നോമ്പുകാരന്റെ സന്തോഷം

Mail This Article
ഒരു ഹദീസിൽ ഇങ്ങനെ പറയുന്നതായി കാണാം ‘നോമ്പുകാരനു രണ്ട് സന്തോഷമുണ്ട്. ഒന്ന് നോമ്പു തുറക്കുമ്പോഴുള്ള സന്തോഷം, രണ്ട് അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷം’. ഒരുപാട് കർമങ്ങളുടെ ശ്രേഷ്ഠത റസൂൽ(സ ) വിവരിച്ചത് കണ്ടിട്ടുണ്ട്. എന്തുകൊണ്ട് നോമ്പിനെ അല്ലാഹുവിന്റെ ലിഖായുമായി ബന്ധപ്പെടുത്തി എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.
റമസാൻ എന്നാൽ കരിച്ചു കളയുക എന്നർത്ഥം. നാം നമ്മുടെ ശരീരത്തെ നോമ്പു നോറ്റ് കരിക്കുമ്പോൾ നമ്മിലെ റസൂലുല്ലാഹി മാത്രം ശേഷിക്കുന്നു. നമ്മിലെ ആദി സൗന്ദര്യം നാം വീണ്ടെടുക്കുന്നു. ‘ഏറ്റവും സുന്ദരമായ രൂപത്തിലാണ് നാം മനുഷ്യനെ സംവിധാനിച്ചിരിക്കുന്നത്’ എന്നു വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നുണ്ട്. അല്ലാഹുവിനെ കണ്ടുമുട്ടുന്നതുവരെ നമുക്കു നോമ്പാണ്. നമ്മുടെ ശരീരം അന്നം വെടിയുമ്പോൾ നമ്മുടെ ആത്മാവ് അന്നം തേടുകയാണ് ചെയ്യുന്നത്. ആത്മാവിന് അന്നമൂട്ടാനാണ് പ്രവാചകന്മാർ വന്നത്. സാക്ഷിത്വമാണ് അവരൂട്ടുന്ന അന്നം. റമസാൻ മാസം അന്നപാനീയങ്ങൾ വെടിഞ്ഞ് റബ്ബിനെ കണ്ടെത്താനുള്ള നോമ്പിന്റെ നിർബന്ധ പരിശീലനമാണ് ചെയ്യുന്നത്. നാം നിത്യം റമസാനിലായി, നിത്യം വ്രതത്തിലായി, നമ്മുടെ റബ്ബിന്റെ വീട്ടിൽ ഭജനമിരിക്കുക. അവനെ കണ്ടുമുട്ടുന്നത് വരെ.
റമസാൻ തൗഹീദിലേക്കുള്ള ക്ഷണമാണ്. റമസാന്റെ ആന്തരാർഥത്തിൽ കിടക്കുന്നത് തൗഹീദിൽ പൂർണതയോടെ നിലകൊള്ളാനുളള ആഹ്വാനമാണ്. ആ ആഹ്വാനത്തിലേക്ക് എത്തിച്ചേരണമെങ്കിൽ നോമ്പനുഷ്ഠിച്ചാൽ മാത്രം പോരാ, ആത്മാവിന്റെ നോമ്പു കൂടി പഠിക്കണം.
മനുഷ്യന്റെ ശരീരവുമായി മാത്രം ബന്ധപ്പെടുത്തി മതത്തെ വായിക്കുമ്പോഴും അറിയുമ്പോഴും ദീനിന്റെ പുറംതോട് മാത്രമാണ് അറിയുന്നത്. അക്ഷരങ്ങളിൽ മാത്രം ഭജനമിരുന്നാൽ ഉമ്മിയ്യായ റസൂലി(സ)നെ അറിയാൻ കഴിയില്ല. ഹബീബായ റസൂലുല്ലാഹിയെ മനസ്സിലിരുത്തണം. അപ്പോഴാണ് നിനക്ക് 'വജ്ജഹ്തു വജ്ഹിയ' ഓതാൻ സാധിക്കുന്നത്.'നബിയെ താങ്കൾ അവരിലുള്ള കാലത്തോളം അല്ലാഹു അവരെ ശിക്ഷിക്കില്ല തന്നെ '. നിന്നിലെ റസൂലിന്റെ സാന്നിധ്യമാണ് നിന്റെ നാഥൻ തേടുന്നത്. എങ്കിൽ നിനക്ക് അവൻ എല്ലാ സംരക്ഷണവും വാഗ്ദാനം ചെയ്യുന്നു.