ഭഗവാൻ ശ്രീകൃഷ്ണന്റെ വൻപട; സൂര്യനെപ്പോലെ ജ്വലിച്ച നാരായണീസേന

Mail This Article
യുദ്ധങ്ങളുടെയും സാമ്രാജ്യങ്ങളുടെയും മഹാചരിതമാണു മഹാഭാരതം. അനേകമനേകം സൈന്യങ്ങളെപ്പറ്റി ഇതിൽ പ്രതിപാദിപ്പിക്കുമ്പോഴും സൂര്യതേജസ്സോടെ ഒരു സേന വ്യത്യസ്തമായി നിൽക്കുന്നു. ആ സൈന്യമാണു നാരായണീസേന. അവതാരരൂപനായി ഭൂമിയിൽ പിറവിയെടുത്ത നാരായണന്റെ സ്വന്തം സേന, അഥവാ ഭഗവാൻ ശ്രീകൃഷ്ണന്റെ വൻപട.
ശ്രീകൃഷ്ണന്റെ രാജധാനിയായ ദ്വാരകയിലായിരുന്നു ഈ സേന. യാദവസേനയെന്നും അറിയപ്പെട്ടിരുന്ന ഇത് അക്കാലത്തെ ഏറ്റവും ബൃഹത്തായതും ശക്തമായതുമായ സേനയായിരുന്നു.യാദവകുലത്തിന്റെ മേധാവിത്വം ഊട്ടിയുറപ്പിക്കാൻ ഈ സേന വഴിയൊരുക്കി. യാദവരായിരുന്നു ഈ സേനയിൽ. ഇതിൽ തന്നെ പതിനെണ്ണായിരം പേർ ശ്രീകൃഷ്ണന്റെ നേരിട്ടുള്ള ബന്ധുക്കളായിരുന്നു. ശ്രീകൃഷ്ണനോട് അപാരമായ പ്രതിപത്തി സേന പുലർത്തിയിരുന്നു. അനേകം സൈനികർ, കാൽ ലക്ഷത്തോളം രഥങ്ങൾ, അത്ര തന്നെ ആനകൾ, അതിന്റെ മൂന്നിരട്ടി കുതിരകൾ തുടങ്ങിയവ ഈ സേനയ്ക്കുണ്ടായിരുന്നു.

ഭഗവാൻ ശ്രീകൃഷ്ണൻ നേരിട്ടാണ് ഈ സേനയ്ക്കുള്ള പരിശീലനങ്ങൾ നൽകിയത്. കൃഷ്ണൻ, ബലരാമൻ, സാംബൻ, അഹുകൻ, ചാരുദേഷ്ണൻ, ചക്രദേവൻ, സത്യകി എന്നീ മഹാരഥികൾ സേനയുടെ നേതൃത്വത്തിലുണ്ടായിരുന്നു. 7 അതിരഥികളും സേനയിലുണ്ടായിരുന്നു. കുരുക്ഷേത്രയുദ്ധത്തിൽ നാരായണീസേനയെ കൗരവർക്കു നൽകാമെന്നും ഭഗവാൻ ശ്രീകൃഷ്ണൻ ആയുധമെടുക്കാതെ പാണ്ഡവപക്ഷത്തു പങ്കെടുക്കുമെന്നും കരാറുണ്ടായി. ദുര്യോധനൻ ഈ കരാറിൽ വളരെ സംപ്രീതനായിരുന്നു. അർജുനനും സന്തുഷ്ടനായിരുന്നു. കാരണം, ഏതു വൻപടകളേക്കാളും കരുത്തുറ്റതാണു ഭഗവാന്റെ സാമീപ്യമെന്ന് അർജുനന് നന്നായി അറിയാമായിരുന്നു.എന്നാൽ നാരായണീസേന മൊത്തത്തിൽ യുദ്ധത്തിൽ പങ്കെടുത്തില്ല.

അതിരഥിയായ കൃതവർമാവിന്റെ നേതൃത്വത്തിലുള്ള ഒരു അക്ഷൗഹിണിയാണു കൗരവർക്കായി പടക്കളത്തിലിറങ്ങിയത്. ശേഷിച്ച 6 അക്ഷൗഹിണികൾ യുദ്ധത്തിൽ പങ്കെടുത്തില്ല. ദ്വാരകയെ അന്നത്തെ എണ്ണം പറഞ്ഞ സാമ്രാജ്യങ്ങളിലൊന്നാക്കാൻ നാരായണീസേന നൽകിയ സംഭാവനകൾ വളരെ വലുതാണ്. ഭഗവാൻ ശ്രീകൃഷ്ണന്റെ നയചാതുരിയും നാരായണീസേനയുടെ ശക്തിയും ദ്വാരകയെ എതിരാളികൾ ഭയക്കുന്ന സാമ്രാജ്യമാക്കി മാറ്റി. ഈ സേനയുടെ ശക്തി ശരിക്കുമറിയാവുന്നതിനാൽ അന്നത്തെ മറ്റു രാജ്യങ്ങൾ ദ്വാരകയെ ആക്രമിക്കാനും മടിച്ചു.