പാർവതീദേവിയുടെ കയ്യിലെത്തിയ പൈതൽ; ബദരീനാഥിന്റെ ഐതിഹ്യം

Mail This Article
ഹിമാലയത്തിന്റെ പുണ്യഭൂമിയിൽ, അളകനന്ദാ നദിക്കരയിൽ തലയുയർത്തിനിൽക്കുന്ന ഇന്ത്യയുടെ ആത്മീയ മഹാസൗധം. 108 ദിവ്യദേശങ്ങളിൽ ഒന്ന്. സാക്ഷാൽ ശങ്കരാചാര്യർ വികസിപ്പിച്ചെടുത്ത തീർഥാടനകേന്ദ്രം. ഹിന്ദുമതത്തിലെ ഏറ്റവും പ്രശസ്തമായ ചാർധാം പുണ്യസങ്കേതങ്ങളിൽ ഒന്ന്...ബദരീനാഥിനു വിശേഷണങ്ങൾ അനവധിയാണ്. ബദരീനാഥുമായി ബന്ധപ്പെട്ടുള്ള ഉത്ഭവകഥകളിൽ പ്രസിദ്ധമാണു പരമശിവന്റെയും പാർവതീദേവിയുടെയും കഥ.
ഒരിക്കൽ, ഇന്നു ബദരീനാഥ് ഇരിക്കുന്ന മേഖലയിൽ ഭഗവാൻ പരമശിവനും പാർവതീദേവിയും ഗൃഹത്തിൽ താമസിച്ചിരുന്നത്രേ. ദേവനും ദേവിയും ഒരിക്കൽ പുറത്തുപോയി തിരികെ വന്നപ്പോൾ, വീടിന്റെ നടയ്ക്കൽ ഒരു കുട്ടി കരഞ്ഞുകൊണ്ടു കിടക്കുന്നു. ഇതു കണ്ട പാർവതീദേവിയിലെ മാതൃത്വം ഉണർന്നു. ദേവി ആ കുട്ടിയെ എടുക്കാനായി മുന്നോട്ടുപോയി. എന്നാൽ പരമശിവൻ ദേവിയെ തടഞ്ഞു. ഇതൊരു സാധാരണ കുട്ടിയല്ലെന്നും അങ്ങനെയെങ്കിൽ ഇത് വീട്ടിനു മുൻപിൽ എങ്ങനെ തനിയെ വന്നെന്നും ദേവൻ പാർവതീദേവിയോട് ചോദിച്ചു. അതിനെ എടുക്കരുതെന്ന് ദേവൻ ദേവിയോട് പറഞ്ഞു. എന്നാൽ, പാർവതീദേവി ഈ മറുപടി കേട്ട് അദ്ഭുതപ്പെട്ടുപോയി. എന്തുകൊണ്ടാണ് അങ്ങ് ഇങ്ങനെ ക്രൂരമായി സംസാരിക്കുന്നതെന്നും താനൊരമ്മയാണെന്നും ഈ കുട്ടിയെ ഇങ്ങനെ വാതിലിൽ വിട്ട് പോകാൻ തനിക്കു കഴിയില്ലെന്നും ദേവി പറഞ്ഞു.

പിന്നീട് പരമശിവൻ ഒന്നും പറഞ്ഞില്ല. ദേവി കുട്ടിയെ കയ്യിലേന്തി അകത്തേക്കു പോയി. അതിനു ഭക്ഷണവും സംരക്ഷണവും നൽകി. തുടർന്നൊരു ദിവസം പരമശിവനും പാർവതീദേവിയും പുറത്തുപോയി വന്നപ്പോൾ വീടിന്റെ വാതിൽ അകത്തുനിന്നും പൂട്ടിയിരിക്കുന്നതായി കണ്ടു. അന്നു വന്ന കുട്ടിയായിരുന്നു അതിന്റെ പിന്നിൽ. ആ കുട്ടി വേറെയാരുമായിരുന്നില്ല. അതു ഭഗവാൻ മഹാവിഷ്ണുവായിരുന്നു. ഇതു നേരത്തെ തന്നെ മനസ്സിലാക്കിയ ഭഗവാൻ പരമശിവൻ പുഞ്ചിരിയോടെ പാർവതീ ദേവിയെ നോക്കി. നമുക്ക് ഇനി ഇവിടുന്ന് താമസം മാറാം. ഭവതിയുടെ പ്രിയപ്പെട്ട പൈതൽ ഇവിടെ താമസിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. ശേഷം ഇരുവരും കേദാർനാഥിലേക്കു പോയി അവിടെ താമസം ഉറപ്പിച്ചു എന്നാണ് ഐതിഹ്യം.

ബദരീനാഥുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യത്തിൽ ഭഗവാൻ വിഷ്ണു ആയിരക്കണക്കിനു വർഷം ഇവിടെ ധ്യാനനിരതനായി സ്ഥിതി ചെയ്തത്രേ. ഹിമാലയത്തിലെ കടുത്ത കാലാവസ്ഥകൾ ഏറ്റായിരുന്നു ആ തപസ്സ്. തന്റെ ഭർത്താവിന്റെ ഈ സ്ഥിതിയിൽ വിഷമിതയായ ലക്ഷ്മീദേവി ഒരു ബദ്രി വൃക്ഷമായി വിഷ്ണുവിനു സമീപം കിളിർത്തുയരുകയും അദ്ദേഹത്തെ കടുത്ത കാലാവസ്ഥയിൽ നിന്നു തണലേകി സംരക്ഷിക്കുകയും ചെയ്തത്രേ. ബദ്രിയായ ലക്ഷ്മിയുടെ നാഥൻ എന്ന നിലയിലാണു ബദരീനാഥ് എന്ന പേരു വന്നത്.