌സരസ്സിൽ വീണു. അതികഠിനമായി തപസ്സ് ചെയ്തു വന്നിരുന്ന കണ്ഠു മഹർഷിയുടെ ഏകാഗ്രത പ്രംലോചയെ കണ്ടമാത്രയിൽ നശിച്ചു. തനിക്കൊപ്പം ജീവിക്കാനായി ഋഷി അവരെ ക്ഷണിച്ചു.

കടഞ്ഞെടുത്തതുപോലെ ആകൃതിയൊത്തെ ശരീരവും മുഖകാന്തിയും ഒത്തിണങ്ങിയ പ്രംലോച ആദ്യദർശനത്തിൽ തന്നെ മഹർഷിയെ കീഴ്‌പ്പെടുത്തി. കാമദേവനും പത്‌നിയായ രതീദേവിയും മഹർഷിയിലേക്കും അപ്‌സരസ്സിലേക്കും മഹർഷിയറിയാതെ സ്‌നേഹാഭിലാഷങ്ങൾ നിറച്ചു. നൂറുവർഷങ്ങൾ പ്രംലോച മഹർഷിക്കൊപ്പം കഴിഞ്ഞു. ഇനി താൻ ദേവലോകത്തേക്കു തിരിച്ചുപോട്ടേയെന്ന് പ്രംലോച മഹർഷിയോടു ചോദിച്ചു. എന്നാൽ കുറച്ചുകൂടി കഴിഞ്ഞുമതിയെന്നായിരുന്നു മഹർഷിയുടെ മറുപടി. ഇങ്ങനെ ഓരോ നൂറു കൊല്ലം കഴിയുമ്പോഴും പ്രംലോച സമ്മതം ചോദിക്കും, മഹർഷി നിരാകരിക്കും.

ഒരിക്കൽ വൈകുന്നേരമായപ്പോൾ മഹർഷി പെട്ടെന്നു പ്രംലോചയെ വിട്ടകന്ന് എങ്ങോട്ടോ പോകാനൊരുങ്ങി. എങ്ങോട്ടാണു പോകുന്നതെന്നു പ്രംലോച ചോദിച്ചപ്പോൾ നിന്നോടൊപ്പം കൂടി സമയം പോയതറിഞ്ഞില്ലെന്നും സന്ധ്യയായിരിക്കുന്നുമെന്നുമായിരുന്നു മഹർഷിയുടെ മറുപടി.
ഇതു കേട്ട പ്രംലോച പൊട്ടിച്ചിരിച്ചു. മഹർഷിക്കു സമയത്തെക്കുറിച്ചുള്ള ധാരണ നഷ്ടപ്പെട്ടെന്ന് അവൾക്കു മനസ്സിലായി. എന്താണു ചിരിക്കുന്നതെന്നു മഹർഷി ചോദിച്ചപ്പോൾ 907 വർഷവും 6 മാസവും 3 ദിവസവും പിന്നിട്ടെന്നായിരുന്നു പ്രംലോചയുടെ മറുപടി. മഹർഷി ആകെ വിഷമിതനായി. ഒരു അപ്‌സരസ്സ് തന്റെ തപോജീവിതവും തപസ്സിന്റെ ഏകാഗ്രതയും പ്രതിസന്ധിയിലാക്കിയെന്ന് അദ്ദേഹം പരിതപിച്ചു.

താൻ ഘോരശാപത്തിന് ഇരയാകാൻ പോകുകയാണെന്നു പ്രംലോച വിചാരിച്ചു. എന്നാൽ ഇതൊന്നും പ്രംലോചയുടെ കുഴപ്പമല്ലെന്നും തന്റെ ആത്മനിയന്ത്രണം നഷ്ടപ്പെട്ടതാണ് ഇക്കാര്യങ്ങൾക്കെല്ലാം ഇടയാക്കിയതെന്നും തിരിച്ചറിഞ്ഞ മുനി പ്രംലോചയോടു തിരിച്ചുപോകാൻ ആവശ്യപ്പെട്ടു. പ്രംലോച അപ്പോൾ ഗർഭിണിയായിരുന്നു. സ്വർഗലോകത്തേക്കു പോകുന്ന വഴി പ്രംലോച തന്റെ വിയർപ്പ് ഒരു ഇലയിൽ തുടച്ചു. പ്രംലോചയുടെ ഉദരത്തിലുള്ള ഗർഭസ്ഥ ശിശു വിയർപ്പുതുള്ളികൾക്കൊപ്പം ഇലയിൽ വന്നു. ചന്ദ്രൻ ഇലയിലെ ആ ശിശുവിനെ പരിപാലിച്ചു. മരീഷ എന്ന പെൺകുട്ടിയായി ആ ശിശു വളർന്നു. പിൽക്കാലത്ത് പ്രചേതരാജകുമാരൻമാരുടെ ഭാര്യയായ മരീഷ ദക്ഷനു രണ്ടാം ജന്മമേകുകയും ചെയ്തു.
