ആത്മസംസ്ക്കരണം സാധ്യമാക്കുന്ന വിശുദ്ധ റമസാന്

Mail This Article
‘‘അന്നപാനീയങ്ങളും വിശ്രമവുമല്ലാത്ത മറ്റു ഭക്ഷണങ്ങളുമുണ്ട് നിന്റെ ആത്മാവിന്. പക്ഷേ, ആ ഭക്ഷണത്തിന്റെ കാര്യം നീ മറന്നിരിക്കുന്നു. രാപകൽ നിന്റെ ശരീരത്തെയാണ് നീ പോഷിപ്പിക്കുന്നത്. ശരീരം കുതിരയെപോലെയാണ്. ഈ അധമലോകം അതിന്റെ ലായമാകുന്നു. കുതിരയുടെ ഭക്ഷണമല്ല കുതിരക്കാരന്റേത്. നീ കുതിരയല്ല, കുതിരക്കാരനാണ്. അതിനാൽ നിന്റെ അന്തസ്സിനു യോജിക്കുന്ന ഉറക്കവും അന്നവും ആസ്വാദനവും മാത്രം സ്വീകരിക്കുക. എന്നാൽ, കുതിരയ്ക്കാണ് നിന്റെ മേൽ ആധിപത്യമെന്നതിനാൽ നീ ലായത്തിൽ ചടഞ്ഞുകൂടുന്നു. നിന്റെ ആത്മാവ് കൂടെയുണ്ടെങ്കിലും ശരീരത്തിനാകുന്നു മേൽക്കൈ. അതിനാൽ ശരീരത്തിനു വഴങ്ങി അതിന്റെ ഒരു തടവുകാരനായി ജീവിക്കുകയാണ് നീ.’’
ജലാലുദ്ദീൻ റൂമിയുടെ ‘ഫീഹി മാ ഫീഹി’ എന്ന വിഖ്യാത ഗ്രന്ഥത്തിലെ വാചകങ്ങളാണ് ഉദ്ധരിച്ചത്. മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം, ആത്മാവാണ് പ്രധാനം. ശരീരം ഒരു വാഹനം മാത്രമാകുന്നു. ആത്മ സംസ്കരണമാണ് അവന്റെ ജീവിത ലക്ഷ്യം. അതിനാൽ വിശുദ്ധ റമസാൻ മാസം വിശ്വാസിയുടെ സുവർണ കാലഘട്ടമാണ്.
അപരസ്നേഹവും ബഹുമാനവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹിക പരിസ്ഥിതിയെ അതിജയിക്കാൻ നമുക്ക് സാധിക്കണം. ലഹരിയും അക്രമവും കൊലയും നിലയ്ക്കണമെങ്കിൽ ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും മാനവിക മൂല്യങ്ങളെക്കുറിച്ചും ജനങ്ങളെ ഉദ്ബുദ്ധരാക്കണം.
കുത്തഴിഞ്ഞ ജീവിതം സൃഷ്ടിക്കുന്ന അപകടകരമായ അരക്ഷിതാവസ്ഥയെക്കുറിച്ച് നിരന്തരം സംസാരിക്കണം. സ്രഷ്ടാവായ അല്ലാഹുവിന്റെ വിധിവിലക്കുകൾക്കപ്പുറം സ്വയമൊരു തീരുമാനമോ അഭിപ്രായമോ ഇല്ലെന്ന വിധേയപ്പെടലിന്റെ പ്രഖ്യാപനം കൂടെയാണു പരിശുദ്ധ റമസാൻ.