റമസാൻ വിടപറയുമ്പോൾ

Mail This Article
അല്ലാഹുവിലേക്ക് അടുക്കാനും സംശുദ്ധമായ ജീവിതം പരിശീലിക്കാനുമുള്ള കാലയളവാണ് റമസാൻ. പരലോക വിജയത്തിന്റെ നിദാനമായ തഖ്‌വ ആർജിച്ചെടുക്കലാണ് റമസാനിന്റെ ലക്ഷ്യം. ദൈവീകമായ കൽപനകൾക്കും വിരോധനകൾക്കും വിധേയപ്പെടലാണ് തഖ്‌വ. തഖ്‌വയുള്ളവർക്ക് മാത്രം സാധ്യമാകുന്നതാണ് പരലോക വിജയം. നിങ്ങൾ തഖ്‌വയുള്ളവരാകാൻ വേണ്ടിയാണ് വ്രതാനുഷ്ഠാനം നിങ്ങൾക്ക് നിർബന്ധമാക്കിയതെന്ന് അല്ലാഹു പറയുന്നു. റമസാനിന്റെ അവസാന നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോൾ തെറ്റുകളിൽനിന്ന് അകന്ന് ഹൃദയങ്ങളെ സംസ്കരിക്കുന്നതിൽ നമ്മൾ വിജയിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഈ ആത്മവിചാരണയോടെയാണ് റമസാനിനെ യാത്രയാക്കാൻ വിശ്വാസി ഒരുങ്ങേണ്ടത്. റമസാൻ ആഗതമായിട്ട് പരലോക വിജയം നേടിയെടുക്കാൻ ആവശ്യമായ കർമങ്ങൾ അനുഷ്ഠിക്കാത്തവൻ അങ്ങേയറ്റം പരാജിതനാണ്.
റമസാൻ വിട പറയുമ്പോൾ ചില പ്രതിജ്ഞകൾ കൈക്കൊള്ളാൻ വിശ്വാസി ബാധ്യസ്ഥനാണ്. റമസാനിൽ ശീലിച്ച നന്മകൾക്ക് വിരാമമിടാതിരിക്കുക എന്നതാണ് ആദ്യമായി ശ്രദ്ധിക്കേണ്ടത്. ഫർള് നിസ്കാരങ്ങൾ റംസാനിൽ അനുഷ്ഠിച്ചത് പോലെ തുടർന്നും സമയനിഷ്ഠയോടെ സംഘടിതമായി നിർവഹിക്കാൻ ശ്രമിക്കണം. വിശ്വാസികൾക്കിടയിലെ ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിൽ സംഘടിത നിസ്കാരങ്ങൾക്ക് വലിയ പങ്കുണ്ട്. അതുകൊണ്ടുതന്നെയാണ് ഒരാൾ ഒറ്റയ്ക്ക് നിസ്കരിക്കുന്നതിനേക്കാൾ സംഘടിതമായി നിസ്കരിക്കുന്നതിന് 27 ഇരട്ടി പ്രതിഫലമുണ്ടെന്ന് പ്രവാചകൻ പറഞ്ഞത്.
ഫർള് നിസ്കാരത്തോടനുബന്ധിച്ച റവാത്തിബുകളും തഹജ്ജുദ്, ളുഹാ, വിത്ർ തുടങ്ങിയ സുന്നത്ത് നിസ്കാരങ്ങളും നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. റവാതിബുകൾ പൂർണമായി അനുഷ്ഠിക്കാൻ കഴിഞ്ഞില്ലെങ്കിലും ശക്തമായ സുന്നത്തുള്ള നിസ്കാരങ്ങളെങ്കിലും പതിവാക്കണം. സുബ്ഹിക്ക് മുമ്പ്, ഇശാഇനും മഗ്‌രിബിനും ശേഷം, ളുഹ്റിനു മുമ്പും ശേഷവും എന്നിങ്ങനെ രണ്ടുവീതം റകഅതുകയാണ് ശക്തമായ സുന്നത്തുള്ളത്. റമസാൻ കഴിഞ്ഞാലും ഈ നിസ്കരങ്ങൾ നിലനിർത്തേണ്ടതുണ്ട്. റമസാനിൽ പതിവായി അനുഷ്ഠിക്കാറുണ്ടായിരുന്ന വിത്റ് നിസ്കാരം പ്രാധാന്യത്തോടെ തന്നെ കാണണം. വിത്ർ നിസ്കാരം ശക്തിയായ സുന്നത്താണെന്ന് തെളിയിക്കുന്ന ധാരാളം ഹദീസുകളുണ്ട്. അബൂഹുറൈറ പറയുന്നു: മാസത്തിൽ മൂന്നു ദിവസം നോമ്പനുഷ്ഠിക്കാനും ദിവസേന രണ്ട് റകഅത് ളുഹാ നിസ്കരിക്കാനും ഉറങ്ങുന്നതിനുമുമ്പ് വിത്ർ നിസ്കരിക്കാനും എന്റെ ആത്മമിത്രമായ പ്രവാചകർ എന്നോട് വസ്വിയ്യത് ചെയ്തു.
അല്ലാഹുവിന്റെ ദാസന്മാർക്ക് അവനോടുള്ള സാമീപ്യം വർധിപ്പിക്കാൻ സുന്നത്തായ കർമ്മങ്ങൾ കാരണമാകും. സുന്നത്തുകൾ പതിവാക്കുന്നവരുടെ പ്രാർഥന അല്ലാഹു സ്വീകരിക്കുമെന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. ദാനധർമങ്ങൾക്ക് വിശ്വാസികൾ ആരും കുറവു വരുത്താത്ത കാലമാണ് റമസാൻ. 30 ദിനരാത്രങ്ങൾ പൂർത്തിയാകുമ്പോൾ വിവിധ ആവശ്യങ്ങളുമായി വരുന്ന പാവപ്പെട്ടവർക്ക് വേണ്ടി വലിയ തുക തന്നെ പലരും ചെലവഴിച്ചിട്ടുണ്ടാകും. വേദനിക്കുന്നവരെ ചേർത്തുപിടിക്കുക എന്നത് വിശ്വാസിയുടെ ധർമമാണ്. വേദനിക്കുന്നവരുടെ കണ്ണീരൊപ്പാതെ ആചാരാനുഷ്ഠാനങ്ങളിൽ കണിശത പാലിച്ചതുകൊണ്ട് മാത്രം ഒരാൾ സ്വർഗാവകാശി ആകുന്നില്ല. ദാനധർമങ്ങൾ ചെയ്യാനും പാവങ്ങളുടെ കണ്ണീരൊപ്പാനും റമസാനിൽ കാണിച്ച ആവേശം തുടർന്നും ഉണ്ടാകണം.
പട്ടിണി അകറ്റാനും സാമൂഹ്യക്ഷേമം ഉറപ്പുവരുത്താനും അതുവഴി സാധിക്കും. ചോദിച്ചുവരുന്നവരെ ആട്ടിയോടിക്കരുതെന്ന് പരിശുദ്ധ ഖുർആൻ ഉണർത്തുന്നുണ്ട്. ചോദിച്ചു വരുന്നവരെ ആരെയും നിരാശരായി തിരിച്ചയച്ച അനുഭവം പ്രവാചക ജീവിതത്തിൽ ഉണ്ടായിട്ടില്ല. തന്റെ കയ്യിൽ എന്തെങ്കിലും മിച്ചമുണ്ടെങ്കിൽ അതുകൂടി ആവശ്യക്കാർക്ക് നൽകിയേ തിരുനബി കിടന്നുറങ്ങാറുണ്ടായിരുന്നുള്ളൂ. റമസാനിലെ നന്മകൾ ഏറ്റെടുക്കാൻ നമുക്ക് കഴിയണം. ഓരോ റമസാനും വിടപറയുമ്പോൾ ഒരു നന്മയെങ്കിലും ജീവിതത്തിൽ പതിവാക്കാൻ സാധിക്കണം. വിഭവങ്ങൾ ലഭ്യമാകുന്നതോടൊപ്പം അത് വേണ്ടെന്നുവയ്ക്കാനുള്ള പരിശീലനം കൂടിയാണ് റമസാനിൽ നാം നേടിയെടുക്കുന്നത്. ഭക്ഷ്യ വിഭവങ്ങളിൽ നിയന്ത്രണം തുടർന്നും നിലനിർത്താൻ ശ്രമിക്കാം. ആരോഗ്യകരമായ ഭക്ഷണശീലം പരിശീലിക്കാം. സൗകര്യപ്പെടുന്നവർക്ക് ആഴ്ചയിൽ ഒരു ദിവസമെങ്കിലും വ്രതം തുടരാം.