പ്രവാചകരുടെ ശഅബാനില്‍ നിന്ന് അല്ലാഹുവിന്റെ റമസാനിലേക്ക്

Mail This Article
പരിശുദ്ധ മാസങ്ങളായ റജബും ശഅബാനും കടന്ന് നമ്മള്‍ റമസാനിലേക്ക് യാത്രയാവുകയാണ്. ഒരോ മുഅ്മിനിന്റെയും മാസമായിരുന്നു റജബ്, അതുപോലെ പ്രവാചകര്‍ മുഹമ്മദ് മുസ്തഫ(സ) തങ്ങളുടെ മാസമായിരുന്നു ശഅബാന്‍. രണ്ടുമാസങ്ങളിലും ഒരു മുഅ്മിന്‍ തയാറാവുന്നത് അവന്റെ അല്ലാഹുവിലേക്കുള്ള യാത്രയിലേക്കാണ്. നഫ്‌സും ആത്മാവിനെയും കടന്ന് അവന്‍ അവന്റെ റൂഹിനെ കണ്ടെത്തുന്നത് റമസാനിലാണ്. നഫ്‌സെന്ന ശാരീരിക ഇച്ഛകളെ കരിച്ച് ആത്മാവിന്റെ ആഗ്രഹങ്ങളെ പട്ടിണിക്കിട്ട് അവനവന്റെ റൂഹിനെ കണ്ടെത്തുന്നതിലൂടെ അവന്റെ റമസാന്‍ പൂര്‍ണമാകുന്നു.
അല്ലാഹുവിന്റെ അനുഗ്രഹീത ദര്‍ശനമെന്ന അവർണനീയമായ സദ്യയുണ്ണാനുള്ള ആത്മാവിന്റെ വിശപ്പിനെയാണ് 'നോമ്പ്' എന്ന് വിവക്ഷിക്കപ്പെടുന്നത്.അല്ലാഹുവിനെ ഒരു വിശ്വാസി എവിടെ നിന്നാണ് കണ്ടുമുട്ടുന്നത്? അവനില്‍ ഉള്ള അലച്ചകളാകുന്ന ഭൂമിയില്‍ ഒരു അന്ത്യനാള്‍ സംഭവിക്കണം. അവനെയും റൂഹിനെയും വിചാരണക്കിരുത്തണം. ഒടുവില്‍ അവന്റെ റൂഹിനാണ് മേല്‍കൈ എന്ന വിധി വരണം. അവിടെ അവന്റെ റൂഹ് മാത്രമേയുള്ളൂ എന്ന അവസ്ഥയില്‍ അവന്‍ സ്വര്‍ഗത്തിലാവുന്നു. അവിടെ അവന്‍ അല്ലാഹുവിനെ കണ്ടുമുട്ടുന്നു. ഇങ്ങനെ സ്വന്തം റൂഹിനെ സ്ഫുടം ചെയ്തെടുക്കാനുള്ള അവന്റെ അവസരങ്ങളാണ് റമസാന്‍. അവനിലെ റൂഹല്ലാത്ത എല്ലാം കരിച്ച് കളയുന്ന റമസാന്‍.
നോമ്പുകാലത്ത് ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുന്നവന് അല്ലാഹുവെന്ന സ്മരണയാണ് ആത്മാവിന്റെ ഭക്ഷണം. ആസക്തി എന്ന അന്നമാണ് വർജിക്കപ്പെടേണ്ടത്. അല്ലാഹുവിന്റെ പരമമായ പ്രീതി കരഗതമാക്കാനുള്ള വിശപ്പാണ് ആർജിക്കേണ്ടത്. 'നോമ്പ് എനിക്കുള്ളതാണ്' എന്ന് അല്ലാഹു പറയുന്നത് അതുകൊണ്ടാണ്. ചുരുക്കത്തില്‍ ശരീരേച്ഛകളെ മുഴുവന്‍ വെടിഞ്ഞ് അല്ലാഹുവിനെ കരഗതമാക്കുക എന്നതാണ് നോമ്പ് കൊണ്ട് ലക്ഷീകരിക്കപ്പെടുന്നത്.
തിരുനബി(സ) പറയുന്നു: 'നോമ്പുകാരന് രണ്ടു സന്തോഷമുണ്ട്, ഒന്ന് നോമ്പ് തുറക്കുമ്പോഴും രണ്ട് അല്ലാഹുവിനെ ദര്‍ശിക്കുമ്പോഴും.' മറ്റൊരിക്കല്‍ അല്ലാഹുവിന്റെ വാക്കുകള്‍ തിരുനബി(സ) വിശദീകരിക്കുന്നു: 'നോമ്പ് എനിക്കുള്ളതാണ്. ഞാന്‍ തന്നെയാണതിനു പ്രതിഫലം നൽകുന്നതും.' ശാരീരികാവയവങ്ങളുടെ കണ്ണുകള്‍ അടച്ചുവെച്ച് അകക്കണ്ണ് തുറക്കുമ്പോഴാണ് ആദ്യത്തെ സന്തോഷമുണ്ടാകുന്നത്. അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതോടൊപ്പം കൈകള്‍ക്കും കാലുകള്‍ക്കും കാതുകള്‍ക്കുമൊക്കെ അവന്‍ ഭക്ഷണം നിഷേധിക്കണം. ദേഹേച്ഛകള്‍ നിറഞ്ഞ ഹൃദയത്തിന്റെ കണ്ണുകളും അവന്‍ അടച്ചുവയ്ക്കണം.
അങ്ങനെ തീവ്രമായ ഈ വിശപ്പിനൊടുവില്‍, പൈശാചികമായ പ്രലോഭനങ്ങളെയൊക്കെ അടിച്ചമര്‍ത്തി ആന്തരികാവയവങ്ങളുടെ അനുഗ്രഹീത നേത്രങ്ങള്‍ തുറക്കപ്പെടുമ്പോഴാണ് ഒരു വിശ്വാസി നോമ്പ് തുറക്കുന്നത്. അവന്റെ ഹൃദയമാണ് അല്ലാഹുവിന്റെ ഭവനം. അവന്റെ ഹൃദയ സിംഹാസനത്തിലാണ് അല്ലാഹു ഇരിക്കുന്നത്. എഴുപതിനായിരം മറകള്‍ നീങ്ങി അകക്കണ്ണ് തുറക്കപ്പെടുമ്പോള്‍ നമുക്ക് മുന്നില്‍ അനാവൃതമാകുന്നത് അല്ലാഹുവിന്റെ പ്രോജ്വലതയാണ്. ആത്മാവിന്റെ അകക്കണ്ണ് തുറക്കപ്പെടാതെ അല്ലാഹുവിനെ കാണാനാകാതെ അന്ധനായവന്‍ പരലോകത്തും ഭയാനകമായ ആ അവസ്ഥയില്‍ തന്നെയായിരിക്കും. പരിപൂര്‍ണമായ ഒരു റമസാനിലേക്ക് ചേരുവാന്‍ നമുക്ക് സാധിക്കട്ടെ...