Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്ര സംഗ്രഹഫലം 2016

2016-year-future

.അശ്വതി ജീവിതപുരോഗതിയും, ധനലാഭവും, മനഃസമാധാനവും പ്രതീക്ഷിക്കാം. എന്നാൽ അഷ്ടമശനി നിലനിൽക്കുന്നതിനാൽ തടസ്സങ്ങളും വൈതരിണികളും ഒഴിവാകില്ല. മൊത്തത്തിൽ ജീവിതപുരോഗതി ഉണ്ടാകും. സൃഷ്ടിപരമായ പ്രവൃത്തിയിൽ ഏർപ്പെടുന്നവർക്ക് അംഗീകാരവും അവാർഡുകളും ലഭിക്കാൻ സാധ്യതയുണ്ട്. വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സ്ഥിതിയാണ്. അപവാദ ആരോപണം വരാതെ ശ്രദ്ധിക്കണം. ആഗസ്റ്റ് മധ്യത്തിനു ശേഷം കാര്യപുരോഗതിയിൽ വേഗത കുറയും. വിദ്യാർത്ഥികൾക്ക് നല്ല റിസൾട്ടും തുടർന്ന് പ്ലെയ്സ്മെന്റും ഉദ്യോഗവും ലഭിക്കാൻ സാധ്യതയുണ്ട്. മുറിവ്, ചതവ്, ചെറിയ ഓപ്പറേഷൻ ഇവ വരാതിരിക്കാനുള്ള മുൻകരുതൽ എടുക്കണം. രാഹു ശനിദശ അശ്വതിക്കാർക്ക് കർമ്മരംഗത്ത് തടസവും, വാഹനത്തിൽനിന്ന് വിപരീതാവസ്ഥയും ഉണ്ടാകാം. മുരുകൻ, ദക്ഷിണാമൂർത്തി, ശനീശ്വരൻ, അയ്യപ്പൻ, വിഷ്ണു പ്രീതിയും, ക്രൂശിതനായ ജീസസ് പ്രാർത്ഥനയും, അനാഥർക്ക് സംരക്ഷണവും, ദാനവും ബുദ്ധിമുട്ട് ഒഴിവാക്കാൻ സഹായിക്കും.

.ഭരണി 2016 സെപ്റ്റംബർ മധ്യം വരെ ഭരണി നക്ഷത്രക്കാർ അതീവ ശ്രദ്ധ പുലർത്തണം. അകാരണമായിപ്പോലും പ്രശ്നങ്ങൾ കടന്നെത്തി വേദനിപ്പിക്കാം. കണ്ണിലെ കൃഷ്ണമണിപോലെ കർമ്മരംഗം കാത്ത് സൂക്ഷിക്കണം. ക്ഷമ അഥവാ സഹനം സ്വഭാവത്തിന്റെ ഭാഗമാക്കാൻ ശ്രദ്ധിക്കുക. എന്നാൽ ശ്രദ്ധിച്ചാൽ ഉദ്യോഗത്തിൽ ഉയർച്ച, സുഹൃദ്സംഗമം, സന്താനങ്ങൾക്ക് നന്മ, സന്താനം ജനിക്കുക എന്നിവയ്ക്ക് സാധ്യതയുണ്ട്. രാഹുദശയുള്ള മദ്ധ്യവയസ്കനും, ശനിദശയുള്ള പക്വമതികളും കുടുംബജീവിതത്തിലും ആയുരാരോഗ്യത്തിലും കൂടുതൽ ശ്രദ്ധിക്കണം. മനസ്സിന് ഒരശാന്തി തുടർനാടകം പോലെ വന്നുംപോയുമിരിക്കും. എന്നാൽ ഇതുമായി സമരസപ്പെട്ടാൽ മറ്റ് ദോഷങ്ങളൊന്നും വരില്ല. തൊഴിലന്വേഷകർക്ക് ദൂരദേശങ്ങളിൽ സാധ്യത കൂടുതലാണ്. എന്നാൽ ആദ്യ കാലം കുറെ വൈഷമ്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരും. വിദ്യാർത്ഥികൾക്ക് നല്ല സമയമാണ്. രാഷ്ട്രീയക്കാർക്ക് കഠിനമായ പ്രതിബന്ധങ്ങൾ അതിജീവിക്കേണ്ടിവരും. നാഗർ, അയ്യപ്പൻ, മുരുകൻ, ഭദ്രകാളി പ്രീതി വരുത്തുക. സെന്റ് ജോർജിനെ ഉപാസിക്കുക. രോഗികൾക്ക് മരുന്നോ ശുശ്രൂഷയോ നൽകുക. ബുദ്ധിമുട്ട് കുറയും.

.കാർത്തിക കാർത്തികയ്ക്ക് പുരോഗതിക്ക് അടിസ്ഥാനമിടുന്ന വർഷമായിരിക്കും 2016. മേടക്കൂറുകാരായ കാർത്തികയ്ക്ക് 2016 ആഗസ്റ്റ് മധ്യത്തിന് ശേഷം ഗുണം കുറയുകയും ഇടവക്കൂറുകാർക്ക് ഗുണം വർദ്ധിക്കുകയും ചെയ്യും. ഇടവക്കൂറുകാർക്ക് ജനുവരിയ്ക്ക് ശേഷം കുടുംബത്തിൽ അവിചാരിതമായ പ്രശ്നങ്ങൾ രൂപം കൊള്ളും. അങ്ങനെ മനസ്സമാധാനത്തിന് അൽപം കുറവു വരാം. രാഹുദശ നിലനിൽക്കുന്ന കാർത്തികക്കാരും ശനിദശയുള്ള മുതിർന്നവരും അതീവ ശ്രദ്ധ കാണിക്കണം. യുവാക്കൾ കൂട്ടുകെട്ട് അതി ജാഗ്രതയോടെ തിരഞ്ഞെടുത്തില്ലെങ്കിൽ അതുമൂലം കുടുംബത്തിന് തന്നെ ബുദ്ധിമുട്ട് ഉണ്ടാകാവുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റവും, രാഷ്ട്രീയക്കാർക്ക് ശത്രുക്കളുടെ കടന്നു കയറ്റവും, കാര്യതടസ്സവും വരാം. വാഹനലാഭവും, വസ്തുലാഭവും, വിവാഹവും ആഗ്രഹിച്ച വിധം ലഭിക്കാം. കർമ്മരംഗത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളാൽ തൊഴിൽനഷ്ടം വരാതെ ശ്രദ്ധിക്കണം. മുരുകൻ, ഭദ്രകാളി, വിഷ്ണു, അയ്യപ്പൻ, ശിവൻ പ്രീതിയും ഇതരവിശ്വാസികൾ മാതാവിൽ അഭയം പ്രാപിക്കുകയും ചെയ്യുക.

.രോഹിണി വിവാഹവും, വിവാഹജീവിതത്തിൽ കൂടുതൽ സുഖവും, സന്താനലബ്ധിയും ഉണ്ടാകാം. പുനർവിവാഹമാലോചിക്കുന്നവർക്ക് നല്ല കാലമാണ്. യുവാക്കളും രാഹുദശ അനുഭവിക്കുന്നവരുമായ യുവതീയുവാക്കൾ അത്യധികം ശ്രദ്ധിക്കണം. പഠനം, ഗവേഷണം, പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കൽ എന്നിവയ്ക്ക് സാധ്യതയുണ്ട്. പ്രണയബന്ധങ്ങളിൽ ചതിയും പേരുദോഷവും വരാവുന്നതാണ്. എന്നാൽ തൊഴിൽ, പുതിയ വാഹനം, വസ്തു എന്നിവ കൈവരാവുന്നതാണ്. കുടുംബപ്രശ്നങ്ങൾ കേസിലേക്ക് നീങ്ങാതെ നയത്തോടെ പരിഹരിക്കുന്നതായിരിക്കും ഉചിതം. ശനിദശ അനുഭവിക്കുന്ന രോഹിണിക്കാർക്ക് കേസും മറ്റും ഉണ്ടാകാതെ ശ്രദ്ധിക്കണം. ചുരുക്കത്തിൽ എന്തും ഏതും അതീവ ജാഗ്രതയും വരുംവരായ്കയും ചിന്തിച്ചുമാത്രം കൈകാര്യം ചെയ്യുക. നരസിംഹമൂർത്തി, കാലഭൈരവൻ, അയ്യപ്പൻ, വിഷ്ണു പൂജയും നന്ന്. യേശുവിനെ പ്രാർത്ഥിച്ച് ദൈവികത ഉറപ്പാക്കുക. ജീവകാരുണ്യസേവനം ചെയ്യുക.

.മകയിരം തുടർന്നു വരുന്ന മനപ്രയാസങ്ങൾക്ക് 2016 സെപ്റ്റംബറോടെ ഒരു മാറ്റം വരും. കഷ്ടനഷ്ടങ്ങൾക്കും കുറവുവരും. അലച്ചിലും യാത്രയും വേണ്ടിവരും. വിവാഹം, സന്താനലാഭം, കുടുംബഐക്യം എന്നിവ ഉണ്ടാകാം. പഠനത്തിൽ നല്ല രീതിയിലുള്ള മുന്നേറ്റത്തിന് സാധ്യതയുണ്ട്. ശരിയായ യോഗ്യതയും കഴിവുമുള്ള യുവതീയുവാക്കൾക്ക് ഉദ്യോഗരംഗത്ത് അപ്രതീക്ഷിതമായ കുതിച്ചുകയറ്റം ഉണ്ടാകും. വാശി നിമിത്തം ആഭിജാത്യത്തിന് യോജിക്കാത്ത വാക്കും പ്രവൃത്തിയും ഒഴിവാക്കണം. ശനിദശ അനുഭവിക്കുന്ന മകയിരംകാർ കേസും വഴക്കും ഉണ്ടാകാതിരിക്കുവാൻ ശ്രദ്ധിക്കണം. ഇടവക്കൂറ് മകയിരംകാർ വാഹനമോടിക്കുമ്പോഴും മറ്റും ശ്രദ്ധിക്കണം. 2016 സെപ്റ്റംബർ വരെ കുടുംബഐക്യം പ്രത്യേകം ശ്രദ്ധയോടെ നിലനിർത്തണം. അയ്യപ്പൻ, ശിവൻ, ദേവി ഭജനവും നടത്തുക. ഇതരവിശ്വാസികൾ ഭവനത്തിൽ വെഞ്ചരിപ്പ് നടത്തുകയും യേശുവിനെ ഉപാസിച്ച് ഈശ്വരാധീനം വർദ്ധിപ്പിക്കുകയും ചെയ്യുക.

.തിരുവാതിര സത്യധർമ്മാദികൾക്ക് പ്രാധാന്യം നൽകി കൂടുതൽ ശ്ര‌ദ്ധയോടെ ജീവിക്കാൻ ശ്രമിക്കും. സൽപ്രവൃത്തികൾ അധികം ചെയ്യുന്നതിനാൽ ഈശ്വരാനുഗ്രഹവും വർദ്ധിക്കും. വിദ്യാ‍ർത്ഥികൾ, എഴുത്തുകുത്തിലേർപ്പെടുന്നവർ, പത്രപ്രവർത്തകര്‍ എന്നിവർക്ക് കൂടുതൽ മുന്നേറ്റവും സന്തോഷവും ഉണ്ടാകാം. സഹോദരങ്ങളുമായി അകൽച്ചയോ നീരസമോ വരാതെ ശ്രദ്ധിക്കണം. ചെറുതായി ഭാഗ്യക്കുറവും അനുഭവപ്പെടാം. കർമ്മരംഗത്ത് സാമ്പത്തിക മേന്മയെക്കാളും അംഗീകാരമുള്ള പുതിയ പദവികൾ ലഭിക്കാം. ഭവനം, വാഹനം എന്നിവ പുതിയതായവരും, ആഗ്രഹിച്ചവിധം നല്ല വിവാഹവും ഒത്തവരും സന്താനങ്ങളുടെ നന്മയിൽ സന്തോഷിക്കാം. എന്നാൽ ദാമ്പത്യത്തിൽ ചില്ലറ കല്ലുകടികൾ വരും. അത് വലുതാക്കാതിരിക്കാൻ ശ്രദ്ധിക്കുക. ബിസിനസ്സ്കാർക്കും രാഷ്ട്രീയക്കാർക്കും ഗുണകരമായ കാലമാണ്. രാഷ്ട്രീയക്കാർക്ക് ചുണ്ടിൽ വന്നാലും വായിലെത്താത്തവിധം ആഗ്രഹിക്കുന്ന പദവി തെന്നിമാറാൻ സാധ്യതയുണ്ട്. കൃഷ്ണൻ, അയ്യപ്പൻ, നാഗർ ഭജനം നടത്തുക. ഇതരവിശ്വാസികൾ ഉണ്ണിയേശുവിനെ ഭജിക്കുക. അനാഥശിശുക്കൾക്ക് സംരക്ഷണമോ സഹായമോ നൽകുക.

.പുണർതം ശരിതെറ്റിനെ സദാ പുണരുന്ന, ചിന്തിക്കുന്ന ഒരു നക്ഷത്രമാണ് പുണർതം. അതുകൊണ്ട് തന്നെ അൽപലാഭത്തിനു വേണ്ടി കാൽ മാറ്റി ചവിട്ടാൻ തയാറാവുക ബുദ്ധിമുട്ടുമാണ്. അതുകൊണ്ടുതന്നെ ഭൗതികലാഭം എന്നത് പ്രതീക്ഷിച്ചത്ര ഉയരണമെന്നില്ല. 2016 ഐശ്വര്യം, തൊഴിൽഅഭിവൃദ്ധി, ധനാഭിവൃദ്ധി, സന്തോഷം എന്നിവ വർദ്ധിച്ചനിലയിൽ നിലനിൽക്കേണ്ടതാണ്. പൊതുജന അംഗീകാരം വർദ്ധിക്കും. സഹോദരസുഹൃദ്ബന്ധം ശക്തിപ്പെടും. പുതിയ ഗൃഹനിർമ്മാണത്തിന് തുടക്കം കുറിക്കാവുന്നതാണ്. ഈ നക്ഷത്രത്തിൽ ജനിക്കുന്നവർക്ക് യൗവനകാലത്ത് ശനിദശയായതിനാൽ പഠനവൈകല്യം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈശ്വരീയ സന്നിധികൾ ദർശിക്കാനുള്ള അവസരം ലഭിക്കും. വിഷ്ണു, അയ്യപ്പൻ, ആഞ്ജനേയൻ ഭജനം നടത്തുക. ഇതരമതസ്ഥർ അമ്മദൈവത്തെ ഉദാഹരണത്തിന് വേളാങ്കണ്ണിമാതാവ് തുടങ്ങി ഭജനം നടത്തുക.

.പൂയം പൂയത്തിന് സർവ്വാഭീഷ്ടത്തിന്റേയും അഭിവൃദ്ധിയുടെയും കാലമാണ്. കൂടുതൽ ശ്രദ്ധിച്ചാൽ ജീവിതത്തിന്റെ അടിസ്ഥാന പുരോഗതിക്ക് വേണ്ട മുന്നേറ്റം നടത്താം. എന്നാൽ കർമ്മരംഗത്ത് 2016 ആഗസ്റ്റ് വരെ ചില അലോസരങ്ങൾ ഉണ്ടാകാം. വാക്കുകൾ ശ്രദ്ധിക്കാതെ ഉപയോഗിക്കുക, ഗുരുത്വക്കേട് തുടങ്ങിയ കാരണങ്ങളാൽ ചില വൈഷമ്യങ്ങൾ ഉണ്ടാകാം. ഉദ്യോഗം തേടുന്നവർക്ക് അതിനുള്ള അവസരം ഉണ്ടാകും. ഭൂമി വാങ്ങാനും ഗൃഹപരിഷ്കരണത്തിനും സാധ്യതയുണ്ട്. സ്ത്രീ പുരുഷബന്ധം ശ്രദ്ധിച്ചില്ലെങ്കിൽ സൽപേരിൽ കളങ്കം വരാം. സൃഷ്ടിപരമായ പ്രവൃത്തികൾ ചെയ്യുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. തീർത്ഥാടനമോ പുണ്യസന്നിധി ദർശനമോ ഉണ്ടാകാം. മനസ്സിനെ വേദനിപ്പിക്കുന്ന ചില അസുഖകരമായ നിലപാടുകൾ സന്താനങ്ങളിൽ നിന്നും ഉണ്ടാകാം. ദേവി, ഗണപതി, ലക്ഷ്മി ഭജനം നടത്തുക. ഇതരമതസ്ഥർ വിശുദ്ധ പുണ്യദിവസങ്ങളിൽ ഉപവാസ പ്രാർത്ഥന നടത്തുക.

.ആയില്യം അവിചാരിതമായ ജീവിതമുന്നേറ്റം ഉണ്ടാകും. അപ്രതീക്ഷിതമായ ധനാഗമവും ഉണ്ടാകാം. വാഹന യാത്ര, മറ്റ് യാത്രകൾ ശ്രദ്ധിക്കണം. കൂട്ടുകെട്ട് ശ്രദ്ധിച്ചില്ലെങ്കിൽ ചതി പറ്റും. ഉദ്യോഗസ്ഥർക്ക് സ്ഥാനകയറ്റം ഉണ്ടാകും. സ്വഭാവത്തിൽ നല്ലതല്ലാത്ത ചില മാറ്റങ്ങൾ ഉണ്ടാകാം. ശരീരത്തിലോ തൊലിപ്പുറത്തോ ചില അസുഖങ്ങൾ വരാം. മനസ്സിനെ വ്യാകുലപ്പെടുത്തുന്ന സംഭവങ്ങൾ ഉണ്ടാകാം. ഗൃഹം വിറ്റ് വേറെ ഗൃഹമോ സ്ഥലമോ വാങ്ങാം. രാഷ്ട്രീയക്കാർക്ക് ജനപ്രീതി വർദ്ധിക്കുമെങ്കിലും തിരഞ്ഞെടുപ്പിലും മറ്റും വിചാരിച്ചത്ര മേന്മ വരില്ല. നാഗദേവത, അയ്യപ്പൻ, ദേവി ഭജനം നടത്തുക. മറ്റ് വിശ്വാസികൾ സെന്റ് ജോർജിനെ ഉപാസിക്കുക.

.മകം കഴിഞ്ഞ കുറച്ചുകാലമായി മകം നക്ഷത്രം സങ്കീർണമായ ജീവിതസന്ദർഭങ്ങളാണ് നയിക്കുന്നത്. ഈ സങ്കീർണ്ണത ശരിയായി ഒഴിവാകണമെങ്കിൽ ഇനിയും രണ്ടു വർഷം കഴിയണം. ജാഗ്രത പുലർത്തുന്നവർക്ക് അധികം പരിക്കില്ലാതെ മുന്നോട്ട് നീങ്ങാം. അൻപത് കഴിഞ്ഞ രാഹുദശയിൽപെട്ട മകംകാരും 70ന് ശേഷമുള്ള ശനിദശ മകക്കാരും പ്രത്യേക കരുതലോടെ നീങ്ങണം. കുരുക്കുകള്‍ ധനപരമായും തൊഴിൽപരമായും വന്നുഭവിക്കാം. രാഹുവിലെ ശനി, ചൊവ്വ അപഹാരക്കാർ യാത്രയും വാഹനമോടിക്കലും ശ്രദ്ധിക്കണം. ഈ നക്ഷത്രത്തിലെ വക്കീലന്മാർക്കും രാഷ്ട്രീയക്കാർക്കും ഗുണകരമായ വർഷമാണ്. വ്യാപാര തൊഴിൽരംഗത്ത് ചില ഉയർച്ച താഴ്ചകൾ ദൃശ്യമാകും. ആഗസ്റ്റ് 11ന് ശേഷം ധനസ്ഥിതിയും പൊതുസ്ഥിതിയും അൽപം മെച്ചപ്പെടും. കുടുംബത്തിൽ സമാധാനം കുറയും. ഉപകരിച്ചവർ തിരിച്ചു കുത്തുന്ന അനുഭവം വന്നുചേരും. ദേവി, വിഷ്ണു, നാഗർ ഭജനം നടത്തുക. ഇതരമതവിശ്വാസികൾ പരമാത്മാവിനേയും യേശുവിനേയും അല്ലാഹുവിനേയും ഉപാസിക്കുക.

.പൂരം ഒരു പകുതിയിൽ അഭിവൃദ്ധിയും മറുപകുതിയിൽ പ്രശ്നങ്ങളിലൂടെയും ആയിരിക്കും പൂരം കടന്ന് പോവുക. എന്നാൽ ആത്മധൈര്യവും ഉത്സാഹവും കൊണ്ട് പ്രതിസന്ധികളെ അതിജീവിക്കും. രാഹുദശ അനുഭവിക്കുന്ന പൂരംകാർക്ക് ആരോപണമോ അപമാനമോ സംഭവിക്കാം. വികാരങ്ങൾ നിയന്ത്രിക്കണം. ഉദ്യോഗം അന്വേഷിക്കുന്നവർക്ക് നല്ല അവസരം വന്നുചേരും. രാഷ്ട്രീയക്കാർ ആരോപണങ്ങളെ അതിജീവിക്കും. കലാകായികരംഗത്തെ സേവനങ്ങൾക്ക് അംഗീകാരം ലഭിക്കും. ആഗസ്റ്റ് മുതൽ ജീവിതപുരോഗതി വർദ്ധിക്കും. ശനിദശ പൂരംകാർ ആയുരാരോഗ്യത്തിൽ ശ്രദ്ധിക്കണം. ബിസിനസ്സ്കാർക്കും ശ്രദ്ധ ചെലുത്തിയാൽ ലാഭം നിലനിൽക്കും. നാഗപ്രീതി, സൂര്യപ്രീതി, ശനിപ്രീതി വരുത്തുക. മറ്റു മതസ്ഥർ ക്രൂശിതനായ യേശുവിനേയും അല്ലാഹുവിനേയും ഭജിക്കുക.

.ഉത്രം തിരിച്ചറിവിലൂടെ ജീവിതം നിലവിൽ നിന്നതിനെക്കാളും നല്ല രീതിയിൽ കൊണ്ടുപോകാൻ ശ്രദ്ധിക്കും. കഴിഞ്ഞ ഒന്നരവർഷത്തെ കുഴച്ചിലുകൾക്ക് ഒരു മാറ്റം ഉണ്ടാകും. ശരീരത്തിന് ചില പീഢകൾ വന്നാലും അതിൽനിന്നും മോചിതരാകും. സുഹൃദ്ബന്ധങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം. വ്യാപാര വ്യവസായികൾക്ക് ലാഭം മെച്ചപ്പെടും. അഗ്നിസംബന്ധമായും ലോഹസംബന്ധമായും തൊഴിൽ ചെയ്യുന്നവർക്ക് നേട്ടം കൂടും. രാഷ്ട്രീയ‌ക്കാർ മുന്നേറും. സന്ദർഭോചിതം സാഹചര്യങ്ങളെ അനുകൂലമാക്കാൻ ഇവർക്ക് കഴിയും. സന്താനഗുണം, സന്താനങ്ങളുടെ ഉയർച്ചയിൽ സന്തോഷം എന്നിവയ്ക്കും സാധ്യത. വിവാഹം മനസ്സിനിണങ്ങിയ രീതിയിൽ നടക്കാം. വിഷ്ണുപ്രീതി, ശിവപ്രീതി നേടുക. ഇതര മതസ്ഥർ വിശുദ്ധ പുണ്യവാളന്മാരെ കൂടി ഉപാസിക്കുക.

.അത്തം കുറെ കാലമായി കരയിലും വെള്ളത്തിലുമല്ലാത്ത വിധത്തിൽ ഗുണവും അതിലുപരി ദോഷവുമായി കഴിഞ്ഞവരാണ് അത്തം. ഇതിന് മാറ്റം വരാൻ പോകുന്നു. ഗുണം ഏറിവരും. വിദ്യാഭ്യാസ പുരോഗതി, സൗഹൃദ പുരോഗതി, ധനപുരോഗതി, നിക്ഷേപ പുരോഗതി എന്നിവ ഉണ്ടാകും. എന്നാൽ സന്താനങ്ങളെക്കൊണ്ട് ചെറിയ മനപ്രയാസം വരാം. അതിന് ഈശ്വരപ്രാർഥന നടത്തുക. അദ്ധ്വാനശേഷിയും ഉത്സാഹവും വർദ്ധിക്കും. ജീവിതം പുരോഗമിക്കും. ശനിദശയുള്ള അത്തംകാർക്ക് മനസ്സിനെ പ്രീണിപ്പിക്കുന്ന തരത്തിൽ മറ്റുള്ളവരിൽനിന്നും പ്രതികരണമോ അപ്രതീക്ഷിതമായി ചില വ്യവഹാരങ്ങളോ ഉണ്ടാകാം. ഭൂമി സംബന്ധമായ തർക്കങ്ങൾ ഉണ്ടാകും. പുണ്യസ്ഥലങ്ങൾ ദർശിക്കുക, തീർത്ഥാടനം ഇവ സാധ്യമാകും. പുണ്യപുരുഷന്മാരുടെ സാമീപ്യം കൊണ്ട് ഈശ്വരാധീനം വർദ്ധിക്കും. ശരീരത്തിന് ചില പീഢകൾ വരും. എന്നാൽ അത് ശരിയായ ചികിത്സയിലൂടെ പൂർണമായും ഒഴിവാകും. ആഗസ്റ്റ് മുതൽ കൂടുതൽ ജീവിതപുരോഗതിയും ധനലാഭവും ഉണ്ടാകും. വിഷ്ണു, അയ്യപ്പൻ ഭജനം നടത്തുക. ഇതരവിശ്വാസികൾ യേശുവിനേയും അല്ലാഹുവിനെയും ഭജിക്കുക. ഗൃഹത്തിൽ ഐശ്വര്യം വരാൻ വെഞ്ചരിക്കൽ തുടങ്ങിയവ നടത്തുക.

.ചിത്തിര ചിത്തിര കന്നിക്കൂറുകാർക്ക് 2016 ഭേദപ്പെട്ട ജീവിതവും തുലാക്കൂറുകാർക്ക് ക്ലേശകരമായ അവസ്ഥയും നൽകും. കന്നിക്കൂറുകാർ ക്ലേശത്തിൽനിന്നും വിടുതൽ മെല്ലെ നേടും. എന്നാൽ തുലാക്കൂറു ചിത്തിരക്കാർ 2016 അങ്ങേയറ്റം ശ്രദ്ധയോടെ നീങ്ങണം. കൗമാര യൗവനാവസ്ഥയിലുള്ള രാഹുദശ ചിത്തിരക്കാരും ശനിദശയുള്ള മദ്ധ്യവയസ്കരും വരുംവരായ്ക ചിന്തിച്ച് ജീവിക്കണം അല്ലെങ്കിൽ ഉണ്ടാകാവുന്ന കഷ്ടനഷ്ടം വലുതായിരിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താൽപര്യക്കുറവ്, ചാപല്യ പ്രണയത്താൽ പ്രശ്നങ്ങൾ, മറ്റുള്ളവർക്ക് സാമ്പത്തിക, മാനുഷിക ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാം. കുടുംബസുഖവും കുറയാം. എന്നാൽ സന്താനലബ്ധി, തൊഴിൽലാഭം എന്നിവയും കാണുന്നു. കുലദേവത, പിതൃക്കൾ, പരദേവത, ദേവി, അയ്യപ്പൻ ഭജനം. ഇതരവിശ്വാസികൾ ശരിയായി പുണ്യദിവസങ്ങളിലോ, ആഴ്ചയിൽ ഒരു ദിവസമെങ്കിലുമോ ഉപവാസ പ്രാർത്ഥന നടത്തുക.

.ചോതി ചോതി നക്ഷത്രക്കാർക്ക് ദീർഘകാലമായി നിലനിൽക്കുന്ന ചില സാമ്പത്തിക പ്രശ്നങ്ങൾക്കും മാനസിക പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും. എന്നാൽ ചെലവേറും. ഭവനത്തിൽ സ്വൈരത കുറയാം. ജീവിതപങ്കാളിയുമായി മാനസികമായി അകലാം. ശനിദശ അനുഭവിക്കുന്ന ചോതിക്കാർ സാമ്പത്തിക ഇടപാടിലും തൊഴിൽരംഗത്തും വളരെ ശ്രദ്ധിക്കണം. വിവാഹം ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം വരും. വിദ്യാർത്ഥികൾ അലസത മാറ്റി അദ്ധ്വാനിച്ചാൽ നല്ല വിജയം ലഭിക്കും. തൊഴിലന്വേഷിക്കുന്നവർക്കും അതിനുള്ള അവസരം വന്നുചേരും. ആഗസ്റ്റ് 11നു ശേഷം എല്ലാരംഗത്തും കൂടുതൽ ജാഗ്രത നിലനിർത്തണം. യാത്രയും വാഹനമോടിക്കലും ശ്രദ്ധിക്കണം. സഹോദരങ്ങളുമായി തെറ്റാതെ ശ്രദ്ധിക്കണം. രാഷ്ട്രീയക്കാർക്ക് കാര്യങ്ങൾ കലങ്ങി മറിഞ്ഞു തെളിഞ്ഞ് കാര്യസാധ്യം ഉണ്ടാകും. ദേവി, അയ്യപ്പൻ, വിഷ്ണു ഭജനം നടത്തുക. ഇതരവിശ്വാസികൾ ക്രൂശിതനായ ജീസസിനേയും അല്ലാഹുവിനെയും ഭജിക്കുക.

.വിശാഖം കുറെക്കാലമായി അപ്രതീക്ഷിതമായ ചില വൈതരണികൾ ഒന്നിന് പുറമേ ഒന്നായി അനുഭവിക്കുന്നവരാണ് വിശാഖത്തിലെ തുലാം കൂറുകാർ. അവർക്ക് ഇരുട്ടു മാറി പ്രകാശം വന്നുതുടങ്ങുന്നു. വീണ്ടും പുരോഗതിയിലേക്കും സന്തോഷത്തിലേക്കും നീങ്ങുന്ന വർഷമായി മാറും 2016. എന്നാൽ വൃശ്ചികക്കൂറ് വിശാഖം അപ്രതീക്ഷിത ചുഴികളിൽപെട്ട് വട്ടം കറങ്ങി പിന്നെ രക്ഷപ്രാപിച്ചു തുടങ്ങുന്ന വർഷമായിരിക്കും 2016. ഈ കുഴച്ചിലിനിടയിലും ജീവിതത്തിലെ സാമ്പത്തികം, ഉദ്യോഗം, തൊഴിൽ എല്ലാം വേണ്ടപ്പോൾ വേണ്ട രീതിയിൽ നഷ്ടപ്പെടാതെ കാണും. എന്നാൽ വാക്കും പ്രവൃത്തിയും ശ്രദ്ധിച്ചില്ലെങ്കിൽ ശത്രുതയും കേസും വരും. വീട്ടിൽ മംഗളകർമ്മങ്ങൾ വിവാഹം ഉൾപ്പെടെ നടക്കാം. ഈശ്വരാധീനം വർദ്ധിക്കാം. താമസിക്കുന്ന ഗൃഹം മാറാം. വൃശ്ചികക്കൂറ് രാഷ്ട്രീയക്കാർ സ്വജനങ്ങളാൽ തന്നെ അടി പതറും. കൂടെനിന്നവർ കാലുവാരി തള്ളി ഇടാം. വിഷ്ണു, മുരുകൻ, അയ്യപ്പൻ ഭജനം നടത്തുക. ഇതരവിശ്വാസികൾ ക്രൂശിതനായ യേശു, അല്ലാഹു ഭജനവും പുണ്യപുസ്തക പാരായണവും ഉപവാസ പ്രാർത്ഥനയും നടത്തുക.

.അനിഴം ആരോടും അനിഷ്ടമില്ലെങ്കിലും കുറെകാലമായി ഉപകരിച്ചവരിൽനിന്നും വിശ്വസ്തരിൽനിന്നും കുറ്റപ്പെടുത്തലും കുതുകാൽവെട്ടലും അനുഭവിക്കുന്ന രീതിയാണ് അനിഴത്തിന്റെ അനുഭവം. ഏഴരാണ്ടൻ ജന്മത്തിൽ നിൽക്കുകയും ആ ഭാവാധിപൻ രാഹുസഹിതനായി നിൽക്കുകയും ഗുരു പത്തിലുമായതിനാൽ അശാന്തിയുടെ ദിവസങ്ങളിലൂടെയാണ് ഇവരുടെ യാത്ര. ഇതിനൊരു മാറ്റം 2016 ആഗസ്റ്റ് വരെ സാധ്യത കുറവ്. പ്രത്യേകിച്ചും ചൊവ്വ രാഹുദശ അനുഭവിക്കുന്ന അനിഴംകാർക്ക് സമയം തീരെ മോശം. ഒരു പോംവഴിയേ ഉള്ളൂ. ഈശ്വരാധീനം വർദ്ധിപ്പിക്കുക. ഈ ഈശ്വരാധീനത്തിന്റെ ശക്തിയിൽ മറ്റുള്ളതെല്ലാം ദുർബലമാകും. എന്നാൽ 30 വയസ്സിനും 50 വയസ്സിനും ഇടയ്ക്കുള്ള അനിഴംകാർ ‘ക്ലേശം ഫലിക്കുകിലതുതാൻ പുതുതായ സൗഖ്യം’ എന്ന രീതിയിൽ കഠിനാദ്ധ്വാനം നടത്തിയാൽ നല്ല മുന്നേ‌റ്റമുണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനവൈകല്യവും, രാഷ്ട്രീയക്കാർക്ക് കുടിലബുദ്ധികളുടെ കുത്തിത്തിരുപ്പുകളും, മദ്ധ്യവയസ്കർക്ക് ആരോപണങ്ങളും വരാനിടയുണ്ട്. ആഗസ്റ്റ് 11നു ശേഷം കാര്യങ്ങളുടെ ഗതി മാറി അനുകൂലമാകും. അഷ്ടമരാശികൂറുകാരായ തിരുവാതിര തുടങ്ങിയ നക്ഷത്രക്കാരുമായ ബന്ധം കുറെകൂടി ഇവരെ ക്ലേശിപ്പിക്കും. ദേവി, അയ്യപ്പൻ, മുരുകൻ ഭജനം നടത്തുക. ഇതരമതസ്ഥർ സെന്റ് ജോർജ്, ക്രൂശിതനായ ജീസസ് ഇവരെ ഭജിക്കുക. അല്ലാഹുവിലും പൂർണ്ണസമർപ്പണം നടത്തുക.

.തൃക്കേട്ട കേട്ട കെട്ടാൽ പട്ടിയും തൊടില്ല എന്നൊരു ചൊല്ലുണ്ട്. അങ്ങേയറ്റം കാര്യങ്ങൾ വഷളാകാവുന്ന, വികൃതമാകാവുന്ന ഒരു ഗോചരഫലമാണ് കേട്ടയുടേത്. അതിനാല്‍ സ്വയം അധഃപതിക്കാതിരിക്കാൻ സ്വഭാവത്തിലും മറ്റും കേട്ടക്കാർ പ്രത്യേകം ശ്രദ്ധിക്കണം. എങ്കിലും വ്യാപാര അഭിവൃദ്ധിയും മാനസിക സന്തോഷവും കൂറും ഈ ബന്ധത്തിൽ ഐക്യവും ഉണ്ടാകാം. വിദ്യാർത്ഥികൾക്ക് ഏകാഗ്രതയും ഉത്സാഹവും കാണിച്ചാൽ ഉന്നതവിജയം കൈവരിക്കാം. വ്യാപാരികൾക്ക് നല്ലകാലം പ്രത്യ‌േകിച്ചും സ്വർണ്ണം വെള്ളി കടകൾക്ക്. രാഷ്ട്രീയക്കാർക്ക് വിപരീതാവസ്ഥയുടെ ഒടുവിൽ ഗുണം വരും. കുടുംബത്തിലോ തനിക്കോ വിവാഹം നടത്താം. ഗൃഹനിർമ്മാണം, വാഹനം വാങ്ങൽ, സന്താനങ്ങൾക്ക് സൗഭാഗ്യം എന്നിവ ഉണ്ടാകാം. അയ്യപ്പൻ, വിഷ്ണു ഭജനം നടത്തുക. യേശു, അല്ലാഹു ഭജനം നടത്തുക. സ്വഭാവദൂഷ്യമുള്ളവരുമായി ഇടപഴകാതിരിക്കുക.

.മൂലം മൂലത്തിന് മുന്നേറ്റത്തിന്റെ വർഷമാണ്. അപ്രതീക്ഷ തടസ്സങ്ങളും ശത്രുതകളും ഉണ്ടായാലും മുന്നേറും. ജീവിതത്തിലെ പുരോഗതിയിലുള്ള ഗതി മനസ്സിനെ സന്തോഷിപ്പിക്കും. യാത്രകളും വാഹനം ഓടിയ്ക്കലും ശ്രദ്ധിക്കണം. ജാമ്യം നിൽക്കുക, കടം കൊടുക്കുക എന്നിവ ശ്രദ്ധിച്ചു വേണം. ചൊവ്വാ രാഹുദശയുള്ളവർ അങ്ങേയറ്റം ശ്രദ്ധിക്കണം. അല്ലെങ്കിൽ തൊഴിൽനഷ്ടം, മാനഹാനി എന്നിവയ്ക്ക് സാധ്യതയുണ്ട്. ഉദ്യോഗമാറ്റത്തിനോ താമസം മാറ്റത്തിനോ സാധ്യതയുണ്ട്. വിദേശത്തും സ്വദേശത്തും ഉദ്യോഗമന്വേഷിക്കുന്നവർക്ക് സാധ്യത തെളിയും. ചങ്കൂറ്റത്തോടെ ഏറ്റെടുത്ത കാര്യങ്ങൾ ചെയ്യും. രാഷ്ട്രീയക്കാർക്ക് അവിചാരിതമായി ചില പ്രസ്ഥാനങ്ങളുടെയും മറ്റും ചുക്കാൻ പിടിക്കാൻ അവസരം ലഭിക്കും. വാഹനം വാങ്ങാനും ഗൃഹം നിർമ്മിക്കാനും കഴിയും. ആഗസ്റ്റിന് ശേഷം തൊഴിൽഅഭിവൃദ്ധി കൂടും. കലാകായിക രംഗത്തുള്ളവർക്ക് അംഗീകാരം ലഭിക്കും. ശത്രുക്കൾ പോലും രമ്യതയിലെത്തും. വിഷ്ണു, അയ്യപ്പൻ, നാഗർ ഭജനം നടത്തുക. ഇതരവിശ്വാസികൾ സെന്റ് ജോർജ് ഭജനം നടത്തുക. ദീനദയ പ്രവർത്തനം നടത്തുക.

.പൂരാടം സർക്കാർ ഉദ്യോഗം ആഗ്രഹിക്കുന്നവർക്ക് അവസരം ലഭിക്കും. വിദ്യാർത്ഥികൾക്ക് വിദ്യാപുരോഗതി ഉണ്ടാകും. കലാ–ശാസ്ത്ര രംഗത്തുള്ളവർക്ക് കീർത്തിയും പുരസ്കാരങ്ങളും ലഭിക്കും. രാഷ്ട്രീയക്കാർക്ക് സ്ഥാനമാനങ്ങൾ ലഭിക്കും. കുടുംബാഭിവൃദ്ധി ഉണ്ടാകും. കുടിശ്ശികയായി കിടന്ന ലഭിക്കേണ്ട ധനം തിരിച്ചു കിട്ടും. ആഗസ്റ്റിന് ശേഷം വിവാഹം, ഗൃഹനിർമ്മാണം, വാഹനലാഭം എന്നിവയ്ക്ക് സാധ്യത. അപവാദ ആരോപണം വരാതെ ശ്രദ്ധിക്കുക. ശനി, രാഹുദശ അനുഭവിക്കുന്ന പൂരാടക്കാർ പ്രത്യേകിച്ചും സ്ത്രീകൾ കൂടുതൽ ശ്രദ്ധിക്കണം. യുവതീയുവാക്കൾക്ക് വിവാഹസാധ്യതയുണ്ട്. വിദേശത്തുള്ളവർ തിരിച്ച് നാട്ടിലേക്ക് വരാനും പുതിയ സംരംഭം തുടങ്ങി വിജയിക്കാനും സാധ്യതയുണ്ട്. ദേവി, വിഷ്ണു, അയ്യപ്പൻ ഭജനം. മറ്റു വിശ്വാസികൾ വേളാങ്കണ്ണിമാതാ, യേശു, അല്ലാഹു ഭജനം നടത്തുക.

.ഉത്രാടം ഉത്രാടത്തിൽ ധനുക്കൂറുകാർക്ക് ഉള്ളതിനെക്കാളും ക്ലേശകരമായിരിക്കും മകരക്കൂറുകാരുടെ അനുഭവം. മകരക്കൂറ് ഉത്രാടക്കാർ ആയുരാരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഉദ്യോഗം ആഗ്രഹിക്കുന്നവർക്ക് പട്ടാളം, പോലീസ് തുടങ്ങിയവയിലും വിദേശത്തും തൊഴിൽ സാധ്യതയുണ്ട്. ബന്ധുക്കളുമായി അകലും. ബിസിനസ്സ്കാർക്ക് ആഗസ്റ്റ് മുതൽ കച്ചവടം മുന്നേറും. ലാഭം വർദ്ധിക്കും. വിദ്യാർത്ഥികളുടെ പഠനം മുന്നേറും. നല്ല കോഴ്സുകൾക്ക് അഡ്മിഷൻ ലഭിക്കും. പൂരാടത്തിന് സമ്മർദങ്ങൾക്ക് ഒടുവിൽ രാഷ്ട്രീയരംഗത്ത് നിൽക്കുന്നവർക്ക് സ്ഥാനമാനം ലഭിക്കും. അയ്യപ്പൻ, നാഗർ ഭജനം നടത്തുക. ക്രൂശിത ജീസസ്, സെന്റ് ജോർജ് ഭജനം നടത്തുക.

.തിരുവോണം ധനം, ലാഭം എന്നിവ വർദ്ധിക്കാവുന്ന ഒരു വർഷമാണ് തിരുവോണത്തിന് 2016. പ്രത്യേകിച്ചും നല്ല ദശയും കൂടി ആണെങ്കിൽ ഐശ്വര്യം ഇരട്ടിക്കും. എന്നാൽ പലവിധ പീഢകൾ രോഗമായോ മറ്റോ ശല്യം ചെയ്യാനും സാധ്യതയുണ്ട്. ഉദ്യോഗം ആഗ്രഹിക്കുന്നവർക്ക് ഉദ്യോഗവും വിദ്യാപുരോഗതി ആഗ്രഹിക്കുന്നവർക്ക് വിദ്യാവിജയവും, പുതിയ ധനാഗമവും, ധനനഷ്ടം മാറിക്കിട്ടലും, ഗൃഹലാഭവും, വാഹനലാഭവും ഉണ്ടാകാം. സുഹൃദ്ബന്ധവും, ബന്ധുസൗഹൃദവും സുദൃഢമാകും. പുണ്യസ്ഥാനങ്ങളും തീർത്ഥങ്ങളും സഞ്ചരിക്കാൻ അവസരമുണ്ടാകും. 2016 ആഗസ്റ്റ് മുതൽ പുരോഗതി ശക്തിപ്പെടും. വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക് വിവാഹവും അല്ലെങ്കിൽ കുടുംബത്തിൽ വിവാഹം നടത്താനും അവസരം വരും. ചാമുണ്ഡി, നാഗർ ഭജനം നടത്തുക. ഇതരവിശ്വാസികൾ മാതാവിനേയും യേശുവിനേയും അല്ലാഹുവിനേയും പ്രാർത്ഥിക്കുന്നതു നല്ലത്. രാഷ്ട്രീയരംഗത്തുള്ളവർക്ക് പൊതുരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം ഉണ്ടാകും.

.അവിട്ടം അവിട്ടം മകരക്കൂറുകാർക്ക് ഗുണം കൂടുതലും കുംഭക്കൂറുകാര്‍ക്ക് ഗുണത്തോടൊപ്പം ക്ലേശങ്ങളുമുണ്ടാകും. ആരോഗ്യത്തിലും ആയുർബലത്തിലും പ്രത്യേകം ശ്രദ്ധിക്കണം. കുംഭക്കൂറുകാര്‍ക്ക് ആഗസ്റ്റ് മുതൽ ദൈവാധീനക്കുറവ് സംഭവിക്കുന്നതിനാൽ തടസ്സങ്ങൾ വരാൻ സാധ്യതയുണ്ട്. അന്യസ്ഥലങ്ങളിൽ നല്ല ഉദ്യോഗം ലഭിക്കാനും കച്ചവടത്തിൽ പുരോഗതിയും ഉണ്ടാകും. കലാ– ശാസ്ത്ര– കായിക രംഗത്തുള്ളവർക്ക് കൂടുതൽ അംഗീകാരം ലഭിക്കും. രാഷ്ട്രീയക്കാർക്കും ഗുണകരം. ലോൺ എടുക്കുക, മറ്റുള്ളവർക്കുവേണ്ടി ജാമ്യം നിൽക്കുക എന്നിവ ശ്രദ്ധിക്കണം. പേരുദോഷം വരാതെയും ശ്രദ്ധിക്കണം. ശനിദശ അനുഭവിക്കുന്നവർ കേസിൽ പെടാതെ ശ്രദ്ധിക്കണം. ഈ വർഷം ചെറുതായെങ്കിലും ഒരു സർജറി വേണ്ടിവന്നേക്കും. എന്തായാലും ഗുണം വർദ്ധിച്ച ഒരു വർഷമായി അനുഭവപ്പെടും. വിഷ്ണുപ്രീതി, അയ്യപ്പപ്രീതി വർദ്ധിപ്പിക്കുക. ഇതരവിശ്വാസികൾക്ക് ഉണ്ണിയേശു, അല്ലാഹു പ്രാർത്ഥന ഗുണം ചെയ്യും.

.ചതയം ചതയത്തിന് കണ്ടകശനിയാണ്. അതിന്റേതായ തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാവാം. ആഗസ്റ്റ് മുതൽ അഷ്ടമവ്യാഴവുമാണ്. കർമ്മാധിപനും ശനിയോഗം വരാൻ പോകുന്നു. ചുരുക്കത്തിൽ 2016 വർഷം ചതയം നക്ഷത്രക്കാർ ആത്മനിയന്ത്രണം പാലിച്ച് വരുംവരായ്ക ചിന്തിച്ച് അപകടകരമായ കൂട്ടുകെട്ടിൽ പെടാതെ, സാമ്പത്തികമായ അച്ചടക്കം പാലിച്ച് നീങ്ങിയാൽ ഇലയ്ക്കും മുള്ളിനും കേടില്ലാതെ നീങ്ങും. പോലീസ്, രാജ്യരക്ഷാ മേഖല, അദ്ധ്യാപകവൃത്തി എന്നീ മേഖലകളിൽ ഉദ്യോഗം ആഗ്രഹിക്കുന്നവർക്ക് അവസരം ലഭിക്കും. കുടുംബബന്ധത്തിൽ സ്വരച്ചേർച്ചക്കുറവും അനൈക്യവും ഉണ്ടായാലും സ്വന്തം വിവേകം കൊണ്ട് അത് അതിജീവിക്കാൻ ശ്രദ്ധിക്കണം. ധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതിൽ നിയമവും നിഷ്ഠയും പാലിക്കണം. സ്വന്തമായി ബിസിനസ് ചെയ്യുന്നവർ അതിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിവരും. യാത്രയിലും വാഹനമോടിക്കുന്നതിലും ജാഗ്രത പുലർത്തണം. ചതയംകാരുടെ പിതൃസ്ഥാനത്തിന് ദോഷം വരാവുന്ന കാലമാണ്. പിതാവിൽനിന്നും അകലുകയോ പിതാവിന് ഭാഗ്യദോഷം വരികയോ ചെയ്യാം. ചില ബന്ധങ്ങളാൽ അപമാനത്തിനും സാധ്യത. അയ്യപ്പൻ, വിഷ്ണു, നാഗർ, മുരുകൻ, ദേവീ ഭജനം നടത്തുക. ഇതരവിശ്വാസികൾ ക്രൂശിതനായ യേശു, സെന്റ് ജോർജ്, അല്ലാഹു ഇവരെ ഭജിക്കുക.

.പൂരുരുട്ടാതി പൂരുരുട്ടാതി കുംഭക്കൂറുകാര്‍ക്ക് ചതയം നക്ഷത്രഫലം പോലെ അതീവ ജാഗ്രത പുലർത്തേണ്ട സമയമാണ്. പുരോഗതിയോടൊപ്പം അധോഗതിയുടെ അന്തർധാരയും ശക്തമായിരിക്കും. എന്നാൽ മീനക്കൂറ് പൂരുരുട്ടാതിക്ക് 2016 ശരിയായും പുരോഗതിയുടെ കാലമായിമാറും. ഈ അവസരം പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കുക. സമർത്ഥരായ വ്യക്തികളുമായി സഹകരിച്ചു കൂട്ടുവ്യാപാരവും സംഘടനാപ്രവർത്തനവും നടത്തി ലാഭവും കീർത്തിയും നേടാൻ കഴിയും. ഉത്സാഹവും കഠിനാദ്ധ്വാനവും കൊണ്ട് ജീവിതമുന്നേറ്റം ഉണ്ടാകും. കുടുംബത്തിൽ ഒന്നിലധികം വിവാഹാദി മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. സന്താനസൗഭാഗ്യം ഉണ്ടാകാം. രാഷ്ട്രീയ പ്രവർത്തകർക്ക് ഇതുവരെ ലഭിക്കാത്ത വിധം നല്ല സ്ഥാനമാനങ്ങൾ ലഭിക്കും. കലാകായികരംഗത്തുള്ളവർക്ക് അംഗീകാരം വർദ്ധിക്കും. വിഷ്ണുപ്രീതിയും, ചാമുണ്ഡിപ്രീതിയും നേടുക. ഇതരവിശ്വാസികൾ മറിയത്തെയും പരമാത്മാവിനേയും ഭജിക്കുക.

.ഉത്രട്ടാതി ഉത്രട്ടാതിക്ക് ഉയർച്ചയുടെയും ഉന്നതിയുടെയും കാലമാണ്. ഉത്സാഹത്തോടെ കർമ്മം ചെയ്ത് സത്യം, ധർമ്മം, നീതി കൈവെടിയാതെ മുന്നേറിയാൽ പ്രതീക്ഷിക്കുന്നതിലധികം ഗുണം ഉണ്ടാകും. വിദേശയാത്രയ്ക്കും, വിദേശത്ത് ജോലിക്കും, വിദേശ ധനാഗമനത്തിനും സാധ്യതയുണ്ട്. വിദ്വാന്‍മാർക്കും കലാകാരന്മാർക്കും ആദരവും അംഗീകാരവും ലഭിക്കും. രാഷ്ട്രീയക്കാർക്ക് പ്രശസ്തിയും അംഗീകാരവും ജനപ്രീതിയും ലഭിക്കും. കുടുംബത്തിൽ സാധാരണയിൽ കൂടുതൽ ഐക്യം ഉണ്ടാകും. ശത്രുക്കളുടെ നിലപാട് മെച്ചപ്പെടും. സഹോദരങ്ങൾ, സുഹൃത്തുക്കൾ എന്നിവരുമായി സുദൃഢമായ ബന്ധം സ്ഥാപിക്കും. വാഹനം, വിവാഹം, ഭവനം എന്നിവയ്ക്കുള്ള ഭാഗ്യം വരും. എന്നാൽ അസമയത്ത് യാത്ര, വാഹനമോടിക്കൽ ശ്രദ്ധിക്കണം. വിഷ്ണു, ചാമുണ്ഡി, നാഗർ ഭജനം നടത്തുക. ഇതരവിശ്വാസികൾ സെന്റ് ജോർജ്, ക്രൂശിതനായ ജീസസ്, അല്ലാഹു പ്രാർത്ഥന നടത്തുക.

.രേവതി അപ്രതീക്ഷിതമായ ജീവിതമുന്നേറ്റത്തിന്റെ വര്‍ഷമാണ്. ആഗസ്റ്റ് മുതൽ ഇവ പ്രകടമാകും. അനുഭവ ദശയും ആ ദശാനാഥൻ ബലവുമുണ്ടെങ്കിൽ 2016 രേവതി നക്ഷത്രക്കാർക്ക് പുരോഗതിയുടെ അവിസ്മരണീയ വർഷമാക്കാൻ കഴിയും. പുത്രാദികളുടെയോ, സ്വന്തമോ, ഉറ്റവരുടേയോ, ഉടയവരുടേയോ വിവാഹം നടന്നു കാണുന്നതിൽ സന്തോഷം ഉണ്ടാകും. കുടുംബത്തിൽ സൽസന്താനജനനത്തിന് സാധ്യതയുണ്ട്. ഉദ്യോഗം ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സാധ്യത. വാഹനം, ഗൃഹം ആഗ്രഹിക്കുന്നവർക്ക് അതിന് അനുകൂലസമയം. സ്വന്തം തൊഴിലും വ്യാപാരവും വികസിപ്പിക്കാനാഗ്രഹിക്കുന്നവർക്ക് അതിനവസരം. വിദേശം വിട്ട് സ്വദേശത്ത് എത്തി ശേഷിച്ച കാലം സ്വസ്ഥം ആഗ്രഹിക്കുന്നവർക്ക് ഉചിത സമയം. രാഷ്ട്രീയക്കാർക്ക് സങ്കൽപാതീതമായ അംഗീകാരവും സ്ഥാനമാനവും ലഭിക്കും. എന്നാൽ ചതിയിൽ പെടാതെയും, യാത്രയിലും, വാഹനമോടിയ്ക്കലിലും ശ്രദ്ധിക്കണം. ഉപകാരസ്മരണ കൈവിടരുത്. വിഷ്ണു, നാഗർ, അയ്യപ്പൻ പ്രാർത്ഥന. ഇതരവിശ്വാസികൾ സെന്റ് ജോർജ്, യേശു, അല്ലാഹു ഉപാസന നടത്തുക.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ ദേശികം

പത്താംകല്ല് പുതിയ പാലത്തിനും ശാസ്താക്ഷേത്രത്തിനും ഇടത്‌വശം

നെടുമങ്ങാട് തിരുവനന്തപുരം

കേരള പിൻ 695541

ഫോൺ - 0472- 2813401

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.