നാം അറിയാതെ പോകുന്ന അല്ലാഹുവിന്റെ റഹ്മത്ത്

Mail This Article
നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണെന്ന് വിശ്വസിക്കുന്നവരാണ് യഥാർഥ വിശ്വാസികള്‍, ജീവിതത്തില്‍ എപ്പോഴും സന്തോഷം തരുന്ന കാര്യങ്ങള്‍ മാത്രം സംഭവിക്കുമ്പോള്‍ അല്ലാഹുവിന്റെ റഹ്മത്തെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ അല്ലാഹു ഒരു മുഅ്മിനിന് നല്‍കുന്ന എന്തിലും അല്ലാഹുവിന്റെ റഹ്മത്ത് കണ്ടെത്തുമ്പോഴാണ് അവന്‍ പരിപൂര്‍ണ മുഅ്മിന്‍ ആവുകയുള്ളൂ. പണ്ട് ഒരു രാജ്യത്തെ രാജാവിന്റെയും പ്രിയ മന്ത്രിയുടെയും കഥ പറയാം. മന്ത്രിക്ക് ഒരു പ്രത്യേകതയുണ്ട് എന്തു സംഭവിച്ചാലും എല്ലാം നല്ലെതിന് എന്നു മാത്രമെ പറയുകയുള്ളൂ. രാജാവിന് മന്ത്രിയുടെ ഈ വാക്കുകള്‍ ഇഷ്ടമാണ്. പക്ഷെ ഒരു ദിവസം രാജാവ് പഴം മുറിച്ചുകൊണ്ടിരുന്നപ്പോള്‍ വിരലിന്റെ ഒരു ഭാഗം മുറിച്ചുപോയി.
വേദന സഹിക്കാനാകാതെ ഇരുന്ന രാജാവിനെ നോക്കി മന്ത്രി പറഞ്ഞു എല്ലാം നല്ലതിന്. ദേഷ്യം വന്ന രാജാവ് മന്ത്രിയെ തുറങ്കിലടച്ചു. ദിവസങ്ങള്‍ക്ക് ശേഷം രാജാവ് വേട്ടയ്ക്കായി കാട്ടിലേക്ക് പോയി. വഴി മധ്യേ രാജാവ് ഒറ്റപ്പെട്ടു. ഒറ്റപ്പെട്ട രാജാവിനെ കണ്ട കാട്ടുവാസികള്‍ രാജാവിനെ ബന്ധിയാക്കി തങ്ങളുടെ കാട്ടുദേവതയ്ക്ക് ബലി നല്‍കാന്‍ തീരുമാനിച്ചു. ബലിക്കായി രാജാവിനെ ഒരുക്കുന്ന അവസരത്തിലാണ് രാജാവിന്റെ വിരലിന്റെ ഒരുഭാഗം ഇല്ലെന്ന് കാട്ടുവാസികള്‍ കാണുന്നത്. അവര്‍ ബലിക്ക് യോഗ്യമല്ലെന്ന് പറഞ്ഞ് രാജാവിനെ വിട്ടയച്ചു. തിരിച്ച് കൊട്ടാരത്തിലെത്തിയ രാജാവ് മന്ത്രിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. തിരിച്ചെത്തിയ മന്ത്രിയോട് രാജാവ് വിവരങ്ങള്‍ പറഞ്ഞു. താങ്കള്‍ പറഞ്ഞതാണ് സത്യം എല്ലാം നല്ലതിന് തന്നെ, എന്റെ വിരല്‍ മുറിഞ്ഞില്ലായിരുന്നെങ്കില്‍ ഞാനിന്ന് നിങ്ങളുടെ മുന്നില്‍ നിൽക്കില്ലായിരുന്നു.
മന്ത്രി പറഞ്ഞു അത് പ്രഭോ എല്ലാം നല്ലതിന് തന്നെ അങ്ങ് എന്നെ ജയിലില്‍ അടച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ അങ്ങയുടെ കൂടെ കാട്ടില്‍ വരികയും ശരീരത്തിന് ഒരു കുഴപ്പവും ഇല്ലാത്ത എന്നെ കാട്ടുവാസികള്‍ ബലിനല്‍കുകയും ചെയ്‌തേനെ. പ്രിയരെ ഇവിടെ ഈ കഥയില്‍ നിന്നും നാം മനസ്സിലാക്കേണ്ടത് ഒരു വിശ്വാസിക്ക് വരുന്ന രോഗങ്ങളും ആപത്തുകളും അവന് നല്ലത് തന്നെയായിരിക്കും. അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ അല്ലെങ്കില്‍ അല്ലാഹു ഉദ്ദേശിക്കുന്ന ആത്മീയ ഉന്നതികളിലേക്ക് അവനെ കയറ്റിവയ്ക്കാനുമെല്ലാം രോഗങ്ങള്‍ നല്‍കപ്പെടാം.
എല്ലായ്‌പ്പോഴും ശക്തമായ ക്ഷമ കൈകൊള്ളുക എന്നതാണ് യഥാർഥ വിശ്വാസിയുടെ ലക്ഷണം. അതിലൂടെ മാത്രമെ നമുക്ക് രക്ഷയുള്ളൂ. ഈ റഹ്മത്തിന്റെ പത്തിലും അല്ലാഹുവിന്റെ വറ്റാത്ത കരുണയുടെ ഉറവയില്‍ നിന്നും നമ്മുടെ ഹൃദയങ്ങള്‍ ജീവിക്കട്ടെ. ഈ ദുനിയാവില്‍ അല്ലാഹുവിന്റെ റഹ്മാനിയത്തിന്റെ ഒരു അംശം മാത്രമെയുള്ളു റഹീമിയത്തിന്റെ വലിയൊരു ഭാഗം നാളെ അന്ത്യനാളിലേക്ക് അല്ലാഹു മാറ്റിവച്ചിരിക്കുകയാണ്. അവിടേക്ക് സമ്പൂര്‍ണ വിജയികളാകാന്‍ നാഥന്‍ തുണയ്ക്കട്ടെ.