മുതലപ്പൂട്ടിൽപ്പെട്ട ആനരാജാവ്; രക്ഷിക്കാനെത്തിയ മഹാവിഷ്ണു

Mail This Article
അനേകം കൗതുകകരമായ കഥകളടങ്ങിയതാണ് പ്രാചീന ഇന്ത്യൻ കൃതികളായ പുരാണങ്ങൾ. പുരാണങ്ങളിൽ സവിശേഷ സ്ഥാനമുള്ളതാണു ഭാഗവതമെന്ന ഭാഗവത പുരാണം. ഭാഗവതത്തിലെ വളരെ പ്രശസ്തമായ ഒരു കഥയാണു ഗജേന്ദ്രമോക്ഷം. ഭാരതീയ ഐതിഹ്യങ്ങൾ പ്രകാരം 3 കൊടുമുടികളുള്ള പർവതമാണു ത്രികൂടം. ബ്രഹ്മാവിന്റെ സ്ഥാനമായ മേരുപർവതത്തെ ചുറ്റിനിൽക്കുന്ന 21 ശ്രഷ്ഠപർവതങ്ങളിലൊന്നായിട്ടാണു ത്രികൂടം കണക്കാക്കപ്പെടുന്നത്. ത്രികൂട പർവതത്തിനു സമീപം പണ്ട് കാടുകളായിരുന്നു. റിതുമതമെന്ന പേരിൽ ഒരുതടാകവും പരിസരപ്രദേശത്തുണ്ടായിരുന്നു. ആ കാട്ടിൽ ഗജേന്ദ്രനെന്ന കൊമ്പനാന പാർത്തിരുന്നു. വെറുമൊരു ആനയായിരുന്നില്ല ഗജേന്ദ്രൻ. ആനകളുടെ മഹാരാജാവായിരുന്നു അവൻ. തന്റെ കുടുംബത്തോടും പ്രജകളോടുമൊപ്പം ഗജേന്ദ്രൻ ആ കാട്ടിൽ സുഖമായി പാർത്തുവന്നു. ഗജേന്ദ്രനും സംഘത്തിനും ഭീഷണിയായ മറ്റു മൃഗങ്ങളൊന്നും അവിടെയുണ്ടായിരുന്നില്ല.
ഒരുനാൾ ഗജേന്ദ്രനും ആനസംഘവും റിതുമതതടാകത്തിലേക്കു വെള്ളം കുടിക്കാനും കുളിക്കാനും പോയി. അപ്പോഴാണ് അവിചാരിതമായ ഒന്ന് സംഭവിച്ചത്. ഗജേന്ദ്രന്റെ കാലിലേക്ക് ഒരു മുതല കടിച്ചുവലിക്കാൻ തുടങ്ങി. തന്റെ സവിശേഷമായ ശാരീരികബലം കൊണ്ട് കാൽവിടുവിക്കാൻ കഴിയുമെന്നു കരുതിയ ഗജേന്ദ്രൻ കാൽ പൊക്കാൻ ശ്രമിച്ചു. എന്നാൽ നടന്നില്ല. മുതല ഗജേന്ദ്രനെ അവിടെ കുടുക്കിയിട്ടു. ഗജേന്ദ്രന്റെ കുടുംബവും പ്രജകളും അവനെ രക്ഷിക്കാൻ നോക്കിയെങ്കിലും ഒന്നും നടന്നില്ല. ഈ വടംവലി വർഷങ്ങളോളം തുടർന്നു. ഗജേന്ദ്രൻ ആകെ ക്ഷീണിതനും പരവശനുമായി. മുതലയാണെങ്കിൽ വിടുന്ന മട്ടുമില്ല. കുടുംബക്കാരും പ്രജകളുമൊക്കെ ഇതിനിടെ ഗജേന്ദ്രനെ ഒറ്റയ്ക്കു വിട്ട് അവരുടെ കാര്യം നോക്കിപ്പോയി. ഗജേന്ദ്രൻ തീർത്തും ഒറ്റപ്പെട്ടു.

ഇതോടെ ഗജേന്ദ്രനുള്ളിലെ അഹം എന്ന ഭാവം നശിച്ചു. വിധിയുടെ പരീക്ഷണമെന്ന കടുത്ത യാഥാർഥ്യം അംഗീകരിച്ച അവൻ ഒരു കൊച്ചുകുട്ടിയെപ്പോലെ കരയാൻ തുടങ്ങി. അവന്റെ മനസ്സിൽ അപ്പോൾ ഒരു മുഖം തെളിഞ്ഞുവന്നു. ലോകരക്ഷകനായ ഭഗവാൻ മഹാവിഷ്ണുവിന്റെ മനോഹരമായ മുഖം. ആ ഒരു മനോവിചാരത്തിൽ തന്നെ ആശ്വാസത്തിന്റെ കുളിർക്കാറ്റ് ഗജേന്ദ്രന്റെ മനസ്സിൽ വീശി. തടാകത്തിലെ ഒരു താമരപ്പൂവ് പറിച്ച് ഗജേന്ദ്രൻ വിഷ്ണുദേവനായി അർപ്പിച്ചു. ഈ നിലയില്ലാക്കയത്തിൽ നിന്നു തന്നെ രക്ഷിക്കണമേ ഭഗവാനേയെന്ന് ഹൃദയമുരുകി അവൻ പ്രാർഥിച്ചു. ഗജേന്ദ്രസ്തുതിയെന്നാണ് ഈ പ്രാർഥന അറിയപ്പെടുന്നത്. വൈകുണ്ഠനാഥനായ മഹാവിഷ്ണുവിന്റെ കാതിൽ ഈ പ്രാർഥന മുഴങ്ങി. തന്റെ ഭക്തരെ ഏറെനാൾ വിഷമത്തിനു വിടാൻ ഇഷ്ടമല്ലാത്ത ഭഗവാൻ ഗരുഡനിലേറി ഭൂമിയിലേക്കെത്തി. സർവസംഹാരിയായ തന്റെ ചക്രായുധം മുതലയ്ക്കു മേൽ പ്രയോഗിച്ചു. ഗജേന്ദ്രന്റെ കാലിന് അതോടെ മോചനമായി.

മുതലയുടെ സ്ഥാനത്ത് ഹുഹു എന്ന ഗന്ധർവൻ പ്രത്യക്ഷപ്പെട്ടു. ദേവലമഹർഷിയുടെ ശാപം മൂലം മുതലയായിത്തീർന്നതായിരുന്നു ആ ഗന്ധർവൻ. തനിക്ക് ശാപമോക്ഷമേകിയ വിഷ്ണുഭഗവാനെ സാഷ്ടാംഗം തൊഴുതശേഷം ഹുഹു മറഞ്ഞു. മഹാവിഷ്ണു ഗജേന്ദ്രനെ ആശിർവദിച്ചുകൊണ്ട് അവന്റെ പൂർവജന്മ കഥ പറഞ്ഞുകൊടുത്തു. വലിയ വിഷ്ണുഭക്തനായിരുന്ന ഇന്ദ്രദ്യുമ്നനെന്ന രാജാവായിരുന്നത്രേ കഴിഞ്ഞജന്മത്തിൽ ഗജേന്ദ്രൻ. എന്നാൽ അറിയാതെ ഏതോ ബഹുമാനക്കേട് കാട്ടിയതിന് അഗസ്ത്യമഹർഷി രാജാവിനെ ശപിച്ചു. അങ്ങനെയാണ് ആനയായി ഗജേന്ദ്രൻ ജനിച്ചത്. ഇതോടെ എല്ലാ ശാപങ്ങളും പാപങ്ങളും ഗജേന്ദ്രനിൽ നിന്നു മുക്തമായിരിക്കുന്നു. ആ കൊമ്പനാനയിൽ നിന്നുള്ള ആത്മാവ് സ്വതന്ത്രമായി വൈകുണ്ഠത്തിലേക്കു യാത്രയായി.

ഭക്തിയുടെ ശക്തിയെന്താണെന്നു പഠിപ്പിക്കുന്ന ഒരുദാഹരണമായിട്ടാണു ഗജേന്ദ്രമോക്ഷം കണക്കാക്കപ്പെടുന്നത്. ഗജേന്ദ്രൻ ആത്മാവിനെയും മുതല ജീവിതത്തിലെ പലവിധ ബന്ധനങ്ങളെയും പ്രതിസന്ധികളെയും സൂചിപ്പിക്കുന്നു. ആ പ്രതിസന്ധികൾ ഉലയ്ക്കുന്ന നേരത്ത് ഈശ്വരഭക്തിയാണ് ഏക ശരണമാർഗമെന്നു ഗജേന്ദ്രന്റെ കഥ ഓർമിപ്പിക്കുന്നു. പ്രതിസന്ധികളിൽ വലയുന്നവരെ രക്ഷിക്കാനായി ദൈവം എത്തുമെന്ന പ്രതീക്ഷയും ഈ കഥ മുന്നോട്ടുവയ്ക്കുന്നു.