ADVERTISEMENT

വൃന്ദാവനം...എത്രയെത്ര കഥകളിൽ പരാമർശിച്ച ദേവഭൂമി..ഭഗവാൻ ശ്രീകൃഷ്ണന്റെയും ബലരാമന്റെയും കുട്ടിക്കാലത്താൽ പ്രശസ്തമായ നാട്. എത്രയെത്ര കഥകളുണ്ടെന്നോ ഉത്തർപ്രദേശിൽ ഇന്നു സ്ഥിതി ചെയ്യുന്ന ഈ നാടിനു പറയാൻ. ഇക്കൂട്ടത്തിൽ ഒരു കഥയാണ് ധേനുകാസുരന്‌റേത്. അൽപം പ്രത്യേകതയുള്ള ഒരു അസുരനാണു ധേനുകൻ. കഴുതയുടെ രൂപമായിരുന്നു ഈ അസുരന്. ഇന്നത്തെ ബ്രജഭൂമിയിലെ 12 വനങ്ങളിൽ ഒന്നായ തലവനത്തിലാണ് ഈ കഥ നടക്കുന്നത്. ഈ കാട്ടിൽ അനേകം പനകൾ വളർന്നു പുഷ്ടി പ്രാപിച്ചുനിന്നു. മഥുരയിൽ നിന്ന് 10 കിലോമീറ്റർ തെക്കു മാറിയും മധുവനത്തിൽ നിന്ന് 4 കിലോമീറ്റർ തെക്കുപടിഞ്ഞാറ് മാറിയുമാണു തലവനം സ്ഥിതി ചെയ്തിരുന്നത്. 

ദ്വാപരയുഗമായിരുന്നു കാലം. അക്കാലത്ത് തലവനം മഹാശക്തനായ കംസന്റെ അധീനതയിലാണ്. തലവനത്തിലെ പനകളിൽ അതീവരുചികരമായ പനങ്കായകൾ വിളഞ്ഞുനിന്നിരുന്നു. ഈ വനം സംരക്ഷിക്കാനായി കഴുതയുടെ രൂപമുള്ള ധേനുകാസുരനെ കംസൻ അവിടെ നിയോഗിച്ചിരുന്നു. ധേനുകന്റെ കൂട്ടാളികളായ അസുരൻമാരും കഴുതയുടെ രൂപത്തിൽ അവിടെ പാർത്തു. ആ വനത്തിലേക്ക് കയറുന്ന ആരെയും ധേനുകൻ കൊലപ്പെടുത്തി. പുൽമേടുകൾ ധാരാളമുണ്ടായിട്ടും അവിടെ മേയാനായി കയറാൻ മൃഗങ്ങൾ പോലും ഭയപ്പെട്ടു. മൃഗങ്ങളെ പോലും ധേനുകൻ വെറുതെ വിട്ടിരുന്നില്ല.

story-of-dhenuka-asura6
Image Credit: This image was generated using Midjourney

അക്കാലത്ത് കുട്ടികളായിരുന്നു ശ്രീകൃഷ്ണനും ബലരാമനും. അവർക്കു കൂട്ടായി ധാരാളം ഗോപൻമാരുമുണ്ടായിരുന്നു. നാട്ടിലെ ഈ കുട്ടിക്കൂട്ടം ഒരിക്കൽ പശുവിനെ മേയ്ക്കാനായി പുറപ്പെട്ടു. അവർ നടന്നു നടന്നു തലവനത്തിലെത്തി. കുട്ടികൾ നന്നേ വിശന്നിരുന്നു. തങ്ങൾക്കു വിശക്കുന്നെന്നും തലവനത്തിൽ ധാരാളം രുചികരമായ പനങ്കായ്ക്കൾ പഴുത്തുനിൽക്കുന്നതു കണ്ടെന്നും കുട്ടികൾ ശ്രീകൃഷ്ണനോടും ബലരാമനോടും പറഞ്ഞു. എങ്കിൽ പിന്നെ സമയം കളയേണ്ട അവിടെ പോയി കായ്കൾ പറിച്ചുതിന്നാമെന്ന് ആ ദിവ്യ സഹോദരൻമാർ ഗോപൻമാരോടു പറഞ്ഞു.

story-of-dhenuka-asura
Image Credit: This image was generated using Midjourney

ധേനുകൻ എന്നൊരു അസുരൻ അവിടെയുണ്ടെന്നും അവൻ അപകടകാരിയാണെന്നും കുട്ടികൾ ശ്രീകൃഷ്ണനോടും ബലരാമനോടും പറഞ്ഞെങ്കിലും പുഞ്ചിരിയായിരുന്നു അവരുടെ മറുപടി. താമസിയാതെ കുട്ടിക്കൂട്ടം തലവനത്തിൽ കയറി. അവർ പനകൾ കുലുക്കി ധാരാളം പനങ്കായകൾ ഉതിർത്തു താഴെയിട്ടു. സമയം കളയാതെ അതു ഭക്ഷിച്ചും തുടങ്ങി. എന്നാൽ കുട്ടികളുടെ ബഹളവും പനങ്കായകൾ വീഴുന്ന ശബ്ദവും എല്ലാം കൂടി അവിടെ വലിയ ശബ്ദം ഉടലെടുത്തു. താമസിയാതെ ധേനുകൻ ഇതറിഞ്ഞു. കഴുതകളുടെ രൂപത്തിലുള്ള മറ്റ് അസുരൻമാരെയും കൂട്ടി, രോഷാകുലനായ ധേനുകൻ തലവനത്തിലേക്ക് എത്തി.തങ്ങളുടെ പിൻകാലുകൾ ഉയർത്തി കുട്ടികളെ തൊഴിക്കാനായി കഴുതകൾ പാഞ്ഞെത്തി.

story-of-dhenuka-asura8
Image Credit: This image was generated using Midjourney

അതീവശക്തനായ ബലരാമൻ ധേനുകാസുരന്റെ പിൻകാലുകളിൽ പിടിത്തമിട്ടു. എന്നിട്ട് അവനെ കറക്കി മുകളിലേക്ക് എറിഞ്ഞു. ആകാശത്തോളം പൊക്കത്തിൽപോയ ധേനുകാസുകൻ തിരികെ താഴേക്കുവന്ന് ഒരു പനമരത്തിൽ തറഞ്ഞു മരിച്ചു. ബാക്കിയുള്ള അസുരൻമാരുടെയും ഗതി ഇതുതന്നെയായിരുന്നു. ഏതായാലും അന്നേദിനം കൊണ്ട് അസുരൻമാരുടെ ശല്യം അവിടെ അവസാനിച്ചു. താമസിയാതെ വിവരമറിഞ്ഞ ആളുകൾ തലവനത്തിൽ ഭീതിയില്ലാതെ കയറി രുചികരമായ പനങ്കായകൾ ഭക്ഷിച്ചു തുടങ്ങി. ധേനുകൻ പോയെന്നു മനസ്സിലാക്കിയ മൃഗങ്ങളും കാട്ടിൽ കയറി പുൽമേടുകളിൽ മേയാൻ തുടങ്ങി.

English Summary:

Lord Balarama in Talavana forest. Learn about this lesser-known tale from the divine land of Vrindavan and the childhood adventures of Krishna and Balarama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com