മലങ്കര സഭയുടെ 'ഭാസുര താരം' - മാർ ദിവന്നാസിയോസ്

Mail This Article
ഇന്ത്യ എന്ന മഹാരാജ്യം കൊളോണിയൽ ആധിപത്യത്തിൽ ആയിരുന്ന സുദീർഘ കാലഘട്ടങ്ങളിലെല്ലാം തന്നെ രാഷ്ട്രത്തിന്റെ സ്വയം ഭരണമെന്നത് ജനതയുടെ മനസിലെ തീവ്രമായ സ്വപ്നമായിരുന്നു. ക്രിസ്തു ശിഷ്യനായ മാർത്തോമാ ശ്ലീഹാ ഭാരതത്തിൽ സ്ഥാപിച്ച ക്രിസ്തീയ സഭ ലോകത്തിലെത്തന്നെ പുരാതന സഭകളിലൊന്നാണ്. സഹസ്രാബ്ദങ്ങളിലൂടെയുള്ള വളർച്ചയുടെ ഘട്ടങ്ങളിലെല്ലാം തദ്ദേശീയമായ പല സാംസ്ക്കാരിക അംശങ്ങളും സഭ കടം കൊണ്ടിട്ടുണ്ട്. മിക്കപ്പോഴും സഭകൾ രാജ്യാന്തര തലത്തിൽ അറിയപ്പെടാൻ ശ്രമിക്കുമ്പോഴും നിലനിൽക്കുന്ന പ്രദേശങ്ങളിലെ സ്വയം ശീർഷകത്വം സംരക്ഷിച്ചു പോകാൻ ആഗ്രഹിച്ചിട്ടുണ്ട്.
മലങ്കരയിലും ഇത്തരത്തിലുള്ള ശ്രമങ്ങൾ ആത്മാർത്ഥതയോടെയും ത്യാഗനിർഭരമായും നിർവഹിച്ച മഹാനായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ്. ഫലവത്തായ ഈ ശ്രമം തന്നെയാണ് അദ്ദേഹത്തെ 'മലങ്കര സഭാ ഭാസുരൻ' എന്ന പേരിന് അർഹനാക്കിയത്.
സഭയ്ക്ക് സ്വതന്ത്രമായ ഒരു ഭരണഘടന രൂപീകരിക്കുക എന്ന ശ്രമകരമായ ദൗത്യം പൂർത്തിയാക്കി എന്നതു തന്നെയാണ് മാർ ദിവന്നാസിയോസിനെ മലങ്കരയിൽ ചിരസ്മരണീയനാക്കുന്നത്. സ്വതന്ത്ര ഭാരതത്തിന് തനതായ ഭരണഘടന പ്രയോഗത്തിൽ വരുന്നതിനും പതിനഞ്ചു വർഷം മുമ്പ് തന്നെ തദ്ദേശീയമായ സഭ എന്ന കാഴ്ചപ്പാട് മുൻനിർത്തി ഭരണഘടനയ്ക്ക് രൂപം നൽകി പ്രാവർത്തികമാക്കാൻ മാർ ദിവന്നാസിയോസിന് കഴിഞ്ഞു.
ത്യാഗപൂർണ്ണമായ പ്രവർത്തനം എന്ന സന്യാസജീവിതത്തിന്റെ അടിസ്ഥാന പ്രമാണത്തെ മുറുകെ പിടിച്ച മഹാനായ മാർ ദിവന്നാസിയോസ് അധികാരസ്ഥാനങ്ങളിൽ നിന്ന് അകന്നു നിന്നിരുന്നു എന്ന പ്രത്യേകത പരാമർശിക്കപ്പെടേണ്ടതു തന്നെയാണ്. തന്റെ നേതൃത്വപരമായ ഇടപെടലിലൂടെ മലങ്കര സഭയിൽ കാതോലിക്കാ സിംഹാസനം സ്ഥാപിച്ചു എങ്കിലും കാതോലിക്കാ ബാവാ എന്ന സഭയുടെ പരമാധ്യക്ഷസ്ഥാനം ഏറ്റെടുക്കാതെ തന്റെ ജീവിത കാലത്തു തന്നെ മൂന്നു കാതോലിക്കാമാരെ വാഴിക്കാൻ അദ്ദേഹം നേതൃത്വം നൽകി.
സഭയുടെ ആധ്യാത്മിക തലം ഒരു വശത്ത് അധ്യാത്മിക നേതൃത്വങ്ങളെ അവരോധിക്കുമ്പോഴും ക്രിസ്തുവിന്റെ കാഴ്ചപ്പാട് പ്രകാരമുള്ള സഭാ ഗാത്രത്തെ പരിക്കേൽപ്പിക്കാതെ നിലനിർത്താൻ മാർ ദിവന്നാസിയോസ് എക്കാലവും ശ്രമിച്ചിട്ടുണ്ട്. മാർ ദിവന്നാസിയോസിന്റെ ജീവിതം ഇന്നത്തെ തലമുറയിലെ പുരോഹിത സ്ഥാനികൾക്കും വിശ്വാസസമൂഹത്തിനും ഒരു പോലെ മാതൃകയാണന്ന് നിസ്സംശയം പറയാൻ കഴിയും.
കാതോലിക്കേറ്റിന്റെ സ്ഥാപനം, സഭാഭരണഘടനാ രൂപീകരണം എന്നീ അടിസ്ഥാനപരമായ സംഗതികളിലൂന്നി മലങ്കര സഭ വളർച്ചയുടെ സുപ്രാധാന ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ രണ്ടു പതിറ്റാണ്ടുകാലം 'തിരശ്ശീലയ്ക്കു പിന്നിൽ' നിന്ന് ഉജ്വലമായി സഭയെ മുന്നോട്ടുനയിച്ച മാർ ദിവന്നാസിയോസിനോട് സഭ ഒന്നാകെ കടപ്പെട്ടിരിക്കുന്നു.
കോട്ടയത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിന്റെ ആദ്യകാല പ്രധാനാധ്യാപകനായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നുവെന്നത് മലങ്കര സഭയിൽ അധികം അറിയപ്പെടാത്ത സംഗതിയാണ്.
എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്ക്കൂളിനെ ഇന്നത്തെ നിലവാരത്തിലേക്ക് വളർത്തിയെടുക്കുന്നതിൽ മാർ ദിവന്നാസിയോസിന്റെ ദീർഘവീക്ഷണവും ഇടപെടലുകളും എടുത്തു പറയേണ്ടവയാണ്. സമൂഹത്തിലെ സമസ്ത വിഭാഗങ്ങൾക്കും വിദ്യാ വെളിച്ചം നൽകി അവകാശബോധ മുള്ളവരാക്കാനുള്ള അന്നത്തെ സഭാ നേതൃത്വത്തിന്റെ ശ്രമങ്ങൾക്ക് മാർ ദിവന്നാസിയോസ് കരുത്തു നൽകിയിട്ടുണ്ട്.
വിശ്വാസപരമായ സംഗതികൾ വിശുദ്ധ ബൈബിളിന്റെ പശ്ചാത്തലത്തിൽ എല്ലാ വിശ്വാസികൾക്കും ലളിതമായി മനസിലാക്കുവാനും അവയെ പാലിക്കുവാനും 'മതോപദേശസാരങ്ങൾ' എന്ന ചെറുഗ്രന്ഥം വിശ്വാസികൾക്കായി അദ്ദേഹത്തിന്റെ സംഭാവനയാണ്.
മലങ്കര സഭ വിവിധ അന്തരീക, ബാഹ്യ പ്രശ്നങ്ങളാൽ ആടി ഉലഞ്ഞു നിന്ന ഘട്ടത്തിൽ സ്വജീവനു നേരിട്ട ഭീഷണികളെ നിസാരമെന്നു കരുതി പ്രശ്നപരിഹാരത്തിനായി മുന്നിട്ടിറങ്ങുവാനും വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ വിശ്വാസി സമൂഹത്തെ സധൈര്യം നിലനിൽക്കാൻ ദിശാബോധം പകർന്നതുമായ മാർ ദിവന്നാസിയോസിന്റെ ഓർമകൾ മലങ്കര സഭയ്ക്ക് എക്കാലത്തും കരുത്തു നൽകുമെന്നത് നിസ്തർക്കമാണ്.