ഭഗവാന്റെ കൈകളാൽ അന്ത്യകർമങ്ങൾ ഏറ്റുവാങ്ങാൻ ഭാഗ്യമുണ്ടായ പക്ഷി

Mail This Article
രാമായണം...അയോധ്യയുടെ രാജകുമാരനും ഭഗവാൻ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരവുമായ ശ്രീരാമന്റെ ദുഷ്‌കരയാത്രയുടെ കഥ പറയുന്ന ഇതിഹാസം. ഇന്ത്യ മാത്രമല്ല, അനേകം രാജ്യങ്ങളിൽ ശ്രോതാക്കളെ പിടിച്ചിരുത്തിയ ഈ മഹേതിഹാസത്തിലെ പ്രൗഢോജ്വലമായ ഒരു കഥാപാത്രമാണ് ജടായു. പക്ഷിവീരനായ ജടായു കർമധീരതകൊണ്ടും ആദർശബലം കൊണ്ടും പുകഴ്ത്തപ്പെടുന്നു. സൂര്യദേവന്റെ സാരഥിയായ അരുണന്റെയും ഭാര്യയായ ശ്യേനിയുടെയും പുത്രനായിരുന്നു ജടായു. മറ്റൊരു പക്ഷിശ്രേഷ്ഠനായ സമ്പാതി ജടായുവിന്റെ മൂത്ത സഹോദരനായിരുന്നു. ഇരുവരും ഗരുഡന്റെ അനന്തരവൻമാരുമായിരുന്നു.
കുട്ടിക്കാലത്ത് ജടായുവും സമ്പാതിയും അനേകം സാഹസിക കൃത്യങ്ങളിൽ ഏർപ്പെട്ടു. ഒരിക്കൽ ആരാണ് ഏറ്റവും കൂടുതൽ പൊക്കത്തിൽ പറക്കുകയെന്ന് അന്യോന്യം മത്സരം വച്ച ഇരു പക്ഷിശ്രേഷ്ഠൻമാരും ആകാശത്തേക്ക് ഉയർന്നുപൊങ്ങി. ജടായു സൂര്യനരികിലേക്കു പറന്നു. സൂര്യന്റെ കടുത്ത രശ്മികളാൽ ഇളയസഹോദരന്റെ ശരീരത്തിൽ പൊള്ളലേൽക്കാതിരിക്കാനായി സമ്പാതി പക്ഷിക്കരികിലെത്തി.തന്റെ ചിറകു വിരിച്ച് ഒരു കുടപോലെയാക്കി അവനെ സംരക്ഷിച്ചു. ത്യാഗോജ്ജലമായ ഈ പ്രവൃത്തിയാൽ ജടായു രക്ഷപ്പെട്ടെങ്കിലും ചിറകുകരിഞ്ഞു സമ്പാതി താഴെ വീണു. പിന്നീടൊരിക്കലും ആ പക്ഷിക്കു പറക്കാനായില്ല. ധർമിഷ്ഠനായ തന്റെ മൂത്ത ജ്യേഷ്ഠന് താൻ മൂലം പിണഞ്ഞ ഈ അപകടം ജടായുവിന്റെ മനസ്സിൽ ഒരു വിങ്ങലായി തുടർന്നു.

അയോധ്യയിലെ മഹാരാജാവായ ദശരഥനുമായി നല്ല സൗഹൃദം പുലർത്തിയ ജടായു പിൽക്കാലത്ത് പഞ്ചവടിയിലാണ് താമസിച്ചത്. പക്ഷികളുടെ രാജാവായി. കാനനവാസ കാലത്ത് ശ്രീരാമദേവനും സീതാദേവിയും ലക്ഷമണനും പഞ്ചവടിയിൽ താമസിച്ചു. രാമായണത്തിന്റെ ഗതിമാറ്റിയ ആ സംഭവം പഞ്ചവടിയിലാണു നടന്നത്. സീതാപഹരണം. മഹർഷിയായി വേഷം മാറിയെത്തിയ ലങ്കാധിപതിയായ രാവണൻ സീതാദേവിയെ അപഹരിച്ച് തന്റെ പുഷ്പകവിമാനത്തിലേറ്റി ലങ്കയിലേക്കു കൊണ്ടുപോയി. ഈ സംഭവം നടക്കുന്നത് ജടായു അറിഞ്ഞു.

അദ്ദേഹം തന്റെ വലിയ ചിറകുകൾ വിടർത്തി പുഷ്പകത്തെ പിന്തുടർന്നു. ഒടുവിൽ രാവണനുമായി പക്ഷി പോരാട്ടം നടത്തി. തന്റെ കൊക്കുകളും നഖങ്ങളും ഉപയോഗിച്ച് ജടായു രാവണനെ ആക്രമിച്ചു. എന്നാൽ മഹാശക്തനായ രാവണൻ ജടായുവിന്റെ ചിറകുകൾ തന്റെ വാളാൽ വെട്ടി. ചിറകുകൾ നഷ്ടപ്പെട്ട ജടായു ഗുരുതര നിലയിൽ താഴെ വീണു.

സീതാദേവിയെ അന്വേഷിച്ച് ശ്രീരാമനും ലക്ഷ്മണനും അങ്ങോട്ടേക്ക് എത്തിയത് അപ്പോഴാണ്. ദേവിയെ രാവണൻ തട്ടിക്കൊണ്ടുപോയ കാര്യവും തനിക്കു സംഭവിച്ച ദുർവിധിയും ജടായു രാമനു മുന്നിൽ ഉണർത്തിച്ചു. പുഷ്പകവിമാനം പോയ ദിശയും ആ പക്ഷി ചൂണ്ടിക്കാട്ടി. മൃതപ്രായനായി കിടക്കുന്ന ജടായു ചെയ്ത ത്യാഗോജ്വലമായ പ്രവൃത്തി കണ്ട് മനസ്ഥൈര്യത്തിന്റെ ഉദാഹരണമായ ശ്രീരാമന്റെ മനസ്സ് വേദനയാൽ പിടച്ചു. ആ പക്ഷിശ്രേഷ്ഠനെ കൈകളിൽ കോരിയെടുത്ത് ഭഗവാൻ മാറോടണച്ചു.

ഭഗവാന്റെ കൈകളിൽ കിടന്ന് ജടായു അന്ത്യശ്വാസം വലിച്ചു. പക്ഷിശ്രേഷ്ഠനായ ജടായുവിന്റെ മൃതശരീരം ഭഗവാൻ ശ്രീരാമൻ യഥാവിധി കർമങ്ങളോടെ സംസ്‌കരിച്ചു. ജടായുവിന്റെ അന്തിമോപചാര കർമങ്ങളും ഭഗവാൻ നടത്തി. അങ്ങനെ അപൂർവങ്ങളിൽ അപൂർവമായ ഭാഗ്യം ജടായുവിനെ തേടിയെത്തി. ഇഹ, പര ലോകദുഖങ്ങളിൽ നിന്നു മോക്ഷം നേടിയ ജടായുവിന്റെ ആത്മാവ് വിഷ്ണുലോകത്തേക്കു യാത്രയായി.