ഗുരുവായൂരപ്പന് വിഭക്തിയെക്കാൾ പ്രിയമേറിയ നിഷ്കളങ്ക ഭക്തി

Mail This Article
സംസ്കൃതഭാഷയെ തന്റെ കയ്യിലിട്ട് അമ്മാനമാടിയ മഹാജ്ഞാനിയായിരുന്നു മേൽപത്തൂർ നാരായണ ഭട്ടത്തിരിപ്പാട്. നാരായണീയമെന്ന അദ്ഭുതകാവ്യം രചിച്ച കവികുലരത്നം. തിരുനാവായിലെ മേൽപ്പത്തൂരില്ലത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. വാതരോഗം കലശലായിരുന്നു മേൽപ്പത്തൂരിന്. ഇടയ്ക്കിടെ ഈ രോഗം അദ്ദേഹത്തെ വന്ന് അലട്ടി. ഇതിനൊരു പരിഹാരമാരാഞ്ഞു നടന്നപ്പോഴാണ് ഗുരുവായൂരിൽ പോയി ഭഗവാന്റെ ചരിതം വർണിച്ചൊരു കൃതിയെഴുതാൻ ഉപദേശം ലഭിച്ചത്. വലിയ ഭക്തൻ കൂടിയായ മേൽപ്പത്തൂർ ഗുരുവായൂരിലേക്കു ചെന്നു. അവിടെ ഭജനമിരുന്ന് ഓരോ ദിവസങ്ങളിലായി നാരായണീയം കൃതിയെഴുതാൻ തുടങ്ങി. അദ്ദേഹത്തിന്റെ വാതരോഗം ദിനംപ്രതി കുറഞ്ഞുതുടങ്ങി.
അക്കാലത്തു പൂന്താനം നമ്പൂതിരി ഗുരുവായൂരിലുണ്ടായിരുന്നു. ഭഗവദ് പാദങ്ങളിൽ എല്ലാമർപ്പിച്ച ഒരു സാധുമനുഷ്യനായിരുന്നു പൂന്താനം. അങ്ങേയറ്റത്തെ ആദരവോടെയാണ് കവികളുടെ രാജാവെന്നപോൽ ശോഭിച്ച മേൽപ്പത്തൂരിനെ പൂന്താനം നോക്കിക്കണ്ടത്. ഇത്രയും പ്രഗത്ഭനായ ഒരു അക്ഷരരാജാവ് ഗുരുവായൂരിലുള്ളപ്പോൾ തനിക്കും അവിടെ വസിക്കാനായതിൽ അദ്ദേഹം ഉള്ളുകൊണ്ട് വലുതായി സന്തോഷിച്ചു. പൂന്താനം ഒരു മലയാളകവിയായിരുന്നു. ഭഗവാന്റെ അപദാനങ്ങൾ ലളിതഭാഷയിലെഴുതി എല്ലാവരിലുമെത്തിക്കാൻ ആഗ്രഹിച്ച അദ്ദേഹത്തിനു സംസ്കൃതപാണ്ഡിത്യം വളരെക്കുറവായിരുന്നു.

മേൽപ്പത്തൂരിന് വാതരോഗത്തിനൊപ്പം തന്നെ സ്വൽപം അഹംഭാവവും ഉണ്ടായിരുന്നു. പല പ്രതിഭകളെയും ആ ഒരു രോഗം പിടികൂടാറുണ്ടല്ലോ. മലയാളകവികൾ മോശക്കാരാണെന്ന ഒരബദ്ധ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു ദിവസം പൂന്താനം ഒരു താളിയോലക്കെട്ടുമായി മേൽപ്പത്തൂരിനരികിലെത്തി. താനെഴുതിയ ശ്രീകൃഷ്ണകർണാമൃതം എന്ന ഭാഷാകൃതിയാണ് ഇതെന്നും ഇതൊന്നു നോക്കി തിരുത്തിത്തരണമെന്നും അപേക്ഷാ സ്വരത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ മേൽപ്പത്തൂർ അൽപം പുച്ഛത്തോടെ ഇതേതെങ്കിലും ഭാഷാകവികളെക്കാണിക്കണമെന്നും പൂന്താനത്തിനു വിഭക്തിയെക്കുറിച്ചറിയാമോയെന്നുമൊക്കെ ചോദിച്ചു. ഇതു പൂന്താനത്തിനെ വിഷമിപ്പിച്ചു. അദ്ദേഹം തിരിച്ചുപോയി.

അന്നുരാത്രി മേൽപ്പത്തൂരിനു വാതം വീണ്ടും കൂടി. ഭഗവാനെ വിളിച്ചപേക്ഷിച്ചുകൊണ്ട് അദ്ദേഹം കരയാൻ തുടങ്ങി. അന്നു രാത്രി മേൽപ്പത്തൂർ ഒരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ സുന്ദരബാലനായ സാക്ഷാൽ ശ്രീഗുരുവായൂരപ്പനായിരുന്നു. തന്നെ അഭയം പ്രാപിച്ചു ജീവിക്കുന്ന നിഷ്കളങ്കനായ ആ സാധുമനുഷ്യനോട് ചെയ്തതു ശരിയായില്ലെന്നും മേൽപ്പത്തൂരിന്റെ വിഭക്തിയേക്കാൾ തനിക്കിഷ്ടം പൂന്താനത്തിന്റെ ഭക്തിയാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റു മനസ്സിലാക്കിയ മേൽപ്പത്തൂർ ഉടൻ തന്നെ പൂന്താനത്തിനരികിലെത്തി ക്ഷമാപണം നടത്തി. അദ്ദേഹത്തിന്റെ കൃതി തിരുത്തിക്കൊടുക്കുകയും ചെയ്തു.

മറ്റൊരു സംഭവവും ഇരുകവികളെക്കുറിച്ചുമുണ്ട്. ഒരിക്കൽ പൂന്താനം ഗുരുവായൂർ നടയിൽ കീർത്തനം ജപിക്കുമ്പോൾ ‘പത്മനാഭോ മരപ്രഭു’ എന്നു പാടി. ഉടൻ മേൽപ്പത്തൂർ അദ്ദേഹത്തെ പരിഹസിച്ചശേഷം പത്മനാഭൻ അമരപ്രഭുവാണ് അല്ലാതെ മരപ്രഭുവല്ലെന്നു പറഞ്ഞു ചിരിച്ചു. പൂന്താനത്തിനിത് വളരെ വിഷമമായത്രേ. ഭക്തരുടെ വിഷമം ഗുരുവായൂരപ്പൻ സഹിക്കുകയില്ല. ഉടൻ തന്നെ ശ്രീകോവിലിൽ നിന്നൊരു ദിവ്യസ്വരമുയർന്നു..അപ്പോൾ പിന്നെ മരപ്രഭുവാരാണ്...ഞാൻ അമരപ്രഭു മാത്രമല്ല, മരങ്ങളുടെയും സർവതിന്റെയും ഈശനാണെന്നായിരുന്നു ആ സ്വരം.