ADVERTISEMENT

ഇന്ന് റമസാന്‍ പത്ത്, ഇസ് ലാമിനെ ജീവിപ്പിച്ച മഹതി ഖദീജത്തുല്‍ ഖുബ്‌റ (റ) യാത്രയായ ദിനം. പ്രവാചകന്‍ മുഹമ്മദ് മുസ്തഫ (സ)യുടെ ചരിത്രത്തില്‍ സയ്യിദ ഖദീജത്തുല്‍ ഖുബ്‌റ (റ)യെ പോലെ മറ്റൊരു ഭാര്യയും വന്നിട്ടില്ല എന്നത് ഹദീസുകളിലൂടെ നമുക്ക് കാണാം.പ്രവാചകന്‍ (സ) ഖദീജ (റ)യെക്കുറിച്ച് പലപ്പോഴും സ്‌നേഹത്തോടെയും ആദരവോടെയും സംസാരിച്ചിട്ടുണ്ട്. ഒരു ഹദീസില്‍ തിരു പ്രവാചകന്‍ മുഹമ്മദ് (സ) പറയുന്നു: 'അവര്‍ എന്നെ വിശ്വസിച്ചു എന്നെ ആരും വിശ്വസിക്കാതിരുന്ന സമയത്ത്. അവര്‍ എന്റെ വാക്ക് സത്യമായി അംഗീകരിച്ചു അന്ന് ആരും അംഗീകരിക്കാതിരുന്ന സമയത്ത്. അവര്‍ തന്റെ സ്വത്ത് എന്നെ സഹായിക്കാന്‍ ഉപയോഗിച്ചു അന്ന് ആരും സഹായിക്കാതിരുന്ന സമയത്ത്. (ബുഖാരി, മുസ്‌ലിം). 

തിരുമേനി പ്രവാചകന്‍ മുഹമ്മദ് മുസ്തഫ (സ) ഖദീജ ബീവിയുടെ കച്ചവടങ്ങള്‍ നോക്കിനടത്തുന്ന സമയത്ത് തന്നെ പ്രവാചകന്റെ ഉന്നത സ്വഭാവ ഗുണങ്ങളില്‍ ഖദീജ ബീവി (റ) ആകൃഷ്ടരായിരുന്നു. അങ്ങനെയായിരുന്നു ഈ വിവാഹം. ഖദീജ (റ)യുടെ 40-ആം വയസ്സിലും തിരുമേനി മുഹമ്മദ് (സ)ന്റെ 25-ആം വയസ്സിലുമായിരുന്നു വിവാഹം. ആ ദാമ്പത്യ വല്ലരിയില്‍ ഖാസിം, അബ്ദുള്ള, സൈനബ്, റുഖയ്യ, ഉമ്മു കുല്‍സൂം, ഫാത്തിമ (റ) എന്നിവര്‍ പിറന്നു. തിരു പ്രവാചകന് താന്‍ നബിയാണെന്ന് അറിയുന്നതിന് മുന്നെ ആ സത്യം തിരിച്ചറിഞ്ഞവരായിരുന്നു ഖദീജ (റ).

ഹിറാ ഗുഹയില്‍ ധ്യാനത്തിലിരിക്കുന്ന സമയത്ത് ജിബ്രീല്‍ മാലാഖയെ കണ്ടുമുട്ടിയ തിരുമേനി ഖദീജ ബീവിയുടെ അടുത്തേക്ക് ഒടിവന്നു പുതപ്പിട്ട് മൂടാന്‍ ആവശ്യപ്പെടുകയായിരുന്നു. ശേഷം പ്രവാചകനെയും കൂട്ടി ഖദീജ (റ) അന്നത്തെ ക്രിസ്ത്യന്‍ പണ്ഡിതരില്‍ ഉന്നതനായ വറഖത്ത്ബ്‌ന് നൗഫലിന്റെ അടുത്തെത്തി. വറഖത്ത്ബിന് നൗഫല്‍ പറഞ്ഞു, ഇതാണ് അന്ത്യ പ്രവാചകന്‍, മൂസാ പ്രവാചകനിലും ഈസാ പ്രവാചകനിലും വന്നു ചേര്‍ന്ന ജിബ്രീല്‍ മാലാഖയാണ് പ്രവാചകനെ കണ്ടുമുട്ടിയതെന്ന്. പിന്നീട് ഖദീജ (റ) തന്റെ സ്വത്തെല്ലാം പ്രവാചകന്‍ മുഹമ്മദ് മുസ്തഫ(സ)ക്ക് നല്‍കുകയായിരുന്നു. ഇന്ന് നാം കാണുന്ന ഇസ്‌ലാം ദീനിന് ആദ്യകാലത്ത് സമ്പത്തെല്ലാം നല്‍കി പാലൂട്ടി വളര്‍ത്തിയ ഉമ്മയായിരുന്നു സയ്യിദ ഖദീജ (റ).

സയ്യിദ ഖദീജ (റ) ക്രിസ്താബ്ദം 619 മരണപ്പെട്ടു. അവരുടെ മരണം പ്രവാചകന്‍ (സ)യുടെ ജീവിതത്തിലെ ഒരു വലിയ നഷ്ടമായി കണക്കാക്കപ്പെടുന്നു. ഈ വര്‍ഷം 'ദുഃഖത്തിന്റെ വര്‍ഷം' (ആം അല്‍-ഹുസ്‌ന) എന്നറിയപ്പെടുന്നു. സ്വര്‍ഗത്തില്‍ ഉന്നതമായ സ്ഥാനം നല്‍കപ്പെട്ടവരാണ് ഖദീജ (റ). ഖദീജ, മര്‍യ്യം (മറിയം), ഫിര്‍ഔന്റെ ഭാര്യ ആസിയ, ഇമ്രാന്റെ മകള്‍ ഫാത്തിമ എന്നിവര്‍ സ്വര്‍ഗത്തിലെ മികച്ച സ്ത്രീകളാണ്. (ബുഖാരി, മുസ്‌ലിം).

കാലങ്ങള്‍ക്ക് ശേഷം മക്ക ഫത്ഹിലൂടെ പ്രവാചകന്‍ മുഹമ്മദ് (സ) മക്കയില്‍ തിരിച്ചെത്തി. അന്ന് പല ഗോത്ര പ്രമുഖരും കുടുംബക്കാരുമെല്ലാം അന്തിയുറങ്ങാന്‍ പ്രവാചകനെ ക്ഷണിക്കുകയുണ്ടായി. എന്നാല്‍ പ്രവാചകന്‍ സയ്യിദുനാ മുഹമ്മദ് (സ) ആവശ്യപ്പെട്ടത്, ഖദീജ (റ)യുടെ സമീപം ഒരു ടെന്റ് അടിക്കാനായിരുന്നു. ഇന്ന് ഞാന്‍ എന്റെ ഖദീജയുടെ കൂടെയാണ് കഴിയുന്നതെന്ന് പ്രവാചകന്‍ അനുചരന്‍മാരെ അറിയിച്ചു. ചരിത്രത്തില്‍ ഇത്രമേല്‍ പ്രവാചകന്‍ മറ്റൊരു ഭാര്യമാരെയും സ്‌നേഹിച്ചിട്ടില്ല. ചരിത്രത്തില്‍ പ്രവാചകനെ ഇത്രമേല്‍ മറ്റൊരു ഭാര്യയും പരിചരിച്ചിട്ടുമില്ല. നമ്മുടെ ഭാര്യമാര്‍ക്ക് സയ്യിദ ഖദീജ (റ)യില്‍ ഉന്നതമായ മാതൃകയുണ്ട്.

English Summary:

Remembering Sayyida Khadijah al-Kubra (RA), the first wife of Prophet Muhammad (SA), on the tenth of Ramadan, the anniversary of her passing. Learn about her unwavering faith and immense contributions to Islam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com