ഭൂമിയിലെ ‘ആദ്യ സൗന്ദര്യമത്സരം’; പങ്കെടുത്തത് ഗ്രീക്ക് ദേവതമാർ

Mail This Article
ലോകത്തെ ഏറ്റവും വലിയ സൗന്ദര്യമത്സരങ്ങളിലൊന്നായ ‘മിസ് വേൾഡ്’ ഇന്ത്യയിൽ നടന്നുകഴിഞ്ഞു. സൗന്ദര്യമത്സരങ്ങൾക്ക് ഒരു നൂറ്റാണ്ടിന്റെയൊക്കെ ചരിത്രമാണുള്ളത്. എന്നാൽ ഗ്രീക്ക് ഐതിഹ്യത്തിൽ ഒരു സൗന്ദര്യമത്സരത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഭൂമിയിലെ ആദ്യ സൗന്ദര്യമത്സരമെന്ന് ചില ഐതിഹ്യ ഗവേഷകർ ഇതിനെ വിശേഷിപ്പിക്കാറുമുണ്ട്. മനുഷ്യസ്ത്രീകളല്ല, മറിച്ച് ഗ്രീക്ക് ദേവതമാരാണത്രേ ഇതിൽ പങ്കെടുത്തത്.
ഒരിക്കൽ താൻ സംഘടിപ്പിച്ച ഒരു വിരുന്നിൽ സീയൂസ് ദേവൻ, എറിസ് എന്ന ദേവതയെ ക്ഷണിച്ചില്ല. പ്രശ്നങ്ങളുണ്ടാക്കുന്ന എറിസിന്റെ സ്വഭാവമായിരുന്നു ഈ ഒഴിവാക്കലിനു കാരണം. എന്നാൽ വിരുന്നിൽ ഒരു പണി കൊടുക്കണമെന്ന് എറിസ് തീരുമാനിച്ചു. വിരുന്ന് നടന്നുകൊണ്ടിരിക്കെ എറിസ് ഒരു സ്വർണ ആപ്പിൾ അങ്ങോട്ടേക്ക് എറിഞ്ഞു. ഏറ്റവും മനോഹരിയായ വനിതയ്ക്ക് അവകാശപ്പെട്ടത് എന്ന് ആ ആപ്പിളിൽ എഴുതിയിട്ടുണ്ടായിരുന്നു. സീയൂസിന്റെ ഭാര്യ ഹീരാദേവി, സീയൂസിന്റെ മക്കളും ദേവിമാരുമായ അഥീന, ആഫ്രഡൈറ്റ് എന്നിവർ ഈ ആപ്പിളിന് അവകാശവാദം ഉന്നയിച്ചു. 3 ദേവിമാരും അതീവസുന്ദരികളായിരുന്നു.

സീയൂസ് ആകെ കുഴഞ്ഞു. ഒരു സൗന്ദര്യമത്സരം നടത്തണമെന്നും പക്ഷഭേദമില്ലാത്ത ഒരാൾ വിധികർത്താവായി വരണമെന്നും ദേവതകൾ ആവശ്യപ്പെട്ടു. ഭൂമിയിലെ ട്രോയ് എന്ന നഗരരാഷ്ട്രത്തിൽ നിന്നുള്ള പാരിസ് എന്ന യുവാവിനെയാണു വിധികർത്താവായി സീയൂസ് തിരഞ്ഞെടുത്തത്. ട്രോയ് ഭരിച്ചിരുന്ന പ്രിയാം രാജാവിന്റെ മകനായിരുന്നു പാരിസ്. എന്നാൽ പാരിസ് കാരണം ട്രോയിക്ക് വലിയ കുഴപ്പങ്ങളും നാശവും വന്നുഭവിക്കുമെന്നു പണ്ടേ പ്രവചനമുണ്ടായിരുന്നു.

ഇഡ എന്ന പർവതത്തിൽവച്ച് ഒടുവിൽ മത്സരം നടന്നു. ഇതിനു മുൻപ് തന്നെ ദേവതമാർ പാരിസിനെ തങ്ങളുടെ പക്ഷത്താക്കാൻ ശ്രമിച്ചു. പാരിസിനെ കരുത്തനായ ഒരു രാജാവാക്കാമെന്ന് ഹീരയും വലിയ ബുദ്ധിശാലിയാക്കാമെന്നു അഥീനയും വാഗ്ദാനം ചെയ്തപ്പോൾ ഭൂമിയിലെ ഏറ്റവും സുന്ദരിയായ യുവതിയുടെ ഭർത്താവാക്കാമെന്നായിരുന്നു ആഫ്രഡൈറ്റിന്റെ വാഗ്ദാനം. ആഫ്രഡൈറ്റിന്റെ വാഗ്ദാനത്തിൽ പാരിസ് വീണു. ‘ജഡ്ജ്മെന്റ് ഓഫ് പാരിസ്’ എന്ന് ഗ്രീക്ക് ഐതിഹ്യങ്ങളിൽ പരാമർശിക്കുന്ന ആ സൗന്ദര്യ മത്സരത്തിലെ വിജയിയായി പാരിസ് ആഫ്രഡൈറ്റിനെയാണു പ്രഖ്യാപിച്ചത്. ഇതു ഹീരാദേവിയിലും അഥീനാദേവിയിലും ഈർഷ്യ വളർത്തി.

ഭൂമിയിലെ ഏറ്റവും സുന്ദരിയായ യുവതി ഹെലൻ ആയിരുന്നു. എന്നാൽ ഒരു കുഴപ്പമുണ്ടായിരുന്നു. ഹെലൻ ഇപ്പോൾത്തന്നെ വിവാഹിതയാണ്. ഗ്രീസിലെ സ്പാർട്ടയുടെ രാജാവായ മെനെലോസിന്റെ പത്നിയാണു ഹെലൻ. പക്ഷേ ഈ സ്ഥിതിവിശേഷം പാരിസിനെ പിന്തിരിപ്പിച്ചില്ല. അവൻ സ്പാർട്ടയിലെത്തി. ഹെലനെ വശീകരിച്ച് തന്റെ നാടായ ട്രോയിയിലേക്കു കൊണ്ടുപോയി. ഒരു വലിയ പ്രതിസന്ധി അവിടെ തുടങ്ങുകയായിരുന്നു.

പാരിസിന്റെ ഈ പ്രവൃത്തിയിൽ ഗ്രീക്ക് രാജത്വം കടുത്ത ദേഷ്യത്തിലായി. ട്രോയിയെ ഒരു പാഠം പഠിപ്പിക്കാനായി മെനലോസ് തന്റെ സഹോദരനും രാജാവുമായ അഗമെമ്നോണിന്റെ സഹായം തേടി. ഗ്രീസിലെ എല്ലാ രാജാക്കൻമാരും ഈ പടപ്പുറപ്പാടിൽ പങ്കാളികളായി. ഗ്രീക്ക് നായകരായ അക്കിലീസ്, ഒഡീസിയൂസ് തുടങ്ങിയവരുൾപ്പെട്ട വൻപട കപ്പലുകളിലേറി ട്രോയ് ലക്ഷ്യമാക്കി തിരിച്ചു. ട്രോയ് വലിയ പ്രതിരോധം ഉയർത്തി. പത്തു വർഷത്തോളം നഗരത്തിനുള്ളിലേക്കു കടക്കാൻ ഗ്രീക്ക് പടയ്ക്കു കഴിഞ്ഞില്ല. ഇതിനിടെ യുദ്ധങ്ങൾ നടന്നു. ട്രോജൻ യുദ്ധമെന്ന പേരിൽ ഇതറിയപ്പെടുന്നു. പാരിസിന്റെ ജ്യേഷ്ഠനായ ഹെക്ടർ ഉൾപ്പെടെയുള്ളവർ യുദ്ധത്തിൽ പോരാടി മരിച്ചു. അപ്പോഴും ട്രോയ് നഗരത്തിലേക്കു കടക്കാൻ ഗ്രീക്ക് സൈന്യത്തിനു കഴിഞ്ഞില്ല.

പക്ഷേ പിന്നീട് ട്രോജൻ കുതിര എന്നറിയപ്പെടുന്ന മരക്കുതിരയ്ക്കുള്ളിൽ കുറേ ഗ്രീക്ക് സൈനികർ ഒളിച്ചിരുന്നു. മറ്റുള്ള സൈനികർ അവിടെ നിന്നു തന്ത്രപൂർവം മാറി. ഗ്രീക്കുകാർ യുദ്ധം നിർത്തിപ്പോയെന്നു തെറ്റിദ്ധരിച്ച ട്രോയ് നിവാസികൾ ഈ മരക്കുതിരയെ തങ്ങളുടെ കോട്ടയ്ക്കകത്തു കയറ്റി. ഗ്രീക്കുകാർക്കു വേണ്ടതും അതുതന്നെയായിരുന്നു. രാത്രിയിൽ മരക്കുതിരയിൽ നിന്നു പുറത്തിറങ്ങിയ ഗ്രീക്ക് സൈനികർ ഗേറ്റ് തുറക്കുകയും വെളിയിൽ കാത്തുനിന്ന ഗ്രീക്ക് സൈന്യം ഉള്ളിലേക്ക് ഇരച്ചുകയറുകയും ചെയ്തു. തുടർന്ന് ട്രോയ് നഗരത്തെ അവർ കീഴ്പ്പെടുത്തി. മെനെലോസ് പാരിസിനെ കൊലപ്പെടുത്തുമെന്ന നില വന്നപ്പോഴേക്കും രക്ഷിക്കാനായി ആഫ്രഡൈറ്റ് എത്തി. എന്നാൽ പിന്നീട് ഫിലോക്ടെറ്റസ് എന്ന ഗ്രീക്ക് യോദ്ധാവ് പാരിസിനെ വിഷം പുരട്ടിയ അമ്പുകളാൽ വധിച്ചു. ട്രോജൻ യുദ്ധത്തിനും താമസിയാതെ പരിസമാപ്തിയായി. ഹെലൻ മെനലോസിനൊപ്പം സ്പാർട്ടയിലേക്കു തിരികെപ്പോകുകയും ചെയ്തു.