കൊഴുക്കട്ട കായ്ക്കുന്ന മരം; ധോൻ ചോലേചയും മൈഞ്ചയും

Mail This Article
നമ്മുടെ അയൽരാജ്യമായ നേപ്പാൾ, സാംസ്കാരികമായി നമ്മോട് ഏറെ അടുത്തുനിൽക്കുന്ന രാജ്യമാണ്. ഇന്ത്യയും നേപ്പാളും തമ്മിൽ സഹസ്രാബ്ദങ്ങളോളം പഴയ ബന്ധമാണുള്ളത്. അനേകം കഥകളും മിത്തുകളുമൊക്കെ നിറഞ്ഞതാണു നേപ്പാളിന്റെ സാംസ്കാരിക മണ്ഡലം. ധോൻ ചോലേചാ നേപ്പാളിലെ പ്രശസ്തമായ ഒരു നാടോടിക്കഥയാണ്. നേപ്പാളിലെ കഠ്മണ്ഡു താഴ്‌വരയിലുള്ള നേവാർ വിഭാഗക്കാർക്കിടയിൽ വളരെ പ്രശസ്തമായ ഒരു കഥയാണിത്. തലമുറകളോളം ഈ കഥ കൈമാറപ്പെടുന്നു.
ഒരിക്കൽ നേപ്പാളിൽ മൈഞ്ച എന്നൊരു പെണ്‍കുട്ടി ജീവിച്ചിരുന്നു...ഒരു പാവം പെൺകുട്ടി. അവളുടെ ചെറുപ്പത്തിൽ തന്നെ മാതാവ് മരിച്ചു. മൈഞ്ചയുടെ അച്ഛൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. എന്നാൽ രണ്ടാനമ്മയ്ക്ക് മൈഞ്ചയോട് ക്രൂരമായ മനോഭാവമായിരുന്നു. അവർക്കും താമസിയാതെ ഒരു കുട്ടി ജനിച്ചു. സ്വന്തം കുട്ടിയ്ക്കും മൈഞ്ചയ്ക്കും തമ്മിൽ രണ്ടാനമ്മ വലിയ വ്യത്യാസം കാട്ടി. മൈഞ്ചയ്ക്കു പോഷണമൊന്നുമില്ലാത്ത മോശം ഭക്ഷണവും തന്റെ സ്വന്തം മകൾക്കു മികച്ച ഭക്ഷണവും അവർ കൊടുത്തുപോന്നു. മൈഞ്ചയെക്കൊണ്ട് വീട്ടിലെ സകല പണികളും രണ്ടാനമ്മ എടുപ്പിച്ചു.

എന്നാൽ മോശമായ ഭക്ഷണം നൽകിയിട്ടും കഠിനാധ്വാനം ചെയ്യിപ്പിച്ചിട്ടും മൈഞ്ചയുടെ ആരോഗ്യത്തിനു യാതൊരു കുഴപ്പവുമില്ലായിരുന്നു. എന്തുകൊണ്ടാകും ഇതെന്ന് രണ്ടാനമ്മ തല പുകഞ്ഞാലോചിച്ചു. എന്നാൽ എത്ര ശ്രമിച്ചിട്ടും അവർക്കുത്തരം കിട്ടിയില്ല. മൈഞ്ചയുടെ വീട്ടിൽ ഒരാടുണ്ടായിരുന്നു. ധോൻ ചോലേച എന്നായിരുന്നു ആ ആടിന്റെ പേര്. ചോലേചയെ മേയ്ക്കാനായി എല്ലാദിവസവും മൈഞ്ച കാട്ടിലേക്കു പോകുമായിരുന്നു. ചോലേചയും മൈഞ്ചയും തമ്മിൽ ഗാഢമായ ബന്ധം നിലനിന്നു.

മൈഞ്ചയ്ക്കു കുഴപ്പം പറ്റാത്തതിനു പിന്നിൽ ആടുമായി ബന്ധപ്പെട്ട എന്തോ കാര്യമുണ്ടെന്നു രണ്ടാനമ്മയ്ക്കു തോന്നി. ഒരിക്കൽ മൈഞ്ചയും ആടും കാട്ടിലേക്കു പോയപ്പോൾ പുറകെ ചെന്നു നോക്കാനായി അവർ സ്വന്തം മകളെ പറഞ്ഞുവിട്ടു. ആ മകൾ മൈഞ്ചയെയും ആടിനെയും പിന്തുടർന്നു കാട്ടിലെത്തി. കാട്ടിൽ ഒതുങ്ങിയ ഒരിടത്തെത്തിയപ്പോൾ ചൊലേച ആട് വാ പിളർക്കുന്നതും ആടിന്റെ വായിൽ നിന്ന് ഒരു പാത്രം രുചികരമായ ഭക്ഷണം വെളിയിൽ വരുന്നതും മൈഞ്ചയുടെ അർധസഹോദരി ഒളിഞ്ഞുനിന്നു കണ്ടു. രുചികരമായ ആ ഭക്ഷണം മൈഞ്ച കഴിച്ചു.
അർധസഹോദരി തിരികെയെത്തി വിവരമെല്ലാം അമ്മയോടു പറഞ്ഞു. മൈഞ്ചയുടെ രണ്ടാനമ്മ കോപം കൊണ്ടു ജ്വലിച്ചു. ആടിനെ കൊന്നു കറിവയ്ക്കാൻ അവർ പദ്ധതിയിട്ടു.

ഒരു വിശേഷദിവസം വരുന്നുണ്ടായിരുന്നു. അന്നേദിവസം ബന്ധുക്കളെ വിളിച്ച് ആട്ടിറച്ചി കൂട്ടിയൊരു സദ്യ നൽകണമെന്ന് രണ്ടാനമ്മ മൈഞ്ചയുടെ അച്ഛനോടു പറഞ്ഞു. അദ്ദേഹമതു സമ്മതിക്കുകയും ചെയ്തു. അങ്ങനെ ചൊലേചയെ വെട്ടാൻ തീരുമാനമായി. മൈഞ്ച ഇതറിഞ്ഞു പൊട്ടിക്കരഞ്ഞു. പക്ഷേ അവളുടെ പ്രതിഷേധത്തിനു യാതൊരു വിലയുമില്ലായിരുന്നു. കരയുന്ന മൈഞ്ചയെ ചൊലേച സമാധാനിപ്പിച്ചു. തന്നെ കൊന്നു കഴിഞ്ഞശേഷം തന്റെ ഒരെല്ല് എടുത്ത് തോട്ടത്തിൽ കുഴിച്ചിടണമെന്നും മൈഞ്ച പട്ടിണിയാകാതെ താൻ നോക്കിക്കോളാമെന്നും ആടു പറഞ്ഞു.

താമസിയാതെ ചൊലേചയെ അറുത്തു കറിവച്ചു. മൈഞ്ച ആടിന്റെ ഒരെല്ലെടുത്ത് തോട്ടത്തിൽ ആരും കാണാത്ത ഒരിടത്ത് കുഴിച്ചിട്ടു. അദ്ഭുതം, അവിടെയൊരു ദിവ്യവൃക്ഷം പൊടുന്നനെ മുളച്ച് ഉയർന്നുവന്നു. നോക്കിനിൽക്കെ അതൊരു വലിയ മരമായി. അതു കായ്ക്കാനും തുടങ്ങി. പഴങ്ങളല്ലായിരുന്നു അതിൽ കായ്ച്ചത്, മറിച്ച് സുഗന്ധവും മധുരവുമുള്ള കൊഴുക്കട്ട പലഹാരങ്ങളായിരുന്നു അതു നിറയെ. മൈഞ്ച എല്ലാദിവസവും വന്നു മരത്തിൽ നിന്ന് ആവശ്യത്തിന് കൊഴുക്കട്ടകൾ പറിച്ചുതിന്നു. അവൾക്ക് ഭക്ഷണത്തിനു മുട്ടുവന്നതേയില്ല.

അങ്ങനെയിരിക്കുമ്പോൾ മൈഞ്ചയുടെ മരം നിൽക്കുന്ന സ്ഥലത്തുകൂടി ഒരു ഭാര്യയും ഭർത്താവും നടന്നുപോയി. വേഷം മാറിയെത്തിയ ഒരു രാക്ഷസ ദമ്പതികളായിരുന്നു അവർ. മൈഞ്ച മരത്തിനു മുകളിലിരുന്ന് കൊഴുക്കട്ട തിന്നുന്നത് കണ്ട്, കുറച്ചുകൊഴുക്കട്ട തങ്ങൾക്കും തരാൻ അവർ ആവശ്യപ്പെട്ടു.കാരുണ്യവതിയായ മൈഞ്ച കൊഴുക്കട്ടകളുമായി താഴെയിറങ്ങിവന്ന് അവർക്കു നേരെ നീട്ടി. ദമ്പതികൾ അവളെ തട്ടിയെടുത്ത് കടന്നുകളഞ്ഞു. ദമ്പതികൾ അവളെ തങ്ങളുടെ വീട്ടിൽ കൊണ്ടുചെന്ന് അടിമയാക്കി. വീട്ടുജോലികളെല്ലാം പാവം മൈഞ്ച ഒറ്റയ്ക്കു ചെയ്തു. അങ്ങനെയൊരുദിവസം രാക്ഷസനും രാക്ഷസിക്കുമായി ചപ്പാത്തിയുണ്ടാക്കുകയായിരുന്നു മൈഞ്ച. ആ സമയത്ത് ഒരെലി അവൾക്കരികിലെത്തി.

തനിക്കു കുറച്ചു ചപ്പാത്തി തരാമെങ്കിൽ താൻ ഒരു ഉപദേശം തരാമെന്ന് എലി പറഞ്ഞു. മൈഞ്ച ഒരു ചപ്പാത്തി കൊടുത്തു. ഒന്നുകൂടി എലി ആവശ്യപ്പെട്ടു. രണ്ടാമതൊന്നുകൂടി അവൾ നൽകി. ഒന്നുകൂടി വേണമെന്ന് എലി പറഞ്ഞപ്പോൾ മൂന്നാമതൊരെണ്ണം കൂടി മൈഞ്ച നൽകി. മൈഞ്ചയുടെ പ്രവൃത്തിയിൽ സന്തുഷ്ടനായ എലി, ആ വീട്ടിൽ രാക്ഷസനും രാക്ഷസിയും ഒരു നിധിയൊളിപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞു. അതെടുക്കാനുള്ള വഴിയും വീട്ടിൽ നിന്നു രക്ഷപ്പെടാനുള്ള മാർഗവും എലി പറഞ്ഞുകൊടുത്തു. അതനുസരിച്ച് മൈഞ്ച നിധിയുമെടുത്ത് രക്ഷപ്പെട്ടു. അവൾ വലിയ സമ്പന്നയായി നാട്ടിൽ തിരികെയെത്തി. ഒരു വലിയ വീടൊക്കെ വച്ച് സുഖമായി താമസിക്കാൻ തുടങ്ങി.

രണ്ടാനമ്മ ഇതെല്ലാം കണ്ട് അസൂയാലുവായി. മൈഞ്ചയിൽ നിന്ന് അവർ വിവരങ്ങൾ അറിഞ്ഞു. എലി തന്നെ ഉപദേശിച്ച കാര്യം ഒഴിച്ച് ബാക്കിയെല്ലാ കാര്യങ്ങളും മൈഞ്ച അവരോടു പറഞ്ഞു. രണ്ടാനമ്മ തന്റെ മകളോടും മൈഞ്ച ചെയ്തതുപോലെയൊക്കെ ചെയ്യാൻ ഉപദേശിച്ചു. ആ മകളും മരത്തിന്റെ മുകളിൽ കയറിയിരുന്നു. രാക്ഷസ ദമ്പതികൾ താമസിയാതെ അതുവഴിവന്നപ്പോൾ മൈഞ്ച നൽകിയതുപോലെ കൊഴുക്കട്ട നൽകി. അവളെയും രാക്ഷസർ തട്ടിക്കൊണ്ടുപോയി.

രണ്ടാനമ്മയുടെ മകളും ഭക്ഷണമുണ്ടാക്കിക്കൊണ്ടിരുന്നപ്പോൾ എലി വന്നു. ചപ്പാത്തി ചോദിച്ച എലിക്ക് ഒരു കരിഞ്ഞ ചപ്പാത്തി ആ മകൾ നൽകി. എലി വീണ്ടും ചോദിച്ചപ്പോൾ മൂത്ത് വടിപോലെയായ ചപ്പാത്തി അവൾ കൊടുത്തു. ഒരുവട്ടം കൂടി എലി ചപ്പാത്തി ചോദിച്ചപ്പോൾ മൈഞ്ചയുടെ അർധസഹോദരിക്കു കലശലായി കോപം വന്നു. അവൾ ചട്ടുകമെടുത്ത് എലിയെ അടിച്ചുകൊന്നു. ഇതോടെ അവിടെ നിന്നു രക്ഷപ്പെടാനുള്ള മാർഗം അവൾക്ക് അറിയാൻ സാധിക്കാതെയായി. രാക്ഷസരുടെ അടിമയായി അവൾ പിന്നീടവിടെ ജീവിച്ചു.