അഗ്നിവൃത്തങ്ങൾ കടന്ന പ്രണയം; നളന്റെയും ദമയന്തിയുടെയും കഥ

Mail This Article
മഹാഭാരതത്തിലെ മനോഹരമായ ഒരു കഥയാണു നളന്റെയും ദമയന്തിയുടെയും. ഒരു ആധുനിക കാലത്തെ സിനിമാത്തിരക്കഥയെ പോലും വെല്ലുന്ന ഉദ്വേഗഭരിതമായ കഥാസന്ദർഭങ്ങളും പ്രണയവും വിരഹവും അതിജീവനവുമൊക്കെ പശ്ചാത്തലമാകുന്ന കഥ. കാലങ്ങളെ അതിജീവിച്ചു നിന്ന ആ പ്രശസ്ത കഥയാണ് ഇത്തവണ കഥയ മമയിൽ. നിഷധരാജ്യത്തെ രാജാവായിരുന്നു നളൻ. ശക്തിയും സൗന്ദര്യവും ഭരണതന്ത്രജ്ഞതയും കുതിരയോട്ടത്തിലെ അദ്വിതീയ പാടവവുമൊക്കെ കൈമുതലായുള്ള യുവാവ്. മറ്റൊരു രാജ്യമായ വിദർഭയിലെ ഭീമ രാജാവിന്റെ പുത്രിയായിരുന്നു രാജകുമാരി ദമയന്തി. സൗന്ദര്യവും ശാലീനതയും സ്വഭാവഗുണങ്ങളുമുള്ള ഒരു മഹതി. ഇരുവരുടെയും മഹനീയഗുണങ്ങളെപ്പറ്റി ആളുകൾ വാഴ്ത്തിപ്പാടിയിരുന്നു. നളനെപ്പറ്റി ദമയന്തിയും ദമയന്തിയെപ്പറ്റി നളനും അവർ പരിചയപ്പെടുന്നതിന് ഏറെനാൾ മുൻപു തന്നെ കേട്ടിരുന്നു. തമ്മിൽകാണാതെയുള്ള തീവ്രപ്രണയത്തിൽ അവർ അകപ്പെട്ടു.
അങ്ങനെ ദമയന്തിയുടെ വിവാഹകാലമായി. ഭീമ രാജാവ് സ്വയംവരം നടത്താൻ നിശ്ചയിച്ചു. അതിനുള്ള പ്രഖ്യാപനവും നടത്തി. വിവരമറിഞ്ഞ നളൻ സ്വയംവരത്തിൽ പങ്കുചേരാനും ദമയന്തിയെ സ്വന്തമാക്കാനുമായി വിദർഭയിലേക്കു തിരിച്ചു. നളൻ വരുമെന്ന ഉത്തമവിശ്വാസത്തിൽ ദമയന്തിയും കഴിഞ്ഞു. എന്നാൽ ദേവകളായ ഇന്ദ്രനും അഗ്നിയും വരുണനും യമനും ദമയന്തിയിൽ അനുരക്തരായിരുന്നു. അവരും സ്വയംവരത്തിനെത്തി. നളനെമാത്രമേ ദമയന്തി വരിക്കൂ എനനറിയാവുന്ന ദേവകൾ നളന്റെ രൂപത്തിൽ സ്വയംവരപ്പന്തലിൽ എത്തി. അങ്ങോട്ടേക്ക് വരണമാല്യവുമായെത്തിയ ദമയന്തി അദ്ഭുതപ്പെട്ടു. പന്തലിൽ അതാ ഇരിക്കുന്ന നളനെപ്പോലെയുള്ള 5 പേർ. ഇതിലാരാകും യഥാർഥ നളൻ. ദേവൻമാർക്ക് നിഴലില്ല, വിയർക്കാറുമില്ല. ഇതറിയാവുന്ന ദമയന്തി നളനെ കണ്ടുപിടിക്കുക തന്നെ ചെയ്തു. വിവാഹം നടന്നു. ദേവകൾ ദമ്പതിമാരെ അനുഗ്രഹിച്ച് തിരിച്ചുപോയി. എന്നാൽ നള–ദമയന്തി വിവാഹം ഇഷ്ടമല്ലാത്ത ഒരാളുണ്ടായിരുന്നു. കലി. നളനെ ബാധിക്കാനായി കലി തക്കം പാർത്തു നടന്നു. ഒടുവിൽ കിട്ടിയ ഒരവസരത്തിൽ ബാധിക്കുകയും ചെയ്തു.

നളന് ഒരു ദുശ്ശീലമുണ്ടായിരുന്നു.പകിടകളിയിലുള്ള അമിതമായ കമ്പം. നളൻ സഹോദരനായ പുഷ്കരനുമായി പകിടകളിയിൽ ഏർപ്പെട്ടു. കലിയുടെ വലയത്തിലായിരുന്ന നളന്റെ നീക്കങ്ങൾ പിഴച്ചു. ഒടുവിൽ രാജ്യവും എല്ലാ സ്വത്തുക്കളും നശിച്ച് ഉടുത്ത വസ്ത്രത്തോടെ ദമയന്തിയുമായി നിഷധരാജധാനിയിൽ നിന്ന് നളൻ ഇറങ്ങി. കാട്ടിലേക്കായിരുന്നു ആ ദമ്പതിമാരുടെ പോക്ക്. തനിക്കു സംഭവിച്ച ദുർവിധിയിൽ നളൻ സ്വയം പഴിച്ചു. ഒരുദിവസം രാത്രി ദമയന്തിയെ ഉപേക്ഷിച്ച് നളൻ കാട്ടിൽനിന്നു കടന്നു കളഞ്ഞു. തന്നെ കാണാതെയാകുമ്പോൾ ദമയന്തി അവളുടെ പിതാവിനരികിലേക്കു പോകുമെന്നും സുഖജീവിതം നയിക്കുമെന്നുമായിരുന്നു നളന്റെ പ്രതീക്ഷ. ഇതിനിടെ ദമയന്തിയെ ഒരു പെരുമ്പാമ്പ് ചുറ്റി. ഒരു കാട്ടാളൻ അവിടെ വരികയും പെരുമ്പാമ്പിനെ കൊലപ്പെടുത്തുകയും ചെയ്തു. എന്നാൽ പിന്നീട് ആ കാട്ടാളൻ ദമയന്തിയെ ബലാത്സംഗം ചെയ്യാൻ ഒരുങ്ങി. തന്റെ പാതിവ്രത്യ ശക്തിയാൽ ദമയന്തി രക്ഷപ്പെട്ടു. അവർ ചേദിരാജ്യത്തു ചെല്ലുകയും അവിടത്തെ കൊട്ടാരത്തിലെ ഒരു ദാസിയായി ജീവിക്കാൻ തുടങ്ങുകയും ചെയ്തു.

ആ കാലത്തൊരിക്കൽ കാർക്കോടകനെന്ന സർപ്പം നളനെ ദംശിച്ചു. നളന്റെ ഉള്ളിൽ കുടിയിരിക്കുന്ന കലിബാധ ഒഴിക്കാൻ ഇതു സഹായകമാകുമെന്ന് നാഗം അദ്ദേഹത്തെ അറിയിച്ചു. എന്നാൽ ദംശനം കാരണം നളന് വൈരൂപ്യം വരികയും അദ്ദേഹത്തെ കണ്ടാൽ തിരിച്ചറിയാതെയാകുകയും ചെയ്തു. ബാഹുകനെന്ന രഥയോട്ടക്കാരനായി അദ്ദേഹം അയോധ്യയിലെ രാജാവായ റിതുപർണനൊപ്പം കൂടി. പകിടകളിയിൽ അഗ്രഗണ്യനായിരുന്നു റിതുപർണൻ. ഇതിനിടെ ദമയന്തിയുടെ പിതാവായ ഭീമരാജാവ് എല്ലാ രാജ്യങ്ങളിലേക്കും അവളെ കണ്ടെത്താനായി ആളുകളെ വിട്ടു. ആ സംഘങ്ങളിലൊന്ന് ചേദി രാജ്യത്തെത്തുകയും ദമയന്തിയെ തിരിച്ചറിയുകയും ചെയ്തു. അങ്ങനെ ദമയന്തി തിരിച്ച് ചേദിരാജ്യത്തെത്തി.

തന്റെ നളനെ തിരികെക്കിട്ടാനായി ദമയന്തി അവിടെ ഒരു സൂത്രം ആവിഷ്കരിച്ചു. ഒരു സ്വയംവരം കൂടി നടത്തുന്നതായി വിദർഭാരാജ്യത്തു നിന്നു പ്രഖ്യാപനമുണ്ടായി. അതിന്റെ വാർത്ത പലനാടുകളിൽ പ്രചരിച്ചു. റിതുപർണനും ഇതിൽ പങ്കെടുക്കാനായി വിദർഭയിലേക്കു തിരിച്ചു. ബാഹുകനായ നളനായിരുന്നു സാരഥി. യാത്രാമധ്യേ കുതിരയോട്ടത്തിന്റെയും രഥശാസ്ത്രത്തിന്റെയും രഹസ്യങ്ങൾ ബാഹുകൻ റിതുപർണന് പഠിപ്പിച്ചു കൊടുത്തു. പകരമായി പകിടകളിയിലെ ആർക്കുമറിയാത്ത സൂത്രങ്ങൾ ബാഹുകനെ റിതുപർണനും പഠിപ്പിച്ചു. വിദർഭയിലെത്തിയ ബാഹുകൻ ദമയന്തിയെ തിരിച്ചറിഞ്ഞെങ്കിലും മിണ്ടാതെ നിന്നു. എന്നാൽ സാധ്വിയായ ദമയന്തിക്ക് നളനെ തിരിച്ചറിയാൻ എളുപ്പം സാധിച്ചു. ഇതേസമയം തന്നെ കാർക്കോടകന്റെ വിഷം ബാഹുകനെ വിട്ടകന്നു. വൈരൂപ്യം മാറിയ ബാഹുകൻ നളനായി മാറുന്നത് എല്ലാവരും അദ്ഭുതത്തോടെ കണ്ടുനിന്നു. കണ്ണീരോടെ ദമയന്തി നളനെ പുണർന്നു.

ഭാര്യയോടൊപ്പം നളൻ നിഷധരാജ്യത്തേക്കു തിരിച്ചുപോകുന്നിടത്താണു കഥയുടെ അവസാനഘട്ടം തുടങ്ങുന്നത്. അവിടെച്ചെന്ന് പുഷ്കരനെ നളൻ പകിടകളിക്ക് വെല്ലുവിളിക്കുന്നു. വെല്ലുവിളി സ്വീകരിച്ച പുഷ്കരൻ പകിടകളി തുടങ്ങി. എന്നാൽ റിതുപർണനിൽ നിന്ന് പകിടകളിയുടെ രഹസ്യങ്ങളെല്ലാം പഠിച്ച നളനു മുന്നിൽ അദ്ദേഹത്തിനു പിടിച്ചുനിൽക്കാനായില്ല. ഒരിക്കൽ കൈവിട്ടതെല്ലാം നളൻ തിരികെപ്പിടിച്ചു. ഒടുവിൽ നിഷധരാജ്യത്തെ രാജാവായി ദമയന്തിയോടൊപ്പം അനേകകാലം അദ്ദേഹം സുഖമായി താമസിച്ചു.