ഇമാം അലി (റ): വിലായത്തിന്റെ ആദ്യ കണ്ണിയും ആത്മീയതയുടെ പ്രതീകവും

Mail This Article
ഇസ്‌ലാമിക ചരിത്രത്തിന്റെ ഏറ്റവും ആഴമേറിയ പാഠങ്ങളില്‍ ഒന്നായി മിന്നുന്ന വ്യക്തിത്വമാണ് ഇമാം അലി (റ). നാലാമത്തെ ഖലീഫയും വിലായത്തിന്റെ സര്‍വാധികാരിയുമായ അദ്ദേഹം, നീതി, സഹനം, ആത്മശുദ്ധി എന്നീ സദ്ഗുണങ്ങളുടെ ജീവന്റെ നിഴലായി മുസ്‌ലിം സമൂഹത്തിന് മാതൃക നല്‍കി. റമസാന് 19-ാം തീയതി കൂഫയിലെ മസ്ജിദില്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കിയിരിക്കെ ഖവാരിജ് വിഭാഗത്തിലെ ഇബ്‌നു മുല്‍ജിം വിഷം പുരട്ടിയ വാളുകൊണ്ട് വെട്ടി. രണ്ട് ദിവസത്തിന് ശേഷം റമസാന്‍ 21-ാം തീയതി മഹാനായ അലി മരണപ്പെട്ടു. ഈ സംഭവം ഇസ്‌ലാമിക ചരിത്രത്തിലെ ഒരു ദുഃഖഘട്ടമായി മാറിയെങ്കിലും, അദ്ദേഹത്തിന്റെ പാരമ്പര്യം ഇന്നും മനുഷ്യത്വത്തിന് വെളിച്ചം പകരുന്നു.
ഇസ്‌ലാമിക വിശ്വാസപ്രകാരം കഅബക്കുള്ളിലാണ് ഇമാം അലി (റ) ജനിച്ചത്. ഇത് അദ്ദേഹത്തിന് മാത്രമുള്ള ഒരു മഹത്വമായി കണക്കാക്കപ്പെടുന്നു. ചെറുപ്പത്തില്‍ത്തന്നെ പിതാവിനെയും മാതാവിനെയും നഷ്ടപ്പെട്ട അലി (റ)യെ, പ്രവാചകന്‍ മുഹമ്മദ് (സ) സ്വന്തം മകനെപ്പോലെ പോറ്റി വളര്‍ത്തി. നബി (സ)യുടെ സാന്നിധ്യത്തിലും മാര്‍ഗദര്‍ശനത്തിലും വളര്‍ന്നത് അദ്ദേഹത്തിന്റെ ആത്മീയ വളര്‍ച്ചയ്ക്ക് അടിത്തറയായി. പ്രവാചകന്റെ പ്രഥമ സന്ദേശം കേട്ട്, 10 വയസ്സുമാത്രമുള്ള അലി (റ) ഇസ്‌ലാം സ്വീകരിച്ചു. മക്കയിലെ എതിരാളികള്‍ക്കിടയില്‍ തന്റെ വിശ്വാസം ധീരതയോടെ പ്രഖ്യാപിച്ചു.
മക്കയില്‍ നിന്ന് മദീനയിലേക്കുള്ള നബി (സ)യുടെ പ്രയാണസമയത്ത്, തന്നെ കൊല്ലാന്‍ വന്നവരെ തടയാന്‍ അലി (റ) നബിയുടെ വിരിപ്പില്‍ കിടന്നുറങ്ങുകയായിരുന്നു. പ്രവാചകന്‍ മുഹമ്മദ് (സ) തന്റെ പ്രിയപുത്രി ഫാത്തിമ (റ)യെ അല്ലാഹുവിന്റെ കല്‍പനപ്രകാരം ഇമാം അലി (റ)യ്ക്ക് വിവാഹം കഴിച്ചുകൊടുത്തു. ഈ വിവാഹബന്ധം ആത്മീയതയുടെയും കുടുംബപ്രേമത്തിന്റെയും സംയോജനമായി. ഹസന്‍ (റ), ഹുസൈന്‍ (റ) എന്നിവരിലൂടെ ഇസ്‌ലാമിക വംശവൃക്ഷത്തിന് തുടര്‍ച്ച ലഭിച്ചു.
നബി (സ) അരുളി: 'ഞാന്‍ ജ്ഞാനത്തിന്റെ നഗരമാണ്; അലി അതിന്റെ വാതില്‍' (ബുഖാരി). ഇസ്‌ലാമിക വിജ്ഞാനത്തിന്റെ സംരക്ഷകനായി അലി (റ)യുടെ പങ്ക് ഈ വാക്കുകള്‍ ഊന്നിപ്പറയുന്നു. ഇന്നും ഇസ്‌ലാമിലെ ഏത് ആത്മീയ വഴികള്‍ സ്വീകരിക്കുന്നവരും അവരുടെ പാരമ്പര്യ കണ്ണികളില്‍ ഇമാം അലി(റ) ഒഴിവാക്കാന്‍ കഴിയില്ലെന്നതാണ് വസ്തുത.