സയ്യിദ ഫാത്വിമ (റ): ആരും അറിയാത്ത അകംപൊരുൾ

Mail This Article
ഇന്ന് റമസാൻ മൂന്ന്. സയ്യിദ ഫാത്വിമ (റ) ഈ ലോകത്ത് നിന്ന് യാത്രയായ ദിവസം. റമസാൻ മൂന്നിനായിരുന്നു ഫാത്വിമ ബീവി (റ) വഫാതായെതെന്ന് സുന്നികൾ വിശ്വസിക്കുന്നു. ശിയാക്കൾ ജമാദുസ്സാനിയിലാണെന്നും പറയുന്നു. സയ്യിദ ഫാത്വിമ (റ) ആരാണെന്നും അവിടുത്തെ രഹസ്യമെന്താണെന്നും അറിയുന്നവർ ചുരുക്കമാണ്. ഇസ്‌ലാമിക ചരിത്രത്തിൽ പ്രവാചകർ മുഹമ്മദ് മുസ്തഫ (സ)യുടെ മകളായും നാലാം ഖലീഫ ഇമാം അലി (റ)യുടെ ഭാര്യ എന്ന നിലയിലും അറിയപ്പെട്ടിട്ടുണ്ടെങ്കിലും ഇസ്‌ലാമിക ആത്മീയ ലോകത്ത് ഫാത്വിമ ബീവി(റ)യുടെ അകം പൊരുൾ മനസ്സിലാക്കിയവർ കുറവാണ്. പല ഹദീസുകളിലും കാണാം സയ്യിദ ഫാത്വിമ (റ) തിരു നബി(സ)യുടെ കരളിന്റെ കഷണമാണെന്ന്. പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ)ക്ക് മഹത്തായ നുബുവത്തിനെ(പ്രവാചകത്വം) അല്ലാഹു നൽകിയപ്പോഴും ഇസ്‌ലാമിന്റെ എല്ലാ വളർച്ചാ ഘട്ടങ്ങളിലും സയ്യിദ ഫാത്വിമ (റ)യുടെ സാന്നിധ്യം കാണാം.
ഫാത്വിമബീവി(റ)യോടുള്ള ആദരം സൂചിപ്പിക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം സമൂഹം അവർക്ക് വിവിധ പേരുകൾ നൽകിയിട്ടുണ്ട്. അൽ- സഹ്റ എന്ന പദമാണ് ഇതിൽ കൂടുതലായി ഉപയോഗിക്കുന്നത്. തിളക്കമുള്ളത് എന്നാണ് ഈ വാക്കിന്റെ അർഥം. ഫാത്വിമ സഹ്റ എന്നാണ് പൊതുവെ വിളിക്കാറുള്ളത്.അൽ- ബത്തൂൽ എന്നാണ് ഉപയോഗിക്കുന്ന മറ്റൊരു പദം (അർഥം– പാതിവ്രത്യമുള്ള). അവരുടെ കൂടുതൽ സമയവും ആരാധനക്കും ഖുർആൻ പാരായണത്തിനും മറ്റ് ആരാധനകൾക്കുമൊക്കെയായിരുന്നു ചിലവഴിച്ചിരുന്നത്. ഇത് കൂടാതെ ഭയഭക്തി സൂചിപ്പിക്കുന്ന 125 പദങ്ങൾ വേറെയും ഉപയോഗിച്ചിരുന്നു. ഉമ്മുഅൽഐമ ( ഇമാമുകളുടെ ഉമ്മ) എന്ന പേരിലും ബഹുമാന സൂചകമായി വിളിക്കപ്പെടുന്നു. ഉമ്മു അബീഹ, ഉമ്മു അൽ ഹസ്നൈൻ, ഉമ്മു അൽ ഹസൻ, ഉമ്മു അൽ ഹുസൈൻ എന്നീ വിളിപ്പേരുകളിലും ഫാത്വിമ (റ) അറിയപ്പെട്ടു.
ഇസ്‌ലാമിക ചരിത്രത്തിലെ വലിയൊരു വഴിത്തിരിവായ ബദർ യുദ്ധത്തിന് വരെ കാരണമായത് സയ്യിദ ഫാത്വിമ (റ)യുടെ പ്രാർഥനയായിരുന്നു. അതിന് കാരണമായ സംഭവം ഉണ്ടാവുന്നത് തിരുനബി (സ) മക്കയിൽ ഉണ്ടായിരുന്ന കാലത്താണ്. കഅബക്ക് അരികെ ഇരുന്ന് പ്രാർഥിക്കുകയായിരുന്നു പ്രവാചകൻ. പിന്നിൽ ഉണ്ടായിരുന്ന ഇസ്‌ലാമിന്റെ ശത്രുക്കളായ ഉത്ബത്ത്, ശൈബത്ത്, അബൂജഹൽ, റസൂൽ (സ)യെ പരിഹസിക്കാനായി ചത്ത ഒട്ടകത്തിന്റെ കുടൽമാല എടുത്ത് പ്രവാചകന്റെ തോളിലിട്ടു. സാഷ്ടാംഗം ചെയ്തുകൊണ്ടിരുന്ന പ്രവാചകർ (സ) കുടൽമാലയുടെ ഭാരം കാരണം എഴുന്നേൽക്കാൻ കഴിയാതെ ബുദ്ധിമുട്ടി. ഇതു കണ്ടു വന്ന ഫാത്വിമ ബീവി (റ) ഇത് സഹിച്ചില്ല. കുടൽ മാല വലിച്ചിട്ട് ഫാത്വിമ ബീവി അവർ ഓരോരുത്തരെയും നോക്കി വിരൽ ചൂണ്ടി പറഞ്ഞു. നിങ്ങൾക്കിതിന് മറുപടി ലഭിക്കും. ആ പ്രാർഥന പിന്നീട് ബദർ യുദ്ധത്തിൽ പുലരുകയായിരുന്നു. യുദ്ധത്തിൽ അബൂജഹലും ഉത്ബത്ത്,ശൈബത്ത് എന്നിവരും കൊല്ലപ്പെടുകയുണ്ടായി.
ഒട്ടേറെ പേർ ഫാത്വിമ(റ)യ്ക്ക് വിവാഹാലോചനയുമായി വന്നെങ്കിലും തിരുനബി (സ്വ) ദൈവകൽപനക്ക് കാത്തിരിക്കുകയായിരുന്നു. അലി(റ)ക്കും ഫാത്വിമ(റ)യെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു. തിരുനബി (സ്വ)യെ കാണാൻ അലി(റ) ചെന്നെങ്കിലും തന്റെ ആഗ്രഹം വാക്കാൽ പ്രകടിപ്പിക്കാതെ നിശ്ശബ്ദത പാലിക്കുകയായിരുന്നു. ഇക്കാര്യം മനസ്സിലാക്കാൻ കഴിഞ്ഞ പ്രവാചകൻ തന്നെ അങ്ങോട്ട് ഫാത്വിമ(റ)യെ അലി(റ)ക്ക് വിവാഹം ചെയ്തുകൊടുക്കാനുള്ള താൽപര്യം അറിയിക്കുകയായിരുന്നു. അലി(റ)യുടെ കൈവശം ആ സമയം സമ്പാദ്യമായി ഒരു പരിച മാത്രമാണ് ഉണ്ടായിരുന്നത്. അത് വിൽക്കുകയാണെങ്കിൽ മഹർ വാങ്ങാനുള്ള പണം ലഭിക്കുമെന്ന നിർദ്ദേശിക്കുകയും ചെയ്തു. അലി(റ)യുടെ വിവാഹാലോചന മുഹമ്മദ് നബി തന്റെ മകളോട് പറഞ്ഞപ്പോൾ അവർ മൗനത്തോടെ സമ്മതിച്ചു.
വിവാഹം നടന്ന യഥാർത്ഥ തിയതി ഏതെന്ന് വ്യക്തമല്ല. എ.ഡി 623 ലാണ് നടന്നതെന്ന് അഭിപ്രായമുണ്ട്. ഹിജ്റയുടെ രണ്ടാം വർഷത്തിലായിരുന്നു അത്. ചില തെളിവുകൾ പ്രകാരം എ.ഡി 622 ലാണെന്നും കരുതുന്നു. അലി(റ)ക്ക് മകളെ വിവാഹം ചെയ്തുകൊടുക്കണമെന്നുള്ള ദൈവ സന്ദേശവും അലി(റ)യോട് പ്രവാചകൻ പങ്കുവെച്ചിരുന്നു. അലി(റ)യോട് പ്രവാചകൻ പറഞ്ഞു. ‘എനിക്ക് എന്റെ കുടുംബത്തിലെ പ്രിയപ്പെട്ടതാണ് നിനക്ക് വിവാഹം ചെയ്തു തരുന്നത്.’ തന്റെ പരിച ഉസ്മാനു ബിനു അഫാനു(റ) വിൽപ്പന നടത്തിയാണ് അലി(റ)ക്ക് മഹർ വാങ്ങാനുള്ള പണമുണ്ടായത്. ഇതിനിടെ ഉസ്മാനുബിനുഅഫാൻ(റ) ആ പരിച അലി(റ)ക്കും ഫാത്വിമ(റ)ക്കും വിവാഹ സമ്മാനമായി തിരികെ നൽകുകയും ചെയ്തു. തിരുനബി (സ്വ)യും ഭാര്യമാരായ ആയിഷ(റ)യും ഉമ്മുസലമ(റ)യും ചേർന്നാണ് ഈ വിവാഹം നടത്തിയത്. കല്യാണത്തിനുള്ള സദ്യക്കായി ഈത്തപ്പഴങ്ങളും ആടുകളും അത്തിപ്പഴവുമെല്ലാം തയ്യാറാക്കിയിരുന്നു. മദീനയിലെ ആളുകളാണ് അവ നൽകിയത്.
അലി(റ) ഫാത്വിമ ദമ്പതികൾ, വളരെ എളിയ ജീവിതമായിരുന്നു നയിച്ചത്. തിരുനബി (സ്വ)യുടെ വീടിന്റ അതിവിദൂരത്തല്ലാത്ത രീതിയിൽ അലി(റ) ഒരു ചെറിയ വീട് നിർമിച്ചിരുന്നു. എങ്കിലും ഫാത്വിമ(റ)ക്ക് തന്റെ പിതാവിന്റെ സാമിപ്യം ഇടക്കിടെ ലഭിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ മദീനയിലെ നുഅ്മാൻ(റ) തന്റെ വീട് അലി(റ)ക്ക് ദാനമായി നൽകി. മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് അലി(റ),ഫാത്വിമ(റ) ദമ്പതിമാർക്കുണ്ടായത്. ഹസന്‍ ഇബ്നു അലി(റ) , ഹുസൈന്‍ ഇബ്നു അലി(റ), മുഹ്സിൻ ഇബ്നു അലി (റ) എന്നീ ആ കുട്ടികളും സൈനബ് ബിന്‍ത് അലി (റ), ഉമ്മുഖുല്‍സും ബിന്‍ത് അലി (റ)എന്നീ പെണ്‍മക്കളുമായിരുന്നു.
ഇവരുടെ പിൻമുറക്കാരെയാണ് സയ്യിദന്മാർ എന്ന് വിളിക്കപ്പെട്ടത്. അഹ് ലു ബൈത്ത് എന്നും ഇവർ അറിയപ്പെടുന്നു. തിരുനബി (സ്വ) വഫാത്തായി മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഫാത്വിമബീവി(റ)യും ഇഹലോകവാസം വെടിഞ്ഞു. പിതാവിന്റെ നിര്യാണത്തിൽ, മരണം വരെ അതീവ ദുഖിതയായിരുന്നു ഫാത്വിമ(റ).