പതിനാറാം വയസ്സിൽ രാജാവ്: ഹർഷ ചക്രവർത്തിയുടെ കഥ

Mail This Article
ഇന്ത്യ കണ്ട ഏറ്റവും വലിയ മഹാരാജാക്കൻമാരിലൊരാളാണു ശ്രീഹർഷ അഥവാ ഹർഷവർധനൻ. ഒരു കയ്യിൽ ആയുധവും മറുകയ്യിൽ തൂലികയും ഏന്തിയ രാജാവ്. എഡി ഏഴാം നൂറ്റാണ്ടിൽ വടക്കേയിന്ത്യയുടെ ഏറിയ പങ്കും ഹർഷയുടെ സാമ്രാജ്യത്തിൽ ചേർന്നിരുന്നു. നാഗാനന്ദ, പ്രിയദർശിക, രത്‌നാവലി തുടങ്ങിയ സംസ്കൃത സാഹിത്യത്തിലെ പെരുമയേറിയ കൃതികൾ രചിച്ചതും അദ്ദേഹമാണ്. ഹർഷചരിത എന്ന ബാണഭട്ടകൃതി അദ്ദേഹത്തിന്റെ ജീവചരിത്രമാണ്. ഹർഷ രാജാവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതും പ്രധാനമായി ഈ കൃതിയിൽനിന്നാണ്. ചൈനീസ് സഞ്ചാരിയായ ഹുവാൻസാങ്ങും ഹർഷയെപ്പറ്റി വിവരിച്ചിട്ടുണ്ട്.
ഇന്നത്തെ ഹരിയാനയിലെ തനേസറിൽ സ്ഥിതി ചെയ്ത പുഷ്യഭൂതി രാജവംശത്തിലാണു ഹർഷയുടെ ജനനം. പ്രഭാകരവർധന രാജാവിന്റെ ഇളയമകനായ ഹർഷൻ കുട്ടിക്കാലത്തു തന്നെ ആയുധവിദ്യയിലും പഠനത്തിലും ഭരണശേഷിയിലും അതീവ പാടവം പുലർത്തി. ഹർഷയുടെ ജ്യേഷ്ഠനായിരുന്നു രാജ്യവർധനൻ. രാജ്യശ്രീ എന്ന സഹോദരി കൂടി ഹർഷയ്ക്കുണ്ടായിരുന്നു. മൗഖരി രാജവംശത്തിലെ രാജാവായ ഗ്രഹവർമനായിരുന്നു രാജ്യശ്രീയുടെ ഭർത്താവ്. ഈ വിവാഹത്തോടെ പുഷ്യഭൂതി, മൗഖരി രാജവംശങ്ങൾ അടുപ്പത്തിലാകുകയും ഇരുവരും മേഖലയിലെ ശക്തികേന്ദ്രങ്ങളായി ഉയരുകയും ചെയ്തു.

ഹർഷ കൗമാരകാലത്തായിരുന്ന സമയത്താണു പിതാവ് അന്തരിക്കുന്നത്. തുടർന്ന് ജ്യേഷ്ഠനായ രാജ്യവർധനൻ രാജാവായി. എന്നാൽ ഹർഷയുടെ ജീവിതത്തിലെ നിർഭാഗ്യ കാലം തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. മാളവ രാജാവായ ദേവഗുപ്തനും വംഗനാട്ടിലെ ഗൗഡ രാജാവായ ശശാങ്കനും പുഷ്യഭൂതി, മൗഖരി രാജവംശങ്ങൾ തമ്മിലുള്ള അടുപ്പത്തിൽ വളരെ അസ്വസ്ഥരായിരുന്നു. ഈ ശക്തി ദ്വയങ്ങൾ നശിപ്പിക്കാനായി അവർ ഒരു ഗൂഢപദ്ധതി തയാറാക്കി. അതു പ്രകാരം അവർ ഗ്രഹവർമനെ വധിച്ചു. വിധവയായി മാറിയ രാജ്യശ്രീ തടവിലാക്കപ്പെട്ടെങ്കിലും അവിടെ നിന്നു രക്ഷപ്പെട്ട് അഭയം തേടി വിന്ധ്യാവനത്തിലേക്ക് ഓടിപ്പോയി.

സഹോദരീഭർത്താവിന്റെ വധം രാജ്യവർധനനെ കോപാകുലനാക്കി. അദ്ദേഹം ഒരു പടനയിച്ച് ദേവഗുപ്തനെയും ശശാങ്കനെയും എതിരിട്ടു. എന്നാൽ ചതിപ്രയോഗത്തിൽ രാജ്യവർധനൻ കൊല്ലപ്പെട്ടു. അന്ന് 16 വയസ്സാണു ഹർഷയ്ക്ക്.യുവാവു പോലുമായിട്ടില്ലാത്ത ഒരു രാജകുമാരനു താങ്ങാവുന്നതിലേറെയായിരുന്നു ഹർഷ അന്ന് അനുഭവിച്ചത്. പതിനാറാം വയസ്സിൽ പുഷ്യഭൂതി വംശത്തിന്റെ രാജാവായി അദ്ദേഹം അഭിഷിക്തനായി. ഗ്രഹവർമന്റെ മരണശേഷം മൗഖരിയ്ക്കും മറ്റൊരു രാജാവില്ലായിരുന്നു.

ആ നാട്ടിലെ ജനങ്ങളുടെ ആവശ്യപ്രകാരം അവിടത്തെയും രാജ്യപദവി അദ്ദേഹം ഏറ്റെടുത്തു. ശക്തമായ ഒരു സാമ്രാജ്യത്തിനു തുടക്കമിടുകയായിരുന്നു ഹർഷ. അദ്ദേഹം ആദ്യം ചെയ്തത് സഹോദരിയായ രാജ്യശ്രീയെ രക്ഷിക്കുകയെന്നതാണ്. ആത്മഹത്യയുടെ വക്കിലായിരുന്നു രാജ്യശ്രീയെ അദ്ദേഹം കണ്ടെത്തുകയും കൊട്ടാരത്തിലേക്കു കൊണ്ടുവന്ന് സംരക്ഷിക്കുകയും ചെയ്തു. ഇന്നത്തെ യുപിയിലെ കനൗജ് ആസ്ഥാനമാക്കി അദ്ദേഹം ഭരണം തുടങ്ങി. 41 വർഷം ആ ഭരണം നീണ്ടുനിന്നു.

ഉദാരതയും സഹിഷ്ണുതയും മുഖമുദ്രയാക്കിയ രാജാവായിരുന്നു ഹർഷ.മതങ്ങളെയെല്ലാം അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ രാജധാനി കവികളുടെയും ചിന്തകരുടെയുമൊക്കെ സ്ഥിരം താവളമായിരുന്നു. പാവങ്ങൾക്കായി അദ്ദേഹം കയ്യയച്ച് സഹായം ചെയ്തു. ഇതിനിടെ പല രാജ്യങ്ങളെയും അദ്ദേഹം അധീനതയിലാക്കി. എന്നാൽ ചാലൂക്യ രാജവംശത്തിലെ പുലകേശി രണ്ടാമൻ രാജാവുമായുണ്ടായ യുദ്ധത്തിൽ ഹർഷ പരാജയപ്പെട്ടു. വിവാഹിതനായിരുന്നില്ല ഹർഷ. അതിനാൽ അദ്ദേഹത്തിന് അനന്തരാവകാശികളുമുണ്ടായിരുന്നില്ല. 57ാം വയസ്സിൽ അദ്ദേഹം അന്തരിച്ചതോടെ അദ്ദേഹമുയർത്തിയ സാമ്രാജ്യത്തിനും അവസാനമായി.