ADVERTISEMENT

അനേകം പുണ്യപുരുഷൻമാർ സിംഹാസനമലങ്കരിച്ച രാജധാനിയാണ് അയോധ്യയിലേത്. പ്രപഞ്ചപാലകനായ ഭഗവാൻ ശ്രീരാമനായി അയോധ്യയിൽ അവതാരമെടുക്കും മുൻപേ അവിടെ ഭരിച്ച പ്രശസ്തനായ രാജാവായിരുന്നു അംബരീഷ്. ഭക്തിയുടെ മികച്ച ഉദാഹരണങ്ങളിലൊന്നായി അംബരീഷിന്റെ കഥ ഭാഗവത പുരാണത്തിൽ വിവരിക്കപ്പെടുന്നു. കുട്ടിക്കാലം മുതൽ ഭഗവാൻ മഹാവിഷ്ണുവിന്റെ അടിയുറച്ച ഭക്തനായിരുന്നു അംബരീഷ്. തന്റെ കാലത്തെ മറ്റുള്ള രാജകുമാരൻമാർ വേട്ടയും അധികാരക്കൊതിയുമായി ഭൗതികസുഖങ്ങൾ തേടിയലയുമ്പോൾ അംബരീഷിന്റെ മനസ്സ് ഭഗവാനിൽ മാത്രമായിരുന്നു. അദ്ദേഹം എപ്പോഴും ധ്യാനനിരതനായിരുന്നു, നാവ് ഉപയോഗിച്ചത് ഭഗവത്മന്ത്രങ്ങൾ ജപിക്കാനായി. ജനങ്ങളുടെ ആശാകേന്ദ്രമായിരുന്നു സാത്വികനായ അംബരീഷ് രാജകുമാരൻ.

നഭഗരാജാവിന്റെ പുത്രനായ അംബരീഷ് പിൽക്കാലത്ത് അയോധ്യയുടെ രാജാവായി. എന്നാൽ സമ്രാട്ട് എന്ന നിലയിലല്ല, മറിച്ച് വിഷ്ണുവിന്റെ ദാസനായി ജനസേവനം ചെയ്യാനുള്ള അവസരം എന്ന നിലയിലാണ് അംബരീഷ് രാജകീരിടം തന്റെ ശിരസ്സിൽ വച്ചത്. ധർമകൽപനകളിൽ ഊന്നിയുള്ളതാകും തന്റെ ഭരണമെന്ന് അദ്ദേഹം ശപഥം ചെയ്തു. രാജത്വമേറ്റയുടൻ അദ്ദേഹം ജനങ്ങളെ സേവിക്കാനുള്ള മാർഗങ്ങൾ കൈക്കൊണ്ടു. രാജ്യത്തെ കലവറകൾ എല്ലാവർക്കുമായി തുറന്നു പാവങ്ങളുടെ പട്ടിണി മാറ്റി. രാജ്യത്തു കുറ്റകൃത്യങ്ങൾ തീരെയില്ലാതായി. പണ്ഡിതർക്കും ആത്മീയാന്വേഷകർക്കും സംവദിക്കാനുള്ള വേദിയായി അദ്ദേഹത്തിന്റെ രാജധാനി മാറി. ദാർശനികനായ ഒരു രാജാവിനെക്കാൾ ഏറെ ഭാഗ്യം പ്രജകൾക്ക് മറ്റെന്തു കിട്ടാനാണ്. പുണ്യശ്ലോകയായ അയോധ്യാപുരി അംബരീഷിന്റെ ഭരണത്തിൽ തേജസ്സോടെ തലയുയർത്തിനിന്നു. 

ambareeshas-devotion-sudarshana-chakra2
Image Credit: This image was generated using Midjourney

തന്റെ ഭക്തൻമാരിലെ ഏറ്റവും ഉത്തമനായ അംബരീഷിന്റെ കാര്യത്തിൽ വിഷ്ണുഭഗവാൻ പ്രത്യേക ശ്രദ്ധാലുവായിരുന്നു. അപകടങ്ങളിൽ നിന്ന് എപ്പോഴും അംബരീഷിനെ കാക്കാനായി അദ്ദേഹമറിയാതെ സുദർശന ചക്രമെന്ന തന്റെ മഹായുധത്തെ ഭഗവാൻ നിയോഗിച്ചു. ആയിടയ്ക്ക് അംബരീഷ രാജാവ് ഏകാദശി വ്രതമെടുത്തു. 12 ദിവസം ഉപവാസം. ദ്വാദശി നിനത്തിലെ ശുഭമുഹൂർത്തത്തിൽ ഭക്ഷണം കഴിച്ച് വ്രതം അവസാനിപ്പിക്കണം. വ്രതശുദ്ധിയിൽ നാടും നഗരവും ഭക്തിയിലാണ്ടു.വിഷ്ണുനാമങ്ങൾ എങ്ങുമുയർന്നു. അപ്പോഴാണു ആ രാജധാനിയിലേക്ക് ഒരാൾ വന്നത്. പാണ്ഡിത്യം കൊണ്ടും പെട്ടെന്നുദ്ഭവിക്കുന്ന കോപം കൊണ്ടും പ്രശസ്തനായ ദുർവാസാവ് മഹർഷിയായിരുന്നു അത്. ഉപചാരപൂർവം രാജാവ് മഹർഷിയെ സ്വീകരിച്ചു. തന്റെ വ്രതത്തിന്റെ കാര്യം പറഞ്ഞു. ഒന്നു കുളിച്ചുവന്നു വിശദമായി കാണാമെന്നു പറഞ്ഞ് ദുർവാസാവ് നദിക്കരയിലേക്കു പോയി.

ambareeshas-devotion-sudarshana-chakra8
Image Credit: This image was generated using Midjourney

അംബരീഷിനു വ്രതമവസാനിപ്പിക്കേണ്ട സമയമായി. കുളിക്കാൻ പോയ മുനി തിരികെവന്നശേഷം അദ്ദേഹവുമായി ഭക്ഷണം കഴിച്ചില്ലെങ്കിൽ അതു മര്യാദയുമല്ല. അദ്ദേഹമാകെ വിഷമത്തിൽ നിന്നപ്പോൾ കൊട്ടാരത്തിലെ ജ്ഞാനികൾ ഉപായമുപദേശിച്ചു. ഭക്ഷണം കഴിക്കണമെന്നില്ല. അൽപം വെള്ളം കുടിച്ച് വ്രതം അവസാനിപ്പിക്കാം. ശാസ്ത്രങ്ങൾ അങ്ങനെ പറയുന്നുണ്ട്. വ്രതം മുടങ്ങുകയുമില്ല, മുനി പിണങ്ങുകയുമില്ല.
ആ ഉപദേശം അംബരീഷ് സ്വീകരിച്ചു. തുളസിയിലയിട്ട ജലം കമണ്ഡലുവിലെടുത്ത് വിഷ്ണുഭഗവാനെ മനസ്സിൽ ജപിച്ച് അതു പാനം ചെയ്തുകൊണ്ട് തന്റെ വ്രതാനുഷ്ഠാനം അംബരീഷ് അവസാനിപ്പിച്ചു.

അപ്പോഴാണ് ഒരു കൊടുങ്കാറ്റ് പോലെ ക്രുദ്ധനായി ദുർവാസാവ് അങ്ങോട്ടേക്കു പാഞ്ഞെത്തിയത്. ചതിയനായാ രാജാവേ, ഞാൻ വരാതെ നിങ്ങൾ വ്രതം അവസാനിപ്പിച്ചു അല്ലേ- അദ്ദേഹം രോഷത്തോടെ ചോദിച്ചു.അംബരീഷ് ജലപാനം ചെയ്തതു മഹർഷി ദിവ്യദൃഷ്ടിയാൽ അറിഞ്ഞിരുന്നു.വ്രതം അവസാനിപ്പിക്കേണ്ട സമയമായിരുന്നെന്നും അതിനാലാണ് താൻ അങ്ങനെ ചെയ്തതെന്നും ഭക്ഷണവിഭവങ്ങളൊന്നും താൻ കഴിച്ചില്ലെന്നും ക്ഷമാപൂർവമുള്ള സ്വരത്തിൽ രാജാവ് മഹർഷിയെ അറിയിച്ചു. എന്നാൽ ദുർവാസാവിന്റെ കോപം അടങ്ങിയില്ല. തന്റെ മുടിയിഴകളിലൊന്ന് പറിച്ച് നിലത്തേക്കെറിഞ്ഞ് അദ്ദേഹമൊരു ഭീകരസത്വത്തെ സൃഷ്ടിച്ചു. ഈ സത്വം നിന്റെ അഹങ്കാരം മാറ്റുമെന്ന് ദുർവാസാവ് അംബരീഷിനോട് വിളിച്ചു പറഞ്ഞു. സത്വം അലറിക്കൊണ്ട് അംബരീഷിനു നേർക്കടുത്തു. വിഷ്ണുമന്ത്രം ജപിച്ച് നിന്ന അംബരീഷ് പക്ഷേ അചഞ്ചലനായിരുന്നു.

ambareeshas-devotion-sudarshana-chakra3
Image Credit: This image was generated using Midjourney

ആ സമയത്ത് ഒരദ്ഭുതമുണ്ടായി. ആകാശം വർണാഭമായി. കത്തിജ്വലിക്കുന്ന ആകാശത്തിൽനിന്നും സുദർശന ചക്രം താഴേക്കിറങ്ങി വന്നു. സത്വത്തിനു മേൽവന്ന അതു സത്വത്തെ ഭസ്മീകരിച്ചു. അതിനുശേഷം ചക്രം ദുർവാസാവിനു നേർക്ക് തിരിഞ്ഞു. ഭയന്നുപോയ മഹർഷി ഓടാൻ തുടങ്ങി. ദിവസങ്ങളോളം അദ്ദേഹം ഓടി. പർവതങ്ങളും സമതലങ്ങളും പുഴകളുമൊക്കെ കടന്നുള്ള ഓട്ടം. എന്നാൽ ചക്രായുധം പിന്നാലെയുണ്ട്. ഒടുവിൽ പരിക്ഷീണനായ ദുർവാസാവ് ബ്രഹ്‌മദേവനെ അഭയം പ്രാപിച്ചു. എന്നാൽ വിഷ്ണുചക്രത്തെ താൻ തടയില്ലെന്നു പറഞ്ഞ് ബ്രഹ്‌മാവ് അദ്ദേഹത്തെ മടക്കിയയച്ചു. മഹാദേവനായ ശിവനിൽ അഭയം പ്രാപിച്ചപ്പോഴും അതായിരുന്നു മറുപടി.

ambareeshas-devotion-sudarshana-chakra7
Image Credit: This image was generated using Midjourney

ഒടുവിൽ അദ്ദേഹം വൈകുണ്ഠത്തിൽ മഹാവിഷ്ണുവിനരികിൽ വന്നു. പ്രപഞ്ചപാലകനും മഹാശക്തനുമായ ഭഗവാനേ..അങ്ങയുടെ ദിവ്യായുധത്തെ തിരികെവിളിച്ച് എന്നെ രക്ഷിക്കണേയെന്ന് ദുർവാസാവ് അപേക്ഷിച്ചു. ഞാൻ സർവശക്തനാണെന്നതു ശരി തന്നെ. പക്ഷേ എനിക്ക് സ്വാതന്ത്ര്യമില്ല. എന്നെ എന്റെ ഭക്തജനങ്ങൾ അവരുടെ ഹൃദയത്തിൽ കുടുക്കിയിട്ടിരിക്കുകയാണ്. എന്റെ ഭക്തനായ അംബരീഷിനരികിൽ പോകൂ. അവനുമാത്രമേ ചക്രായുധത്തെ തടയാൻ ഇപ്പോൾ കഴിയൂ എന്നായിരുന്നു ഭഗവാന്റെ മറുപടി. ഇതുകേട്ട് ദുർവാസാവ് ശീഘ്രം അംബരീഷിനരികിലെത്തി ക്ഷമ ചോദിച്ചു. തന്റെ അഹങ്കാരം ക്ഷമിക്കണമെന്നും ചക്രായുധത്തെ പിടിച്ചുനിർത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അപേക്ഷ.

ambareeshas-devotion-sudarshana-chakra5
Image Credit: This image was generated using Midjourney

ദയാനിധിയായ അംബരീഷ് പുഞ്ചിരിച്ചു. തനിക്കാരോടും ശത്രുതയില്ലെന്നും താൻ വിഷ്ണുദാസൻ മാത്രമാണെന്നും അദ്ദേഹം മഹർഷിയോടു പറഞ്ഞു. ആകാശത്തേക്കു കൈകൾ കൂപ്പി ഭഗവാനോട് അംബരീഷ് പ്രാർഥിച്ചു. ഭക്തനെന്ന നിലയിൽ താൻ തന്റെ കടമകൾ ചെയ്തിട്ടുണ്ടെങ്കിൽ ഈ പരീക്ഷണം അവസാനിപ്പിക്കണമെന്നായിരുന്നു പ്രാർഥന. ഇതോടെ ചക്രായുധം മഹർഷിക്കു പിന്നാലെ പോകുന്നത് നിർത്തി. അതു മുകളിലേക്കുയർന്ന് അപ്രത്യക്ഷമായി. അംബരീഷിന്റെ ഭക്തിയുടെ മാഹാത്മ്യം ലോകർ മനസ്സിലാക്കാൻ ഈ സംഭവം ഇടവരുത്തി. പിന്നെയും അനേകം കാലങ്ങൾ കർമനിഷ്ഠയോടെ അദ്ദേഹം അയോധ്യയിലെ ജനങ്ങളെ പരിപാലിച്ചു.

English Summary:

Ambareesha's unwavering devotion to Vishnu is showcased in this epic tale. The Sudarshana Chakra, Vishnu's divine weapon, descended to protect him, highlighting the power of true bhakti.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com