ഇഹ്‌സാൻ ഉറപ്പിക്കാതെ ആരാധന പൂർണമാവുകയില്ല

Mail This Article
ജിബ്‌രീൽ (അലൈഹിസ്സലാം) നബി (സ) യോട് ഇസ്‌ലാമിനെക്കുറിച്ച് ചോദിക്കുമ്പോൾ നടന്ന സംഭാഷണത്തിന്റെ ഭാഗത്തിൽ ഇസ്‌ലാമും ഈമാനും ഇഹ്‌സാനും എന്താണെന്ന് ചോദിക്കുന്നുണ്ട്. ഇതിൽ ഇസ്‌ലാമിന്റെ മൂന്ന് പ്രധാന തലങ്ങൾ പ്രവാചകൻ ജിബ്‌രീൽ (അ)നോട് വിശദീകരിക്കുന്നുണ്ട്. അതിൽ മൂന്നു ഭാഗവും വിശദീകരിക്കുന്നത് ഇങ്ങനെ.
1. ഇസ്‍ലാം (അനുസരണം): അല്ലാഹുവിനെ ആരാധിക്കുകയും അവന്റെ ദൂതന്റെ പാതകൾ പിന്തുടരുകയും ചെയ്യുക. 2. ഈമാൻ (വിശ്വാസം): അല്ലാഹുവിലും അവന്റെ ദൂതന്മാരിലും അന്തിമ ദിനത്തിലും മറ്റ് വിശ്വാസ തത്വങ്ങളിലും വിശ്വസിക്കുക.3. ഇഹ്‌സാൻ (നന്മ): അല്ലാഹുവിനെ കാണുന്നതുപോലെ ആരാധിക്കുക. നീ അവനെ കാണുന്നില്ലെങ്കിലും തീർച്ചയായും അവൻ നിന്നെ കാണുന്നു– ഇഹ്‌സാനെ കുറിച്ച് വന്ന ഈ ഹദീസ് വളരെ പ്രശസ്തമാണ്. സഹീഹ് അൽ-ബുഖാരിയിലും സഹീഹ് മുസ്‌ലിമിലും ഇത് വന്നിട്ടുണ്ട്. ഈ ഹദീസിലൂടെ ഇസ്‌ലാമിക ജീവിതത്തിന്റെ ആത്മീയവും ധാർമികവുമായ അടിത്തറ വ്യക്തമാക്കുന്നു.
ഇവിടെ ഒട്ടുമിക്ക മുസ്‌ലിംകൾക്കിടയിലും ഇസ്‌ലാം കാര്യങ്ങളും ഈമാൻകാര്യങ്ങളും അറിയുന്നവരായിരിക്കും. ഒന്നാമത്തേത് കർമപരമായതും രണ്ടാമത്തേത് വിശ്വാസപരമായതും ആണ്. പക്ഷേ, മൂന്നാമത്തേത് അതായത് ഇഹ്‌സാൻ ഇവ രണ്ടിനെയും കോർത്തിണക്കുന്നതാണ്. ഒരു വ്യക്തിയിൽ ഇഹ്‌സാൻ പൂർണമായില്ലെങ്കിൽ അവന്റെ കർമങ്ങളെല്ലാം പാഴാവുകയാണ്. അവന്റെ പേരിൽ മാത്രം മുസ്‌ലിം എന്ന അവസ്ഥ വരുന്നു.
ദീനിന്റെ അടിസ്ഥാനപരമായ ഇഹ്‌സാനാണ് ഇസ്‌ലാമിന്റെ ആത്മീയത. ആത്മീയത ഉൾക്കൊള്ളാതിരിക്കുമ്പോൾ എല്ലാം വെറും കർമ്മങ്ങളായി അവശേഷിക്കും. നീ അല്ലാഹുവെ ആരാധിക്കുക, നീ അവനെ കാണുന്നത് പോലെ. നീ അവനെ കാണുന്നില്ലെങ്കിലും, തീർച്ചയായും അവൻ നിന്നെ കാണുന്നു എന്ന ഒരു അവസ്ഥയിൽ അവൻ അല്ലാഹുവിനെ അറിയുന്നു. എല്ലായ്‌പ്പോഴും അല്ലാഹുവിന്റെ ദിക്‌റിലേക്ക് മടങ്ങുകയും എല്ലാ കർമങ്ങളിലും അല്ലാഹുവിനെ സാക്ഷിയാക്കുകയും ചെയ്യുന്നു. അങ്ങനെ അവർ പൂർണതയിലേക്ക് എത്തിച്ചേരുകയു മുഹ്‌സിനീങ്ങളിലേക്ക് ചേർക്കപ്പെടുകയും ചെയ്യും. മുസ്‌ലിം, മുഅ്മിൻ എന്നീ രണ്ടു തലങ്ങളും പൂർത്തിയായിട്ടാണ് അവർ മുഹ്‌സിൻ എന്ന ഉയർന്ന തലത്തിലേക്ക് എത്തിച്ചേരുക.