രാമദാസന്റെ ഭക്തിയും ത്യാഗവും: ഭദ്രാചലത്തിന്റെ ഉദ്ഭവകഥ

Mail This Article
ഇന്ത്യയിലെ പ്രശസ്തമായ ശ്രീരാമക്ഷേത്രങ്ങളിലൊന്നാണ് തെലങ്കാനയിലെ ഭദ്രാചലത്തുള്ള ശ്രീ സീതാരാമചന്ദ്ര സ്വാമി ക്ഷേത്രം. ത്യാഗത്തിന്റെയും ഭക്തിയുടെയും ആത്മാർപ്പണത്തിന്റെയും മനോഹരമായ കഥകൂടി പേറുന്നതാണ് ദക്ഷിണ അയോധ്യയെന്നുകൂടി അറിയപ്പെടുന്ന ഈ ക്ഷേത്രം. പുണ്യനദിയായ ഗോദാവരിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് ഭദ്രഗിരി, ഭദ്രാദ്രി തുടങ്ങിയ പേരുകളുമുണ്ട്.
ഈ ക്ഷേത്രത്തിന്റെ തുടക്കം സംബന്ധിച്ചുള്ള ഏറ്റവും ആദ്യ കഥ ഭദ്രൻ എന്ന ഭക്തനുമായിട്ടുള്ളതാണ്. വലിയ രാമഭക്തനായിരുന്നു ഭദ്രൻ. അദ്ദേഹം ഗോദാവരീനദിക്കരയിൽ താമസിക്കുമ്പോഴാണ് രാമലക്ഷ്മണൻമാർ അവിടെയെത്തിയത്. രാവണൻ തട്ടിക്കൊണ്ടുപോയ സീതാദേവിയെ അന്വേഷിച്ചെത്തിയതായിരുന്നു അവർ. അവിടെ കുറച്ചുകാലം താമസിക്കാനും തന്റെ ആതിഥ്യം സ്വീകരിക്കാനും ഭദ്രൻ ശ്രീരാമദേവനോട് അഭ്യർഥിച്ചു. എന്നാൽ തനിക്കിപ്പോൾ സമയമില്ലെന്നും സീതാദേവിയെ കണ്ടെത്താനുള്ള തിരച്ചിലിലാണു താനെന്നും ഭഗവാൻ ഭദ്രനെ അറിയിച്ചു. എന്നാൽ ഭദ്രനു തന്നോടുള്ള ഭക്തി അദ്ദേഹത്തിനു മനസ്സിലായിരുന്നു. സീതാദേവിയെ വീണ്ടെടുത്തു കഴിഞ്ഞ് താൻ സന്ദർശിക്കാം എന്ന് അദ്ദേഹം ഭദ്രനോട് പറഞ്ഞു.

ഭദ്രൻ ഒരു കുന്നിൽ ധ്യാനനിരതനായി തപസ്സ് ചെയ്തു. ഇതിനിടെ ലങ്കയിലെ യുദ്ധം കഴിഞ്ഞ് സീതാദേവിയെ വീണ്ടെടുത്ത് ശ്രീരാമൻ അയോധ്യയിലേക്കു പോയി. ഭദ്രനു കൊടുത്ത വാക്ക് അദ്ദേഹം മറന്നുപോയിരുന്നു. കുറേക്കാലത്തിനു ശേഷം അവതാരലക്ഷ്യം പൂർത്തിയാക്കി ഭഗവാൻ വൈകുണ്ഠത്തിലേക്കു മടങ്ങിപ്പോയി. വൈകുണ്ഠത്തിലെത്തിയശേഷമാണു ഭഗവാൻ മഹാവിഷ്ണു ഭദ്രനു കൊടുത്ത വാക്ക് ഓർത്തത്. ഉടനടി തന്നെ ശ്രീരാമരൂപത്തിൽ അദ്ദേഹം ഭദ്രൻ തപസ്സ് ചെയ്യുന്ന കുന്നിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ഭഗവാൻ 4 കൈകളോടെയാണു പ്രത്യക്ഷപ്പെട്ടത്. തപസ്സിൽ നിന്നുണർന്ന ഭദ്രനെ അദ്ദേഹം അനുഗ്രഹിച്ചു. ആ കുന്ന് ഭദ്രാചലമെന്ന പേരിൽ പ്രശസ്തമായി.
കാലങ്ങൾ കടന്നുപോയി.

ഈ മേഖലയിൽ ജീവിച്ചിരുന്ന ഒരു ഗോത്രവർഗവനിതയും സാധ്വിയുമായിരുന്നു പൊകാല ധമ്മക്ക. അവർ ഒരിക്കൽ ഒരു സ്വപ്നം കണ്ടു. ഭദ്രാചലം കുന്നിൽ ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങളുണ്ടെന്നായിരുന്നു അത്. ധമ്മക്ക കുന്നിലേക്കു പോയി. അവിടെ നടത്തിയ തിരച്ചിലിൽ അവിടെ വിഗ്രഹങ്ങൾ കണ്ടെത്തുകയും ചെയ്തു. 4 കൈകളുള്ള വൈകുണ്ഠരാമ വിഗ്രഹമായിരുന്നു ശ്രീരാമന്റേത്.
തുടർന്ന് അവിടെ ഒരു പൂജാമണ്ഡപം ഒരുക്കി. ധമ്മക്ക എല്ലാദിവസവും അവിടെ പ്രാർഥന നടത്തി.

തെലുങ്ക്നാട്ടിലെ നേലാകൊണ്ടപള്ളി ഗ്രാമത്തിൽ ജനിച്ചയാളായിരുന്നു കാഞ്ചർല ഗോപണ്ണ. പതിനേഴാം നൂറ്റാണ്ടിൽ ഭദ്രാചലത്തിലെ ഭരണാധികാരിയുടെ തഹസീൽദാരായിരുന്നു അദ്ദേഹം. ഒരിക്കൽ അദ്ദേഹം ഭദ്രാചലം സന്ദർശിച്ചപ്പോൾ ധമ്മക്ക അദ്ദേഹത്തിന്റെ അടുക്കലെത്തി. താൻ ആരാധിക്കുന്ന പൂജാവിഗ്രഹങ്ങളെപ്പറ്റി അദ്ദേഹത്തോട് പറഞ്ഞ ധമ്മക്ക അവിടെ ഒരു ക്ഷേത്രം പണിയണമെന്നും അഭ്യർഥിച്ചു. വലിയ രാമഭക്തനായിരുന്നു ഗോപണ്ണ. കരം പിരിക്കുന്നതിൽനിന്ന് ഒരുഭാഗം ചെലവഴിച്ച് അദ്ദേഹം ക്ഷേത്രനിർമാണം നടത്തി. അങ്ങനെയാണു ഭദ്രാചലം ക്ഷേത്രം സ്ഥാപിക്കപ്പെടുന്നത്. എന്നാൽ താമസിയാതെ തനിക്കു കിട്ടേണ്ട കരം ഗോപണ്ണ വിനിയോഗിച്ചത് ഭരണാധികാരി അറിഞ്ഞു. ഗോപണ്ണ കാര്യം സമ്മതിച്ചു. താൻ അഴിമതി നടത്തിയതല്ലെന്നും ഈ പണം തിരികെത്തരുമെന്നും ഗോപണ്ണ ഉറപ്പുപറഞ്ഞു.

എന്നാൽ ഭരണാധികാരി ഗോപണ്ണയെ 12 വർഷം തടവിന് വിധിച്ചു. തടവുതീരുന്നതിനുള്ളിൽ ആരെങ്കിലും പണം തിരികെ കെട്ടിയില്ലെങ്കിൽ ഗോപണ്ണയ്ക്ക് വധശിക്ഷ നൽകാനും ഭരണാധികാരി വിധിച്ചു. 12 വർഷം തടവുതീരുന്ന രാത്രിയിൽ സാക്ഷാൽ രാമലക്ഷ്മണൻമാർ ഭരണാധികാരിയെ സന്ദർശിച്ച് ശ്രീരാമമുദ്രയുള്ള സ്വർണനാണയങ്ങൾ അദ്ദേഹത്തിനു നൽകിയെന്നാണ് ഐതിഹ്യം. ഇതോടെ ഭരണാധികാരി ഗോപണ്ണയെ മോചിപ്പിച്ചു. അദ്ദേഹത്തെ തഹസീൽദാർ സ്ഥാനത്ത് തിരികെ അവരോധിച്ചു.

ഭദ്രാചലം ക്ഷേത്രത്തിനു ചുറ്റുമുള്ള വസ്തുക്കൾ കരമൊഴിവായി ക്ഷേത്രത്തിനു സമർപ്പിക്കുകയും ചെയ്തു.
എന്നാൽ ക്ഷേത്രനിർമാതാവെന്ന പേരിലല്ല ഗോപണ്ണയെ ഇന്നു നാമറിയുന്നത്. മറിച്ച് ഭക്തകവിയും കർണാട്ടിക് സംഗീതത്തിന് അനേകം കീർത്തനങ്ങള്‍ സമ്മാനിച്ച രാമദാസൻ എന്ന മഹദ‌്‌വ്യക്തിത്വമായിട്ടാണ്. ആനന്ദഭൈരവി രാഗത്തിൽ അദ്ദേഹം ചിട്ടപ്പെടുത്തിയ ‘പലുകെ ബംഗാരമായേനാ’ തുടങ്ങിയ അതിപ്രശസ്ത കീർത്തനങ്ങൾ ഇതിൽ ഉൾപ്പെടും.